scorecardresearch
Latest News

അഞ്ഞൂറ്റിപ്പതിനാലും ജീവിതവും

‘ആ 514 നെ ഞാന്‍ മറന്നേ പോയിരിക്കുന്നു , പക്ഷേ, അവിടുന്നു കിട്ടിയ ഗുരുത്വം എന്ന മൂന്നക്ഷരത്തിന്റെ വലിപ്പം, അത് മറക്കാനാവില്ല ബോധമുള്ള കാലത്തിലൊന്നും. ആ മൂന്നക്ഷരത്തിന്റെ വലിപ്പത്തിനുള്ളിലാണ് എന്റെ യാത്രയൊക്കെയും.’ എഴുത്തുകാരി പ്രിയ എ എസ് എഴുതുന്ന സ്കൂൾ അനുഭവമാണ് ഈ ” നൊസ്റ്റോളജി”യിൽ

അഞ്ഞൂറ്റിപ്പതിനാലും ജീവിതവും

എരമല്ലൂര്‍ എന്ന നാട്ടിലെ ഒരു പാവം മലയാളം മീഡിയം സ്‌ക്കൂളിലാണ് പഠിച്ചത്. അമ്മ അവിടെത്തന്നെ ടീച്ചറായിരുന്നു. ഇത്ര പഠിച്ചുകൊള്ളണമെന്ന് ടീച്ചേഴ്‌സോ വീട്ടുകാരോ നിര്‍ബന്ധിക്കാറില്ലായിരുന്നു. എപ്പോഴും അസുഖം വരുന്ന, ആശുപത്രിയിലായി ക്ലാസുകള്‍ നഷ്ടമാവുന്ന കുട്ടിയായത് കൊണ്ടായിരുന്നോ ആ പരിഗണന? ആവാന്‍ വഴിയില്ല. കാരണം, അനിയന്റെമേലും സ്‌ക്കൂളോ വീടോ ഒരു സമ്മർദ്ദവും അടിച്ചേൽപ്പിക്കുന്നത് കണ്ടിട്ടില്ല.

അസുഖപശ്ചാത്തലത്തിന്റെ ഇടയില്‍ക്കൂടിയാണെങ്കിലും ക്ലാസില്‍ എന്നും രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ നിലനിര്‍ത്തിപ്പോന്നു ഞാന്‍. എന്നും ജയശ്രീ എസ് ഒന്നാം സ്ഥാനത്ത്. ഞാനും മീന കെ പിയും എപ്പോഴും മാറിമാറി വരും രണ്ടും മൂന്നും സ്ഥാനത്ത്. മൊത്തം സ്‌കൂളിന്റെ കാര്യമെടുത്താലും ജയശ്രീയും ഞാനും മീനയും തന്നെയായിരുന്നു ആദ്യ മൂന്നുസ്ഥാനങ്ങള്‍ക്കവകാശി. ചുവപ്പ്, നീല, പച്ച എന്നിങ്ങനെ നിറങ്ങളിലെ പ്ലാസ്റ്റിക് വട്ടങ്ങളായിരുന്നു യഥാക്രമം ഞങ്ങളുടെ ഒന്നും രണ്ടും മൂന്നും സ്ഥാന ബാഡ്ജുകള്‍. ഓരോ ടേം കഴിയുമ്പോഴും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പഠനമികവ് നിശ്ചയിക്കപ്പെടും. ചിലപ്പോള്‍ ഞാനും മീനയും പരസ്പരം ബാഡ്ജ് കൈമാറേണ്ടി വരും. അപ്പോള്‍ ഒരു ചെറിയ വിഷമമൊക്കെ ഉണ്ടാവും.

