scorecardresearch
Latest News

മഹാമാരിക്കാലത്തെ സ്ത്രീജീവിതങ്ങള്‍

വിവേചനങ്ങളുടെയും മുൻവിധികളുടെയും പട്ടികയിലെ എണ്ണം പെരുകിയ കോവിഡ് കാലത്താണ് ബ്രേക്ക് ദ് ബയസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത്. മഹാമാരിക്കാലത്തെ ആണധികാര കേരളം എങ്ങനെയാണ് സ്ത്രീകളോട് ഇടപെട്ടത്. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷക വിദ്യാർത്ഥിനിയായ ജി എസ് ദിവ്യ എഴുതുന്നു

മഹാമാരിക്കാലത്തെ സ്ത്രീജീവിതങ്ങള്‍

International Women’s Day 2022: ഏതൊരു പ്രതിസന്ധിയും ഓരോ മനുഷ്യരെയും ബാധിക്കുന്നത് പലവിധത്തിലാണ്. അതിജീവനത്തിന്റെ പാതയും വ്യത്യസ്തങ്ങളാകും. മഹാമാരിയാകട്ടെ, പ്രകൃതിദുരന്തമാകട്ടെ, യുദ്ധമാകട്ടെ, ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളും ട്രാൻസ് വ്യക്തികളുമാണ്. അതില്‍ തന്നെയും ജാതി, ഡിസബിലിറ്റി, വര്‍ഗനില തുടങ്ങിയ ഘടകങ്ങൾ ആഘാതത്തിന്റെ തീവ്രതയിൽ പ്രതിഫലിക്കാറുണ്ട്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന്, ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് രണ്ട് വര്‍ഷങ്ങളാണ് കടന്ന് പോയത്. ആരോഗ്യ അടിയന്തരാവസ്ഥയായി തുടങ്ങിയതെങ്കിലും സാമ്പത്തികം, തൊഴില്‍, സാമൂഹികബന്ധങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കാണാന്‍ കഴിയും.

ചരിത്രപരമായി തന്നെ പുരുഷാധിപത്യ സ്വഭാവമുള്ള, ഘടനപരമായ അസമത്വം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ കോവിഡ് മഹാമാരി ആനുപാതികമല്ലാത്ത വിധം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥ ദുസ്സഹമാക്കുകയാണുണ്ടായത്. കോവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കാന്‍ ലോക്ക്‍ഡൗണ്‍ എന്ന പരിഹാരമാര്‍ഗം ലോകമെമ്പാടും നടപ്പിലാക്കുകയുണ്ടായി. ഇന്ത്യയിലാണെങ്കിൽ പൊടുന്നനെ ഒരു രാത്രി രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തുകയാണ് പ്രധാനമന്ത്രി ചെയ്തത്. വീടിനകത്തേക്ക് ലോകം ചുരുങ്ങുന്ന, ചലനാത്മകത നഷ്ടപ്പെട്ട, ഉപജീവനമാര്‍ഗങ്ങള്‍ നിലച്ച കാലം. ഇന്ത്യയൊട്ടാകെ പല വിധ് പ്രത്യാഘാതങ്ങൾ നേരിട്ടു. ഇന്ത്യയിലെ വൻനഗരങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് അഭയാർത്ഥികളെ പോലെ പോകേണ്ടി വന്ന കുടിയേറ്റത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നിസ്സഹായമായ ചിത്രം.

രാജ്യമൊട്ടാകെ അനിശ്ചിതത്വം നിറഞ്ഞു നിന്നു, കേരളത്തിലെ ജീവിതങ്ങള്‍ കിറ്റിലേക്ക് ചുരുക്കപ്പെട്ട കാലം. ഈ പറഞ്ഞ പ്രത്യാഘാതങ്ങള്‍ ലിംഗഭേദപരമാണ് എന്ന് വാദിക്കുന്നതിനോടൊപ്പം എങ്ങനെ തൊഴില്‍, ചലനാത്മകത, കുടുംബ ഉത്തരവാദിത്തം, ഗാര്‍ഹിക പീഡനം, തുടങ്ങിയ വിഷയങ്ങളില്‍ ലിംഗഭേദപരമായി, വ്യത്യസ്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നുകൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ ലേഖനം.

