Women’s Day 2022: അന്താരാഷ്ട്രവനിതാദിനം എന്ന് കേള്‍ക്കുമ്പോഴൊക്കെ ഉള്ളിലൊരു ചോദ്യമുയരും. എന്തിനാണ് ലോകമേ ഞങ്ങള്‍ വനിതകൾക്ക് രണ്ട് വട്ടങ്ങൾ (8) കൂട്ടിക്കെട്ടുന്ന ഒരു ദിനം നൽകി സ്ഥിരമായി വട്ടം ചുറ്റിക്കുന്നതെന്ന്?
ഫെബ്രുവരിയിൽ നിന്നു മാര്‍ച്ചിലേക്ക് കലണ്ടർ മറിയുമ്പോൾ തന്നെ അതിരു കവിഞ്ഞു സ്നേഹപ്രവാഹം തുടങ്ങും. എല്ലായിടവും പിങ്കും പര്‍പ്പിളും നിറയും. എന്തിന് പ്രകൃതി തന്നെ അതിന് വഴി കാട്ടും. ബെംഗളൂരുവില്‍ താമസിക്കുന്ന സമയത്ത് ഞങ്ങളുടെ റോഡിലെ തണല്‍ മരങ്ങള്‍ പോലും പര്‍പ്പിള്‍ പൂക്കള്‍ നിറയ്ക്കാന്‍ തുടങ്ങും.
ഇപ്പോള്‍ ജര്‍മനിയിലെ റയിന്‍ നദിയുടെ ഓരത്ത് ഞാന്‍ താമസിക്കുന്ന നഗരത്തിനെയും വസന്തത്തിന്റെ നിറങ്ങള്‍ക്ക് കൊടുത്ത് മനസില്ലാമനസ്സോടെ ശൈത്യം വിട പറഞ്ഞു പോകുകയാണ്. ജർമ്മനിയിൽ പ്രവാസിയായി രണ്ടാം വര്‍ഷമാണിത്. നിറങ്ങള്‍ക്കായുള്ള കാത്തിരിപ്പ് പതിയെ തീരുമ്പോഴും മാസങ്ങള്‍ കഴിയുമ്പോള്‍ ശൈത്യം വീണ്ടും ഇതിലും ശക്തിയായിതിരികെ എത്തുമല്ലോ എന്ന് ഇടയ്ക്കിടെ ഓര്‍ക്കും. മാര്‍ച്ച് എട്ട് കഴിഞ്ഞാല്‍ വനിതാ ശാക്തീകരണം അവസാനിക്കുന്നതു പോലെ.
ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വനിതകള്‍ക്കു ദിനമുണ്ടെന്നോ, ഈ ദുനിയാവില്‍ അസമത്വം ഉണ്ടെന്നോയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. തിക്താനുഭവങ്ങളെല്ലാം സ്വാഭാവികമായും ഞാൻ അനുഭവിക്കാനുള്ളതാണ് എന്ന് കരുതിയ നാളുകൾ. രാവിലെ എഴുന്നേറ്റു ജോലിക്ക് പായുന്നതിനു മുന്‍പ് അമ്മ ഉണ്ടാക്കിയ ദോശയും കഴിച്ചു, ചോറ്റുപാത്രത്തിലാക്കിയ ചോറും സാമ്പാറും ബാഗില്‍ നിറച്ചു ബസ് സ്റ്റാൻഡില്‍ കുറ്റിയാവണം.
ലൈന്‍ബസ്സിലെ ‘കിളി’ച്ചേട്ടന്റെ കലാശത്തിൽ തുടങ്ങി കാലു വയ്ക്കാന്‍ ഇടമില്ലാത്ത തിരക്കിലെ ഇക്കിളിചേട്ടന്മാരുടെ ശല്യവും സഹിച്ചു എങ്ങനെയെങ്കിലും പള്ളിക്കൂടം പൂകണം. അത് സഹിക്കാന്‍ പാകത്തില്‍ മഹാപാപം മുജ്ജന്മത്തില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍, അന്ന് ദൃഢമായി വിശ്വസിച്ചിരുന്നു.
പഠിച്ചു രക്ഷപ്പെടണം. ഈയൊരു ‘വിപ്ലവ’ചിന്ത മാത്രമേ ഓര്‍മ്മയില്‍ ഉള്ളു. (രക്ഷപ്പെടണം എന്നത് ദൈവമേ രക്ഷിക്കണേ എന്ന് പരീക്ഷയ്ക്ക് മുന്‍പ് പ്രാര്‍ഥിക്കുന്ന ലാഘവത്തോടെ വായിക്കണം). രക്ഷപ്പെടാന്‍ എത്ര ബുദ്ധിമുട്ടണം എന്നതിന്റെ ഒരു ലഖുലേഖയും അന്ന് സങ്കല്‍പ്പത്തിലെ സ്വപ്നത്തില്‍ പോലും ഇല്ല. സമത്വവും സ്വാതന്ത്ര്യവും അവകാശവും ഒക്കെ നെല്‍സണ്‍ മണ്ടേലയുടെ മാത്രം പ്രശ്നമാണ് എന്നതാണ് അന്നത്തെ എന്റെ ഐക്യു.

അങ്ങനെ പഠിച്ചു പഠിച്ചു ഐടി നഗരിയിലെ പ്രമുഖ ബഹുരാഷ്ട്രകമ്പനിയിൽ ജോലി കിട്ടിയ സന്തോഷത്തിൽ കഴിയുന്നതിനിടെയാണ് ഒരു മാര്‍ച്ച് എട്ടു വരുന്നത്. രണ്ടായിരത്തിന്റെ ആദ്യ പകുതിയാണ്. ഓഫീസ് റിസപ്ഷനിലെ സെക്യൂരിറ്റി ചേട്ടന്‍ ഞങ്ങള്‍ വനിതകള്‍ക്കൊക്കെ ഓരോ റോസാ പുഷ്പം തന്നു.
അതെന്താ ഞങ്ങള്‍ക്ക് ദിനമൊന്നും വേണ്ടേ എന്ന് മുറുമുറുത്തവന്മാരോട് ബാക്കി മുന്നൂറ്ററുപത്തിനാലും പോരല്ലേ എന്ന് തിരിച്ചു ചോദിക്കാനുള്ള വകതിരിവൊന്നും അന്നില്ല. എന്തോ മഹാപരാധം ചെയ്യുന്ന മാതിരി പമ്മി ഇരിപ്പിടം പൂകിയപ്പോള്‍ അവിടെയതാ ഒരു മിട്ടായി പൊതി. ഹാപ്പി വിമന്‍സ് ഡേ!
പിന്നെ കുറെ വിമന്‍സ് ഡേ ആഘോഷങ്ങള്‍. ഇതാണ് ആദ്യത്തെ തിരിച്ചറിവ്. അത് വളരാന്‍ തുടങ്ങി. തലമുടിയുടെ നിറം മാറുന്നതിലും വേഗത്തില്‍. അനുഭവങ്ങളുടെ വെളിച്ചത്തില്‍, വായനയിലൂടെ, സമ്പര്‍ക്കങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ, സംവാദങ്ങളിലൂടെ അങ്ങനെ പല വഴി.
സങ്കീർണ്ണമായ സംഘർഷങ്ങളുടെ ഭൂമികയിലൂടെയാണ് ഓരോ സ്ത്രീയും ഓരോ നിമിഷവും മുന്നോട്ട് പോകുന്നത്. ഇതിലൂടെ കടന്നു പോകുന്നവർ പോലും സങ്കീർണ്ണമായ ഈ അവസ്ഥയെ മിക്കപ്പോഴും തിരിച്ചറിയുന്നില്ല, എന്ന് മാത്രമല്ല, തങ്ങൾ ഇത് അനുഭവിക്കേണ്ടവരാണ് എന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കുയും ചെയ്യുന്നു. ഇപ്പറഞ്ഞത് എന്റെ സാക്ഷ്യം മാത്രമല്ല, ഓരോ സ്ത്രീയുടെയും ജീവിത യാഥാർത്ഥ്യമാണ്.
രാജ്യങ്ങളുടെ അതിർത്തികളോ ഭൂമിശാസ്ത്രപരമായ അക്ഷാംശങ്ങളോ രേഖാംശങ്ങളോ അധികാരത്തിന്റെയോ നിറത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ശ്രേണീഘടനയോ ഒരു സ്ത്രീയെയും ഈ സാഹചര്യത്തിൽ നിന്നും മാറ്റിനിർത്തുന്നില്ല എന്നത് വസ്തുതയാണ്.
മുജ്ജന്മ പാപം കൊണ്ടല്ല, അനവധി ദൈനംദിന സാഹചര്യങ്ങളില്‍ വ്യാഖ്യാനിക്കാനാവാത്ത ഒരു അസ്വസ്ഥത വന്നു മൂടുന്നത് എന്ന ബോധം. ഒരു വേദിയില്‍ അടിസ്ഥാന വസ്തുതകളെ സ്ഥാപിച്ചു കത്തിക്കയറുന്നതിനിടയിൽ പെട്ടെന്ന് ഒറ്റക്കായി പോയോ എന്നൊരു തോന്നൽ. പിന്നെ പതിയെ അത് എന്റെ മാത്രം സംഘര്‍ഷമല്ല എന്ന അറിവ്. ഞാന്‍ ഒരു സ്ത്രീയാണ്. കുത്തകാവകാശങ്ങള്‍ അധികം പതിച്ചു കിട്ടാത്ത പല വര്‍ഗങ്ങളില്‍ ഒന്നില്‍പ്പെട്ട ഒരു മനുഷ്യ വര്‍ഗം.
ബഹുസ്വരതയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ആണ് ഞാന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജോലി നോക്കുന്നത്. എന്നെ ഏറെ പഠിപ്പിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ വളര്‍ത്തുകയും ചെയ്ത സ്ഥാപനത്തിൽ സ്ത്രീ എന്ന നിലയില്‍ പിന്‍നിരയില്‍ ഇരിക്കേണ്ടി വന്ന ഒരു അനുഭവവും ഓര്‍ത്തെടുക്കാനില്ല. അതു പോലെ തന്നെ എപ്പോഴും കൂടെ നില്‍ക്കുന്ന കുടുംബത്തിന്റെ തണലും എനിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല, എന്നാൽ, പലപ്പോഴും മറ്റുള്ളവരുടെ മുന്‍വിധികളാണ് വിനയായി മാറുന്നത്. അത് ഒരുപക്ഷേ, ജീവിതകാലം മുഴുവൻ നമ്മളെ നിഴൽ പോലെ പിന്തുടരുകയും ചെയ്തേക്കാം.
മാനേജര്‍ ആയി ഉദ്യോഗക്കയറ്റം കിട്ടിയ എന്നോട്, ഏറെ ബഹുമാനിക്കുന്ന ഒരാള്‍, ഇത്തരം പദവികൾ വഹിക്കുന്നത് സ്ത്രീകള്‍ക്ക് ദുഷ്‌ക്കരമാണ് എന്ന സഹതാപം നിറഞ്ഞ ഉപദേശം തന്നു. സ്ത്രീകൾ വളരെ വൈകാരികമായി പെരുമാറുന്നവരാണ് എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത്. അതൊരു നല്ല ഉപദേശമായി കണ്ട്, ഞാൻ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു എന്നതാണ് അതിലും വലിയ ദുരന്തം.
ആ ഉപദേശം എന്റെ ആത്മവിശ്വാസത്തെ കുറച്ചൊന്നുമല്ല ചോര്‍ത്തിയത് എന്നെനിക്ക് തിരിച്ചറിയാന്‍ എഴെട്ട് വർഷം കഴിയേണ്ടി വന്നു. ഇന്നും ഏതെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സ്ത്രീ എന്ന നിലയില്‍ ഞാന്‍ പ്രത്യേക വികാരം പ്രകടിപ്പിച്ചോ എന്നൊരു സ്വയം ചോദ്യം ഉണ്ടാവാറുണ്ട്. പുറമെ, നിരുപദ്രവം എന്ന് തോന്നിച്ച ഒരു സൗജന്യ ആൺ ഉപദേശത്തിന്റെ ദീർഘകാല ഭവിഷ്യത്ത്.
ഈ പറഞ്ഞത് ഒറ്റപ്പെട്ട ഒരു അനുഭവം അല്ല. ഇതു പോലെയുള്ള അനേകം മുൻവിധികളെ അതിജീവിച്ചു വേണം ഓരോ സ്ത്രീയുടേയും ഒരു ശരാശരി ദിവസം കടന്നു പോകാന്‍. കേക്കില്‍ ഓരോ മെഴുകുതിരി കൂടുമ്പോഴും അതിനെ അതിജീവിക്കാന്‍ അവള്‍ കൂടുതല്‍ പ്രാപ്തി നേടും. പൊരുതാന്‍ കരുത്തേകാന്‍ അവള്‍ക്കു സ്വന്തമായ ഒരു ഗോത്രം തന്നെയുണ്ട്.
കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തില്‍ തന്നെ ഉണ്ടായ ഒരു സംഭവമുണ്ട്. കൊറോണക്കാലത്താണ് ഞാന്‍ ഇന്ത്യയില്‍ നിന്നും ജര്‍മനിയിലേക്ക് കൂടുമാറ്റം നടത്തിയത്. വിസാ കാരണങ്ങള്‍ മൂലം വിനീതും ഇഷാനും വരാന്‍ പിന്നെയും ആറേഴു മാസം എടുത്തു. അതായത്, താമസിക്കാന്‍ വീട് കണ്ടു പിടിച്ചു അതു മുഴുവന്‍ ഒറ്റയ്ക്ക് സജ്ജീകരിക്കേണ്ടി വന്നു.

ജര്‍മനിയില്‍ ചില രസകരമായ ആചാരങ്ങള്‍ ഉണ്ട്. ആളുകള്‍ പോകുമ്പോള്‍ അടുക്കളയും കൂടി അഴിച്ചെടുത്തു കൊണ്ടു പോകും. അതായത് വാടകവീട് എന്ന് പറഞ്ഞാല്‍ മൂന്ന് നാല് മുറികള്‍. കുറേ ചുവര്. ബാക്കിയെല്ലാം നമ്മള്‍ പണിതെടുക്കണം. കാറ്റും വെളിച്ചവും ഇവരുടെ പ്രധാന ചങ്ങായിമാരായതിനാല്‍ വീടു നിറയെ, മേല്‍ക്കൂര മുതല്‍ നിലം വരെ നീളുന്ന ചില്ലുജാലകങ്ങളായിരിക്കും. ആ ജനലുകൾക്ക് ചേരുന്ന തിരശ്ശീലയൊക്കെ ‘ഇക്കിയ’യില്‍ (Ikea) നിന്നും മേടിച്ചു ഒരു ഏണിയുടെ താഴെ പടിയില്‍ മേലോട്ടു നോക്കി നില്‍ക്കുകയാണ് ഞാന്‍. വലിയൊരു ഒഴിഞ്ഞ വീടും അഞ്ചടിയുള്ള ഞാനും.
പുറത്തു പൂജ്യം താപനില. കൂട്ടിനു കടുത്ത നിരാശ വരുത്തുന്ന കാര്‍മേഘങ്ങളും. സൂര്യ ഭഗവാന്‍ നാലുമണിക്ക് മുന്നേ ഡ്യൂട്ടി തീര്‍ത്തു പോയി. പെട്ടെന്ന്, ഇനി ഒട്ടും മുന്നോട്ട് പോവാനാവില്ല എന്ന് തോന്നാന്‍ തുടങ്ങി. ലോകത്ത് ഞാന്‍ ഒറ്റയ്ക്കായ പോലെ. യാതൊരു കാര്യവുമില്ലാതെ മുന്‍പു വായിച്ച ഒന്ന് ഓര്‍മ്മയില്‍ വന്നു. സീനിയര്‍ തസ്തികയിൽ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണൽ അഭിമുഖത്തില്‍ പറഞ്ഞ ഒരു കഥ.
ഒരു ക്രിസ്മസ് സമയത്താണ് അവര്‍ വിവാഹ മോചനത്തിലൂടെ കടന്നു പോകുന്നത്. അവരുടെ ആറു വയസ്സുള്ള മകള്‍ ആ വര്‍ഷം വീടിന്റെ മേല്‍ ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാന്‍ പറ്റില്ലല്ലോ എന്ന് സങ്കടപ്പെടുന്നു. ജയവും പരാജയവും നമ്മുടെ ഉള്ളിലാണ് എന്ന് വിശ്വസിക്കുന്ന തനിക്ക് മുന്നിൽ, ഉയരത്തില്‍ ഒരു ദീപം ഇടാന്‍ അച്ഛനു മാത്രമേ പറ്റൂ എന്ന മകളുടെ ധാരണ ആ അമ്മയെ വല്ലാതെ അസ്വസ്ഥയാക്കി.
മകളുടെ ആ തെറ്റിദ്ധാരണ തിരുത്തണം എന്ന ഉറച്ച വിശ്വാസം നൽകിയ ധൈര്യത്തില്‍ ഉയരം പേടിയുള്ള അവര്‍ ഉയരത്തിലെല്ലായിടത്തും കയറി വീടു മുഴുവന്‍ അലങ്കരിച്ചു. എന്നോ വായിച്ചു മറന്ന ഒന്ന്. അത് എവിടെയോ കൊളുത്തി കിടന്നിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ഞാന്‍ ഏണിയുടെ മേലേ പടിയില്‍ നിന്ന് കൈ എത്തി കർട്ടനിൽ കൊളുത്ത് ഇടുകയായിരുന്നു. എന്റെ അദൃശ്യഗോത്രം ഏണി മറിയാതെ നോക്കുന്നുണ്ടായിരുന്നു. തോല്‍ക്കാന്‍ സമ്മതിക്കില്ല എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ഈ ഗോത്രവര്‍ഗ്ഗത്തിന് ദേശീയവും അന്താരാഷ്ട്രവും ജാതിയും മതവും വർഗവും ഒന്നുമില്ല എന്ന് മനസ്സിലായത് ‘പ്രചോദന’വും ‘പോസിറ്റിവിറ്റി’യും കിട്ടാന്‍ ആത്മകഥകള്‍ തപ്പിപ്പിടിക്കാന്‍ തുടങ്ങിയപ്പോഴാണ്.
ഇടത്തരം ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഓരോ പടിയും ആയാസപ്പെട്ട് കയറി പന്ത്രണ്ടു വര്‍ഷത്തോളം പെപ്സികോയുടെ അമരത്ത് ഇരുന്ന ഇന്ദ്രാ നൂയി ഒട്ടുമിക്ക കോര്‍പ്പറേറ്റ് വനിതകള്‍ക്കും പ്രചോദനവും വിസ്മയവും ആണ്. നൂയിയുടെ ‘മൈ ലൈഫ് ഇന്‍ ഫുള്‍’ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. അവരുടെ ജീവിതത്തിന്റെ പ്രധാന നാഴികക്കല്ലുകളെല്ലാം അതില്‍ അനുക്രമത്തില്‍ വിവരിച്ചിട്ടുണ്ട്. താളുകള്‍ മറിക്കുമ്പോള്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും ചിലത് തെളിഞ്ഞു തന്നെ നിന്നു.
വിജയത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴും അനുയോജ്യയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്ന വ്യവസ്ഥ. പ്രസവാവധി പോലും കുറ്റബോധമില്ലാതെ എടുക്കാനാവാത്ത സ്ത്രീയുടെ ബദ്ധപ്പാട്. വീട്ടില്‍ കയറുമ്പോള്‍ കിരീടം അഴിച്ചു വെക്കണം എന്ന അനുമാനം. ഗോള്‍ഫ് ക്ലബില്‍ സ്ത്രീകള്‍ക്ക് അംഗത്വം കൊടുക്കാത്ത രീതിയെക്കുറിച്ച് ഒരു അനുഭവം രേഖപ്പെടുത്തുന്നുണ്ട് നൂയി.
കൗതുകം തോന്നി ഗൂഗിളിനോട് ചോദിച്ചു നോക്കി. രണ്ടായിരത്തി ഇരുപത്തൊന്നിന്റെ പകുതിയില്‍ കൂടി സ്ത്രീകൾക്ക് അംഗത്വം നൽകാത്ത ക്ലബ്ബുകള്‍, വികസിത രാജ്യങ്ങളില്‍ കൂടിയുണ്ട് എന്ന് ഉത്തരം കിട്ടി. പലപ്പോഴും ബിസിനസ് ഇടപാടുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ഇത്തരം ഇടങ്ങളിലാണ്. അവിടെ സ്ത്രീക്ക് അംഗത്വം പോലും നിഷിദ്ധമാണ് എന്ന് പറയുമ്പോള്‍ തന്റേതായ ഒരു മുദ്ര പതിപ്പിക്കാനുള്ള സ്ത്രീകളുടെ സമരത്തിന്റെ ഏകദേശരൂപം കിട്ടുന്നില്ലേ?

ഏറെ നാളായി വായിക്കാന്‍ മാറ്റി വച്ചിരുന്ന ഒന്നായിരുന്നു മിഷേല്‍ ഒബാമയുടെ ‘ബികമിങ്.’ എളിയ നിലയിൽ നിന്നും വളര്‍ന്ന് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള പദവിയില്‍ എത്തിയ കഥ അതീവ ഹൃദ്യമായി മിഷേൽ വിവരിക്കുന്നുണ്ട്. പ്രിന്‍സ്റ്റണിലും ഹാര്‍വാര്‍ഡിലും കറുത്ത സ്ത്രീയായതു കൊണ്ടുണ്ടായ പലതും പറയുന്നുണ്ടെങ്കിലും ഒബാമയുടെ ഇലക്ഷന്‍ പ്രചാരണത്തിന്റെ ഇടയിലെ ഒരു അനുഭവം എന്റെ ഉള്ളില്‍ തറച്ചു.
വളരെ ആവേശത്തില്‍ മിഷേല്‍ ഒബാമ നടത്തുന്ന ഒരു പ്രസംഗത്തിലെ ഏതാനും നിരുപദ്രവകരമായ വാക്കുകളെ, എതിര്‍കക്ഷികള്‍, സന്ദര്‍ഭത്തിൽ നിന്നും അടർത്തിമാറ്റി രാജ്യസ്നേഹമില്ലാത്ത അന്യവര്‍ഗക്കാരി എന്ന വലിയൊരു ദുഷ്പ്രചാരണം നടത്തിയത്. എന്തു കൊണ്ട് എന്ന് സങ്കടപ്പെടുന്ന അവര്‍ക്ക്, പ്രചാരണത്തിന് സഹായിക്കുന്ന ഒരു സുഹൃത്ത്, ആ പ്രസംഗത്തിന്റെ വീഡിയോ ശബ്ദമില്ലാതെ കാണിച്ചു കൊടുത്തുക്കൊണ്ട്, ശരീരഭാഷ ശ്രദ്ധിക്കാന്‍ പറയുന്നു. രോഷാകുലയായ ഒരു കറുത്ത വനിതയെയാണ് മിഷേല്‍ അപ്പോള്‍ കാണുന്നത്. സ്ത്രീ രോഷാകുലയാണ്. വികാരത്തിന്റെ കൂടാരമാണ്. കറുത്തതാണെങ്കില്‍ അപകടകാരിയും. ഹേയ് ഇതൊന്നും മുന്‍വിധിയേ അല്ല!
ലോകം ആദരവോടെ, അസൂയ പൂണ്ടു നോക്കിയ രണ്ട് വ്യക്തികളുടെ ആത്മകഥകളാണ് ഇപ്പറഞ്ഞത് രണ്ടും. തങ്ങള്‍ യോഗ്യരല്ല അല്ലെങ്കിൽ അനർഹരാണ് എന്ന് തോന്നിപ്പിച്ച വ്യവസ്ഥയെക്കുറിച്ച് ഇരുവരും എഴുതുന്നുണ്ട്. ഈ രണ്ട് അനുഭവ കഥകളിലും ഒന്നിലധികം ഘടകങ്ങൾ വായനക്കാർക്ക് കാണാൻ കഴിയും. ഏഷ്യന്‍ സ്ത്രീ. കറുത്ത വനിത. അസമത്വം അങ്ങനെയങ്ങനെ… അതൊരു സ്പെക്ട്രമാണ്.
ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയം മുന്‍വിധികളെ തകര്‍ക്കുക (Break the Bias) എന്നതാണ്. ഓരോ വര്‍ഷം കഴിയും തോറും ഈ ദിനത്തെ അസമത്വത്തിനോടു മൊത്തത്തില്‍ ചെക്ക് പറയാന്‍ ശക്തമായി ഉപയോഗിക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാഴ്ചയാണ്. കാരണം അസമത്വം സ്ത്രീയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ലിംഗം, ലൈംഗികത, നിറം, ജാതി അങ്ങനെ നീണ്ടു നീണ്ടു കിടക്കുന്നു ആ സ്പെക്ട്രം.
ഇതേക്കുറിച്ചു അവബോധമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമാണ്. കാരണം ഏതു പ്രശ്നപരിഹാരത്തിന്റെയും ആരംഭം ആ പ്രശ്നം ഉണ്ട് എന്ന തിരിച്ചറിവാണ്. അതു കൊണ്ട്, നമുക്ക് പറയാം, വഴിമാറ്, മുൻവിധികളേ!
International Women’s Day 2022: വനിതാ ദിന ലേഖനങ്ങള്‍ വായിക്കാം