/indian-express-malayalam/media/media_files/uploads/2018/10/p-chidambaram1.jpg)
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ന്യൂഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. നിലവിൽ സിബിഐ ആസ്ഥാനത്താണ് ചിദംബരം ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക എന്നാണ് വിവരം.
ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. സിബിഐയ്ക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘവും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.
Read More: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍
എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
Read More: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
ഇന്നലെ സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡൽഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. ഇവർക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കാതിരിക്കാനാണ് ചിദംബരം വീടിന്റെ ഗേറ്റ് പൂട്ടാൻ നിർദേശിച്ചത്. എന്നാൽ, സിബിഐ പിൻവാങ്ങിയില്ല. മതിൽ ചാടി കടന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും ചിദംബരം വാതിൽ തുറന്നില്ല.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
ആദായനികുതി വകുപ്പ് ഐഎൻഎക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇന്ദ്രാണിയും പീറ്ററും പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ പി.ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്ന് സിബിഐ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.