/indian-express-malayalam/media/media_files/2025/01/09/0EMhl1zwPraTKjDa39Ks.jpg)
ചരിത്രത്തിലാദ്യമായി താലിബാനുമായി ചർച്ച നടത്തി ഇന്ത്യ
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ. ദുബായിൽ വെച്ചായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി താലിബാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിർ ഖാൻ മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാന് നൽകിവരുന്ന മാനുഷിക സഹകരണം, ഉഭയകക്ഷി പ്രശ്‌നങ്ങൾ, മേഖലയിലെ സുരക്ഷ എന്നിവയിൽ ചർച്ച നടന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇരുഭാഗത്തുനിന്നും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായിരുന്നു. അഫ്ഗാൻ ജനതയ്ക്കുള്ള സഹായം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ചബഹാർ തുറമുഖംവഴിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ചർച്ചയിൽ ധാരണയായി. അഫ്ഗാനിലെ അഭയാർഥി പുനരധിവാസത്തിനും ആരോഗ്യമേഖലയ്ക്കും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിലെ ജനങ്ങൾക്ക് നൽകിവരുന്ന പിന്തുണയിൽ വിദേശകാര്യമന്ത്രി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ക്രിക്കറ്റടക്കമുള്ള കായികമേഖലയിലെ സഹകരണം ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങൾ തമ്മിലെ ബന്ധം തുടരാനും കൂടിക്കാഴ്ചയിൽ ധാരണയായതായി രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
അഞ്ച് പ്രധാനഘടങ്ങളാണ് താലിബാൻ ഭരണകൂടവുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
അഫ്ഗാനും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നത
താലിബാൻ ഭരണകൂടത്തിന് പരിപൂർണ്ണ പിന്തുണ നൽകിയ രാജ്യമായിരുന്നു പാക്കിസ്ഥാൻ. ഒരുക്കാലത്ത് ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണം അഫ്ഗാൻ മണ്ണിൽ പാക്കിസ്ഥാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പോലും ഇന്ത്യ ഭയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ബലുചിസ്ഥാൻ പ്രവിശ്യയിൽ താലിബാന്റെ പിന്തുണയോടെ വിഘടനവാദികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ അഫ്ഗാൻ-പാക്കിസ്ഥാൻ ബന്ധത്തെ ഉലച്ചു.
ഇതിന് തൊട്ടുപിന്നാലെ അഫ്ഗാനിലെയാണ് പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 51 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. അഫ്ഗാനെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നതിന് തടയിടുകയെന്ന് ലക്ഷ്യം ചർച്ചയ്ക്ക് പിന്നിലുണ്ട്.
ഇറാന്റെ സാന്നിധ്യം മേഖലയിൽ കുറഞ്ഞത്
ഇന്ത്യയുമായി നല്ല രീതിയിലുള്ള ഉഭയകക്ഷി ബന്ധം പുലർത്തുന്ന രാജ്യമാണ് ഇറാൻ. പശ്ചിമേഷ്യയിലെ ശക്തമായ സാന്നിധ്യമായ ഇറാൻ അടുത്ത കാലത്ത ഇസ്രായേലിനെതിരെയുള്ള ഹിസ്ബുല്ലയുടെയും ഹമാസിന്റെയും യുദ്ധത്തിന് പിന്തുണ നൽകുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് മേഖലയിലെ ഇറാന്റെ ശക്തി കുറയ്ക്കുന്നതിനും കാരണമായി.
സിറിയയിൽ അട്ടിമറി വേഗത്തിൽ സാധ്യമായതിന്റെയും കാരണവും മേഖലയിലെ ഇറാന്റെ സാന്നിധ്യം കുറഞ്ഞതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലൂടെയാണ് ഇന്ത്യയുമായി അടുത്തകിടക്കുന്ന അഫ്ഗാനുമായി ഇന്ത്യ കുടുതൽ അടുക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
റഷ്യയുടെ സാന്നിധ്യം കുറഞ്ഞത്
കഴിഞ്ഞ മൂന്ന് വർഷമായി യുക്രൈയിനുമായുള്ള യുദ്ധത്തിൽ മാത്രമാണ് റഷ്യയുടെ ശ്രദ്ധ. ഇതോടെ മിഡിൽ ഈസ്റ്റിലെ റഷ്യയുടെ സാന്നിധ്യത്തിൽ നിർണായക കുറവുണ്ടായി. റഷ്യയുടെ സംഖ്യരാജ്യമായിരുന്ന സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണം അട്ടിമറിക്കപ്പെടാനുള്ള പ്രധാനകാരണവും മോസ്‌കോയുടെ ശ്രദ്ധ മാറിയതാണ്. ഈ സാഹചര്യത്തിലാണ് മേഖലയിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
ചൈനയുടെ സാന്നിധ്യം വർധിച്ചു
താലിബാൻ ഭരണകൂടം വന്നതോടെ ഇന്ത്യയും പാശ്ചാത്യ ശക്തികളും അഫ്ഗാനിസ്ഥാന് നൽകി വന്നിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തി. ഇത് മുതലെടുത്ത് ചൈന രംഗത്തെത്തി. അഫ്ഗാനിൽ വലിയ റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സഹായവുമായി ചൈന രംഗത്തെത്തി.ഇതിനുപുറമേ ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ അയക്കുകയും ചെയ്തു.
ചൈനയുടെ ഇടപെടലിനെ സംശയത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്. ഭാവിയിൽ ഇന്ത്യക്കെതിരെ അഫ്ഗാനെ ചൈന ഉപയോഗിക്കുവാനുള്ള സാധ്യതയും ഇന്ത്യ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് മേഖലയിൽ സാന്നിധ്യം വർധിപ്പിക്കാൻ ഇന്ത്യ തിരൂമാനിച്ചത്.
ട്രംപിന്റെ തിരിച്ചുവരവ്
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ടേമിലാണ് അമേരിക്ക താലിബാനുമായി ചർച്ചകൾ ആരംഭിച്ചതും സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തിയതും. അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിലനിർത്തുന്നത് വൻ സാമ്പത്തിക പ്രതിസന്ധി സ്രഷ്ടിക്കുമെന്ന് വാദിച്ചയാളാണ് ട്രംപ്. അന്ന് നിലവിൽ വന്ന് ഉടമ്പടി ബൈഡൻ നടപ്പിലാക്കുകയാണ് ചെയ്തത്. താലിബാനുമായി ഇനിയും സംഘർഷത്തിലേർപ്പെടാൻ ട്രംപ് തയ്യാറായേക്കില്ല. ഈ സാഹചര്യത്തിലൂടെയാണ് ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ത്യ തയ്യാറായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.