scorecardresearch

അറിവും അനുഭവവും മാറ്റുരയ്ക്കുന്ന എസ് എസ് എൽ സി മൂല്യനിർണയ ക്യാമ്പുകൾ

എസ്.എസ്.എൽ.സി. മൂല്യനിർണയ ക്യാമ്പിൽ നിന്നുള്ള അനുഭവങ്ങൾ എഴുതുകയാണ് നെടുമങ്ങാട് ജി ജി എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയായ ശ്രീദേവി ഡി

എസ്.എസ്.എൽ.സി. മൂല്യനിർണയ ക്യാമ്പിൽ നിന്നുള്ള അനുഭവങ്ങൾ എഴുതുകയാണ് നെടുമങ്ങാട് ജി ജി എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയായ ശ്രീദേവി ഡി

author-image
Sreedevi D
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala SSLC 2023, SSLC 2023 Result, SSLC, valuation camp, Sreedevi D, experience, firsthand account

ഒരു തലമുറയുടെ ജീവതത്തിലെ നിർണായകഘട്ടമായിട്ടാണ് പണ്ട് കാലം മുതലേ പത്താംക്ലാസ് എന്ന എസ് എസ് എൽ സിയെ കാണുന്നത്. റാങ്കും  മാർക്കും ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും മോഡറേഷനുമൊക്കെ പഴങ്കഥയായി മാറി, പുതിയ കാലത്തിനനുസരിച്ച് കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമായ രീതിയിൽ പഠനവും പരീക്ഷയുമൊക്കെ  നിലവിൽ വന്നു. എങ്കിലും   പഴയകാലത്തെ പ്രതാപം ആ പരീക്ഷയ്ക്ക് ഇന്നും മാറാതെ നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എസ് എസ് എൽ സി പരീക്ഷയും മൂല്യനിർണയവുമൊക്കെ ഇന്നും വളരെ പ്രാധാന്യത്തോടെയാണ് സമൂഹം കാണുന്നതും.

Advertisment

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും വളരെയധികം പങ്കാളിത്തമുള്ള ഒന്നാണ് എസ് എസ് എൽ സി പരീക്ഷ. കുട്ടികൾ പഠിക്കുന്നതുപോലെ അധ്യാപകരും പല കാര്യങ്ങളും ഈ പരീക്ഷയുമായി ബന്ധപ്പെട്ട് പഠിച്ചെടുക്കാറുണ്ട്. പുതിയ സൗഹൃദങ്ങൾ മുതൽ ഭാഷാഭേദം വരെ ചെറുതെന്നോ നിസ്സാരമെന്നോ കരുതുന്ന പലതും ജീവിതത്തിൽ പുതിയ അറിവുകളായി കടന്നുവരാറുണ്ട് ഞങ്ങൾ അറിയാതെ തന്നെ. ഇത് പ്രധാനമായും സംഭവിക്കുന്നത് ഉത്തരക്കടലാസ് മൂല്യനിർണയവുമായി അഥവാ പേപ്പർ വാല്യുവേഷൻ എന്ന എസ് എസ് എൽ സി  പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയുമായി  ബന്ധപ്പെട്ടാണ്.

ഒരു കുട്ടി ഒന്നാം ക്ലാസിൽ ചേരുന്നതുപോലെയാണ് മൂല്യനിർണത്തിനായി എത്തുന്ന അധ്യാപകരുടെ ആദ്യ ദിനങ്ങൾ. പല പ്രദേശങ്ങളിലെ പല സ്കൂളുകളിൽ നിന്നായുള്ള അധ്യാപകരായിരിക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ എത്തുക.  ആ ക്യാമ്പിലെത്തുന്ന ആദ്യ ദിവസങ്ങളിൽ എല്ലാ അധ്യാപകരും അധികമടുക്കാതെ തങ്ങളുടെ ഉത്തരവാദിത്വം മാത്രം നിർവഹിക്കും. എന്നാൽ, അധികം വൈകാതെ തന്നെ രംഗം മാറി തുടങ്ങും.   മൂല്യനിർണയം നടത്തുന്നതിന് ഇടയ്ക്ക് രസകരമായ ഉത്തരങ്ങൾ ഉറക്കെ വായിച്ച് ആസ്വദിക്കും അവയിൽ ചിരി മാത്രമല്ല, കണ്ണീരും വേദനയും പകരുന്നവയും ലോകത്തെ തിരിച്ചറിയാൻ കഴിയുന്ന ചില വാക്ക് വെളിച്ചങ്ങളും  കാണാൻ കഴിയും. ചില ഉത്തരക്കടലാസുകളിൽ ജയിപ്പിക്കണമെന്ന് അർത്ഥനയും ചിലതിൽ കണ്ണീരിന്റെ ഉറവും കനവുകൾ പൂത്ത കാടും കവിത ഒഴുകുന്ന ഹൃദയവും കൈകൂപ്പി നിൽക്കുന്ന മൊഴികളും പതിരായ വയലിന്റെ വറുതിയും കാണാം. എന്നാൽ വേറെ ചിലതിൽ അക്ഷരത്തെറ്റ് വീണ് അർത്ഥങ്ങൾ നോവുന്ന അരക്ഷിത പാഠാന്തരങ്ങളും കാണാം. ഇവയെല്ലാം തൊട്ടു തലോടി മൂല്യം കുറിച്ച് മുന്നോട്ടു നീങ്ങുന്നു.

ഇങ്ങനെ നീണ്ട കുറെ കൊല്ലമായി മൂല്യനിർണയത്തിനായി വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഒത്തുചേരുന്ന ഞങ്ങൾക്ക് കിട്ടിയ അനുഭവങ്ങൾ കുറച്ചൊന്നുമല്ല. തിരുവനന്തപുരം, വയനാട് ,തൃശ്ശൂർ ,കോഴിക്കോട്  എന്നിങ്ങനെ പല ജില്ലകളിലെ ക്യാമ്പുകളിലും പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്. മലയാളഭാഷയ്ക്ക് ഓരോ ജില്ലയിലും പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ട്. ഉച്ചയ്ക്കുള്ള ഇടവേളകളിൽ ഞങ്ങൾ സൗഹൃദം പങ്കുവയ്ക്കുന്നതിനിടയ്ക്ക് തിരുവനന്തപുരംകാരെ “എന്തരടേ” എന്ന് പറഞ്ഞ് തൃശൂർകാരും തൃശ്ശൂർകാരെ “എന്തൂട്ടാ ക്ടാവേ..” എന്ന് പറഞ്ഞ് തിരുവനന്തപുരത്തുകാരും കളിയാക്കും. ഈ ആക്ഷേപഹാസ്യം പിന്നീട് കൂട്ട ചിരിയിൽ കലാശിക്കുന്നു. വയനാട് കണിയാമ്പറ്റ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെ ഓർമ്മകൾ വളരെ ഇന്നും മനസ്സിലുണ്ട്. ക്യാമ്പ് അവസാനിച്ച  ശേഷം  അധ്യാപകർ ടൂറിന് പോയി; ബാണാസുര അണക്കെട്ട്, മീൻമുട്ടി, ഇടക്കൽ ഗുഹ എന്നിവിടങ്ങളിൽ ആയിരുന്നു. ഈ അധ്യാപകർ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇന്നും സൗഹൃദം പങ്കിടുന്നു. വിവിധ പ്രായക്കാരായ വിവിധ ജില്ലക്കാരായ ഒരുകൂട്ടം ദേശാടനക്കിളികളുടെ ഇടവേളയിലുള്ള ഈ കളിചിരി തമാശകൾ സൗഹൃദങ്ങൾ എന്നിവ മനസ്സിൽ  തങ്ങിനിൽക്കുന്നവയാണ്.

Advertisment

ഇങ്ങനെ, കണ്ടും കേട്ടും, കൊണ്ടും കൊടുത്തുമൊക്കെ  ഒട്ടേറെ അനുഭവങ്ങൾ അറിവുകളായി മാറിയവയാണ് ഓരോ മൂല്യനിർണയ ക്യാമ്പും. കുട്ടികളുടെ പഠനത്തിലെ അറിവിനെ കുറിച്ച് മൂല്യനിർണയം നടത്തുന്നതിനൊപ്പം ആ പേപ്പറുകളിൽ നിന്നും സമൂഹത്തിലെ വിവിധ തലങ്ങളിലെ കുട്ടികളെ കുറിച്ചും സമൂഹത്തെ കുറിച്ചും അവ്യക്തമായതാണെങ്കിലും ഒരു രേഖാ ചിത്രം ഓരോ അധ്യാപരുടെയും ഉപബോധ മനസ്സിൽ പതിയുന്നുണ്ടാകും. മൂല്യ നിർണയം എന്ന ജോലി തീർത്ത് മാത്രമല്ല, ഇത്തരം പുതിയ  അറിവുകൾ കൂടി ഉള്ളിലേറ്റിയാണ്  ഓരോ ക്യാമ്പിൽ നിന്നും അധ്യാപകർ മടങ്ങുക.

