/indian-express-malayalam/media/media_files/2025/04/23/vkcKR9rbHZYbR6yXM6g8.jpg)
രാമചന്ദ്രൻ
Jammu Kashmir,Pahalgam Terror Attack: കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ കൊച്ചി സ്വദേശിയാണ്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (65)ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും മകൾ ആരതിക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്.
''കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനിടെയാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തിലെ മറ്റെല്ലാവരും സുരക്ഷിതരാണ്. ആശുപത്രിയിൽ വെച്ച് ആരതി പിതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു,” കൊച്ചിയിലെ കുടുംബത്തിന്റെ അയൽവാസിയായ ജയലക്ഷ്മി പറഞ്ഞു. തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് ഹൈദരാബാദിലെത്തിയശേഷം, അവിടെ നിന്നാണ് കുടുംബം കശ്മീരിലേക്ക് പോയത്. ''ആക്രമണത്തെക്കുറിച്ച് ടിവി ചാനലുകളിലൂടെ അറിഞ്ഞ ഉടൻ ബന്ധുക്കൾ ആരതിയുമായി ബന്ധപ്പെട്ടു. അച്ഛനെ വെടിവച്ചുകൊന്നുവെന്നാണ് ആരതി പറഞ്ഞത്. അവളുടെ മുന്നിൽവച്ചായിരുന്നു വെടിവച്ചത്,'' ജയലക്ഷ്മി പറഞ്ഞു.
കൊച്ചിയിൽ നാലു വർഷം മുൻപാണ് രാമചന്ദ്രൻ കുടുംബവുമായി താമസിക്കാൻ എത്തിയത്. അതിനു മുൻപ് നിരവധി വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു. രാമചന്ദ്രന്റെ കുടുംബത്തെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ''എറണാകുളം സ്വദേശി കൊല്ലപ്പെട്ടുവെന്ന വാർത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും,'' മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവരും ജമ്മു കാശ്മീരിലേക്ക് യാത്ര പോയിട്ടുണ്ട്. ജസ്റ്റിസുമാർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതരാണ്. എംഎൽഎമാരായ എം.മുകേഷ്, കെ.പി.എ.മജീദ്, ടി.സിദ്ദിഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിലുണ്ട്. ഇവരും സുരക്ഷിതരാണ്. ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നോർക്ക റൂട്സിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ജമ്മു കശ്മീരിൽ നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ (ടോൾ ഫ്രീ നമ്പർ ) 18004253939, 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us