scorecardresearch

മാമൂലുകളുടെ മരണമണികളും പ്രതീക്ഷയുടെ വേനൽപ്പൂക്കളും

'ബിരുദ വിദ്യാർത്ഥിയായ മകൻ കോളേജിലെ വിമൻസ് സെല്ലിന്റെ സജീവ പ്രവർത്തകനാണ്. ചേച്ചിയോടും സുഹൃത്തുക്കളോടും മെൻസ്‌ട്രുൽ കപ്പിനെക്കുറിച്ചും സാനിറ്ററി നാപ്കിനെക്കുറിച്ചും വികലമായ ചിരികളില്ലാതെ സംവദിക്കുമ്പോൾ അമ്മയായും അധ്യാപികയായും ഞാൻ ആഹ്ളാദിക്കുന്നു' കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ക്യംപസിൽ വന്ന മാറ്റത്തെ കുറിച്ച് കോട്ടയം ബസേലിയസ് കോളജിലെ അധ്യാപികയായ ജ്യോതിമോൾ

author-image
Jyothymol P
New Update
women's day, women's day 2022, women's day quotes, women's day slogans, women's day messages, women's day images, women's day status, happy women's day, happy women's day 2022, happy women's day slogans, happy women's day status, happy women's day messages, happy women's day quotes, international women's day, international women's day 2022, international women's day quotes, international women's day slogans, happy international women's day 2022, happy international women's day slogans, happy international women's day images

International Women's Day: കലണ്ടറുകളിലെ ആചാരാബദ്ധമായി മാറിയ ചതുരക്കള്ളികളിൽ ഇന്ന് മറ്റൊരു അനുഷ്ഠാനദിനം. ഏറെ പ്രത്യാശയോടെ ലോകം ചേർത്തുപിടിച്ചതും ഉയർത്തിപ്പിടിച്ചതുമായ ദിനങ്ങൾ ഉണ്ടായിട്ട് നാളുകളേറെയായി. അങ്ങനെ മനുഷ്യരുടെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാനുള്ള ചില ദിനങ്ങൾ ലോകമൊട്ടാകെ ആഘോഷിക്കാനും തുടങ്ങി. മനുഷ്യാവകാശദിനം, വനിതാദിനം അങ്ങനെയൊക്കെ ലോകത്തിന് പുതിയ കാഴ്ചകളുടെ, പ്രത്യാശകൾ നൽകി പ്രഖ്യാപിക്കപ്പെട്ട ദിനങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലും പലതരം പരിപാടികളുമായി അരങ്ങേറുന്നുണ്ടായിരന്നു. കൂടുതലും സർക്കാർ തല ശാക്തീകരണ പ്രഭാഷണങ്ങളിലൊതുങ്ങി.

Advertisment

ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം കേരളത്തിലെ ദിനാചാരണങ്ങളെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. വലിയ വിപ്ലവ പ്രതീക്ഷയൊന്നും ഉയർത്തിയില്ലെങ്കിലും ചെറിയതോതിൽ സമത്വബോധത്തിലധിഷ്ഠതമായ ചില ബോധവൽക്കരണം വ്യക്തിപരമോ ചെറിയ ചില ഗ്രൂപ്പുകളിലോ സൃഷ്ടിക്കാൻ ഈ ദിനാചാരണത്തിന് വർഷങ്ങൾ കൊണ്ട് ലോകമൊട്ടാകെ സാധിച്ചു എന്നത് നിരാകരിക്കാനാകാത്ത വസ്തുതയാണ്. ഒന്നുമില്ലാത്തിടത്ത് ചില പ്രതീക്ഷാതുരുത്തുകൾ. അതിലേറെയും പുതിയ തലമുറയാണെന്നത് വരുംകാലത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷ അധ്യാപികയായ എനിക്ക് നൽകുന്നുണ്ട്. അത് വിദ്യാർത്ഥിനിയായും അധ്യാപികയായും മൂന്നരപതിറ്റാണ്ടോളം ഞാൻ കണ്ട ക്യാമ്പസ് എനിക്ക് ഉറപ്പു നൽകുന്നുണ്ട്.

ലിംഗ സമത്വം ഇന്ന് സുസ്ഥിരമായ നാളെക്കായി എന്നതാണ് ഈ വർഷത്തെ വനിതാ ദിന സന്ദേശം. ബ്രേക്ക് ദ ബയസ് - വിവേചനങ്ങൾക്കെതിരെ വിവേകത്തിന്റെ ഉണർത്തു പാട്ടാണ്. വിമർശനത്തിന്റെ ജൽപ്പനങ്ങളെ അവഗണിച്ചു വസ്ത്രസ്വാതന്ത്ര്യവും സ്വന്തം ശരീരത്തിന്റെ സ്വാതന്ത്ര്യവും ആഘോഷിക്കുന്ന സദാചാര സംഘടനകളുടെ വിചാരണകൾക്കപ്പുറം അവനവനു വേണ്ടത് തിരിച്ചറിയുന്ന പുതു തലമുറയെ കാണുന്നുണ്ട്. പൊതു ഇടങ്ങളിലെ വർധിച്ചു വരുന്ന സ്ത്രീ സാന്നിധ്യം, ആരെയൊക്കെ അസ്വസ്ഥമാക്കിയാലും അതിനെ കൂസാതെ സാമ്പത്തിക, സാമൂഹിക സ്വയം പര്യാപ്തതയിലേക്കുള്ള കാൽവെപ്പുകളും പൊതു ഇടങ്ങൾ തന്റേത് കൂടിയാണെന്ന തിരിച്ചറിവും, അത്തരം രംഗങ്ങളിൽ കുറച്ചുകൂടി ദൃശ്യതയും ഇന്ന് ആർജിച്ചിട്ടുണ്ട്. മാറിചിന്തി(പ്പി)ക്കുന്ന പരസ്യങ്ങളും, മരം ചുറ്റിയോടലിനപ്പുറം സ്ത്രീക്ക് ചുറ്റും വികസിക്കുന്ന കഥാസന്ദർഭങ്ങളും കാലഘട്ടത്തിന്റെ അനിവാര്യതയെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

women's day, women's day 2022, women's day quotes, women's day slogans, women's day messages, women's day images, women's day status, happy women's day, happy women's day 2022, happy women's day slogans, happy women's day status, happy women's day messages, happy women's day quotes, international women's day, international women's day 2022, international women's day quotes, international women's day slogans, happy international women's day 2022, happy international women's day slogans, happy international women's day images
Advertisment

കാൽനൂറ്റാണ്ടിലധികമായി ക്യാമ്പസുകളെ അടുത്തറിയുന്ന ഒരു അധ്യാപിക എന്ന നിലയിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾ എന്റെ ഉള്ളിലും പതിഞ്ഞിട്ടുണ്ട്. സാമൂഹിക സ്പന്ദനങ്ങൾ വളരെ സൂക്ഷ്മമായ രീതിയിൽ സംവേദനം ചെയ്യുന്ന ഇടങ്ങൾ എന്ന നിലയിൽ ക്യാമ്പസുകൾ ഒരു വിധത്തിൽ സമൂഹത്തിന്റെ കണ്ണാടി തന്നെയാണ്. വിപ്ലവകരമായ മാറ്റങ്ങൾ, പുതിയ ചുവടുവെപ്പുകൾ, മാമൂലുകളുടെ മരണം, സമൂഹത്തിലെ യാഥാസ്ഥിതവാദികളുടെ അധികാരാധിഷ്ഠിതമായ എല്ലാ തീച്ചൂടിനെയും മറികടന്ന് പുതിയ കാലത്തെ ചിന്തകളും പ്രവൃത്തികളും പൂത്തുലയുന്നതുമെല്ലാം തുടങ്ങുന്നത് പലപ്പോഴും ക്യാമ്പസുകളിലാണ്.

തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഞാൻ ഒരു അധ്യാപികയിലേക്ക് കൂടുമാറുന്നത്. അക്കാലത്തു പൊതുവെ മിക്സഡ് കോളേജുകൾ ആൺകുട്ടികളുടെ മാത്രം ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു. കോളേജ് ദിനാഘോഷങ്ങളിൽ, ഗാനമേളകളിലെ ചടുല ഗാനങ്ങളോടൊപ്പമുള്ള ഡപ്പാൻകുത്ത് നൃത്തങ്ങളിൽ ഡെസ്കിൽ കയറി നിന്നും ഉറഞ്ഞു തുള്ളിയും അവർ യുവത്വത്തെ ആഘോഷിച്ചപ്പോൾ ഇപ്പുറത്തു പെൺകുട്ടികളുടെ നിരകൾ ശ്മശാന മൂകമായി നിലകൊണ്ടു. ചിലർ തുള്ളിയുറയുന്ന ആൺകുട്ടികളുടെ നേരെ അസൂയയോടെ മിഴി പാറിച്ചു. പരിപാടികൾ കഴിയുന്നതിനു മുൻപ് വീടണയാനായി തിരക്ക് കൂട്ടി. ക്ലാസ്സിലും ആൺകുട്ടികൾ എണ്ണത്തിലും ശൗര്യത്തിലും മുന്നിട്ടു നിന്നു. ക്ലാസ്സിലെ പൊതു തീരുമാനങ്ങൾ പലപ്പോഴും ആൺ തീരുമാനങ്ങൾ ആയിരുന്നു. അധ്യാപകരിലും പുരുഷന്മാർ സ്ത്രീകളെ എണ്ണത്തിൽ കടത്തിവെട്ടി. കാര്യശേഷിയും ബലവും സംഘാടനവും പുരുഷകേന്ദ്രീകൃതമായി നടന്നു പോന്നു. ക്ലാസ്സ്‌ മുറി വൃത്തിയാക്കൽ, വിശിഷ്ടാതിഥികളെ താലപ്പൊലിയോടെ സ്വീകരിക്കൽ തുടങ്ങിയ പെണ്ണിടങ്ങൾ നിർബാധം തുടർന്നു. അവർ, പാവാടയും ബ്ലൗസും ഹാഫ് സാരി എന്നിവേഷങ്ങളിൽ നിന്ന് ഒരുപരിധിവരെ മോചനം നേടി ചുരിദാറും സൽവാർ കമ്മീസും അണിഞ്ഞു എങ്കിലും ആൺക്കാഴ്ചകളുടെ നിർബന്ധത്തിന് അനുസൃതരായി 'ശാലീന'മായി ജീവിച്ചു.

