scorecardresearch

സീറ്റ് മോഹികളുടെ എണ്ണത്തില്‍ വലയുമോ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം? കൂടുതല്‍ അപേക്ഷ തോറ്റ മണ്ഡലങ്ങളില്‍

നിലവില്‍ കോണ്‍ഗ്രസിനു പ്രാതിനിധ്യമില്ലാത്ത സീറ്റുകളിലേക്കാണു ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയില്‍നിന്ന്

നിലവില്‍ കോണ്‍ഗ്രസിനു പ്രാതിനിധ്യമില്ലാത്ത സീറ്റുകളിലേക്കാണു ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയില്‍നിന്ന്

author-image
WebDesk
New Update
Congress, Himachal Pradesh, Himachal congress leaders expelled, Himachal Pradesh elections

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണു കര്‍ണാടക. 2023ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ ശ്രമമാരംഭിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലെത്തിയത് അപേക്ഷാ പ്രളയം. മുതിര്‍ന്ന നേതാക്കളും സിറ്റിങ് എം എല്‍ എമാരും പ്രതിനിധീകരിക്കുന്ന സീറ്റുകളില്‍ മറ്റുള്ളവര്‍ കാര്യമായി മോഹം പുലര്‍ത്തുന്നില്ലെന്നാണു പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള വിവരം. പകരം, കോണ്‍ഗ്രസിനു നിലവില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സീറ്റുകളിലേക്കാണു ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയില്‍നിന്ന്.

Advertisment

താല്‍പ്പര്യമുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആയിരുന്നു. ഇതിനുള്ളില്‍ 224 നിയമസഭാ മണ്ഡലങ്ങളിലേക്കു നേതൃത്വത്തിനു ലഭിച്ചത് 1,350 അപേക്ഷ. എല്ലാ സിറ്റിങ് എം എല്‍ എമാരും മുതിര്‍ന്ന നേതാക്കളും അപേക്ഷ നല്‍കിയതായാണു പാര്‍ട്ടി വൃത്തങ്ങളില്‍നിന്നുള്ള വിവരം.

5,000 രൂപയായിരുന്നു അപേക്ഷാ ഫോമിന്റെ വില. പൊതുവിഭാഗത്തില്‍നിന്നുള്ളവരില്‍നിന്നു രണ്ടു ലക്ഷം രൂപയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്ന് ഒരു ലക്ഷം രൂപയും അപേക്ഷാ ഫീസായും വാങ്ങി. ഇതുവഴി 20 കോടി രൂപയോളം രൂപ ലഭിച്ചത്. പുതിയ പാര്‍ട്ടി ഓഫിസ് പണിയുന്നതിനും പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്കുമായി പണം കണ്ടെത്തുന്നതിനാണ് ഈ തുക ഈടാക്കിയതെന്നാണു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Advertisment

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റല്ലാത്ത വടക്കന്‍ കര്‍ണാടകയിലെ ബിജാപൂര്‍ സിറ്റി മണ്ഡലത്തില്‍ മത്സരിക്കാനാണു കൂടുതല്‍ അപേക്ഷ ലഭിച്ചത്. ബി ജെ പിയുടെ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പ്രതിനിധീകരിക്കുന്ന സീറ്റ് നോട്ടമിടുന്നത് 27 പേര്‍. ബി ജെ പിയുടെ മറ്റൊരു സീറ്റായ ബിദാര്‍ മേഖലയിലെ ഔറാദാണു തൊട്ടുപിന്നില്‍. ഗോഹത്യ ബില്ലിനു ചുക്കാന്‍ പിടിച്ച മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാന്‍ പ്രതിനിധീകരിക്കുന്ന പട്ടികജാതി സംവരണ മണ്ഡലത്തിലേക്കു ലഭിച്ചത് 25 അപേക്ഷ. മാണ്ഡ്യ, റായ്ച്ചൂര്‍, ഹാരപ്പനഹള്ളി മണ്ഡലങ്ങളിലേക്കു 16 പേരും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതിനിധീകരിക്കുന്ന ബി ജെ പിയുടെ സിറ്റിങ് സീറ്റായ ഹവേരിയിലെ ഷിഗ്ഗാവിലേക്കും ബെല്ലാരി സിറ്റി, ചിത്രദുര്‍ഗ എന്നിവിടങ്ങളിലേക്കു 15 പേര്‍ വീതവുമാണ് അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുതിര്‍ന്ന സിറ്റിങ് എം എല്‍ എമാരായ രാമലിംഗ റെഡ്ഡി, കെ ജെ ജോര്‍ജ് തുടങ്ങിയവര്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ മറ്റു അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ 2018 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബാഗല്‍കോട്ടിലെ ബദാമി മണ്ഡലത്തിലേക്കു മുന്‍ എംഎല്‍എ ബി ബി ചിമ്മങ്കട്ടിയുടെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അപേക്ഷ നല്‍കി. താന്‍ മുന്‍പ് പ്രതിനിധീകരിച്ച മൈസൂരു മേഖലയിലെ ചാമുണ്ഡേശ്വരി സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്ക സിദ്ധരാമയ്യയ്ക്കുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ 2018-ല്‍ ബദാമി സീറ്റില്‍ മത്സരിക്കാന്‍ ചിമ്മങ്കട്ടി അനുവദിക്കുകയായിരുന്നു.

ചാമുണ്ഡേശ്വരി സീറ്റിലേക്കു 10 അപേക്ഷയാണു ലഭിച്ചിരിക്കുന്നത്. എന്നാല്‍, വരുണയില്‍നിന്നോ കോലാറില്‍നിന്നോ മത്സരിക്കുമെന്നു സൂചന നല്‍കിയിരിക്കുന്ന സിദ്ധരാമയ്യ ഒരു സീറ്റിലേക്കും അപേക്ഷ നല്‍കിയിട്ടില്ല, തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിനു വിട്ടിരിക്കുകയാണ്. മകന്‍ യതീന്ദ്ര മൈസൂരു മേഖലയിലെ വരുണ സീറ്റിലേക്ക് അപേക്ഷ നല്‍കി. മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും മകള്‍ സൗമ്യ റെഡ്ഡിയും ബെംഗളൂരു ലക്ഷ്യമിടുന്നു.

അപേക്ഷ നല്‍കിയവരില്‍ തൊണ്ണൂറ്റി മൂന്നുകാരനായ ദാവന്‍ഗെരെയില്‍നിന്നുള്ള എം എല്‍ എ ഷാമനൂര്‍ ശിവശങ്കരപ്പയും മൈസൂരു മേഖലയില്‍ സീറ്റ് ആഗ്രഹിക്കുന്ന ഇരുപത്തിഴേുകാരിയായ വക്താവ് ഐശ്വര്യ മഹാദേവുമുണ്ട്. അപേക്ഷകരിലെ ഏറ്റവും പ്രായം കൂടിയ ആളും കുറഞ്ഞയാളും ഇവര്‍ തന്നെ.

പല മുതിര്‍ന്ന നേതാക്കളും നവംബര്‍ 15 വരെ അപേക്ഷ നല്‍കിയിരുന്നില്ല. തുടര്‍ന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി 21 വരെ കെ പി സി സി നീട്ടുകയായിരുന്നു. ലഭിച്ച അപേക്ഷകള്‍ നേതാക്കളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഓരോ സീറ്റിലെയും സര്‍വേകളുമായി താരതമ്യം ചെയ്ത് അന്തിമ തീരുമാനത്തിലെത്തുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ചില സീറ്റുകളില്‍ ശിവകുമാര്‍, സിദ്ധരാമയ്യ വിഭാഗങ്ങള്‍ പരസ്പരം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

2023ല്‍ കോണ്‍ഗ്രസിനു 130 സീറ്റ് വരെ ലഭിക്കുമെന്നാണു പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ വ്യക്തമാക്കുന്നതെന്നു ഒരു നേതാവ് പറഞ്ഞു. കുറഞ്ഞത് 150 സീറ്റുകളിലെങ്കിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി അവരുടെ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണു പദ്ധതിയെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

Karnataka Bjp Congress Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: