/indian-express-malayalam/media/media_files/OUGHr5oX0yyuJTLqawlG.jpg)
ഫൊട്ടോ-Fb-Mehboob Ali Kaiser
പാട്ന: ബിഹാറിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.യിൽ നിന്നുള്ള ഏക മുസ്ലീം എം.പിയായ മെഹബൂബ് അലി കൈസർ ആർ.ജെ.ഡിയിൽ ചേർന്നു. എൽജെപി പിളർന്നപ്പോൾ മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിനൊപ്പം നിന്ന കൈസറിന് ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ഇതിനെ തുടർന്നാണ് ആർജെഡിയിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം. തേജസ്വി യാദവിന്റെ സാന്നിധ്യത്തിലാണ് കൈസർ ആർജെഡിയിൽ ചേർന്നത്.
പാർട്ടി അധ്യക്ഷൻ ലാലു പ്രസാദുയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മെഹബൂബ് അലി കൈസർ ആർജെഡിയിൽ ചേർന്നതെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് പറഞ്ഞു. കൈസറിന്റെ അനുഭവ സമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യും. ബിജെപിയിൽ നിന്ന് ഭീഷണി നേരിടുന്ന ഭരണഘടനയെ സംരക്ഷിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന് അനുകൂലമായ ശക്തമായ സന്ദേശം നൽകുന്ന ഒരു സംഭവവികാസമാണിതെന്നും തേജസ്വി വ്യക്തമാക്കി.
സഹർസ ജില്ലയിലെ മുൻ നാട്ടുരാജ്യമായ സിമ്രി ഭക്തിയാർപൂർ ഭരിച്ചിരുന്ന കുടുംബത്തിൽ ജനിച്ച കൈസർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസിൽ വിവധ പദവികൾ അലങ്കരിച്ച അദ്ദേഹം 2013 വരെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
പിന്നീട് കോൺഗ്രസ് വിട്ട കൈസർ 2014 ൽ എൽജെപിയിൽ ചേർന്നു. തുടർന്ന് എൽജെപി ടിക്കറ്റിൽ അദ്ദേഹം ഖഗാരിയ സീറ്റിൽ നിന്നും വിജയിച്ചു. അഞ്ച് വർഷത്തിന് ശേഷം വീണ്ടും സീറ്റ് നിലനിർത്തി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെ അന്നത്തെ എൽജെപി അധ്യക്ഷനായിരുന്ന ചിരാഗ് പാസ്വാനുമായുള്ള ബന്ധം വഷളായതോടെ പരാസ് പക്ഷത്തോടൊപ്പമായിരുന്നു കൈസർ.
എന്നാൽ ഇതിനിടെ സലാഹുദ്ദീൻ സിമ്രി ഭക്തിയാർപൂർ സീറ്റിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ തങ്ങൾ മത്സരിക്കുന്ന 23 ലോക്‌സഭാ സീറ്റുകളിൽ ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആർജെഡി, ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ കൈസറിനെ മത്സരിപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.