ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം അറസ്റ്റില്‍. സിബിഐ ആണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തിയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി.
Also Read: അറസ്റ്റ് രാഷ്ട്രീയപ്രേരിതം; എല്ലാറ്റിനും പിന്നിൽ ബിജെപിയെന്നും കാര്‍ത്തി ചിദംബരം
ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു.സിബിഐയ്ക്ക് പിന്നാലെ ഇഡിയും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ.
Read More: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍
അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നാണ് കേസ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ രാഷ്ട്രീയകാരണങ്ങളാല്‍ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതേ കേസില്‍ കാര്‍ത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്.
Also Read: താന്‍ തെറ്റുകാരനല്ലെന്ന് ചിദംബരം; എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍
അഴിമതി നടക്കുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ എന്ന ടെലിവിഷന്‍ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് ഇരുവരും കാര്‍ത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നല്‍കിയിരുന്നു.