അഹമ്മദാബാദ്: ഗുജറാത്തിൽ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ഗുജറാത്തിൽ വർഗീയ കലാപത്തിൽ ഏർപ്പെടുന്നവരെ 2002 ൽ പാഠം പഠിപ്പിച്ചുവെന്നും സംസ്ഥാനത്ത് ബിജെപി ശാന്തത സ്ഥാപിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഖേദ ജില്ലയിലെ മഹൂദയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മഹൂദ സീറ്റ് കോൺഗ്രസിന്റെ കയ്യിലാണ്.
”2002ൽ വർഗീയ കലാപം ഉണ്ടായത് കോൺഗ്രസുകാർ അതൊരു ശീലമാക്കിയതിനാലാണ്. എന്നാൽ 2002 ൽ ഒരു പാഠം പഠിപ്പിച്ചു. 2002 മുതൽ 2022 വരെ അത് ആവർത്തിച്ചില്ല. ഗുജറാത്തിൽ വർഗീയ കലാപത്തിൽ ഏർപ്പെടുന്നവർക്കെതിരെ ബിജെപി സർക്കാർ കർശനമായ നടപടി സ്വീകരിച്ചു. ഇത് സംസ്ഥാനത്ത് ശാശ്വത സമാധാനത്തിന് വഴിതെളിച്ചു,” അദ്ദേഹം പറഞ്ഞു.
നവംബർ 22ന് ബനസ്കന്ത ജില്ലയിലെ ദീസയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുമ്പോഴാണ് 2002ലെ കലാപത്തെക്കുറിച്ച് അമിത് ഷാ പരാമർശം നടത്തിയത്. ”2001 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തി. 2002 നുശേഷം ഒരിടത്തും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവർക്കും സമാധാനമുണ്ടായി. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?” അമിത് ഷാ ചോദിച്ചു.
വെള്ളിയാഴ്ച ദഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യവെ ഷാ 2002-നെ വീണ്ടും പരാമർശിച്ചു. ”ഗുജറാത്തിൽ കോൺഗ്രസ് ഭരണകാലത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലേ?. 2002ൽ നരേന്ദ്രമോദിയുടെ (അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി) ഭരണകാലത്തും അവർ അതുതന്നെ ചെയ്യാൻ ശ്രമിച്ചു. അവരെ ഒരു പാഠം പഠിപ്പിച്ചു, ഇപ്പോൾ 2022 ആണ്, ആരും തല ഉയർത്തില്ല. വർഗീയ കലാപത്തിന് ശ്രമിക്കുന്നവർ ഗുജറാത്തിന് പുറത്തുപോകും. ഗുജറാത്തിൽ ബിജെപി സമാധാനം കൊണ്ടുവന്നു, കർഫ്യൂ ഇല്ലാത്ത ഒരു നാടാക്കി മാറ്റി.”
അഹമ്മദാബാദിലെ നരോദ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിലും ഷാ കലാപത്തെക്കുറിച്ച് പരാമർശിച്ചു. ഗുജറാത്തിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷമായ കോൺഗ്രസിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
”വർഷങ്ങളായി കോൺഗ്രസ് ഭരിച്ചു. വർഗീയ കലാപത്തിലൂടെ ഗുജറാത്തിനെ തകർത്ത ആരെങ്കിലും ഉണ്ടെങ്കിൽ അത് കോൺഗ്രസുകാരാണ്. ഇന്ന് വർഗീയ കലാപം നടത്താൻ ആർക്കും ധൈര്യമില്ല. 2002-ൽ സംഭവിക്കാൻ പാടില്ലാത്തത് നടന്നു. അതിനുശേഷം കലാപം നടത്തുന്നവരെ പാഠം പഠിപ്പിക്കുന്ന തരത്തിൽ ബിജെപി സർക്കാർ നിയമത്തിന്റെ കുരുക്ക് കർശനമാക്കി,” ഷാ അഭിപ്രായപ്പെട്ടു.
2002ൽ ഗോധ്രയിൽ അയോധ്യാ കർസേവകർ തിങ്ങിനിറഞ്ഞിരുന്ന സബർമതി എക്സ്പ്രസ് കോച്ച് കത്തിച്ചതിനെ തുടർന്നുണ്ടായ വർഗീയ കലാപത്തിൽ ഗുജറാത്ത് വലിയ തോതിലുള്ള അക്രമങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.