/indian-express-malayalam/media/media_files/BuXODsypx1T0gQo4J8bL.jpg)
ഫൊട്ടോ-ഫെയ്സ്ബുക്ക്
അമൃത്സർ: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പഞ്ചാബ് കോൺഗ്രസിന് തിരിച്ചടിയായി രണ്ട് പ്രധാന നേതാക്കൾ ബിജെപിയിൽ ചേർന്നു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി തജീന്ദർ ബിട്ടുവും മുൻ എംപി സന്തോഖ് സിങ് ചൗധരിയുടെ ഭാര്യയും നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന കരംജീത് കൗർ ചൗധരിയുമാണ് പാർട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഇരുവരും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്നാണ് സൂചന.
2023ൽ പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് മുൻ എം.പിയായിരുന്ന സന്തോഖ് മരിച്ചത്. സന്തോഖിന്റെ നിര്യാണത്തിന് ശേഷം, 2023-ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കരംജീതിന് ടിക്കറ്റ് നൽകിയെങ്കിലും അവർ ആം ആദ്മി പാർട്ടിയുടെ (എഎപി) സ്ഥാനാർത്ഥി സുശീൽ റിങ്കുവിനോട് 58,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. റിങ്കു പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
ഹിമാചൽ പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന എഐസിസി സെക്രട്ടറി തജീന്ദർ ബിട്ടു പ്രിയങ്ക ഗാന്ധിയുടെ അടുത്ത സഹായിയാണ് അറിയപ്പെടുന്നത്. ജലന്ധർ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന്റെ മുൻ ചെയർമാൻ കൂടിയായിരുന്നു ബിട്ടു. എന്നാൽ പാർട്ടി വിട്ടതിന്റെ കാരണം ബിട്ടു വ്യക്തമാക്കിയിട്ടില്ല.
ജലന്ധറിൽ നിന്നുള്ള ലോക്‌സഭാ ടിക്കറ്റിനായി കരംജീത് പാർട്ടിയോട് ആവശ്യമുന്നയിച്ചിരുന്നു. പക്ഷേ കോൺഗ്രസ് അവരെ ഒഴിവാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി ചരൺജിത് ചന്നിക്കാണ് സീറ്റ് നൽകിയത്. ചന്നിക്ക് ടിക്കറ്റ് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കരംജീതിന്റെ മകനും ഫില്ലൂർ എംഎൽഎയുമായ വിക്രംജിത് ചൗധരി പഞ്ചാബ് നിയമസഭയിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. എംഎൽഎ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രമാണ് വിക്രംജിത്ത് ഇതുവരെ ബിജെപിയിൽ ചേരാത്തതെന്ന് പാർട്ടിയിലെ അംഗങ്ങൾ പറഞ്ഞു.
2014 മുതൽ ജലന്ധർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന ചൗധരി കുടുംബത്തിന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ദളിത് വോട്ടർമാരിൽ കാര്യമായ സ്വാധീനമുണ്ട്. ജൂൺ ഒന്നിനാണ് പഞ്ചാബിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.