ഒന്നാം സ്ഥാനക്കാരി ജയശ്രി എന്നും മാര്‍ക്കിലെ മികവു കൊണ്ട് വളരെ വളരെ ദൂരം മുന്നിലായിരുന്നു. അതിനടുത്തെങ്ങും എത്തല്‍, എന്റെ വിദൂരസ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു. കാരണം എനിക്ക് കണക്കും ഫിസിക്‌സും പേടി വിഷയങ്ങളായിരുന്നു. കുഞ്ഞിലേ മുതല്‍ ക്ലാസ് നഷ്ടം പതിവായിരുന്നതിനാലാവും, കണക്കിനെ ഇഷ്ടത്തോടെ പിന്തുടരാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. എല്‍ പി സ്‌ക്കൂളിലെ കണക്ക് സര്‍, റഫ് ആന്റ് ടഫായിരുന്നു, രൂപം കൊണ്ടും ചിരിയില്ലായ്മ കൊണ്ടും. അന്നു തുടങ്ങിയ കണക്കു പേടി എന്നും കൂടെയുണ്ടായിരുന്നു.

നഷ്ടമായ കണക്ക് ക്ലാസുകള്‍ പറഞ്ഞു തരാന്‍ ആശ്രയിച്ചു പോന്നത് അച്ഛനെയായിരുന്നു. മലയാളം സാറായിരുന്ന അച്ഛന്‍, കഷ്ടപ്പെട്ട് പഠിച്ച് എന്നെ പഠിപ്പിയ്ക്കുന്ന ആ രീതി ഒട്ടും ഫലവത്തായില്ല. പൊതുവേ ശാന്തപ്രകൃതനായ അച്ഛനും ഞാനും തമ്മില്‍ കടുത്ത ഉരസലുകള്‍, ആ കണക്ക് സമയങ്ങളില്‍ നിത്യസംഭവങ്ങളായിരുന്നു. അച്ഛനും കൂടി ദേഷ്യപ്പെടുമ്പോള്‍ എന്റെയുള്ളിലെ ഉള്ള കണക്കും കൂടി ഇറങ്ങിപ്പോയി.

പിന്നെ സൗമ്യപ്രകൃതിയായ ദാസന്‍ സാര്‍, ഹൈസ്‌ക്കൂള്‍ കണക്ക് ക്ലാസില്‍ വന്നുവെങ്കിലും കണക്കെപ്പോഴും എന്റെ പിടികിട്ടാദൂരത്തില്‍ നിന്നു. നിറയെ ക്ലാസുകള്‍ നഷ്ടമായതും ജന്മനാ ഉള്ള ഇഷ്ടക്കേടും കാരണം എനിക്ക് കണക്കിന് അടിസ്ഥാനമുറച്ചിരുന്നില്ല.

അങ്ങനെയൊക്കെ ഒരിക്കലും ‘അറുനൂറില്‍ അഞ്ഞൂറുമാര്‍ക്ക്’ എന്ന കടമ്പ കടക്കാനാകാതെ ഇരിക്കുമ്പോഴാണ് പത്താം ക്ലാസില്‍ വച്ച്, കണക്ക് ട്യൂഷന് ചേരുന്നത്. എംഎസ്സി മാത്‌സ് കഴിഞ്ഞ ജലജച്ചേച്ചി, പല ക്ലാസുകളിലെ കുട്ടികളെ ഒരേസമയം ഒന്നിച്ചിരുത്തി കണക്ക് കളിപോലെ, മാജിക് പോലെ, രസകരമായി പഠിപ്പിച്ചു. അതിനിടെ എനിക്കെങ്ങനെയോ കണക്കിനോടുള്ള ആ കടുത്ത പേടി പോയി. ഇത്തിരിയൊക്കെ ഒന്നാലോചിച്ചാല്‍ ഉത്തരത്തിലേക്കുള്ള വഴി തെളിയുന്ന അവസ്ഥയായി. അത് കണക്കിനോടുളള ഇഷ്ടമായിരുന്നില്ല ജലജച്ചേച്ചിയോടുള്ള ഇഷ്ടമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയു ന്നുണ്ടായിരുന്നു. അപാരക്ഷമയായിരുന്നു ജലജച്ചേച്ചിക്ക്, ഏത് ബുദ്ദൂസിനോടും.

ബാക്കി വിഷയങ്ങളില്‍, ഇംഗ്‌ളീഷ് – ഹിന്ദി- മലയാളം എനിക്കൊരുപാടിഷ്ടമായിരുന്നു. എനിക്കേറ്റവും എളുപ്പമായിരുന്ന മലയാളം ക്ലാസിലിരുന്ന് കാടുകയറി ചിന്തിക്കല്‍ പതിവായിരുന്നു. മലയാളം മിസ്, ‘ക്രിയ’ എന്നു പറയുമ്പോള്‍ ‘പ്രിയ’ എന്നു കേട്ട് സ്വപ്‌നപ്പാതിയില്‍ നിന്നുണര്‍ന്നു ഞെട്ടിയി രിക്കുന്നതായിരുന്നു എന്റെ പതിവ്. ബയോളജിയിലെ ചെടികളെയും ജീവികളെയും വരകളെയും ഇഷ്ടമായിരുന്നു. സ്‌കൂളിലെ ക്‌ളാസും അമ്മ വക സംശയ നിവാരണം ചെയ്തു തരലുമായി കെമിസ്ട്രിയും പ്രിയ വിഷയമായിരുന്നു. ചരിത്രമിഷ്ടമായിരുന്നെങ്കിലും ജോഗ്രഫി അത്ര പിടുത്തമല്ലായിരുന്നു.

സ്‌കൂളിലെത്തിക്കഴിഞ്ഞ്, അസുഖംവരാത്ത ഒരേ ഒരു കാലമായിരുന്നു പത്താം ക്ലാസ് കാലം. അതിന്റെ ഒരാശ്വാസം വളരെ വലുതായിരുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞ് ചോദ്യപേപ്പറെല്ലാമെടുത്ത് വച്ച് പരിശോധിച്ചപ്പോള്‍, കണക്കിന് കിട്ടാന്‍ പോകുന്ന ‘മാര്‍ക്ക്-കൂടുതല്‍’ കാരണം, മൊത്തം മാര്‍ക്ക് ആദ്യമായി അഞ്ഞൂറിന് മുകളില്‍ പോകുമെന്നു തീര്‍ച്ചയായി. 510 മാര്‍ക്ക് കിട്ടുമെന്ന് ഞാന്‍ വീട്ടില്‍ പ്രഖ്യാപിച്ചു.

റിസല്‍ട്ട് നോക്കി വരുന്ന അമ്മയെയും കാത്ത്, വീടിന്റെ മുന്‍വശത്ത് ഗ്രില്‍സില്‍ ചാരി ഞാന്‍ നിന്നു. അഞ്ഞൂറ്റിപ്പതിനാല് എന്നമ്മ പറഞ്ഞപ്പോള്‍, മുഖം വികസിച്ചു. ഫസ്റ്റിന് മാര്‍ക്ക് അഞ്ഞൂറ്റി അറുപതിന് മുകളിലാണ്. ഒന്നാം റാങ്കിലേക്ക് വളരെ കുറച്ചു ദൂരം മാത്രം. അത് പതിവു പോലെ തന്നെ ജയശ്രിക്കാണ്. ജയശ്രിയുടെ മാര്‍ക്ക് ഞാനൊന്നും ഒരിക്കലും കണക്കിലെടുക്കാറില്ല, കാരണം ഓടിയെത്താവുന്ന ദൂരമല്ലല്ലോ അത്. ചെറുദൂര ഓട്ടങ്ങളിലെ മികവു കൊണ്ട് സമാധാനിച്ച്, സന്തോഷിച്ച് നില്‍ക്കുമ്പോഴാണ് അമ്മ പറയുന്നത് മീനയ്ക്ക് 518, അജിത്തിന് 516.

മീനയും ഞാനുമായിരുന്നല്ലോ എന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേയ്ക്കുള്ള മത്സരക്കാര്‍. അതിനിടയില്‍, എന്റെ തൊട്ടു മുമ്പിലെ വീട്ടില്‍ താമസിക്കുന്ന, പഠനത്തിലെങ്ങും ഒരിക്കലും മികവുമായി വരാത്ത അജിത്തെങ്ങനെ വന്നുവെന്ന് അസൂയയോടെ ഓര്‍ത്തു കൊണ്ട് ആ ഗ്രില്‍സില്‍ ചാരി നിന്ന് ഞാന്‍ ഏങ്ങിയേങ്ങി കരച്ചിലായി. ഞാന്‍ നാലാം സ്ഥാനത്ത്! എനിക്കത് ഉള്‍ക്കൊള്ളാനേ ആയില്ല.

വല്ലപ്പോഴുമേ, മീനയ്ക്ക് രണ്ടാം സ്ഥാനം ഞാന്‍ വിട്ടു കൊടുത്തിരുന്നുള്ളു എന്നോര്‍ക്കെ എനിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് തികച്ചും അസഹനീയമായി തോന്നുകയും ഞാന്‍ നിര്‍ത്താ കരച്ചിലിലേര്‍പ്പെടുകയും ചെയ്തു. അമ്മയും ബാക്കിയുള്ളവരുമൊക്കെ, ചിരിയോടെ സമാധാനിപ്പിച്ചു, അസുഖക്കുട്ടിയായിരുന്നിട്ടും ഇത്ര മാര്‍ക്ക് വാങ്ങിയില്ലേ?

എസ് എസ് എല്‍ സി ബുക്ക് വന്നപ്പോള്‍, കെമിസ്ട്രിക്കും ചരിത്രത്തിനും ഞാനാണ് സ്‌കൂള്‍ ഫസ്റ്റ്. കണക്കിന് എനിക്ക് നൂറില്‍ എണ്‍പത്തിയഞ്ച്. സ്‌കൂളില്‍ അന്ന്, ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനും വേറെ ഒന്നു രണ്ടു വിഷയങ്ങളിലെ ഫസ്റ്റിനും മാത്രമേ സമ്മാനമുള്ളു. ജയശ്രി ഒന്നാം സ്ഥാന സമ്മാനവും മീന രണ്ടാം സ്ഥാന സമ്മാനവും വാങ്ങാന്‍ പോകുന്ന ദിവസം, എനിക്ക്, സങ്കടം കൂടി. സമ്മാനം ഒന്നുമില്ലാത്ത എന്റെ മുന്നിലൂടെ, ഞങ്ങളുടെ വീടിനു മുന്നിലൂടെയുള്ള അതേ ഇടവഴിയിലൂടെയാണ് അവര്‍ സ്‌കൂളിലേക്ക് പോകുന്നത്. അവര്‍ പോകുന്നത്, അവരറിയാതെ നോക്കി നിന്ന് ഞാന്‍ സങ്കടപ്പെട്ടു.

സ്കൂളിൽ നിന്നും എനിക്കാകെ കിട്ടിയിട്ടുള്ള സമ്മാനം ഒരു ഹിന്ദി ഡിക്ഷ്ണറിയാണ്. സയന്‍സ്‌ ക്ലബ് പരിപാടികളുടെ ഭാഗമായി ചെയ്ത ഹെര്‍ബേറിയ ത്തിന് കിട്ടിയ ഒന്നാം സമ്മാനമായിരുന്നു അതെന്നാണ് ഓര്‍മ്മ. അതിപ്പോഴും വില പിടിച്ച ഒന്നായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. പുറന്താള്‍ കീറിയപ്പോഴതിനെ ബൈന്‍ഡ് ചെയ്ത് കുട്ടപ്പനാക്കി. എന്റെ, മുഹമ്മദ് റാഫി പാട്ടു കേള്‍ക്കലിലെ സംശയ നിവാരണത്തിന് അതായിരുന്നു പണ്ടൊക്കെ കൂട്ട്. അതിപ്പോഴും എനിക്ക് കിട്ടിയ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരത്തേക്കാളും പ്രിയപ്പെട്ടത്.

പിന്നീട്, എഴുത്തുകാരി എന്ന നിലയില്‍ സ്‌കൂളിലെ ഫങ്ഷന് ചീഫ് ഗസ്റ്റായി ക്ഷണിക്കപ്പെട്ടപ്പോഴും, രണ്ട്, രണ്ട് മാര്‍ക്കിന്റെ വത്യാസത്തില്‍ രണ്ടും മൂന്നും സ്ഥാനം പോയതില്‍ ഹൃദയം നുറുങ്ങിക്കരഞ്ഞ പണ്ടത്തെ പെണ്‍കുട്ടിയെ ഞാനോര്‍ത്തു. എന്റെ ചുണ്ടില്‍ ചിരി ഊറിക്കൂടി.

തിമിരം കാരണം വായന നഷ്ടപ്പെട്ട, റിട്ടയര്‍ ചെയ്ത, പണ്ട് വളരെ സരസമായും ഞങ്ങളെ നിര്‍ത്താതെ ചിരിപ്പിച്ചും സോഷ്യല്‍സ്റ്റഡീസെടുത്തിരുന്ന ശങ്കരന്‍ കുട്ടി സര്‍ വന്നിരുന്നു അന്ന്. ‘നീ ഒറ്റയാള്‍, പ്രസംഗിക്കുന്നത് കേള്‍ക്കാനാണ് ഞാന്‍ വന്നത്’ എന്ന് സര്‍ എന്റെ കൈ പിടിച്ച് പറയുമ്പോള്‍, ഏതവാര്‍ഡിനേക്കാളും സന്തോഷം വന്ന് എന്റെ ഹൃദയം നിറഞ്ഞുതുളുമ്പി.

ഞങ്ങളുടെ ‘എ’ ഡിവിഷനില്‍ നിന്ന് അന്ന് 25 ഫസ്റ്റ് ക്‌ളാസുകളുണ്ടായിരുന്നു. അവരോരുത്തരും മികവുകളില്‍ നിന്നു മികവുകളിലേയ്ക്കു തന്നെ പോയി എന്നോര്‍ക്കുമ്പോള്‍, ഫസ്റ്റ് ക്‌ളാസില്ലാത്തവരും താന്താങ്ങളുടെ ജീവിത മേഖലയില്‍ മികച്ചവരായത് കാണുമ്പോള്‍ ഞങ്ങളുടെ ചെറിയ സ്‌കൂളെനി ക്കഭിമാനമാവുന്നു.

അന്നത്തെ ഒന്നാം സ്ഥാനക്കാരി ജയശ്രി, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി പവര്‍ ഹൗസില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. രണ്ടാം സ്ഥാനക്കാരി മീന, ബെംഗളൂരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോയിന്റ് ഡയറക്ടറാണ്. മൂന്നാംസ്ഥാനക്കാരന്‍ അജിത്, മര്‍ച്ചന്റ് നേവിക്കാരനായി ലോകം ചുറ്റുന്നു.

SSLC ക്ക് മാര്‍ക്ക് കൂടുതലുണ്ടെങ്കില്‍ അന്നൊക്കെ നേരെ ജോലിക്ക് കയറാവുന്ന പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് ഡിപ്പാര്‍ട്‌മെന്റില്‍ നമുക്ക് ജോലിക്ക് അപേക്ഷിക്കാം എന്ന് അമ്മ എന്നോട് എന്റെ അസുഖാവസ്ഥകള്‍ കണക്കിലെടുത്ത് പറഞ്ഞതാണ്. കോളേജില്‍ പോകാത്ത കുട്ടിയായി ജീവിക്കുക എന്ന ആശയത്തോട് എനിക്ക് ഒട്ടും പൊരുത്തപ്പെടാനായില്ല. ‘എപ്പോഴും വയ്യായ്ക വന്ന് ക്ലാസ് നഷ്ടപ്പെടുന്നയാളല്ലേ , പ്രീഡിഗ്രിക്ക് തേഡ് ഗ്രൂപ്പെടുക്കാം , വായിച്ചു മനസ്സിലാക്കാമല്ലോ’ എന്നമ്മ പറഞ്ഞതും കേട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുക എന്ന എവിടെയോ വായിച്ചറിവുള്ള ആശയ ത്തെ പിന്തുടര്‍ന്ന് ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പുകാരിയായി. അസുഖങ്ങള്‍ കൊണ്ട് നട്ടം തിരിഞ്ഞ കോളേജ് കാലമായിരുന്നു എന്നെ കാത്തിരുന്നത്.

സ്കൂൾ കാലത്ത് ഇഷ്ടവിഷയമായിരുന്നു കെമിസ്ട്രി എനിക്ക് കോളേജ് കാലത്ത് കീറാമുട്ടിയായി. സ്‌കൂളിലെ മോഹനന്‍ സാറും അമ്മയും ആയിരുന്നു കെമിസ്ട്രിയിലേക്കുള്ള എന്റെ വഴികള്‍ എളുപ്പമാക്കിയിരുന്നതെന്ന് അതോടെ ബോധ്യം വന്നു. പഠിപ്പിക്കുന്നവരാണ് ഏത് വിഷയവും എളുപ്പമാക്കുന്നതെന്ന് ജലജച്ചേച്ചിയുടെ കണക്കില്‍ കൂടിയല്ലാതെ പ്രീഡിഗ്രീകാല കെമിസ്ട്രിയില്‍ കൂടിയും പഠിച്ചു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോയിട്ട് തൃക്കാക്കരയിലെ ഭാരതമാതാ കോളജിലെ പഠനകാലം പോലും അസുഖഭാരം കൊണ്ട് താങ്ങാനാകാതെ വന്ന ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മോഹം, ക്രമേണ മറന്നു കളയേണ്ടിവന്നു. ക്ലാസ് പോയാലും വായിച്ചു പഠിക്കാന്‍ പറ്റുന്ന സാഹിത്യം മതി ഇനി പാഠ്യ വിഷയമായി എന്ന് തീരുമാനമായി. മലയാളം പഠിപ്പിച്ചവരേക്കാളും ഇംഗ്ലീഷ് പഠിപ്പിച്ചവരെയാണ് പ്രീഡിഗ്രിക്കാലത്ത് ഇഷ്ടമായത്. മലയാളം മെയിന്‍ എന്ന രണ്ടാം പഠന ചോയിസ് അങ്ങനെ ഇംഗ്‌ളീഷ് സാഹിത്യത്തിലേയ്ക്ക് വഴി മാറിപ്പോയി. പഠിപ്പിയ്ക്കുന്നവരുടെ നന്മയാണ് ഏതു വിഷയവും എളുപ്പമാക്കുക എന്ന് ഒരിക്കല്‍ക്കൂടി ഞാനറിഞ്ഞു.

ഒടുക്കം അമ്മ പറഞ്ഞത് കേട്ടും അനുസരിച്ചും, കണക്കും സയന്‍സും വിഷയങ്ങളല്ലാത്ത അന്നത്തെ സര്‍വ്വകലാശാലാ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ടെസ്റ്റ് എഴുതി സര്‍വ്വകലാശാലാ ജോലിക്കാരിയായി ജീവിച്ചു പോരുന്നു. പഠിച്ചതും ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലേയില്ല എന്നു തന്നെയാണുത്തരം.

മകനിത്തവണ സി ബി എസ് ഇ (CBSE) പത്താംക്‌ളാസായിരുന്നു. കോവിഡ് കാലം കാരണം സ്‌കൂളില്‍ പോവാതെ, പരീക്ഷയെഴുതാതെ. അവന്‍ ഇപ്പോ പതിനൊന്നാം ക്‌ളാസുകാരനാണ്. പഠനം സംബന്ധിച്ച് ഒരു പ്രഷറും അവനു കൊടുത്തിട്ടില്ല. ഇഷ്ടം തോന്നുന്ന ടീച്ചേഴ്‌സാണ് ഓരോ വിഷയവും എളുപ്പമാക്കുന്നത് എന്നു ഞാനവനെക്കണ്ടും പഠിച്ചു, പഠിക്കുന്നു. അവനോടും പറയാറുണ്ട് – മാര്‍ക്കിലെന്തു കാര്യം? ജീവിതത്തിലല്ലേ കാര്യം മുഴുവനും?

ഇങ്ങനെ ചില കുറിപ്പുകള്‍ക്ക് വേണ്ടിയല്ലാതെ ആരോര്‍ക്കുന്നു പത്താംക്‌ളാസിലെ മാര്‍ക്ക്?
‘കാണെക്കാണെ വയസ്സാവുന്നു’ ഞങ്ങളുടെ സ്‌കൂളിനെങ്കിലും, ഇവിടുന്നു പഠിച്ചു പോയവര്‍ എന്‍ജിനീയറന്മാരായും എംപിയായും ഡോക്ടര്‍മാരായും ജഡ്ജിമാരായും എഴുത്തുകാരായും മനുഷ്യാവകാശക്കമ്മീഷനിലെ സാന്നിദ്ധ്യമായും കോളേജ് ലക്ചറന്മാരായും പി എച്ച് ഡിക്കാരായും സയന്റിസ്റ്റുകളായും സമൂഹത്തിലേയ്ക്ക് പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

ഞാനും അജിത്തും മീനയും ജയശ്രീയും ജീവിതം കൊണ്ട് അങ്ങോട്ടിങ്ങോട്ട് ചിതറിപ്പോയെങ്കിലും ഒരു രസം കാത്തുവച്ചിരുന്നു ജീവിതം- ബാംഗ്ലൂരിലെ മീനയുടേതൊഴികെ ഞങ്ങൾ മൂന്നുപേരുടെയും (പല പല പ്രായത്തിലുള്ള) മക്കളും പഠിച്ചത് ഒരു സ്കൂളിലാണ്.

ഇപ്പോഴും എനിക്കൊരു നിമിഷം കണ്ണടച്ചിരുന്നാല്‍ ആ സ്കൂൾ കാലത്തിലേക്കെത്തിപ്പെട്ട്, സുമനസ്സുകളായ എന്റെയാ ടീച്ചേഴസിനെ തൊടാം. അവര്‍ തന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും കണക്കില്ല. അവര്‍ ഹൃദയം നിറഞ്ഞ ചിരി കൊണ്ടു തൊട്ടില്ലായിരുന്നുവെങ്കില്‍, എപ്പോഴും അസുഖക്കാരിയായിരുന്ന ഒരു കുട്ടി എവിടെയെത്തുമായിരുന്നു!

ഒരിയ്ക്കല്‍ അമ്മയുടെ സ്‌കൂളെന്ന് കൈ ചൂണ്ടി രണ്ട് വയസ്സുകാരന്‍ മകന് നാഷണല്‍ ഹൈവേയ്ക്ക് തൊട്ടരികിലെ ECEK യൂണിയന്‍ ഹൈസ്‌ക്കൂളിനെ കാണിച്ചു കൊടുക്കുമ്പോള്‍ അവന്‍ അലിവോടെ പറഞ്ഞു “ഞാന്‍ വലുതാവുമ്പം അമ്മയുടെ സ്‌കൂളിന്റെ പൊട്ടിയ ജനാല ശരിയാക്കിത്തരാം കേട്ടോ.” ഞാന്‍, അവന്‍ കണ്ടയിടത്തേയക്ക് നോക്കി, ശരിയാണ് അവിടെ ജനാലയ്ക്ക് പാളിയില്ല.

മകന്റെ തലയില്‍ ഞാന്‍ അരുമയായി തലോടി. ‘ആ 514 നെ ഞാന്‍ മറന്നേ പോയിരിക്കുന്നു, പക്ഷേ, അവിടുന്നു കിട്ടിയ ഗുരുത്വം എന്ന മൂന്നക്ഷരത്തിന്റെ വലിപ്പം, അത് മറക്കാനാവില്ല ബോധമുള്ള കാലത്തിലൊന്നും. ആ മൂന്നക്ഷരത്തിന്റെ വലിപ്പത്തിനുള്ളിലാണ് എന്റെ യാത്രയൊക്കെയും.’

അന്ന് ‘ക്രിയ’ എന്ന് ടീച്ചര്‍ ക്ലാസിനിടെ പറഞ്ഞപ്പോള്‍, ഏതോ ചോദ്യത്തിനുത്തരം പറയാനായി ‘പ്രിയ’ എന്നു വിളിച്ചതാണെന്നു കരുതി ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കാന്‍ ഭാവിച്ച ആ ഹാഫ് പാവാടക്കാരിയുടെ ഭാവനയുടെ ജാലകങ്ങള്‍ തുറന്നിട്ടു തന്നത്, ജനല്‍പ്പാളികളില്ലാത്ത ഏതെങ്കിലും ചില ECEK ക്‌ളാസ് റൂമുകളാണോ എന്നാര്‍ക്കറിയാം. ഒരു പക്ഷേ, ആ ജനാലയാവും പിന്നെ എഴുത്തുവെളിച്ചത്തിന്റെ പ്രിയജനാലയായത്.

നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ‘ഓര്‍മ്മകള്‍-നൊസ്റ്റോളജി’ എന്ന് ചേര്‍ക്കുക.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kerala sslc result 2021 online kerala 10th result memories priya as keralaresults nic in