വീട്ടിലിരിക്കു, സുരക്ഷിതരായിരിക്കൂ?

പൊതുവ്യവഹാരത്തില്‍, വീട് എന്നത് സുരക്ഷിതത്ത്വവുമായി കൂട്ടികെട്ടിയാണ് പലപ്പോഴും ആടയാളപ്പെടുത്താറുള്ളത്. സ്ത്രീകള്‍ക്കും മറ്റ് ലിംഗ ലൈംഗിക ന്യൂന പക്ഷങ്ങളും വീടിനകത്ത്/കുടുംബങ്ങള്‍ക്കകത്ത് നേരിടുന്ന ആക്രമങ്ങളെയും പീഡനങ്ങളെയും കേവലം കണക്കുകളായി ചുരുക്കി വീട് സമം സുരക്ഷിതത്വം എന്ന സമവാക്യം മാറ്റമില്ലാതെ നമ്മുടെ സമൂഹം ഇന്നും കൊണ്ട്പോരുന്നു. മഹാമാരിക്കാലത്ത് ലോക്ക്‍ഡൗണ്‍ നിയമങ്ങള്‍ പാലിക്കപ്പെടാനും സാമൂഹിക അകലം പാലിക്കാനും, ഒറ്റപ്പെട്ടിരിക്കാനും പ്രേരിപ്പിക്കുന്ന വീട്ടിലിരിക്കുക, സുരക്ഷിതരായി ഇരിക്കുക എന്ന മുദ്രാവാക്യം സ്ത്രീകള്‍ക്കും മറ്റ് ലിംഗ ലൈംഗിക ന്യൂന പക്ഷങ്ങൾക്കും വ്യതസ്തമായിരിക്കും എന്നും തങ്ങളുടെ പീഡകരുടെ കൂടെ മുഴുവന്‍ സമയവും ഒരു കൂരക്കീഴില്‍ കഴിയേണ്ടിവരുന്നത്തിന്റെ പരിണിത ഫലങ്ങള്‍ എങ്ങനെയായിരിക്കും എന്നും ഭരണകൂടസംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് പോലും മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി. ഈ വ്യവഹാരത്തിൽ ഭരണകൂടം എന്നത് തന്നെ പീഡകപക്ഷത്ത് നിന്നുകൊണ്ട് ഇതേ ആശയം വീണ്ടും വീണ്ടും ഉല്‍പാദിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്.

കോവിഡിന് മുമ്പുള്ള, 2019 ലെ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 30.9 ശതമാനവും വീടകങ്ങളില്‍ തന്നെ നടക്കുന്നവയാണ്. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വലിയ തോതില്‍ വീടകങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നതാണ്. 2015-16 നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ കണക്കുകള്‍ പ്രകാരം 33 ശതമാനം വിവാഹിതരായ സ്ത്രീകള്‍ കുടുംബങ്ങള്‍ക്കുള്ളില്‍ നിന്നും പലവിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഓക്സ്ഫാം റിപ്പോര്‍ട്ട് പ്രകാരം മഹാമാരിക്കാലത്ത് ഇന്ത്യയിൽ ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും ലോക്ക് ഡൗണിന്റെ ആദ്യ മാസങ്ങളില്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് ദേശീയ വനിതാ കമ്മീഷന്റെ ഡാറ്റ അവലംബിച്ച് അവരുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ലോക്ക്ഡൗണില്‍ അയവു വന്നതോടെ പരാതികളുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ കുടുംബസംവിധങ്ങളില്‍ അതിക്രമവും പീഡനങ്ങളും പുതിയൊരു പ്രതിഭാസം അല്ലെങ്കിലും മഹാമാരിക്കാലത്ത് ഇടുങ്ങിയ വീടകങ്ങള്‍, സാമൂഹിക ഒറ്റപ്പെടല്‍ , സാമ്പത്തിക അനിശ്ചിതാവസ്ഥ, നിയന്ത്രിത ചലനം, അതുവരെ പാലിച്ച് പോന്നിരുന്ന ജീവിതക്രമത്തിലും ബന്ധങ്ങളിലും വരുന്ന മാറ്റം, അധികാരബന്ധങ്ങളില്‍ ഉള്ള ഉച്ചനീചത്വങ്ങള്‍ എന്നിവ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങൾക്ക് ആക്കം കൂട്ടുകയും കൂടുതല്‍ പ്രത്യക്ഷമാക്കുകയും ചെയ്തു.

വീടകങ്ങളിലെ അമിതഭാരം ആര് ചുമക്കും?

മഹാമാരിക്ക് മുമ്പുതന്നെ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മൂന്നിരട്ടി വേതന രഹിത ജോലികൾ (വീട്ട്ജോലിയും പരിചരണ ജോലിയും ഉൾപ്പടെ) ചെയ്തു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാമാരിയുടെ വരവോടു കൂടി, കുടുംബാംഗങ്ങള്‍ എല്ലാവരും വീടിനുള്ളിലായതോടു കൂടിയും, സ്കൂളുകള്‍ അടച്ചുപൂട്ടലും കാരണവും വര്‍ദ്ധിച്ച ഗാര്‍ഹിക ജോലി, മുതിര്‍ന്നവരുടെയും കുട്ടികളുടെയും പരിചരണ ചുമതലകള്‍, വീട്ടിലെ രോഗികളുടെ ശുശ്രൂഷ, കുടുംബത്തിന്റെ അടിസ്ഥാന അതിജീവന ആവശ്യങ്ങള്‍ തുടങ്ങിയവ വീട്ടിലെ സ്ത്രീകളില്‍ നിക്ഷിപ്തമാകുന്ന സ്ഥിതിവിശേഷണാണ് സംജാതമായത്. ഇത് കൂടാതെ വേതനം പറ്റുന്ന ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയതിനു ശേഷം തങ്ങളുടെ ഉദ്യോഗം കൂടി ചെയ്യേണ്ടിവരുന്ന അവസ്ഥ. ജോലിക്ക് പോയാലും വീട്ടിലെ കാര്യങ്ങള്‍, കുട്ടികളുടെ പരിചരണം തുടങ്ങിയവ ഒരു പരാതിയും കൂടാതെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സൂപ്പര്‍ വുമണ്‍ പരിവേഷം കൊടുക്കുകയും, അതാകണം യഥാര്‍ത്ഥ സ്ത്രീ എന്ന് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് വഴി സ്ത്രീയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന രീതി കൂടുതൽ വിപുലവും വ്യാപകവുമാക്കി ഈ കാലം.

തൊഴില്‍ സുരക്ഷ

വീടകങ്ങളിലെ അദൃശ്യവൽക്കരിക്കപ്പെട്ട അധ്വാനത്തിന് പുറമെ, മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്നതിലും ലിംഗഭേദപരമായ ബന്ധം കാണാന്‍ കഴിയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ മഹാമാരിക്കാലത്ത് പുരുഷന്മാരുടേതിനേക്കാൾ 1.8 മടങ്ങ് കൂടുതൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകൾക്കാണെന്നാണ് McKinsey റിപ്പോര്‍ട്ട് കണക്കാക്കിയത്. കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 54 ശതമാനവും സ്ത്രീകളാണ്. മഹാമാരിയുടെ വരവോടുകൂടി അനുപതികമല്ലാത്തവിധം വീടകങ്ങളിലെ വേതനമില്ലാത്ത പരിചരണ ഭാരവും ഉത്തരവാദിത്തങ്ങളും വർദ്ധിച്ചതും സ്ത്രീകളുടെ തൊഴില്‍ നഷ്ടമാക്കുന്നതിന് കാരണമായിട്ടുണ്ട്. മാത്രവുമല്ല, മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രിത ചലനാത്മകതയും, പൊതു ഗതാഗത സൗകര്യങ്ങളുടെ ഗണ്യമായ കുറവും തൊഴില്‍ നഷ്ടത്തിലേക്ക് സ്ത്രീകളെ നയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത്, അസംഘടിത സ്ത്രീ തൊഴിലാളികളോടുണ്ടായിരുന്ന നമ്മുടെ ഭരണസംവിധാനങ്ങളുടെ സമീപനവും നിശിതമായി വിമർശന ബുദ്ധ്യാ പരിശോധിക്കപ്പെടേണ്ട ഒന്നാണ്. ഭരണകൂട സമീപനത്തിലെ ഉദാഹരണമായി പരിശോധിക്കാവുന്ന ഒന്ന് അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നിട്ടും കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ചെറുകിട മത്സ്യത്തൊഴിലാളി സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളാണ്. അവർ വിപണന മേഖലകളിൽ നിന്നും പലപ്പോഴും ആട്ടിപ്പായിപ്പെട്ടു. അതേ സമയം വന്‍കിട ഹോം ഡെലിവറി വില്‍പ്പനകള്‍ ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെ തന്നെ നടത്തപ്പെടുകയും ചെയ്യുന്ന രീതികള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു. പൊതുഗതാഗതം ഇല്ലാതിരുന്നതുകൊണ്ട് തന്നെ കിലോമീറ്ററുകളോളം മീന്‍ കുട്ടകള്‍ ചുമന്ന് നടന്ന് അടുത്തുള്ള മാര്‍ക്കറ്റില്‍ എത്തുമ്പോഴുള്ള അവസ്ഥയ്ക്ക് പുറമെയാണ് പൊലീസ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഉൾപ്പടെയുള്ള ഭരണകൂട സംവിധാനങ്ങൾ ഈ സ്ത്രീകൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വീട് വീടാന്തരം കയറി വില്‍ക്കാന്‍ കഴിയാതെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഈ അതിക്രമങ്ങൾ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ഇങ്ങനെ പലവിധത്തില്‍ ഉപജീവനം അപകടത്തിലായവരില്‍ ലിംഗം, ജാതി, തൊഴില്‍ തുടങ്ങിയ അധികാര ഘടനകള്‍ മുറിച്ച് കടക്കുന്നതായി കാണാന്‍ സാധിക്കും.

ചലനാത്മകതയും സാമൂഹികബന്ധങ്ങളും

ചരിത്രപരമായി തന്നെ, വീടകങ്ങളില്‍ തളച്ചിട്ടപ്പെട്ട സ്ത്രീകള്‍ പൊതുവിടങ്ങളിലേക്ക് വന്ന് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ജോലി, പഠനം, അല്ലെങ്കില്‍ വിനോദം എന്നിവയ്ക്കായി പൊതുവിടങ്ങളില്‍ പ്രവേശിക്കുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കുകളുണ്ടായിരുന്നു. ഇന്നും പലരൂപത്തില്‍ ആ വിലക്കുകള്‍ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുപോരുന്നു. കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഓഡിറ്റിന് വിധേയമായാണ് ഒരോ സ്ത്രീയുടെ പൊതുവിടത്തിലെ ജീവിതം നമ്മുടെ സമൂഹം കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍, കേരളത്തിലെ മധ്യവര്‍ഗ സ്ത്രീകളുടെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നില്ല എന്നു മാത്രമല്ല, പൊതുവിടങ്ങളിലേക്ക് കടക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ സമയവും സ്ഥലവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയന്ത്രണങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്നും കാണാം ( ദേവിക , ബിനീത തമ്പി (2011). ഇന്നും ജോലിസ്ഥലവും വീടും തമ്മിലുള്ള അകലം സ്ത്രീകളുടെ തൊഴില്‍ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന ഘടകം ആയി പ്രവര്‍ത്തിക്കുന്നു (സെബാസ്റ്റ്യന്‍, 2008). ഇക്കാലത്തും സ്ത്രീകള്‍ക്ക് പുറത്തു പോകണം എങ്കില്‍ ജോലി , പഠനം അല്ലെങ്കില്‍ ആരാധനാലയം തുടങ്ങി എണ്ണപ്പെട്ട മതിയായ കാരണം വേണ്ടി വരുന്ന സാഹചര്യത്തില്‍ ജോലി എന്നത് പല സ്ത്രീകള്‍ക്കും ചലനാത്മകതയ്ക്കും സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും ഒരുപാധികൂടിയാണ്. മഹാമാരിക്കാലത്ത് സ്ത്രീകള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടമായത്കൊണ്ടും, വലിയ തോതില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ക്രമം നടപ്പിലായതുകൊണ്ടും ഏറെക്കാലം കൊണ്ട് നേടിയെടുത്ത പൊതുവിടങ്ങളിലെ പ്രവേശനവും സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാഹചര്യവും വന്‍തോതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇതോടൊപ്പം തന്നെ പൊതുഗതാഗതത്തില്‍ വന്ന ഗണ്യമായ കുറവും നിയന്ത്രണങ്ങളും വലിയതരത്തില്‍ മനുഷ്യരുടെ ചലനാത്മകതയെ ബാധിച്ചു എന്ന്‍ കാണാം. അതില്‍ തന്നെയും പൊതുഗതാഗതത്തെ കാര്യമായി ആശ്രയിച്ചിരിക്കുന്നത് സ്ത്രീകളായത് കാരണം സ്ത്രീകളുടെ ചലനാത്മകത തന്നെയാണ് ഇവിടെയും കാര്യമായി ബാധിക്കപ്പെട്ടത്. മാത്രവുമല്ല സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലും ഉപയോഗിക്കുന്നതിലും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഈ സാഹചര്യത്തെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് മറികടക്കാന്‍ ഗണ്യമായ തോതില്‍ കഴിഞ്ഞില്ല എന്ന് കാണാം. ഇതും വലിയ തോതില്‍ സ്ത്രീകളുടെ ഉപജീവന/അതിജീവന മാര്‍ഗങ്ങളെ പ്രതിരോധത്തിലാക്കി.

ചുരുക്കി പറഞ്ഞാൽ വിവേചനങ്ങളുടെയും മുൻവിധികളുടെയും ഒക്കെ പട്ടിക പെരുകിയ കോവിഡ് കാലത്താണ് ബ്രേക്ക് ദ് ബയസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്നതിലെ പ്രസക്തി ഏറുന്നത്. ഭാവിയിലെ പ്രതിസന്ധികളെ കാര്യക്ഷമമായി അതിജീവിക്കാന്‍ നിലനില്‍ക്കുന്ന വിവിധങ്ങളായ അധികാര ഘടനകളില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ടും നാനാവിധത്തില്‍ അരികു വല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍, പ്രാതിനിധ്യം, ഉള്‍പ്പെടു ത്തല്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടുകൾ ഉണ്ടാകേണ്ടതുണ്ട്. അതിനായി ദിനാചരണങ്ങളിലൊതുങ്ങാത്ത, ചിന്തകളും ചര്‍ച്ചകളും തീരുമാനങ്ങളും വിവേചനങ്ങളും മുൻവിധികളുമില്ലാതെ രൂപപ്പെടണ്ടേതുണ്ട്.

International Women’s Day 2022: വനിതാ ദിന ലേഖനങ്ങള്‍ വായിക്കാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Women life in the times of covid