/indian-express-malayalam/media/media_files/cc29AO3prFq5pwWWxVWF.jpg)
നിലവിൽ തെക്കൻ ലെബനോനിലെ താമസക്കാരോട് സ്ഥലം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്
ബെയ്റൂട്ട്:ലെബനോനിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം ലക്ഷ്യമാക്കി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ. ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ അനന്തരവകാശിയായി അറിയപ്പെടുന്ന ഹാഷിം സഫീദ്ദിനെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ നീക്കങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ തെക്കൻ ലെബനോനിലെ താമസക്കാരോട് സ്ഥലം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഇത് കരയുദ്ധം വ്യാപമാക്കുന്നതിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെബനോനിലെ സംഘർഷത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1900-ത്തിലധികം ആളുകൾ മരിക്കുകയും 9000-ത്തോളം പേർക്ക് പരിക്ക് സംഭവിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മിക്കമരണങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ്.
നേരത്തെ, ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിൽ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു വ്യാഴാഴ്ച രാത്രി നടന്നത്. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകൾ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഏറ്റുമുട്ടലിൽ ഹമാസ് കമാൻഡറെ കൊന്നെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അൽ-സിറാജ്, കമാൻഡർ സമി ഔദെ എന്നിവരെയും വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും (ഐഡിഎഫ്) ഇസ്രായേൽ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ)യും അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.