പക്ഷേ കാൽ നൂറ്റാണ്ടിനിപ്പുറം കേരളത്തിലെ ക്യാമ്പസുകൾ ഒരു പരിധി വരെവിവേചനങ്ങളെ നിരാകരിക്കുന്നുണ്ട്. കോളേജ് ഇലക്ഷനുകൾ ശക്തമായ സ്ത്രീ സാന്നിധ്യത്തെ രേഖപ്പെടുത്തുന്നു. ആരുടെയും നിർബന്ധമില്ലാതെ തന്നെ സ്ഥാനാർഥികളാവാൻ തയ്യാറാവുന്നവർ ഏറെ. ആൺകുട്ടികളോടോപ്പമോ അതിലേറെയോ ക്യാമ്പസുകളെ ആഘോഷമാക്കുന്നുണ്ട് അവർ. വിശേഷാഘോഷ ദിവസങ്ങളിൽ ഉയരുന്ന ആരവങ്ങൾ ആൺ, പെൺ എന്ന വ്യത്യാസമില്ലാതെ ഓഡിറ്റോറിയത്തെ പ്രകമ്പനം കൊള്ളിക്കുന്നു. പാഡ് വെന്റിങ് യന്ത്രങ്ങൾ ക്യാമ്പസുകളിൽ മറ നീക്കി പുറത്തു വരുന്നു. പീരിയഡ്‌സിനെ പറ്റി, PCOD യെ പറ്റി, മെന്റൽ ഹെൽത്തിനെ പറ്റി തുറന്ന സംവാദങ്ങൾ ജൻഡർ വരമ്പുകൾക്കപ്പുറം സാധ്യമാവുന്നുണ്ട് ഇന്ന്.

women's day, women's day 2022, women's day quotes, women's day slogans, women's day messages, women's day images, women's day status, happy women's day, happy women's day 2022, happy women's day slogans, happy women's day status, happy women's day messages, happy women's day quotes, international women's day, international women's day 2022, international women's day quotes, international women's day slogans, happy international women's day 2022, happy international women's day slogans, happy international women's day images

വസ്ത്രത്തിന്റെയും ഉടലിന്റെയും സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ ശ്രദ്ധേയമായ രീതിയിൽ നടക്കുന്നുണ്ട് ക്യാമ്പസ്സിന്റെ തുറസ്സിൽ. അവർ സദാചാര കമ്മിറ്റികളെ അവഗണിച്ചു ലിംഗഭേദമെന്യേ യുവത്വം ആഘോഷമാക്കുന്നു. ആൺ പെൺ സുഹൃത്തുക്കളൊന്നിച്ച് സദാചാരകണ്ണുകളെ അസ്വസ്ഥമാക്കിക്കൊണ്ട് തന്നെ സ്നേഹകൂട്ടൊരുക്കുന്നു. ഒരുമിച്ചു ചാഞ്ഞും ചെരിഞ്ഞും സെൽഫി ഉത്സവങ്ങൾ നടത്തുന്നു. വിശിഷ്ടാതിഥികൾക്ക് പൂച്ചെണ്ടുകൾ നൽകാൻ ആൺ, പെൺ വ്യത്യാസമില്ലാതെ മുന്നോട്ടു വരുന്നു. വിമൻസ് സെല്ലിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ആൺകുട്ടികളുണ്ട്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ എന്റെ മകൻ അവന്റെ കോളേജിലെ വിമൻസ് സെല്ലിന്റെ സജീവ പ്രവർത്തകനാണ്. അവൻ അവന്റെ ചേച്ചിയോടും സുഹൃത്തുക്കളോടും മെൻസ്‌ട്രുൽ കപ്പിനെക്കുറിച്ചും സാനിറ്ററി നാപ്കിനെക്കുറിച്ചും വികലമായ ചിരികളില്ലാതെ സംവദിക്കുമ്പോൾ അമ്മയായും അധ്യാപികയായും ഞാൻ ആഹ്ളാദിക്കുന്നു.

ജൻഡർ തീർക്കുന്ന വിഭാഗീയതകളെ പുതിയ തലമുറ മറികടക്കുന്ന വഴികൾ ഇങ്ങനെ പലതാണ്. യൂണിവേഴ്സിറ്റി കലോത്സവവേദികളിൽ രാത്രി പകലാക്കുമ്പോൾ ആൺ പെൺ വ്യത്യാസങ്ങളില്ലാതെ ഒഴുകി നീങ്ങുന്ന യുവത്വം സംഘാടകരായും പങ്കെടുക്കുന്നവരായും അതിരുകളെ മായ്ച്ചു മുന്നേറുന്നു. കാൽ നൂറ്റാണ്ടു മുൻപ് ജോലി തുടങ്ങിയ കാലത്തു നിന്നും ഇന്ന് ക്യാമ്പസ്സിനെ നോക്കി കാണുമ്പോൾ ഈ മാറ്റങ്ങൾ അനുഭവിക്കുന്നുണ്ട്. ആസ്വദിക്കുന്നുമുണ്ട്. കോവിഡാനന്തര കാലത്തെ ക്യാമ്പസ്സിന്റെ വേഷങ്ങളിലുമുണ്ട് വൈവിദ്ധ്യം. ചുരിദാർ എന്ന വേഷത്തിനു കൗമാരക്കാർക്കിടയിൽ ഇപ്പോൾ മാർക്കറ്റില്ല. അവർക്ക് പ്രിയം പാന്റ്സോ ജീൻസോ തന്നെയാണ്. ശരികേടിന്റെ രാഷ്ട്രീയം ഉള്ള ജൻഡർ തമാശകൾക്ക്‌ മുതിർന്നവരിലുള്ളത്രയും വിപണി ക്യാമ്പസ്‌കളിലില്ല.

പക്ഷേ ഇതിനിടയിലും ആൺകോയ്മ വാദികൾ വിതച്ചും കൊയ്തും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും കാണാം. അത് സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന കൂട്ടായ്മകളായും മുൻവിധികളുടെ സാമാന്യവൽക്കരണമായും പല വേഷങ്ങളിൽ ദൃശ്യമാവുന്നുണ്ട്. സൈബർ ഇടങ്ങളിൽ ബോഡി ഷെയ്മിങ് നടത്തുന്നവരിൽ ഇക്കൂട്ടരും പെടും. അടക്കവും ഒതുക്കവും അരുതുകളും നിർവചിക്കുന്നവരുമുണ്ട്.

എന്നിരുന്നാലും ഇരുചക്രവാഹനങ്ങളിൽ സുഹൃത്തുക്കളെ പിന്നിലിരുത്തി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുന്ന, വളരെ കാര്യക്ഷമമായി പരിപാടികൾ സംഘടിപ്പിക്കുന്ന, അപരിചിതമായ രാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനു പുറപ്പെടുന്ന, ക്യാമറകൾക്ക് പിന്നിൽ നിന്ന് പെൺനോട്ടം നോക്കുന്ന, എഴുത്തിന്റെ ലിംഗത്തെ മറുവായനക്ക് വിധേയമാക്കുന്ന, അടുക്കളകളിൽ സമദൂരം നടപ്പിലാക്കുന്ന, യാത്രകൾക്ക് ഒറ്റക്കോ, കൂട്ടായോ പുറപ്പെടുന്ന, ഇമേജുകളുടെ കണ്ണാടിക്കൂടിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന, അരുതെന്ന്/ഇല്ലഎന്ന് പറയാൻ തോന്നുമ്പോൾ അങ്ങനെ തന്നെ പറയാൻ സാധിക്കുന്ന പെണ്ണുങ്ങളെ കാണുന്നത് കൊണ്ട് ഞാൻ പ്രതീക്ഷയോടെ മുന്നോട്ടു പോകുന്നു. പുതിയ തലമുറ പുതിയൊരു ലോകം സൃഷ്ടിക്കുമെന്ന് ഉറപ്പോടെ. അതു കൊണ്ട് എന്റെ ഉള്ളിലെ ഫെമിനിസ്സ് സ്വപ്നങ്ങൾ ഉറക്കെ വിളിച്ചുപറയുന്നു. വിവേചനങ്ങളെ നിരാകരിക്കൂ. Lets break the bias.

International Women's Day 2022: വനിതാ ദിന ലേഖനങ്ങള്‍ വായിക്കാം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: