scorecardresearch

എസ് എസ് എൽ സി പരീക്ഷയിലെ ഈസും വാസും പിന്നെ അഡീഷണൽ ഷീറ്റും

പ്രായം, പഠനം ഈ രണ്ട് കാര്യത്തിലെയും വഴിത്തിരിവാണ് എസ് എസ്എൽസി കാലം. അക്കാലത്തെ അനുഭവത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് ചിത്രകാരനായ ലേഖകൻ

sslc, Memories, iemalayalam
ചിത്രീകരണം : വിഷ്ണുറാം

പത്താംക്ലാസിലേക്ക് പോകുന്നതിന്‍റെ തലേന്ന് ചേച്ചി പറഞ്ഞു: “പഴയ പോലെയല്ല, ഇനി ശ്രദ്ധിച്ചു പഠിക്കണം. പഠിച്ചാലേ എന്തെങ്കിലും ജോലി ഒക്കെ കിട്ടി സ്വസ്ഥമായി ജീവിക്കാന്‍ പറ്റൂ.അല്ലെങ്കില്‍ അറിയാല്ലോ”

അവള്‍ മുനിമാരെപ്പോലെ നിറുകയില്‍ മുടി ഒക്കെ കെട്ടി ഒരു പേപ്പര്‍ക്ലിപ്പില്‍ ഘടിപ്പിച്ചു സൂക്ഷിക്കുന്ന ‘ഇന്നത്തെ ചിന്താവിഷയം ‘ , ഗുരുജിയുടെ വാക്ക് പോലുള്ള പത്രത്തില്‍ വരുന്ന പംക്തികളുടെ ശേഖരം വായിക്കുവാന്‍ തുടങ്ങി.അത് കഴിഞ്ഞാല്‍ പ്രാര്‍ത്ഥന ഒക്കെയുണ്ട്. ഞാന്‍ തിരിഞ്ഞു കിടന്നു.

രണ്ടാമത്തെ ചേച്ചി കിടന്നുറങ്ങുന്നുണ്ട്‌.പാവം .അവള്‍ക്ക് സ്വന്തമായി അഭിപ്രായം ഒന്നുമില്ല.
സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങി എന്നറിഞ്ഞപ്പോള്‍ അമ്മ അവളെ അതില്‍ ചേര്‍ത്തു.അതുവരെ മലയാളം മീഡിയത്തില്‍ പഠിച്ചത് കൊണ്ട് പെട്ടെന്ന് അതുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല .
എങ്കിലും കഷ്ടപ്പെട്ട് ജയിച്ചു.ഇപ്പോള്‍ പ്ലസ് ടുവില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ കയ്യും കാലും ഇട്ടടിക്കുന്നു. അതില്‍ സീറ്റ് ഉള്ളത് കൊണ്ട് അതെടുത്തു. അതിനപ്പുറം പ്ലാനും പദ്ധതിയും ഒന്നുമില്ല. അന്ന് ഞാനും അങ്ങനെ തന്നെ.

ഗുരുജിയുടെ വാക്ക് കേട്ടത് കൊണ്ടാണോ അല്ലയോ എന്നറിയില്ല മൂത്തവള്‍ക്ക് വ്യക്തമായ ആഗ്രഹങ്ങളും പരിശ്രമങ്ങളും ഒക്കെയുണ്ട്.അവളങ്ങനെ പടിപടിയായി കേറിപ്പോയി. ബാക്കി ഉള്ളവരെ കുറിച്ച് പറയുകയാണെങ്കില്‍ വരുംപോലെ വരട്ടെന്നും പറഞ്ഞു പരിമിതികളില്‍ ഞങ്ങള്‍ ഒതുങ്ങി.

“ഒരു വീട്ടില്‍ ഒരേ സാഹചര്യത്തില്‍ വളര്‍ന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് നന്നായി പഠിക്കാന്‍ പറ്റുന്നില്ല?” ഈ താരതമ്യപഠനത്തിന് ‘എല്ലാവരെയും ഒരുപോലെ ‘ കാണുന്ന ലോകം ഞങ്ങളെ വിധേയമാക്കി.

പത്തിന്‍റെ മദ്ധ്യത്തില്‍ പനിപിടിച്ച പോലെ വിളറി നിന്ന എന്നെ നോക്കി കണക്ക് ടീച്ചര്‍ ചോദിച്ചു. “നിന്‍റെ ചേച്ചി ഫസ്ക്ലാസ് വാങ്ങിച്ചു..നീയൊരു കുപ്പിക്ലാസ് എങ്കിലും മേടിക്കുവോ?”
സഹോദരങ്ങളെ ഒരേ ടീച്ചര്‍മാര്‍ പഠിപ്പിച്ചാല്‍ ഉണ്ടാകുന്ന “ദുര്യോഗം”. പഠിപ്പികളോട് ടീച്ചര്‍മാര്‍ക്ക് വലിയ വാത്സല്യം ആയിരിക്കും.പോരാത്തതിന് സ്കൂളില്‍ വന്നു വന്നു അമ്മയും ടീച്ചറുമായി നല്ല പരിചയവും ഉണ്ട്. “ഇവനെ ഒന്ന് ശ്രദ്ധിക്കണേ ടീച്ചറെ” അമ്മ പരിചയം പുതുക്കും.പിന്നെയാണ് പെടാപ്പാട് ആരംഭിക്കുന്നത്.

sslc, Memories, iemalayalam

ബോര്‍ഡില്‍ ഒരു ചോദ്യം എഴുതി സമം വരച്ചു ടീച്ചര്‍ വിളിക്കും.
“വിഷ്ണു വാ”
സമം നീട്ടി വരക്കുമ്പോള്‍ ചോക്ക് കരയുന്നതിന്‍റെ ബാക്കി ഉള്ളില്‍ ഞാന്‍ കാറി വിളിക്കും.
“ഇങ്ങോട്ട് വരാന്‍”

ബോര്‍ഡിന് മുന്നില്‍ നില്‍ക്കുമ്പോള്‍ വെളുത്ത ചോക്ക് കൊണ്ടെഴുതിയത് കാണാതെ കണ്ണില്‍ ഇരുട്ട് കേറും.
അപ്പോള്‍ ചൂരല്‍ മെല്ലെ ഒന്ന്‍ പിറകില്‍ തൊടും.അടുത്ത കനത്ത പ്രഹരം വരുന്നു എന്ന മുന്നറിയിപ്പില്‍
പടം വരക്കും പോലെ നമ്മള്‍ തുടങ്ങും .തെറ്റി തുടങ്ങുമ്പോള്‍ പുറകില്‍ അടി പൊട്ടും. ചീത്ത പറയുക പോലെയുള്ള സന്ദര്‍ഭങ്ങളില്‍ അന്നും ഇന്നും ആദ്യം എടുത്താല്‍ പൊങ്ങാത്ത ഒരു സങ്കടം എന്നെ വന്നു മൂടും. എല്ലാവരുടെയും മുന്നില്‍ വെച്ച് അടിക്കുക.ഒരു കരച്ചില്‍ വന്നെന്‍റെ മൂക്ക് വിറപ്പിക്കും.

ഉത്തരംഎങ്ങാനും ശരിയായി വന്നാല്‍ ടീച്ചര്‍ പറയും. “കിട്ടാനുള്ളത് കിട്ടിയാല്‍ തോന്നാന്‍ ഉള്ളത് തോന്നും” അടുത്തത് എന്നെ വിളിക്കുമോ എന്ന്‍ പേടിയുള്ളവര്‍ ഒഴികെ ആ തമാശ കേട്ട് ചിരിക്കും.

നിന്‍റെ ഒച്ച മാറുന്നു, നിനക്ക് മീശ

എസ് എസ് എൽ സി ക്കാലത്ത് മറ്റേതൊരു കൗമാരക്കാനെയും പോലെ എനിക്കും മാറ്റം വന്നു. മൂക്കിന് താഴെ കുനുകുനെ ചെറു കുറുനിരകൾ വന്നു, സംസാരിക്കുമ്പോൾ ഒരു ബാസ് എനിക്ക് തന്നെ തോന്നി, എന്നാൽ വീട്ടിലെ ഇള്ളക്കുട്ടിയായി വളർന്ന എനിക്ക് ആ ആണാകാൽ ആഘോഷിക്കാൻ സാധിച്ചില്ല. കുട്ടിക്കാലത്തിന് അപ്പുറത്തുള്ള സൂപ്പർ ഹീറോ ആണത്തഘോഷങ്ങളെ എന്തുകൊണ്ടോ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ചക്ക കുഴഞ്ഞതുപോലെ ഞാൻ കുഴഞ്ഞുപോയ കാലമാണത്. എന്നിലെ ആത്മവിശ്വാസത്തെ പതുക്കെ പിന്നാക്കം വലിക്കാൻ തുടങ്ങി. ഇത് എന്‍റെ പഠനത്തെയും ബാധിച്ചു.

ഒരേ സമയം നമ്മെ വളര്‍ത്താനും തളര്‍ത്താനും ഉള്ള വഴികള്‍ സ്കൂളുകളില്‍ കാത്തിരിപ്പുണ്ട്‌. പഠിത്തത്തിൽ ഞാന്‍ പരിഹസിക്കപ്പെടുകയും വരയുടെ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.

ചെമ്പരത്തിയുടെ നെടുകെയുള്ള ഛേദം വരച്ച ദിവസം ഷീല ടീച്ചര്‍ പറഞ്ഞു. “ജന്മസിദ്ധമായ കല. നീ വലിയ ആളാകും” അപകര്‍ഷതകളില്‍ ചുരുങ്ങിയിരിക്കുന്ന എനിക്ക് ജീവിതത്തിലേക്കുള്ള തുറപ്പായാരിന്നു ആ വാക്കുകൾ.

അടിച്ചപ്പോള്‍ വടി പിടിച്ചു ഒടിച്ച കുട്ടിയെ ‘നീ ഒരുകാലത്തും രക്ഷപ്പെടില്ല..നോക്കിക്കോ ‘ എന്ന് ടീച്ചര്‍ ശപിച്ചപ്പോള്‍ അയ്യോ അത് സംഭവിക്കുമല്ലോ എന്ന് പേടിച്ച ഞാന്‍, എനിക്ക് കിട്ടിയ പ്രശംസയും സംഭവിക്കും എന്ന് പ്രതീക്ഷിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഷീല ടീച്ചറിനെ മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോള്‍ അവര്‍ എന്നെ കാണും മുന്‍പ് ഇടുങ്ങിയ ഒരു വഴിയിലൂടെ ഞാന്‍ ഓടി.ചീഞ്ഞ പച്ചക്കറികള്‍ ഒക്കെ എന്‍റെ കാലില്‍ അരഞ്ഞു പിടിച്ചിരുന്നു. വേസ്റ്റുകള്‍ തട്ടുന്നയിടത്ത് മൂത്രമൊഴിക്കാന്‍ എന്ന ഭാവത്തില്‍ നില്‍ക്കുമ്പോള്‍ കിതപ്പോടെ ഓര്‍ത്തു.അവര്‍ എന്നെ കണ്ടിരുന്നെങ്കില്‍ ‘ ഇപ്പോള്‍ എന്ത് ചെയ്യുന്നു? ‘എന്ന് ചോദിച്ചേനെ.
വലിയ ആളാകും എന്ന് പറഞ്ഞ ആള്‍ ഇവിടെ ഒരു കടയില്‍ സെയില്‍സ്മാന്‍ ആണെന്ന് എങ്ങനെ പറയും. ഒരു കൗമാരക്കാരന്റെ എടുത്താല്‍ പൊങ്ങാത്ത ദുരഭിമാനം പതുങ്ങി നിന്നു .

sslc, Memories, iemalayalam

ബികോസ് …

അര്‍ക്കന്‍ എത്ര അകലെയായാലും
അംബുജം വിടരാതിരിക്കുമോ?
നമ്മള്‍ എത്ര അകലെയായാലും
സൗഹൃദം തുടരാതിരിക്കുമോ?
എന്നൊക്കെ ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത വാക്കുകള്‍ ഒക്കെ ഓട്ടോഗ്രാഫില്‍ എഴുതി വാങ്ങിയും എഴുതിക്കൊടുത്തും ദിവസങ്ങളുടെ അവാസനം ജീവിത പരീക്ഷണത്തിലേക്ക് നടന്നടുത്തു. ഞങ്ങള്‍ പേടിയോടെ കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷാ ഹാളിലേക്ക് എത്തി.

ചുക്കും ചുണ്ണാമ്പും അറിയില്ലെങ്കിലും കണ്ടാല്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങും എന്ന പോസ് ഉള്ള എന്നോട് അടുത്തിരിക്കുന്ന സുഹൃത്ത് ‘ എന്നെ ഒന്ന്‍ സഹായിക്കണം ‘ എന്ന് പഴയ സിനിമകളില്‍ സോപ്പ് ഇടാന്‍ വരുന്ന ജഗതി ശ്രീകുമാറിന്റെ ഭാവങ്ങളോടെ അഭ്യർത്ഥിച്ചു.

നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്ത ഞാന്‍ ഡബിള്‍ ഓക്കേ പറഞ്ഞു. അവന്‍ ആവശ്യപ്പെടും പോലെ ചാഞ്ഞും ചരിഞ്ഞും എന്‍റെ പേപ്പര്‍ വഴങ്ങി. ഇംഗ്ലീഷ് പരീക്ഷയ്ക്ക് അടിക്കടി അഡീഷണല്‍ ഷീറ്റ് വാങ്ങിക്കുന്ന എന്നെ കണ്ട് കേമന്‍ എന്ന മട്ടില്‍ എക്സ്പ്രഷന്‍ ഇട്ട് ഇന്‍വിജിലേറ്റര്‍ ആയ ടീച്ചര്‍ എന്‍റടുത്ത് വന്നു. രജിസ്റ്റര്‍ നമ്പര്‍ പേപ്പറില്‍ കുറിച്ച് കൊണ്ടുപോയി. റിസള്‍ട്ട് വരുമ്പോള്‍ നോക്കാന്‍ ആണെന്ന് പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു.കേട്ടപ്പോള്‍ കുളിര് തോന്നിയെങ്കിലും സത്യത്തിന്‍റെ മുഖം വികൃതമാണ് എന്ന് എനിക്കല്ലേ അറിയൂ.

കയ്യില്‍നിന്നും പോകും എന്നു തോന്നുന്ന ഏതു അവസ്ഥയിലും ഞാന്‍ ഹൈപ്പര്‍ ആക്ടീവ് ആകാന്‍ ശ്രമിക്കും.ഇവിടെയും സംഭവിച്ചത് അതാണ്‌. ഈസ്, വാസ്, ഹാസ്, ബിക്കോസ് പുട്ടിന് പീര ഇടും പോലെ ഇടയ്ക്ക് കഥാപാത്രങ്ങളുടെ പേരുകള്‍ ഇതൊക്കെയാണ് എഴുതി വെച്ചത്.അതപ്പടി കോപ്പി അടിക്കാന്‍ ഒരുത്തനും അതിന്‍റെ റിസള്‍ട്ട് കാത്തിരിക്കുന്ന മേധാവിയും. കൊള്ളാം ഉഷാര്‍ ആയിട്ടുണ്ട്‌.ഇത് എന്‍റെ മനോഗതം.

വീട്ടില്‍ ഈ സംഭവം വളരെ അഭിമാനത്തോടെ അവതരിപ്പിച്ചു. റിസള്‍ട്ട് വരുംവരെ അവരും പ്രതീക്ഷിക്കട്ടെ. ഒടുവില്‍ ആ ദിവസം വന്നെത്തി.എന്‍റെ പേപ്പര്‍ നോക്കി എഴുതിയവന് എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക്.

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന മട്ടില്‍ കക്ഷിക്ക് ഒരു വൈക്ലബ്യം.

“അപ്പോള്‍ നീയെന്നെ ചതിക്കുവായിരുന്നു, അല്ലേ?”

“അല്ലല്ല… എല്ലാം നിന്‍റെ നോക്കിയാ എഴുതിയത്.”

“അപ്പൊ പിന്നെ നോക്കിയവര്‍ ചതിച്ചതാ…”

അവന്‍ ചിരിച്ചു.ഞാനും.

  • നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ‘ഓര്‍മ്മകള്‍-നൊസ്റ്റോളജി’ എന്ന് ചേര്‍ക്കുക.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kerala sslc result 2021 online kerala 10th result memories english keralaresults nic in