/indian-express-malayalam/media/media_files/2025/07/08/kashmir-temperature-rising-2025-07-08-11-41-41.jpg)
Temperature Rising in Kashmir: (Express photo by Shuaib Masoodi)
"ഒരു വർഷം 100 മുതൽ 150 എസി വരെയാണ് ഞാൻ വിറ്റിരുന്നത്. പക്ഷേ ഈ ജൂലൈയിലെ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വിറ്റുപോയത് 150 എസികളാണ്. എന്റെ കയ്യിലെ സ്റ്റോക്കുകൾ തീർന്നു. നിരവധി കസ്റ്റമേഴ്സ് ആണ് എസി തേടി വിളിക്കുന്നത്." ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ വിൽക്കുന്ന ഒരു കടയുടമയുടെ ഈ വാക്കുകൾ വായിക്കുമ്പോൾ ഇതിലെന്താണ് ഇത്ര പ്രത്യേകത എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഏത് നാട്ടിലാണ് എസികൾക്ക് പെട്ടെന്ന് ഇത്രയും ആവശ്യക്കാർ ഉയർന്നത് എന്ന് കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. തണുപ്പ് നുകരാനായി നമ്മൾ പോകുന്ന കശ്മീരിലെ അവസ്ഥയാണ് ഇത്. കശ്മീരിലെ ജനതയ്ക്കും ഇപ്പോൾ എസിയില്ലാതെ വയ്യെന്ന അവസ്ഥയായി.
അഞ്ച് വർഷമായി ഒവെയ്സ് അഹ്മദ് ഹോം അപ്ലയൻസസ് വിൽക്കുന്നു. ഇതിന് മുൻപ് ഒരിക്കൽ പോലും അഹ്മദിന്റെ എയർ കണ്ടീഷൺർ സ്റ്റോക്ക് ഇതുപോലെ തീർന്നിട്ടില്ല. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് കൂടുതൽ എസികൾക്കായി അഹ്മദിന് ഇതിന് മുൻപ് ഈ വിധം ഓർഡർ നൽകേണ്ടി വന്നിട്ടില്ല. കശ്മീരിലെ കാലാവസ്ഥാ മാറ്റത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
Also Read: കൊതുകിനെ തുരത്താൻ എഐ; പദ്ധതിയുമായി ആന്ധ്രാ സർക്കാർ
കശ്മീരിന് സഹിക്കാനാവാത്ത ഉഷ്ണകാലം
ഈ ഗ്രീഷ്മ കാലത്ത് കശ്മീർ മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത വിധം ഉഷ്ണ തരംഗമാണ് നേരിടുന്നത്. അഞ്ച് ദശകത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ ജൂൺ മാസത്തിലൂടെയാണ് കശ്മീർ കടന്നു പോയത്. ശരാശരി താപനില 32 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്, സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രിയോളം കൂടുതൽ.
ജൂലൈയിലും കശ്മീർ വെന്തുരുകുകയാണ്. ജൂലൈ അഞ്ചിലെ ശ്രീനഗറിലെ താപനില 37.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ശ്രീനഗറിൽ ഏഴ് ദശകത്തിന് ഇടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇത്.
കശ്മീർ താഴ് വര ചൂടിൽ വലയുമ്പോൾ ഏസികൾക്കും കൂളറുകൾക്കുമുള്ള ആവശ്യക്കാർ ഏറുകയാണ്. ഇതോടെ മാർക്കറ്റിൽ എസി ക്ഷാമം ഉടലെടുത്തു. "ശൈത്യകാലത്തെ കാലാവസ്ഥ കൂടി മുൻപിൽ കണ്ട് ആളുകൾ ഹോട്ട് ആൻഡ് കോൾഡ് എസികളാണ് വാങ്ങുന്നത്. സാധാരണ ശ്രീനഗറിൽ ഓഫീസുകൾക്കും മറ്റുമായാണ് വേനൽക്കാലത്ത് എസികൾ വാങ്ങിയിരുന്നത്. എന്നാലിപ്പോൾ വീടുകളിലേക്ക് എസിക്കായി വലിയ ഡിമാൻഡ് ആണ് ഉടലെടുത്തത്," അഹ്മദ് പറയുന്നു.
കൂളറുകൾക്കുള്ള ആവശ്യവും ഉയരുകയാണ്, പ്രത്യേകിച്ച് മരങ്ങൾ കുറവായ നഗരമേഖലകളിൽ നിന്ന്. "ഇതിന് മുൻപ് മാസത്തിൽ 10 കൂളറുകളാണ് വിറ്റുപോയിരുന്നത്. എന്നാൽ 30 എണ്ണം ഇതിനോടകം ഞാൻ വിറ്റുകഴിഞ്ഞു," വടക്കൻ കശ്മീരിലെ സോപോറിലെ ഹോം അപ്ലയൻസസ് കടയുടമയായ ബാഷിർ അഹ്മദിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
Also Read: ഔദ്യോഗിക വസതി ഉടൻ ഒഴിയണമെന്ന് മുൻ ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി
താഴ്വരയിൽ ജലാശലയങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്
"വേനൽ കാലത്ത് കശ്മീരിൽ എസി വാങ്ങേണ്ടി വരും എന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ ഈ ചൂട് സഹിക്കാൻ സാധിക്കാതെ വരുന്നു. സ്ഥിതി കൂടുതൽ വഷളാവുകയാണ്," ശ്രീനഗർ സ്വദേശിയായ മുഹമ്മദ് ഡാനിഷിന്റെ വാക്കുകളിലുണ്ട് കശ്മീരിലെ മാറി മറിഞ്ഞ കാലാവസ്ഥയുടെ തീവ്രത.
തങ്ങൾക്ക് പരിചിതമില്ലാത്ത ഈ കടുത്ത ചൂടിൽ നിന്ന് രക്ഷ തേടാനായി താഴ് വരയിലെ ജലാശയങ്ങളിൽ തണുപ്പ് തേടി കുളിക്കാനിറങ്ങുന്നത് നിരവധി പേരാണ്. എന്നാൽ ഇതിലൂടെ താഴ് വരയിലെ മുങ്ങി മരണങ്ങളുടെ എണ്ണവും കൂടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മാസങ്ങളിൽ 11 പേർ മുങ്ങി മരിച്ചതായാണ് കണക്ക്. മുങ്ങി മരിച്ചവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇതോടെ താഴ് വരയിലെ ജലാശയങ്ങളിൽ കുളിക്കുന്നത് സർക്കാർ നിരോധിച്ചു കഴിഞ്ഞു.
Read More: മാന്യമായ പെരുമാറ്റം എല്ലാവരുടെയും രക്തസമ്മർദ്ദം കുറയ്ക്കും: ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.