scorecardresearch

ആം ആദ്മിയെ ലക്ഷ്യമിട്ട് കേന്ദ്രം; മദ്യനയത്തില്‍ മനീഷ് സിസോദിയയെ ന്യായീകരിച്ച് കേജ്‌രിവാള്‍

മനീഷ് സിസോദിയയെപ്പോലൊരു സത്യസന്ധനെയും ദേശഭക്തനെയും കണ്ടിട്ടില്ലെന്നു പറഞ്ഞ കേജ്‌രിവാള്‍ ആം ആദ്മി പാർട്ടിയുടെ രാജ്യത്തുടനീളമുള്ള വളര്‍ച്ച ബി ജെ പി ഭയപ്പെടുന്നതായും കൂട്ടിച്ചേർത്തു

മനീഷ് സിസോദിയയെപ്പോലൊരു സത്യസന്ധനെയും ദേശഭക്തനെയും കണ്ടിട്ടില്ലെന്നു പറഞ്ഞ കേജ്‌രിവാള്‍ ആം ആദ്മി പാർട്ടിയുടെ രാജ്യത്തുടനീളമുള്ള വളര്‍ച്ച ബി ജെ പി ഭയപ്പെടുന്നതായും കൂട്ടിച്ചേർത്തു

author-image
WebDesk
New Update
Arvind Kejriwal, Manish Sisodia, Delhi excise policy

മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെ, കേന്ദ്ര ഏജന്‍സികളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ന്യായീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സിസോദിയ നടപടിക്രമങ്ങള്‍ ലംഘിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

Advertisment

എന്നാല്‍ 22 വര്‍ഷമായി തനിക്ക് സിസോദിയയെ അറിയാമെന്നും അദ്ദേഹത്തെപ്പോലൊരു സത്യസന്ധനെയും ദേശഭക്തനെയും കണ്ടിട്ടില്ലെന്നു കേജ്‌രിവാള്‍ പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ആരോഗമന്ത്രി സത്യേന്ദ്ര ജെയിനെ നിങ്ങള്‍ അറസ്റ്റ് ചെയ്തു. ഇപ്പോള്‍, ഡല്‍ഹിയിലെ ലക്ഷക്കണക്കിനു കുട്ടികള്‍ക്കു ജീവിതവും തൊഴിലുമുണ്ടാണ്ടാക്കുന്ന സിസോദിയയെ ജയിലിലടക്കാന്‍ ആഗ്രഹിക്കുന്നു,'' കേജ്‌രിവാള്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ 'സവര്‍ക്കറുടെ മക്കള്‍' എന്ന് വിളിച്ച കേജ്‌രിവാള്‍, ''ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ തല കുനിക്കാന്‍ വിസമ്മതിക്കുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത ഭഗത് സിങ്ങിന്റെ മക്കളാണ്. ജയില്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല,'' എന്നു കൂട്ടിച്ചേര്‍ത്തു.

Advertisment

2009ലെ ഡല്‍ഹി എക്സൈസ് നിയമത്തിന്റെ ലംഘനം കണ്ടെത്തിയ ചീഫ് സെക്രട്ടറിയുടെ സമീപകാല റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ സി ബി ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്തത്. മദ്യ ലൈസന്‍സികള്‍ക്കു സിസോദിയ അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍നിന്നുള്ള പണം പഞ്ചാബ് തിരഞ്ഞെടുപ്പില്‍ എ എ പി ഉപയോഗിച്ചിരിക്കാമെന്നും ആരോപണമുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളില്‍നിന്ന് എന്തെങ്കിലും വ്യതിചലനമുണ്ടായാല്‍ അത് ഉന്നയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച 1993 ലെ ചട്ടത്തിലെ 57-ാം വ്യവസ്ഥ പ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ ഏറ്റവും മാരകമായ ഡെല്‍റ്റ തരംഗം പടര്‍ന്നുപിടിച്ച സമയത്താണു ഡല്‍ഹിയില്‍ കേജ്‌രിവാള്‍ സര്‍ക്കാര്‍ മദ്യനയം അവതരിപ്പിച്ചത്. ഇതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. ''ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വരെ നീളുന്ന സര്‍ക്കാരിലെ ഉന്നതര്‍ക്കു സാമ്പത്തിക ആനുകൂല്യം ലഭിക്കാനായി സ്വകാര്യ മദ്യവ്യവസായികള്‍ക്കു നേട്ടമുണ്ടാക്കിക്കൊടുക്കയെന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി,'' ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള സിസോദിയ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ലൈസന്‍സ് ഫീസില്‍ 144.36 കോടി രൂപ ഇളവ് അനുവദിച്ചതായാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച കേജ്രിവാള്‍, ബി ജെ പി തങ്ങള്‍ക്കു പിന്നിലുണ്ടെന്നും അവര്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യത്തുടനീളമുള്ള വളര്‍ച്ചയെ ഭയപ്പെടുന്നതായും പറഞ്ഞു.

''ഞങ്ങള്‍ ദേശീയ തലത്തിലേക്ക് ഉയരുന്നത് അവര്‍ക്കു സഹിക്കുന്നില്ല. അതിനാല്‍ അവര്‍ അത്തരം നടപടികളിലേക്ക് തിരിയുന്നു. പക്ഷേ ഒന്നിനും ഞങ്ങളെ തടയാന്‍ കഴിയില്ല,'' കേജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ, സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ തനിക്കു കേന്ദ്ര അനുമതി ലഭിക്കാത്തതിനെതിരെ കേജ്‌രിവാള്‍ രംഗത്തുവന്നിരുന്നു. താനൊരു കുറ്റവാളിയല്ലെന്നും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണെന്നും പറഞ്ഞ അദ്ദേഹം ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനകരമായ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ഓഗസ്റ്റ് 3-4 തീയതികളിലാണു ലോക നഗര ഉച്ചകോടി സിംഗപ്പൂരില്‍ നടക്കുന്നത്്. ഇതില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് അനുമതി തേടിയുള്ള ഫയല്‍ ജൂണ്‍ ഏഴിനു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ച് ഒരു മാസത്തിലേറെയായിട്ടും അനുമതി ലഭിച്ചിട്ടില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് കേജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെ കേജ്‌രിവാളിന്റെ ഫയല്‍ വ്യാഴാഴ്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കി. ലോക നഗര ഉച്ചകോടി മേയര്‍മാരുടെ സമ്മേളനമാണെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുതെന്നും അതിനാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതു ഉചിതമല്ലെന്നുമാണു ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നു യാത്രയ്ക്ക് അനുമതി തേടി കേജ്‌രിവാള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.

Manish Sisodia Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: