തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദ്രൗപദി മുമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഞാൻ വോട്ട് ചെയ്തത്. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽനിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാർത്തകൾ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. കേരളത്തിൽനിന്നുള്ള ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്നത് ഇതിൽനിന്നും വ്യക്തമാണ്.
കേരളത്തിലെ നിയമസഭയിൽ 140 അംഗങ്ങളിൽ ഒരാൾ പോലും എൻഡിഎയിൽ നിന്നല്ല. എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുർമുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയർത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രഹസ്യ വോട്ട് ആയതിനാൽ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്.
പാർലമെന്റിന്റെ ഇരുസഭകളിലെയും 17 എംപിമാരും സംസ്ഥാനങ്ങളിൽ നിന്നുള്ള 126 എംഎൽഎമാരും പാർട്ടി ലൈനുകൾ ലംഘിച്ച് മുർമുവിന് വോട്ട് ചെയ്തതായാണ് ബിജെപിയുടെ അവകാശവാദം. ഗുജറാത്തിൽ 10, അസമിൽ 22, ഉത്തർപ്രദേശിൽ 12, ഗോവയിൽ 4 എംഎൽഎമാർ മുർമുവിന് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കൾ പറയുന്നു.