/indian-express-malayalam/media/media_files/mxk2hgqTXJWuhPh0KEye.jpg)
Cyclone Michaung landfall process starts,Photo,. Ani Digital/X
Chennai Rains: ആന്ധ്രാപ്രദേശിലെ നെല്ലൂരിനും കാവാലിക്കും ഇടയിൽ തീരം തൊടാൻ തുടങ്ങി മിഷോങ് ചുഴലിക്കാറ്റ്.
2021 സെപ്തംബറിൽ ഗുലാബ് ചുഴലിക്കാറ്റിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി തീരം കടക്കുന്ന ചുഴലിക്കാറ്റാണ് മിഷോങ്. മണിക്കൂറിൽ 90-100 കി.മീ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുക.
തീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 9,500 പേരെ 211 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി, ഗുണനിലവാരമുള്ള ദുരിതാശ്വാസ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അതേ സമയം, ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തിങ്കളാഴ്ച ചെന്നൈയിൽ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കുറഞ്ഞത് എട്ട് പേർ മരിച്ചു, നഗരത്തിന്റെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
മഴയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് തുറന്നു.
ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം
ഇന്ന് രാവിലെ 7:30 ന് ചെന്നൈയിൽ നിന്ന് 230 കിലോമീറ്റർ വടക്ക് കേന്ദ്രീകരിച്ചാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കാവാലിയിൽ നിന്ന് 35 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക്, നെല്ലൂരിൽ നിന്ന് 70 കിലോമീറ്റർ വടക്ക്-വടക്കുകിഴക്ക്, ബപട്‌ലയിൽ നിന്ന് 90 കിലോമീറ്റർ തെക്ക്-തെക്ക്-പടിഞ്ഞാറ്, മച്ചിലിപ്പട്ടണത്തിന് 150 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് എന്നിങ്ങനെയാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം.
ചെന്നൈ കോർപ്പറേഷന്റെ കണക്കനുസരിച്ച്, ആയിരക്കണക്കിന് ആളുകളെ സർക്കാർ നിയന്ത്രണത്തിലുള്ള ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കുടുംബങ്ങളെ പാർപ്പിക്കാൻ കുറഞ്ഞത് 400 കല്യാണ മണ്ഡപങ്ങൾ തയ്യാറാക്കി. കാലാവസ്ഥ കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്നുള്ള 250 പേർ അടങ്ങുന്ന 10 ടീമുകളെ രക്ഷാപ്രവർത്തനത്തിനായി ദുരിതബാധിത ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് നൽകുന്നതിലും ഈ സംഘങ്ങൾ സജീവമായി ഇടപെടുന്നു.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പ്രകാരം, ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്‌നാടിനും കുറച്ചു മാറിയാണ് തീവ്ര ചുഴലിക്കാറ്റായ മിഷോങ് നിലവിൽ ഉള്ളത്. ഇത് ക്രമേണ ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങി ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്ത്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ, ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ്, മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
തിങ്കളാഴ്ച, ചെന്നൈയിലെ ഐഎംഡിയുടെ മീനമ്പാക്കം ഒബ്സർവേറ്ററി 24 മണിക്കൂറിനുള്ളിൽ 25 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി - 73 വർഷത്തിനിടെ ഡിസംബറിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ മഴയാണിത്.
വൈദ്യുതാഘാതമേറ്റ് മരിച്ച ഡിണ്ടിഗൽ ജില്ലയിലെ പത്മനാഭൻ (50), ബസന്റ് നഗർ സ്വദേശി മുരുകൻ (35) എന്നിവരടക്കം അഞ്ചു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് തൊറൈപ്പാക്കം സ്വദേശി ഗണേശൻ (70) മരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റ് രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Read Here
- തീവ്രചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ പേമാരി; ചെന്നൈയിൽ നാളെയും പൊതു അവധി
- ഈ പാവം പൊയ്ക്കോട്ടെ; ചെന്നൈ പ്രളയത്തിനിടെ റോഡിലിറങ്ങി മുതല, വീഡിയോ
Read in IE: Five dead in Chennai rain as approaching Cyclone Michaung submerges city
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.