/indian-express-malayalam/media/media_files/2024/12/26/NBrkWpYgQdOlkJZ23u0G.jpg)
ചിത്രം: ഫോസ്ബുക്ക്/ മോഹൻലാൽ
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ഓർമ്മകളിൽ മോഹൻലാൽ. മഴ തോർന്നപോലെ ഏകാന്തതയാണ് ഇപ്പോൾ മനസിലെന്ന് മോഹൻലാൽ സോഷ്യൽ മീഡിയിയൽ കുറിച്ചു. ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കുകയെന്ന് മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ കുറിപ്പ്
"മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ."
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ..." മോഹൻലാൽ ഫോസ്ബുക്കിൽ കുറിച്ചു.
എംടിയെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിക്കാൻ മോഹൽലാൽ കോഴിക്കോട്ടെ വസതിൽ എത്തിയതായിരുന്നു. വൈകാരികമായ അടുപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് എംടിയെന്നും, ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു. 'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. ഓളവും തീരവുമാണ് അവസാന ചിത്രം. തമ്മിൽ നല്ല സ്നേഹ ബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു,' മോഹൻലാൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.