/indian-express-malayalam/media/media_files/2024/12/26/SDRHYlYmnm4Tu7d2JjbQ.jpg)
ചിത്രീകരണം: വിഷ്ണു റാം
85ലാണ്, എം ഇ എസ് പൊന്നാനി കോളേജ് മാഗസിൻ എഡിറ്ററായിരുന്ന കാലം. 'രണ്ടാമൂഴ'ത്തിന് വയലാർ അവാർഡ് ലഭിച്ച സമയം. മാഗസിനിലേക്ക് എംടിയുടെ അഭിമുഖം വേണം. നേരിട്ട് കോഴിക്കോട് പോയിട്ട് കാര്യമില്ല, കാണാൻ പോലും പറ്റി എന്നു വരില്ല. ഞാനാണെങ്കിൽ എന്തും ചെയ്യാൻ പാകത്തിൽ നടക്കുന്ന കാലമാണ്.
അന്ന് എംടിയിലേക്കെത്താൻ എനിക്കുള്ള ഏകമാർഗ്ഗം മഹാകവി അക്കിത്തമാണ്. ഞാനും അന്നത്തെ എന്റെ ഇണപിരിയാ കൂട്ട് കൃഷ്ണകുമാറും കൂടി അക്കിത്തത്തെ പോയിക്കണ്ട് ആവശ്യം പറഞ്ഞു. അദ്ദേഹം ലെറ്റർ ഹെഡ് എടുത്തുവച്ച് 'പ്രിയപ്പെട്ട വാസു, ഈ കത്തുമായി വരുന്ന വിജു എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ് ' എന്ന് തുടങ്ങി ഒരു ദീർഘമായ കത്ത് എഴുതിത്തന്ന് എംടിക്കു കൊടുക്കാൻ പറഞ്ഞു.
പിറ്റേന്ന് ഞങ്ങൾ നേരെ കോഴിക്കോട് കൊട്ടാരം റോഡിൽ സിതാരയിൽ ചെന്നു. ബെല്ലടിച്ചപ്പോൾ എംടി സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. അപരിചിതരായ രണ്ട് ചെക്കന്മാരെ ഒരലിവും കൂടാതെ നോക്കി. അക്കിത്തം പറഞ്ഞയച്ചതാണെന്ന മുഖവുരയോടെ കത്ത് കൊടുത്തു. അതോടെ കനത്തു നിന്ന മുഖം അയഞ്ഞു.
അകത്തേക്കു വിളിച്ചു, ഇരിക്കാൻ പറഞ്ഞു. കത്ത് സാവധാനം വായിച്ചു, എന്നിട്ട് അത്ര തന്നെ സാവധാനം പറഞ്ഞു ''ഞാനിപ്പോ അത്യാവശ്യം നല്ല തിരക്കുള്ള ഒന്ന് രണ്ട് പണികളിലാണ്. എന്നേക്കാണ് നിങ്ങൾക്കിത് ആവശ്യം വരിക?'' ഞങ്ങൾക്കത് ഒരു മാസം കൂടി കഴിഞ്ഞിട്ട് കിട്ടിയാൽ മതിയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ ഒന്ന് ഫോൺ ചെയ്യാൻ പറഞ്ഞു. ഫോൺ നമ്പർ കുറിച്ചു തന്നു. അന്ന് മീശ മുളക്കാത്ത രണ്ട് പയ്യന്മാർ മനസ്സുകൊണ്ടെങ്കിലും വളർന്നു, ആഹ്ളാദത്തോടെ തിരിച്ചു പോന്നു.
മാഗസിൻ പ്രിന്റിങ്ങിന്റെ മറ്റ് സാങ്കേതികതകൾ മുന്നോട്ടു പോകാൻ ഒരിത്തിരി സമയമെടുത്തു. അക്കിത്തം പരിചയപ്പെടുത്തിയതുകൊണ്ട് എപ്പോ വേണമെങ്കിലും എംടിയെ പോയി കാണാം എന്ന ഒരു അമിതാത്മവിശ്വാസം ഞങ്ങൾക്ക് രൂപപ്പെടുകയും ചെയ്തു. അതിനിടയിലാണ് അദ്ദേഹത്തിന് വയലാർ അവാർഡിനുള്ള അഭിനന്ദന സൂചകമായി കൂടല്ലൂർ നിവാസികൾ ഒരു വലിയ സ്വീകരണം ഒരുക്കിയത്. അന്ന് അവിടെ കവിസമ്മേളനത്തിൽ കവിത വായിക്കാൻ എന്നെയും സംഘാടകർ ക്ഷണിച്ചിരുന്നു.
