scorecardresearch
Latest News

കടമെടുപ്പ് പരിധി ഉയർത്തുക, കൂടുതൽ കേന്ദ്ര ഫണ്ട്; നിർദേശങ്ങളുമായി സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, മേഘാലയ, ബിഹാർ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളും മൂലധനച്ചെലവിനായി കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടു

nirmala sitaraman, bjp, ie malayalam

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തുക, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉയർത്തുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പരിധി പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി വെള്ളിയാഴ്ച നടന്ന ബജറ്റിന് മുമ്പുള്ള യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ചിലത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പരിമിതപ്പെടുത്തണമെന്നാണ് തമിഴ്‌നാടും ബിഹാറും ആവശ്യപ്പെട്ടത്. ഈ പദ്ധതികൾക്കായി സംസ്ഥാനങ്ങൾ കൂടുതൽ ഫണ്ട് ചെലവഴിക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്രത്തിന്റെ ഫണ്ട് വിഹിതം വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന് ഛത്തീസ്ഗഡ് സർക്കാർ കേന്ദ്രത്തോട് ഫണ്ട് തേടി.

എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാർ കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ഫണ്ട് വിഹിതം കൂട്ടണമെന്നാണ് ആവശ്യപ്പെട്ടതെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ പറഞ്ഞു.”കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളുടെയും രണ്ടോ മൂന്നോ അഞ്ചോ ഇരട്ടി തുക ചെലവഴിക്കുന്നത് സർക്കാരാണെന്നതാണ് വസ്തുത. പക്ഷേ, പദ്ധതികൾ ഇപ്പോഴും അറിയപ്പെടുന്നത് കേന്ദ്ര സർക്കാർ പദ്ധതിയെന്നോ പ്രധാനമന്ത്രിയുടെ പദ്ധതിയെന്നോ ആണ്. തമിഴ്നാട്ടിൽ പ്രതിമാസം 1,000 രൂപ പെൻഷനായി നൽകുന്നുണ്ട്. എന്നാൽ, ഇതിലെ കേന്ദ്ര വിഹിതം പ്രതിമാസം 200 രൂപ മാത്രമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അടക്കമുള്ള എല്ലാ മന്ത്രിമാരും ആവശ്യപ്പെട്ടത് ഒരേ കാര്യമാണ്. പലരും ജിഎസ്ടി നഷ്ടപരിഹാരം നീട്ടി നൽകാനും 3.5 ശതമാനം ധനക്കമ്മി പരിധിയും ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതികൾ (സിഎസ്എസ്) സംസ്ഥാന സർക്കാരുകളാണ് നടപ്പിലാക്കുന്നത്. എന്നാൽ ഫണ്ട് വിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകുന്നു. സംസ്ഥാനങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് ഈ പദ്ധതികൾ കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തണമെന്നും, സംസ്ഥാനങ്ങളെ സഹായിക്കണമെങ്കിൽ കേന്ദ്ര പദ്ധതികൾ മാത്രം നടപ്പാക്കണമെന്നും ബിഹാർ ധനമന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 4 ശതമാനമായി കടമെടുക്കാനുള്ള പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, മേഘാലയ, ബിഹാർ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളും മൂലധനച്ചെലവിനായി കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടു. മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന പദ്ധതികൾക്ക് കീഴിൽ 3,000 കോടി രൂപയുടെ പദ്ധതികൾ മഹാരാഷ്ട്ര മുന്നോട്ടുവച്ചു.

സംസ്ഥാനങ്ങൾക്ക് നൽകുന്ന മൂലധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. മൂലധനച്ചെലവിന് പ്രത്യേക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡി പറഞ്ഞു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് മെച്ചപ്പെട്ട റോഡ്, റെയിൽ, എയർ കണക്ടിവിറ്റി എന്നിവയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ആവശ്യപ്പെട്ടത്. ആപ്പിൾ പാക്കിങ്ങിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസം, ഡൽഹി, ഗുജറാത്ത്, കർണാടക, നാഗാലാൻഡ്, ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: In pre budget meet states ask for higher borrowing limit more central funds