/indian-express-malayalam/media/media_files/uploads/2019/08/shehla.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് നിന്ന് ഷെഹ്‌ലാ റാഷിദ്. തന്റെ ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സുതാര്യമായ അന്വേഷണം നടത്താന്‍ സൈന്യം തയ്യാറാകണമെന്നും ഷെഹ്‌ല പറഞ്ഞു.
''എന്റെ എല്ലാ ട്വീറ്റുകളും ആളുകളുമായുള്ള സംഭാഷണത്തില്‍ നിന്നുമാണ്. അധികൃതരുടെ നല്ല പ്രവര്‍ത്തനങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ട്. നിക്ഷപക്ഷവും സുതാര്യവുമായൊരു അന്വേഷണം സൈന്യം നടത്തട്ടെ. പറഞ്ഞ സംഭവങ്ങളുടെ തെളിവുകള്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്'' ഷെഹ്‌ല റാഷിദ് ട്വീറ്റില്‍ പറയുന്നു.
''ഞാനൊരു സാധാരണ കശ്മീരിയാണ്. ഈ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുന്നത് തന്നെ ഒരു പ്രിവിലേജാണ്. ശ്രീനഗറില്‍ പെപ്പര്‍ ഗ്യാസ് ശ്വസിച്ച് 65 കാരന്‍ മരിച്ചിരുന്നു. ഇന്നത്തെ അവസ്ഥയുടെ ആദ്യ ഇര ഒരു 17 കാരനാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അറസ്റ്റ് എന്താണ്'' മറ്റൊരു ട്വീറ്റില്‍ ഷെഹ്‌ല ചോദിക്കുന്നു. തന്റെ അറസ്റ്റ് കശ്മീരിലെ മനുഷ്യവാകാശ ലംഘങ്ങളില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കുന്നതാകരുതെന്നും അവര്‍ പറഞ്ഞു.
കശ്മീരില്‍ നടക്കുന്നത് രാജ്യത്തിന് വേണ്ടിയുള്ളതല്ലെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടിയാണെന്നും അവര്‍ പറഞ്ഞു. 'ഫോണ്‍, പത്രം, ഇന്റര്‍നെറ്റ് സേവനങ്ങളുടെ അഭാവത്തില്‍ കശ്മീരില്‍ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. അത് ലോകത്തിന് കാണാന്‍ കഴിയില്ല. 4000 മുതല്‍ 6000 വരെ ആളുകള്‍ അറസ്റ്റിലായതായി എ.എഫ്.പി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ചുകൊണ്ട് അറസ്റ്റു ചെയ്യുകയാണ്. ലോകത്തില്‍ നിന്നും സര്‍ക്കാറിന് മറ്റൊന്നും ഒളിപ്പിച്ചുവെക്കാനില്ലെങ്കില്‍ എന്തിനാണ് ആശയവിനിമയത്തിന് നിരോധനം?' എന്നും അവര്‍ ചോദിക്കുന്നു.
'ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.' എന്നായിരുന്നു ഷെഹ്ലയുടെ ഒരു ട്വീറ്റ്.
Also Read: ജമ്മു കശ്മീരിൽ സ്‌കൂളുകൾ തുറന്നു; ഹാജർനില വളരെ കുറവ്
'സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു' എന്നും ആരോപിച്ചിരുന്നു. ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്ല ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഷെഹ്ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട ഷെഹ്ലയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് അഭിഭാഷകന്റെ പരാതി. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ശ്രീവാസ്തവയുടെ പരാതി. ഷെഹ്ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.