/indian-express-malayalam/media/media_files/uploads/2023/09/Hardeep-Singh-Nijjar.jpg)
കാനഡയിലെ രണ്ട് പ്രവിശ്യകളിലായി പൊലീസ് നടത്തിയ ഓപ്പറേഷനുകൾക്കിടയിലാണ് പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്
ഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ച് ഏഴ് മാസത്തിന് ശേഷമാണ് ഇന്ത്യക്കാരായ മൂന്ന് പേരെ കനേഡിയൻ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ സറേയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയ ഇന്ത്യൻ ഹിറ്റ് സ്ക്വാഡിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി സിബിസി [കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ] ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാനഡയിലെ രണ്ട് പ്രവിശ്യകളിലായി പൊലീസ് നടത്തിയ ഓപ്പറേഷനുകൾക്കിടയിലാണ് പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കാനഡയിലെ ഹിറ്റ് സ്ക്വാഡ് അംഗങ്ങളെ ഏതാനും മാസങ്ങൾക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായും അവർ കർശന നിരീക്ഷണത്തിലായിരുന്നെന്നും സ്രോതസ്സുകൾ പറഞ്ഞു. അറസ്റ്റിനെ കുറിച്ച് പോലീസ് പ്രഖ്യാപിക്കുകയും അവരുടെ അന്വേഷണത്തിന്റെ ചില വിശദാംശങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്യും.
അതേ സമയം അറസ്റ്റിലായ വ്യക്തികളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 11 വയസ്സുള്ള ആൺകുട്ടിയെ വെടിവച്ചുകൊന്നതുൾപ്പെടെ കാനഡയിൽ നടന്ന മൂന്ന് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സാധ്യതകൾ പോലീസ് സജീവമായി അന്വേഷിക്കുന്നതായി അന്വേഷണവുമായി അടുത്ത വൃത്തങ്ങൾ സിബിസി ന്യൂസിനോട് പറഞ്ഞു.
സർറേയിലെ ഗുരു നാനാക് സിഖ് ഗുരുദ്വാരയിൽ വെച്ച് നിജ്ജാർ കൊല്ലപ്പെട്ട ദിവസം ഷൂട്ടർമാരായും ഡ്രൈവർമാരായും സ്‌പോട്ടർമാരായും ഹിറ്റ് സ്ക്വാഡിലെ അംഗങ്ങൾ വ്യത്യസ്ത വേഷങ്ങളിലാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കാർ പിടിയിലായതോടെ കാനഡയുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തേയും അത് ദോഷകരമായി ബാധിക്കും. നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ചതിന് ശേഷമാണ് ഇത് ആരംഭിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 9-10 തീയതികളിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള ആശങ്ക മോദി ഉന്നയിച്ചിരുന്നു.
എന്നാൽ ട്രൂഡോയുടെ ആരോപണം അസംബന്ധവും പ്രചോദനാത്മകവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, അത് "പൂർണ്ണമായി നിരസിക്കപ്പെട്ടു". അതേ സമയം നിലവിലെ സംഭവവികാസങ്ങളിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read More
- വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയം, രാഹുൽ റായ്ബറേലിയിലേക്ക് ഒളിച്ചോടി: നരേന്ദ്ര മോദി
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.