ഇത്തവണത്തെ ക്യാമ്പ് ഏപ്രിൽ മൂന്ന് മുതൽ 26 വരെ മൂന്ന് ഘട്ടങ്ങളിലായാണ്  നടന്നത്.  വിവിധ സ്കൂളുകളിൽ നിന്ന് വന്ന അധ്യാപകരുടെ സംഗമവേദിയായിരുന്നു അതും. ഓരോ ദിവസവും രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം നാലര മണിക്ക് ക്യാമ്പ് പൂർത്തിയാവുകയും ചെയ്തു. ഇത്തവണത്തെ അനുഭവത്തെ കുറിച്ച് ചുരുക്കി പറഞ്ഞാൽ പ്രധാനമായും ശ്രദ്ധിച്ചത്  കുട്ടികളുടെ ഉത്തര പേപ്പറുകളിൽ സർഗാത്മക ആവിഷ്കാരങ്ങൾ കുറവായിരുന്നു. പാഠഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കി ഉത്തരം എഴുതിയിട്ടുണ്ടെന്ന് മലയാളത്തെ കുറിച്ച് പറഞ്ഞാൽ പ്രധാനമായിട്ടുള്ള വസ്തുത. . ഭാഷാപരവും വ്യാകരണപരവുമായ പിശകുകൾ എ പ്ലസ് ഗ്രേഡ് വാങ്ങിയ പേപ്പറുകളിൽ പോലും കാണാൻ കഴിഞ്ഞു. ഇംഗ്ലീഷും മലയാളവും ഇടകലർത്തി എഴുതിയ പേപ്പറുകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. പാഠഭാഗങ്ങളെ സമകാലിക ജീവിത സാഹചര്യങ്ങളുമായി വിലയിരുത്തി എഴുതുന്നതിൽ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അത് ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്.  ഒരു മാർക്കിനുള്ള ചോദ്യങ്ങൾക്ക് എല്ലാ കുട്ടികളും ഉചിതമായ ഉത്തരങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. രണ്ടു മാർക്കിനുള്ള വ്യാകരണപരമായ ഉത്തരങ്ങൾ എഴുതുന്നതിൽ 75% കുട്ടികളും വിജയിച്ചിട്ടുണ്ട്. പാഠഭാഗങ്ങൾ നന്നായി മനസ്സിലാക്കി വ്യത്യസ്തമായ സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിച്ച് എഴുതുന്നതിൽ കുട്ടികൾ മികവ് പുലർത്തി. ചോയിസുള്ള ചോദ്യങ്ങൾക്ക് എല്ലാ ഉത്തരങ്ങളും എഴുതുന്ന പ്രവണതയും ഉണ്ടായിരുന്നു. ശ്രീനാരായണഗുരുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളെ വേണ്ട വിധത്തിൽ പഠിച്ച് ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ആവിഷ്കരിക്കുന്നതിൽ കുട്ടികൾ വിജയിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളോട് ശക്തമായി പ്രതികരിക്കുന്ന രീതിയിൽ കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തിയതും കാണാൻ കഴിഞ്ഞു.


ക്യാമ്പ് അവസാനിച്ച് മടങ്ങുമ്പോൾ പുതിയ തലമുറയെ നമുക്ക് പ്രതീക്ഷയോടെ കാണാനാകുമെന്ന് തന്നെ ഉറപ്പു നൽകുന്ന ഒട്ടനവധി കാര്യങ്ങൾ കാണാൻ സാധിച്ചു. സമൂഹത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന അവയോട് സംവദിക്കാൻ സാധിക്കുന്ന തലമുറയുടെ അടയാളങ്ങൾ ഉത്തരക്കടലാസുകളിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന അനുഭവമായിരുന്നു ലഭിച്ചത്. അതിലുപരി നേരത്തെ പറഞ്ഞതുപോലെ സമൂഹത്തെ കുറിച്ചുള്ള പുതിയകാലത്തെ രേഖാചിത്രവും മനസ്സിലെവിടെയോ ആ ഉത്തരങ്ങൾ കോറിയിട്ടിട്ടുണ്ട്.

Kerala Sslc Result Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: