/indian-express-malayalam/media/media_files/bgTrjVg8eTu0TIASzvF9.jpg)
ചിരാഗ് ആന്റിൽ വെടിയേറ്റ് മരിക്കുന്നതിന് അര മണിക്കൂർ മുമ്പ് വരെ തന്നോട് സംസാരിച്ചിരുന്നുവെന്ന് സഹോദരൻ റോമിത് ആന്റിൽ
ഡൽഹി: വെള്ളിയാഴ്ച കാനഡയിലെ സൗത്ത് വാൻകൂവറിൽ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച ഹരിയാന സ്വദേശി ചിരാഗ് ആന്റിലിന്റെ മരണം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയപ്പോഴെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ. സോനിപത്തിൽ നിന്നുള്ള 24 കാരനായ വിദ്യാർത്ഥി ചിരാഗ് ആന്റിൽ വെടിയേറ്റ് മരിക്കുന്നതിന് അര മണിക്കൂർ മുമ്പ് വരെ തന്നോട് സംസാരിച്ചിരുന്നുവെന്ന് സഹോദരൻ റോമിത് ആന്റിൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വാൻകൂവറിലെ ഈസ്റ്റ് 55-ാം അവന്യൂവിലെയും മെയിൻ സ്ട്രീറ്റ് കവലയിലെ അപ്പാർട്ട്മെന്റിന് സമീപം രാത്രി 11 മണിയോടെയാണ് ചിരാഗ് വെടിയേറ്റ് മരിച്ചത്. “ചിരാഗ് തന്റെ അന്നത്തെ ജോലി പൂർത്തിയാക്കി വീട്ടിലെത്തി. സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന സ്ഥലത്തിന് പിന്നിൽ കാർ പാർക്ക് ചെയ്തിരുന്നു. രാത്രി 10.30 ആയിക്കാണും അവൻ എന്നോട് അവസാനമായി സംസാരിച്ചപ്പോൾ. തന്റെ സുഹൃത്തുക്കളുമായി പാർട്ടിക്ക് പോകുന്നുവെന്നാണ് ആ സമയത്ത് എന്നോട് പറഞ്ഞത്. അവൻ വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത് . എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം,ചിരാഗ് വെടിയേറ്റ് മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു, ” റോമിത് ആന്റിൽ പറഞ്ഞു.
“ഞങ്ങളെ നടുക്കിയ ഒരു ഇമെയിലാണ് കനേഡിയൻ പോലീസിൽ നിന്നും ലഭിച്ചത്. തുടർന്ന് ഞാൻ ചിരാഗിന്റെ സുഹൃത്തുക്കളെയും വാൻകൂവറിൽ ഞങ്ങൾക്ക് അറിയാവുന്ന ആളുകളെയും വിളിച്ചു. തങ്ങൾ ചില പടക്കം പൊട്ടുന്ന ശബ്ദം കേട്ടുവെന്ന് അവന്റെ ഫ്ലാറ്റ്മേറ്റ്സ് എന്നോട് പറഞ്ഞു, പിന്നീട് ചിരാഗിനെ തിരയാൻ തുടങ്ങിയപ്പോഴാണ് അവിടെയില്ലെന്ന് മനസ്സിലായത്. തുടർന്ന് എല്ലാവരും ഓടിയെത്തിയപ്പോഴാണ് ചിരാഗ് വെടിയേറ്റ് മരിച്ച വിവരം അറിഞ്ഞത്. എന്നാൽ സംഭവത്തെ കുറിച്ച് പോലീസ് അവരുമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.
"സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും മന്ത്രാലയത്തിൽ നിന്നോ" ഇതുവരെ ആരും ചിരാഗിന്റെ കുടുംബത്തെ സമീപിച്ചിട്ടില്ലെന്ന് റോമിത് പറഞ്ഞു. “എവിടെ പോകണമെന്നോ എന്തുചെയ്യണമെന്നോ ഞങ്ങൾക്ക് അറിയില്ല. കനേഡിയൻ പോലീസ് അവരുടെ മെയിലിൽ പങ്കുവെച്ച ഫോൺ നമ്പറുകളിലേക്ക് ഞാൻ നിരവധി കോളുകൾ ചെയ്തിട്ടുണ്ട്, പക്ഷേ അവർ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. കനേഡിയൻ പോലീസുമായി ബന്ധപ്പെടുന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും ഒരു വിവരവും ലഭിക്കുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കൾ സിസിടിവി ദൃശ്യങ്ങൾ കാണാനാകുമോയെന്നറിയാൻ അയൽവാസികളെ സമീപിച്ചിരുന്നെങ്കിലും ആരും സഹകരിച്ചില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ ധനസമാഹരണം
ചിരാഗിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ചെലവുകൾ പങ്കിടാൻ ചിരാഗിന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടതായി റോമിത് പറഞ്ഞു. അതിനായി അവർ ഇതിനകം ഓൺലൈൻ വഴി ഒരു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വാൻകൂവറിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ ചിരാഗ് ആന്റിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് വളരെ ദുഃഖത്തോടെയാണ് അറിഞ്ഞത്തെന്നും, കൂടുതൽ വിവരങ്ങൾക്കായി കനേഡിയൻ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് എക്‌സിൽ പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടു
ചിരാഗിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും ചിരാഗിന്റെ കുടുംബം അഭ്യർത്ഥിച്ചു.
“ചിരാഗ് ആന്റിലിന്റെ സഹോദരൻ റോമിത് എന്നെ ബന്ധപ്പെടുന്നുണ്ട്. കുടുംബം തകർന്നിരിക്കുകയാണ്. ആന്റിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ഞാൻ കത്തെഴുതുകയാണ്. തങ്ങൾക്ക് എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും കാനഡയിലെ പോലീസ് പോലും വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെന്നും ആന്റിലിന്റെ കുടുംബം എന്നോട് പറഞ്ഞു. ചിരാഗിന്റെ വിഷയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയ എൻഎസ്‌യുഐ ദേശീയ പ്രസിഡന്റ് വരുൺ ചൗധരി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,
പഞ്ചസാര മിൽ ജീവനക്കാരനായ മഹാബീർ സിംഗിന്റേയും സുലേഖയുടെയും മകനായി ജനിച്ച ചിരാഗ് 2022 സെപ്റ്റംബറിലാണ് പഠന വിസയിൽ കാനഡയിലേക്ക് പോയത്. അവിടെയെത്തിയ ശേഷം സുഹൃത്തുക്കളുമായി ഒരു അപ്പാർട്ട്മെന്റ് ഷെയർ ചെയ്തായിരുന്നു താമസം.
ചിരാഗ് ന്യൂഡൽഹിയിലെ ശ്രീ ഗുരു തേജ് ബഹാദൂർ ഖൽസ കോളേജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം നേടാനും അവിടെ ജോലി ചെയ്യാനും കാനഡയിലേക്ക് പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തുടർന്ന് അദ്ദേഹം ഒരു എംബിഎ പ്രോഗ്രാമിൽ പ്രവേശനം നേടി, ബ്രിട്ടീഷ് കൊളംബിയയിലെ കാനഡ വെസ്റ്റിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് അത് പൂർത്തിയാക്കി. ഈയടുത്താണ് ചിരാഗ് അവിടെ ഒരു സെക്യൂരിറ്റി ഏജൻസിയിൽ സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.