കൂടല്ലൂര് ഒരു സിനിമ ടാക്കീസിൽ വെച്ചായിരുന്നു അന്ന് പരിപാടികൾ. അവിടെ വച്ച് എംടിയെ വീണ്ടും കാണുകയും കോഴിക്കോട് വന്ന് കണ്ട വിവരം ഓർമ്മിപ്പിക്കുകയും ''നിങ്ങൾ വിളിച്ച് വന്നാൽ മതി'' എന്ന് ഒരിക്കൽ കൂടി ഉറപ്പ് വാങ്ങിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/2024/12/26/501Erb9dhg43yZYwwK5z.jpg)
എന്നാൽ ആ ഇന്റർവ്യൂ നടക്കുന്നതിന് മുമ്പ് അദ്ദേഹം രോഗബാധിതനാവുകയും ഇരുന്ന് സംസാരിക്കാൻ വയ്യ എന്ന നിലയിലെത്തുകയും ചെയ്തു. അന്ന് എന്നോട് പറഞ്ഞു ''കാഥികന്റെ കലയിലോ കാഥികന്റെ പണിപ്പുരയിലോ ആവശ്യമുള്ള ഏതെങ്കിലും ഒന്ന് എടുത്തു ഉപയോഗിച്ചോളൂ''. അത് അദ്ദേഹം ലെറ്റർ ഹെഡിൽ എഴുതിത്തന്നു. ഞങ്ങൾ ആ കത്തിന്റെ ബ്ലോക്ക് എടുത്ത് കാഥികൻ്റെ പണിപ്പുരയിലെ ഒരു അഭിമുഖം അതേപടി പുന:പ്രസിദ്ധീകരിച്ചു. പിന്നെ കാലങ്ങളോളം അദ്ദേഹവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.
93ൽ അദ്ദേഹം തുഞ്ചൻസ്മാരകത്തിന്റെ ചെയർമാൻ ആയി വന്നു. പിന്നീട് അത് ട്രസ്റ്റ് ആയി. ചെയർമാനായി വന്ന ആദ്യത്തെ വർഷം മുതൽ തുഞ്ചൻ ഉത്സവം അഞ്ചുദിവസത്തെ വിപുലമായ പരിപാടിയായി. 82 മുതൽ തന്നെ വിദ്യാരംഭം ദിവസവും ഡിസംബറിൽ തുഞ്ചൻ ദിനം എന്ന പേരിലുള്ള ഏകദിന പരിപാടിക്കും നിത്യനായിരുന്നു ഞാൻ.
മിക്കവാറും കൃഷ്ണകുമാർ കൂടെയുണ്ടാവും. അവന്റെ അച്ഛന്റെ വീട് തൃക്കണ്ടിയൂർ ആണ്. രാത്രി വൈകി പരിപാടികൾ കഴിഞ്ഞാൽ അവന്റെ ബന്ധുവീടുകളിലെവിടെയെങ്കിലും ഞങ്ങൾ കയറിപ്പറ്റും. രാവിലെ ചമ്രവട്ടം പുഴ കടന്ന് പൊന്നാനി പിടിക്കും. എംടി വന്നതിനുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും വലിയ എഴുത്തുകാർ ഈ അഞ്ചുദിവസങ്ങളിലും അവിടെ എത്താൻ തുടങ്ങി.
വിദ്യാരംഭം കലോത്സവം എന്ന പേരിൽ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് ഇടമുണ്ടായി. സമ്മേളനങ്ങൾ നടന്നു. 82 ൽ കക്കാട് തുടങ്ങിവച്ച വിദ്യാരംഭം, കവിസമ്മേളനം വീഴ്ച കൂടാതെ എംടിയുടെ കാലത്തും നടന്നു. തൊണ്ണൂറുകളുടെ മദ്ധ്യം മുതൽ തുഞ്ചൻ ഉത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായി മാറി.
എംടി ഏറ്റെടുത്തതു മുതൽ തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന ദേശീയ സെമിനാറും, തുഞ്ചൻ കലോത്സവവും ഏകദേശം ഒന്നര പതിറ്റാണ്ടോളം എംടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നിരുന്നത്. വിഷയം തീരുമാനിക്കുന്നത് മുതൽ പ്രബന്ധാവതാരകരുടെ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം നേരിട്ട് ഏറ്റെടുത്ത് നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാർ ഏറെക്കുറെ മുഴുവനും തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി അക്കാലത്ത് തിരൂരെത്തി.
അമൃതപ്രീതം, മഹാശ്വേതാദേവി, തകഴി, സീതാകാന്ത് മഹാപത്ര, അനന്തമൂർത്തി, അലി സർദാർ ജാഫ്രി, നിർമ്മൽ വർമ്മ, ഇന്ദിരാ ഗോസ്വാമി, ഡി ജയകാന്തൻ, രവീന്ദ്ര കലേക്കർ, ഒഎൻവി കുറുപ്പ്, അക്കിത്തം, ചന്ദ്രശേഖര കമ്പാർ, പ്രതിഭാ റായ്, അമർനാഥ് സിംഗ്, അമിതാവ് ഘോഷ്, കനിമൊഴി, കുട്ടിരേവതി, സെൽമ, ജയകാന്തൻ, ശിവശങ്കരി, ഗോപിചന്ദ് നാരംഗ്, സുനിൽ ഗംഗോപാധ്യായ, ജമാകാന്ത് രഥ്, സച്ചിദാനന്ദൻ, ഇന്ദ്രനാഥ് ചൗധരി, അഗ്രഹാരാ കൃഷ്ണമൂർത്തി, സി രാധാകൃഷ്ണൻ, സുഗതകുമാരി, സുകുമാർ അഴീക്കോട്, വിഷ്ണുനാരായണൻ നമ്പൂതിരി, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ജി എസ്, കെ സി നാരായണൻ, കെ എം വേണുഗോപാൽ, യേശുദാസ്, ഡോ മിസിസ് ബാല കൊണ്ടല റാവു, മഞ്ജു ഭാർഗവി, രാജേന്ദ്ര ഗംഗാനി,അലർമേൽ വള്ളി തുടങ്ങിയവരെ എനിക്ക് ഒരു റഫറൻസും കൂടാതെ ഓർമ്മയിൽ നിന്ന് തന്നെ വിളിച്ചുപറയാനാവും.
ഉദ്ഘാടകരായി ആൾക്കാരെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ചില യുക്തികൾ ഉണ്ടായിരുന്നു. കെ ആർ നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരിക്കെ ഒരിക്കൽ തുഞ്ചൻപറമ്പിൽ പ്രസംഗിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. മറ്റെന്തോ കാരണം കൊണ്ട് അതു മുടങ്ങി.
അന്ന് എംടി പ്രസംഗിച്ചു ''ഈ വർഷം തുഞ്ചൻ ഉത്സവം ഉദ്ഘാടനം ചെയ്യാൻ ഞാൻ ക്ഷണിക്കാൻ ശ്രമിച്ചത് ആദരണീയനായ ഇന്ത്യൻ രാഷ്ട്രപതിയെ ആയിരുന്നു. എനിക്ക് അതിന് ചില സംവിധാനങ്ങൾ അവിടെ ഉണ്ട്. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് കേരളത്തിൽ തന്നെ ഒരുപാട് പ്രസംഗങ്ങൾ ആയെന്നും ഇനി അടുത്തൊന്നും പ്രസംഗിക്കാൻ ഇല്ലെന്നും അറിയിക്കുകയുണ്ടായി. രാഷ്ട്രപതിയെ ഉദ്ഘാടനം ചെയ്യാൻ ലഭിക്കുക എന്നതിന്റെ മറ്റൊരു പ്രയോജനവശം, മനുഷ്യരാരും തിരിഞ്ഞുനോക്കാതെ കിടക്കുന്ന തിരൂര് ടിബിയും ഈ പൂങ്ങോട്ടുകുളം തുഞ്ചൻപറമ്പ് റോഡും കണ്ണടച്ചു തുറക്കും മുമ്പ് ഒന്ന് നേരെയാക്കി കിട്ടുമല്ലോ എന്ന് ഞാനും കരുതി,'' എന്തൊരു കാര്യം ചെയ്യുമ്പോഴും വളരെ പോസിറ്റീവായ ഒരു കൊനുഷ്ട് അതിന്റെ കൂടെ ഉണ്ടായിരുന്നു.
2003ൽ ഞാൻ ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനാണ്. അക്കാലത്താണ് വിഖ്യാതമായ പ്ലാച്ചിമട ജലസമരം നടന്നത്. പ്ലാച്ചിമടയിലേക്ക് പോകുന്ന വഴിയിൽ തത്തമംഗലം പള്ളത്താംപുള്ളിയിലാണ് ഞങ്ങളന്ന് താമസം. രാത്രി എന്റെ ലാൻഡ് ഫോണിലേക്ക് ഒരു വിളി വന്നു. അപ്പുറത്ത് അദ്ദേഹമായിരുന്നു. ''നാളെ ഞാൻ പ്ലാച്ചിമട വരുന്നു, എങ്ങനെയാണ് അങ്ങോട്ട് എത്തുന്നത്.''
ഞാൻ പതുക്കെ മറുപടി പറഞ്ഞു ''ഞാൻ താമസിക്കുന്ന വീട് അങ്ങോട്ടുള്ള വഴിയരികിലാണ്. തത്തമംഗലം മേട്ടുപ്പാളയം കഴിഞ്ഞാൽ ഒരൊറ്റ കിലോമീറ്റർ. ഞാൻ അവിടെ കാത്തു നിൽക്കാം, ഉണ്ണിമ്മാമ പോരു.'' എന്നെക്കാൾ 32 വയസ്സിൽ കൂടുതലുള്ള അദ്ദേഹത്തെ വാസുവേട്ടൻ എന്ന് വിളിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ കുട്ടികൾ വിളിക്കുമ്പോലെ അദ്ദേഹത്തെ അക്കാലത്തൊക്കെ ഉണ്ണിമാമ എന്ന് ഞാനും വിളിച്ചു തുടങ്ങിയിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നു.
പിറ്റേന്ന് കൃത്യം 9:30 മണിക്ക് പടിക്കൽ അദ്ദേഹത്തിന്റെ കാർ വന്നു നിന്നു. അന്നു മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ കൂടെ ആയിരുന്നില്ല, അദ്ദേഹം എന്റെ കൂടെയായിരുന്നു. ജലസമ്മേളനത്തിൽ പ്രസംഗിച്ചു കഴിഞ്ഞതിനു ശേഷം എന്നെ തിരിച്ചു വിക്ടോറിയയുടെ ഗേറ്റിൽ വിട്ടു തരുന്നത് വരെ അദ്ദേഹത്തിന്റെ പാലക്കാടൻ ജീവിതകാലം, ആ പ്രദേശങ്ങളിൽ പ്രസംഗിച്ചു നടന്നതിന്റെ ഓർമ്മകൾ, വിക്ടോറിയ കോളേജിന്റെ ലൈബ്രറിയെക്കുറിച്ചുള്ള ദീപ്തമായ ചില ഓർമ്മകൾ അങ്ങനെ നിർത്താതെ സംസാരിച്ചിരുന്നു. കൃഷ്ണൻനായർ ഗേറ്റിൽ എന്നെ ഇറക്കി വിടുമ്പോൾ ആ കണ്ണിലുണ്ടായിരുന്ന സ്നേഹവും വാത്സല്യവും പ്രിയപ്പെട്ട ഒരിടത്തിലൂടെ കടന്നു പോകുന്നതിന്റെ അപാരമായ ആനന്ദവും എനിക്ക് ഇപ്പോഴും ഓർത്തെടുക്കാൻ ആവും.
അക്കാലത്ത് ഓരോ തുഞ്ചൻ ഉത്സവത്തിനും പ്രധാനപ്പെട്ട ആരുടെയെങ്കിലും ഒരു ഉത്തരവാദിത്തം ഒറ്റ വാക്കുകൊണ്ട് ഏൽപ്പിച്ചു തരും. ഒരിക്കൽ പറഞ്ഞു ''നാളെ മഹാശ്വേതാദേവി വരും, അവരെ ശ്രദ്ധിക്കണം.'' മറ്റൊരിക്കൽ പറഞ്ഞു ''നാളെ കനിമൊഴി വരും, ആ കുട്ടിക്ക് പരാതികളില്ലാതെ നോക്കണം.'' ഒരു വാക്കിൽ വീണുകിട്ടുന്ന ഉത്തരവാദിത്തം നെഞ്ചേറ്റി കൊണ്ട് നടക്കുക എന്നത് തന്നെയായിരുന്നു അന്നത്തെ ആഹ്ളാദവും അഭിമാനവും.
2007ൽ ഞാൻ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ എത്തി. ആ വർഷം തുഞ്ചൻ ഉത്സവത്തിന് കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി പ്രിൻസിപ്പലിന് ഒരു കത്തെഴുതാൻ ഞാനാണ് ആവശ്യപ്പെട്ടത്. എംടി ലെറ്റർ ഹെഡിൽ പ്രിൻസിപ്പലിന് എഴുതി. പിന്നീട് കോളേജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ ആയി പിരിഞ്ഞ വേലായുധൻ സാറായിരുന്നു പ്രിൻസിപ്പൽ. അദ്ദേഹത്തിന് എംടിയുടെ കത്തിന്റെ മൂല്യം പറയാതെ അറിയാമായിരുന്നു.
പിന്നീടുള്ള എല്ലാവർഷവും തുഞ്ചൻ ഉത്സവത്തിന് അഞ്ചു ദിവസത്തെയും നാഷണൽ സെമിനാർ കേൾക്കാൻ മലയാള സാഹിത്യം പഠിക്കുന്ന കുട്ടികളെ നിർബന്ധമായും കൊണ്ടുപോകണമെന്ന അർത്ഥത്തിൽ, ഒരു സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ എന്ന നിലയിൽത്തന്നെ ഡിപ്പാർട്ട്മെന്റ് അഞ്ചുദിവസങ്ങളിൽ തുഞ്ചൻപറമ്പിൽ ഒഫീഷ്യേറ്റ് ചെയ്യാൻ അദ്ദേഹം അനുമതി തന്നു.
അക്കാലത്ത് ഒരിക്കൽ പ്ലാൻ ഫണ്ടിൽ നിന്ന് ലഭിച്ച തുകയുമായി 'സിനിമയും സാഹിത്യവും' എന്ന ത്രസ്റ്റിൽ ഒരു ഡിപ്പാർട്മെന്റിൽ നാഷണൽ സെമിനാർ ചെയ്യാൻ നിശ്ചയിച്ചു. അതിന്റെ ഭാഗമായി ഒരുത്സവ കാലത്ത് രാത്രി വിശ്രമിക്കുന്നതിനിടയിൽ ചെന്ന് ''ഉണ്ണ്യമ്മാമേ...കീ നോട്ട് ചെയ്തു തരണം'' എന്ന് പറഞ്ഞ കാരണം കൊണ്ട് കോളേജിൽ വന്ന് 'സിനിമയും സാഹിത്യവും' എന്ന വിഷയത്തിൽ ഒന്നരമണിക്കൂർ നീണ്ടുനിന്ന ദീർഘമായ പ്രഭാഷണമാണ് നടത്തിത്തന്നത്. അക്കാലത്തേക്ക് ഏറെക്കുറെ ഒരു ദശാബ്ദകാലത്തോളം ആ തണൽ പറ്റി നടന്നതിന്റെ അടയാളം ടി എം ജി കോളേജിന്റെ മലയാള വിഭാഗം സൂക്ഷിക്കുന്ന വിസിറ്റേഴ്സ് ഡയറിയിൽ ഇന്നും കാണണം.
ഒരു വിരൽ ചലിക്കുമ്പോൾ അദ്ദേഹത്തിന് ഒപ്പം നടക്കുന്നവർക്ക് അറിയാം അതെന്തിനായിരുന്നു എന്ന്. ഒരു നോട്ടത്തിൽ നിന്ന് നമുക്ക് വ്യക്തമാവും ഉള്ളിൽ അപ്പോൾ എന്താണ് സൂക്ഷിക്കുന്നത് എന്ന്.
ഓർക്കാപ്പുറത്ത് ആയിരിക്കും ഫോണിലേക്ക് ഒരു വിളി വരുന്നത്. ''ആ ജയപാലമേനോനെ ഒന്ന് ബന്ധപ്പെടാൻ എന്തു ചെയ്യും?'' അതല്ലെങ്കിൽ ''ആ പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടാൻ എന്ത് ചെയ്യും?'' ഏറ്റവും ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ കണ്ണിന്റെ ചില പ്രശ്നങ്ങൾ പറഞ്ഞു, ''ഒരു മുപ്പതു പേജിൽ കൂടുതൽ ഒരു ദിവസം വായിക്കാൻ പറ്റുന്നില്ല.'' അങ്ങനെ ഒരു വായനക്കാരനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. എന്നാൽ വീട്ടിൽ ചെന്നാൽ പുസ്തകങ്ങൾ ചിതറി കിടക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടുമില്ല.
ആ നല്ല മനുഷ്യൻ ഭൂബന്ധമറ്റു കിടക്കുന്ന ഈ രാത്രിയിൽ നാഴികൾക്കിപ്പുറം സ്വസ്ഥതയറ്റ് ഞാനിരിക്കുന്നു. ആരാണ് മരിച്ചത് എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ട്. ഒന്നര ദശാബ്ദത്തോളം ഏറ്റവും അടുത്ത് പരിചയിക്കുമ്പോഴും അദ്ദേഹത്തിന് അന്യരിൽ അന്യനായ ഒരാളാണ് ഞാൻ. ആ എനിക്ക് പോലും എന്റെ കരളിൽ പാമ്പ് കൊത്തിക്കടയുന്ന വേദന തോന്നുന്നു.
കഴിഞ്ഞ 10-12 ദിവസമായി ആശുപത്രി ജീവിതത്തെ അതിജീവിച്ച് വരുമെന്ന തോന്നൽ നിഷ്ഫലമായതിന്റെ നിരാശ, എന്റെ അച്ഛൻ മരിച്ചു പോയ രാത്രിയിൽ ഉള്ളിൽ ഉയർന്ന നിരാശ പോലെ എന്നെ അനുഭവിപ്പിക്കുന്നു. എപ്പോഴൊക്കെയോ ആ മനുഷ്യന്റെ കൈത്തലം എന്റെ ചുമലിലും അമർന്നിട്ടുണ്ട്. അപ്പോഴൊക്കെ ഉണ്ടായിരുന്ന അതിന്റെ ചൂട് നിമിഷാർദ്ധം കൊണ്ട് എനിക്ക് ഇപ്പോഴും ഓർത്തെടുക്കാൻ ആവും.
ഈ കൃഷ്ണപക്ഷത്തിൽ നിലാവസ്തമിച്ചു പോയ രാത്രിയിൽ ഇവിടെ നിന്ന് ഞാനോർക്കുന്നു, തുഞ്ചൻപറമ്പിന്റെ പടിഞ്ഞാറെ മുറ്റത്തുള്ള വേദിയിൽ, തുഞ്ചൻ ഉത്സവത്തിന്റെ സമാപന സമ്മേളനത്തിൽ എംടി പ്രസംഗിക്കുമ്പോൾ അടുത്തവർഷവും ഇതേപോലെ ഇവിടെനിന്ന് ഈ മനുഷ്യൻ പ്രസംഗിക്കാൻ ഉണ്ടാകണേ...എന്ന് ഒരു പ്രാർത്ഥന ഉള്ളിൽ എന്നും സൂക്ഷിച്ചിരുന്നു.
പ്രസംഗം കഴിഞ്ഞ് എംടി ഇറങ്ങി വരുമ്പോൾ ചെന്ന് കാലു തൊട്ടു വന്ദിച്ച് ''ഞാൻ പോട്ടെ...'' എന്ന് പറയുമ്പോൾ ഒരു നിമിഷം നിശബ്ദനായി മുഖത്ത് നോക്കി നിൽക്കുന്ന ഒരു എംടി ഉണ്ട്. ആ ചിത്രം ഉള്ളിൽ കൊത്തിവെച്ചപോലെ കൂടെയുണ്ട്, ഈ രാത്രിയും ഇനിയുള്ള രാത്രികളും താണ്ടാൻ അത് മതിയായിരിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.