ന്യൂഡൽഹി: നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം പറഞ്ഞതിന് പിന്നാലെ ഇന്നു മുതൽ സർക്കാർ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിച്ചു തുടങ്ങി. എല്ലാ സ്കൂളുകളിലും കുറഞ്ഞ ഹാജർനിലയാണ്. അതേസമയം, സ്വകാര്യ സ്കൂളുകൾ തുടർച്ചയായ 15 ദിവസവും തുറന്നിട്ടില്ല. അഞ്ചു നഗരങ്ങളിലെ സ്കൂളുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്ന് ബരാമുല്ലയിലെ അധികൃതർ വ്യക്തമാക്കി. മറ്റു ജില്ലകളിലെ സ്കൂളുകൾ തുറന്നുവെന്നും അധികൃതർ അറിയിച്ചു.

ചില പ്രദേശങ്ങൾ ഒഴികെ താഴ്‌വരയുടെ മിക്ക ഭാഗങ്ങളിലും ആശയവിനിമയ സംവിധാനങ്ങൾ ഇപ്പോഴും സജ്ജമായിട്ടില്ല. ജമ്മുവിൽ, പത്ത് ജില്ലകളിൽ അഞ്ചിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ച് 24 മണിക്കൂറിനുശേഷം വീണ്ടും നിർത്തിവച്ചു.

ശ്രീനഗറിലെ ചില പ്രദേശങ്ങളിലും ടൂറിസ്റ്റ് റിസോർട്ടുകൾ ഉൾപ്പെടെ താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലും സ്ഥിര-ടെലിഫോൺ കണക്ഷനുകൾ പുനഃസ്ഥാപിച്ചെങ്കിലും മേഖലയിലെ പ്രധാന ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ഇപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. ജമ്മുവിൽ, 2ജി മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചത് മേഖലയിലുടനീളം അഭ്യൂഹങ്ങൾക്ക് ഇടയാക്കുകയും, ഇത് പെട്രോൾ പമ്പുകളിൽ വീണ്ടും തിരക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370, കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ഇവിടുത്തെ ആശയവിനിമയം തകരാറിലാകുകയും നിരവധി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീനഗറിൽ, സിവിൽ ലൈനുകൾ ഉൾക്കൊള്ളുന്ന ബാഗാട്ട്, ഗോഗ്ജിബാഗ് ടെലിഫോൺ എക്സ്ചേഞ്ചുകൾ, കന്റോൺമെന്റിന് സേവനം നൽകുന്ന ഇന്ദിര നഗർ എക്‌സ്‌ചേഞ്ച് എന്നിവയുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു. അതേസമയം, ശ്രീനഗറിലെ ബിസിനസ് ഹബ്ബിൽ ഏറ്റവും കൂടുതൽ കണക്ഷനുകളും സേവനങ്ങളും ഉള്ള നഗരത്തിലെ പ്രധാന എക്‌സ്‌ചേഞ്ചായ ലാല്‍ചൗക്‌ എക്‌സ്‌ചേഞ്ച് പുനഃസ്ഥാപിക്കാൻ തങ്ങൾക്ക് നിർദേശങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു.

നഗരത്തിലെ സൗര, ഹരിപാർബത്ത്, കരൺ നഗർ, സൈനാകോട്ടെ, ബെമിന എക്‌സ്‌ചേഞ്ചുകൾക്ക് കീഴിലുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനം പോലെ തന്നെ പുനഃസ്ഥാപിച്ച ലാൻഡ്‌ലൈനുകളിലേക്കുള്ള ഐ‌എസ്‌ഡി സൗകര്യങ്ങളും പിൻവലിച്ചു. ടൂറിസ്റ്റ് റിസോർട്ടുകളായ ഗുൽമാർഗ്, സോനമാർഗ്, ഉറിയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ലാൻഡ്‌ലൈനുകളും സർക്കാർ പുനഃസ്ഥാപിച്ചു.

വടക്കൻ കശ്മീരിൽ സോപോർ, ബാരാമുള്ള, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ വയർഡ് ടെലിഫോൺ ആശയവിനിമയം ഞായറാഴ്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിച്ചിട്ടില്ല.

ഞായറാഴ്ച, ജമ്മു കശ്മീർ വക്താവ് രോഹിത് കൻസാൽ, താഴ്‌വരയിലെ എല്ലാ ലാൻഡ്‌ലൈനുകളും എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പുനഃസ്ഥാപിച്ച കണക്ഷനുകളുടെ എണ്ണം വെളിപ്പെടുത്താൻ വിസമ്മതിച്ചു. “ആശയവിനിമയ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ലഘൂകരിക്കും. ഞാൻ ഇന്നലെ സൂചിപ്പിച്ചതുപോലെ, ലാൻഡ്‌ലൈൻ ആശയവിനിമയം അതിന്റെ പൂർണമായ പ്രവർത്തനത്തിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കും,”അദ്ദേഹം പറഞ്ഞു.

താഴ്‌വരയിലെ പ്രധാന ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് “ഒരാൾക്ക് അനുകൂലമായി വിവേചനമില്ല. എന്റെ സ്വന്തം ടെലിഫോൺ പ്രവർത്തനക്ഷമമായത് അഞ്ച് മിനിറ്റ് മുമ്പാണ്,” കൻസാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook