scorecardresearch

ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ

ആ കെട്ടിടത്തിനെ കുറിച്ച് ലോകത്തിന് എന്തെല്ലാം അഭിപ്രായമുണ്ടെങ്കിലും ഹരി പണിക്കർ തനിക്ക് ആ വീടിനോടുളള ഇഷ്ടം മറച്ചുവെയ്ക്കാതെയാണ് ഓർമ്മകളുടെ കുന്ന് കയറിയത്.

ആ കെട്ടിടത്തിനെ കുറിച്ച് ലോകത്തിന് എന്തെല്ലാം അഭിപ്രായമുണ്ടെങ്കിലും ഹരി പണിക്കർ തനിക്ക് ആ വീടിനോടുളള ഇഷ്ടം മറച്ചുവെയ്ക്കാതെയാണ് ഓർമ്മകളുടെ കുന്ന് കയറിയത്.

author-image
WebDesk
New Update
Shasthamangalam Camp Hari Panicker FI

Emergency50 Year's: ചിത്രീകരണം: വിഷ്ണു റാം

Emergency 50 Years: ഇന്ത്യൻ ജനാധിപത്യത്തെ തടവറയിലാക്കിയ അടിയന്തരാവസ്ഥ പിൻവലിച്ചതിന്റെ അമ്പതാം വാർഷികം കടന്നുപോകുമ്പോൾ ആ കാലത്തിന്റെ മായാത്ത രക്തയോർമ്മകൾ പേറുന്ന ചില കെട്ടിടങ്ങൾ കേരളത്തിലുണ്ട്. അതിൽപ്രധാനപ്പെട്ട ഒന്ന് തിരുവനന്തപുരം നഗരഹൃദയത്തിലാണ്. ശാസ്തമംഗലം പണിക്കേഴ്‌സ്  ലെയിനിൽ.

Advertisment

ഒരു കാലത്ത് ഒറ്റപ്പെട്ടു നിന്ന ആ പ്രദേശം ഇന്ന് തിരുവനന്തപുരത്തെ ഏറ്റവും വിലപിടിപ്പുളള​പ്രദേശങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ നിലവിളികളെ പോലും പുറത്തുവരാതെ മൗനത്തിന്റെ നിലവറകളിലേയ്ക്കു ഉരുട്ടികൂട്ടിയ കാലം.

ശാസ്തമംഗലത്തെ പഴമക്കാർ കുറങ്ങോട്ട് ഏലാ എന്ന് പറയുന്ന പ്രദേശത്തെ കുന്നിലാണ് ഇന്നും കേരളത്തിലെ നട്ടെല്ല് പോലും മരവിപ്പിക്കുന്ന ശാസ്തമംഗലം ക്യാമ്പ് പ്രവർത്തിച്ചത്. അടിയന്തരാവസ്ഥ പിൻവലിച്ച് നാൽപത് വർഷം പിന്നിടുമ്പോൾ സ്വകാര്യ കേബിൾ ചാനൽ അവിടെ പ്രവർത്തിക്കുന്നു. അതിന് മുമ്പ് മറ്റൊരു സ്വകാര്യ  ടി വി ചാനൽ അവിടെ പ്രവർത്തിച്ചു.

ഭയാനകമായ അനുഭവങ്ങളുടെ സാക്ഷിയായി മാറിയ ​ആ കെട്ടിടത്തിലെ മൺതരികൾക്കും ചുമരുകൾക്കും രക്തം ഉറയുന്ന പീഡനങ്ങളുടെ കഥ പറയാനുണ്ടാകും. ആ കെട്ടിടത്തിന്റെ ഉടമസ്ഥൻ ഹരി പണിക്കർ അക്കാലത്തെ ഓർമ്മകളിലേയ്ക്ക് ഇറങ്ങി നടന്നപ്പോൾ പുറത്തു കേട്ട കഥകളല്ല.

Advertisment
Shasthamangalam Camp Hari Panicker 1
ശാസ്തമംഗലം ക്യാംപ് ചിത്രകാരന്റെ ഭാവനയിൽ

ഈ കെട്ടിടത്തിൽ പ്രേതബാധയുണ്ട്, പിശാച് ​ഉണ്ട് എന്നൊക്കെയായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ ഞാനതിൽ പതിനേഴ് കൊല്ലം തനിച്ച് താമസിച്ചിരുന്നു. മരപ്പട്ടി മുകളിലൂടെ നടക്കുമ്പോഴല്ലാതെയുളള ഒന്നും അവിടെ ഉണ്ടായിട്ടില്ല തന്റെ എഴുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ഓർത്തെടെത്തു.

ഇവിടെ ഞാൻ, തനിച്ച് താമസിച്ച കാലത്ത് വീട്ടിൽ സഹായികളായി ജോലിക്കാര്‍ വന്നിരുന്നു. എന്നാൽ അവരെല്ലാം തന്നെ പുറത്തുനിന്നും കേൾക്കുന്ന ഭയാനകമായ കഥകൾ കേട്ട് ഇവിടെ നിന്നും മടങ്ങി പോകുകയായിരുന്നു.

ഇവിടെ പ്രേതമുണ്ട് പിശാചുണ്ട് എന്നൊക്കായണ് പുറത്ത് പ്രചരിച്ച കഥ. എന്നാൽ അതൊന്നുമല്ലായിരുന്നു ഇവിടുത്തെ സ്ഥിതി. പതിനേഴ് വർഷത്തെ എന്റെ തനിച്ചുളള താമസത്തിനു ശേഷം സൂര്യ ടി വിക്ക് വാടകയ്ക്ക് നൽകി. ഇപ്പോൾ അത് എ സി വിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

കുന്നിക്കുരുവോളം കാലം, കുന്നോളം ഓർമ്മ

എന്റെ അച്ഛൻ, എസ് എൻ. പണിക്കർ ഈസ്റ്റേൺ റയിൽവേയിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറായി വിരമിച്ചത്. 1938ലാണ് അദ്ദേഹം ഈ വീട് വച്ചത്. ഈ​പ്രദേശത്ത് ഞങ്ങൾക്ക് എട്ടേക്കർ പന്ത്രണ്ട് സെന്റ് സ്ഥലമുണ്ടായിരുന്നു. അദ്ദേഹം വേറെയും വീട് വച്ചിട്ടുണ്ടായിരുന്നു.

Also Read: അടിയന്തരാവസ്ഥയുടെ വർത്തമാന ചരിത്രം

അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടാണ് നാട്ടുകാർ ഈ​ വഴിക്ക് 'പണിക്കേഴ്സ് ലെയിൻ' എന്ന് പേരിട്ടത്. അതൊക്കെ പിന്നീടാണ് വന്നത്. പണ്ട് ഇവിടെ വീടുകൾ കുറവായിരുന്നു. കുന്നിന്റെ ഏറ്റവും മുകളിലാണ് അച്ഛൻ പതിനായിരം ചതുരശ്ര അടിയുളള വീട് നിർമ്മിച്ചത്.

1971-ൽ അച്ഛൻ മരിച്ചു. 1972-ലാണ് സർക്കാരിന് വാടകയ്ക്ക് കൊടുത്തത്. അടിയന്തരാവസ്ഥ കാലത്ത് ക്യാംപിനായി വാടകയ്ക്കെടുത്തതല്ല ആ കെട്ടിടം.​ അതിന് മുമ്പ് തന്നെ അവർ വാടകയ്ക്കെടുത്തിരുന്നു.

അന്ന് ഇരുപത്തിയേഴ് വയസ്സൂളളപ്പോഴാണ് 1972-ൽ ഞാനത് വാടകയ്ക്ക് കൊടുക്കുന്നത്. അച്യുതമേനോനും കരുണാകരനും ഭരിക്കുന്ന കാലം. പൊലീസിൽ ക്രൈംബ്രാഞ്ച് രൂപീകരിച്ച് ഓഫീസുകൾ ആരംഭിച്ചു. അവർക്ക് അന്ന് രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു ഒന്ന് പട്ടത്തും മറ്റൊന്ന് ഡി പി ഐയക്കും സമീപമായിരുന്നുവെന്നാണ് ഓർമ്മ. അവിടെ നിന്നുമാണ് ഇവിടെ ക്രൈംബ്രാഞ്ച് ഓഫീസ് വരുന്നത്.  

1972ലാണ് അന്ന് എസ് പിയായിരുന്ന ജയറാം പടിക്കലും ഡി വൈ എസ് പിയായിരുന്ന ലക്ഷ്‌മണയുമാണ് വീട് കാണാൻ വന്നത്.  ആ വീട്  ക്രൈംബ്രാഞ്ച്  വാടകയ്ക്ക് എടുത്തു ആയിരം രൂപയായിരുന്നു മാസ വാടക. അവർ അവിടെ നിന്നും മാറുന്നത് വരെയും പതിനായിരം ചതുരശ്രഅടിയുള്ള കെട്ടിടത്തിന് കിട്ടിയതും ആ വാടകയായിരുന്നു.  

മരങ്ങളും ചെടികളും നിറഞ്ഞ വഴിയും പറമ്പുമായിരുന്നു ഇവിടെ. കുന്നിന്റെ മുകളിലെ കെട്ടിടം, തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലാറ്റ് റൂഫ് ഉളള കെട്ടിടമായിരുന്നു 'ലോട്ടസ് ഗാർഡൻ' എന്ന വീട്. ഷൺമുഖദാസ് എന്ന ഉദ്യോഗസ്ഥനൊപ്പമാണ് ഞാനന്ന് വീടിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയത്.

Shasthamangalam Camp Hari Panicker 2
ശാസ്തമംഗലം ക്യാംപിൽ മർദ്ദനമേറ്റവർ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും അവിടം സന്ദർശിച്ചപ്പോൾ

അടിയന്തരാവസ്ഥ തുടങ്ങുമ്പോഴും അതിന് മുമ്പും ഇവിടെ പൊലീസുമായി ബന്ധപ്പെട്ട ബോർഡോ മറ്റൊന്നുമോ ഉണ്ടായിരുന്നില്ല. അവിടെ ജോലി ചെയ്യുന്നവർ യൂണിഫോമിലോ ഔദ്യോഗിക ബോർഡുകൾ വച്ച വാഹനങ്ങളിലോ വന്നിരുന്നതായി ഓർമ്മയില്ല. മിക്കവാറും ആളുകൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. കുറച്ചുപേർ പാന്റസ് ഇട്ടിരുന്നു.

Also Read: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ

പക്ഷേ അതൊന്നും യൂണിഫോമായിരുന്നില്ല. ആരും സല്യൂട്ട് ചെയ്ത് മേലുദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നതും അവിടെ കണ്ടിട്ടില്ല. നമസ്ക്കാരം പറയുന്നതാണ് ഞാൻ ആകെ കണ്ടിട്ടുളളത്. അടിയന്തരാവസ്ഥ തുടങ്ങുന്ന സമയത്ത് ഞാൻ തിരുവനന്തപുരം ജില്ലയിൽ ചില സാധനങ്ങളുടെ ഹോൾസെയിൽ ഡീലറായിരുന്നു.

വീട് വാടകയ്ക്കെടുത്തപ്പോൾ അവിടുത്തെ കാർ​ഷെഡ് ക്രൈംബ്രാഞ്ച് എടുത്തിരുന്നില്ല ഞാനത് എന്റെ ഗോഡൗണാക്കി മാറ്റിയിരുന്നു. രാവിലെ അവിടെ നിന്നും സാധനങ്ങളെടുത്ത് പോകും. വൈകുന്നേരം തിരികെ വരും. കാർഷെഡിൽ കയറുമെങ്കിലും അവിടെ നിന്നും അസ്വാഭാവികമായി ഞാനൊന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അതിനൊന്നും പറ്റുകയുമില്ലായിരുന്നു.

ആദ്യം അവിടെ കാവൽ നിന്നിരുന്നത് ആംഡ് ഫോഴ്‌സിൽ നിന്നുളള​ പൊലീസുകാരായിരുന്നു. പക്ഷേ, ജയറാം പടിക്കൽ ഇടപെട്ടാണെന്ന് പറയുന്നു പിന്നീടത് സി ആർ പി എഫുകാരെയാക്കി മാറ്റി. അതോടെ അവിടെ നിന്നും പുറത്തേയ്ക്കു വാർത്തകൾ പോകുന്നതും ഇല്ലാതായി. അവരുടെ ഓപ്പറേഷൻ വളരെ രഹസ്യമായാണ് നടന്നിരുന്നതാണെന്നാണ് മനസ്സിലാക്കിയിട്ടുളളത്.

രാവിലെ ഒന്നും അവിടെ ആരെയും കാണാറില്ലായിരുന്നു. വൈകുന്നേരങ്ങളിലാണ് അവരുടെ ഓപ്പറേഷൻ. രാത്രി ഒമ്പത് മണിയോടെ അവിടെ നിന്നുളള കുറേ പേർ പുറത്തുപോകും. പിന്നെ തിരികെ വരുമ്പോൾ പുലർച്ചെ രണ്ടുമണിയൊക്കെയാകും. അത്ര സൂക്ഷമമായിട്ടായിരുന്നു അവരുടെ ഓപ്പറേഷൻ.

ഇവിടെ പിടിച്ചുകൊണ്ടുവരുന്നവരെ കൊണ്ട് കത്തെഴുതിക്കുകയും അത് കിട്ടുന്നവർ എഴുതുന്ന മറുപടി പൊലീസുകാർ കൈവശപ്പെടുത്തുകയും ചെയ്യും. എന്നിട്ട് അവരെ പിടികൂടുമായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. പിന്നെ ഇവിടെ കൊണ്ടുവരുന്ന ആളുകളുടെ കണ്ണൊന്നും കെട്ടേണ്ട കാര്യമില്ല. കാരണം ആർക്കും ഒരു തവണയോ രണ്ട് തവണയോ ഒന്നും വന്നാൽ ഈ വഴിയൊന്നും അന്ന് മനസിലാകില്ലായിരുന്നു.

Shasthamangalam Camp Hari Panicker 3
വർക്കല വിജയൻ 

വർക്കല വിജയനെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ വിജയൻ കൊല്ലപ്പെട്ടത് ഇവിടെ വച്ചല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുളളത്. ഇവിടെ തന്നെ വേറെ സ്ഥലങ്ങളും ക്രൈംബ്രാഞ്ചുകാർ അടിയന്തരാവസ്ഥക്കാലത്ത് വാടകയ്ക്ക് എടുത്തിരുന്നു.​ എന്നാൽ ക്രൈംബ്രാഞ്ച് ഓഫീസ് എന്ന നിലയിൽ ഇതായിരുന്നു പ്രധാനം. അതിനാലാണ് ശാസ്തമംഗലം ക്യാംപ് എന്ന നിലയിൽ ഇതിനെകുറിച്ചുളള കഥകളുണ്ടായത്.

Also Read: പാട്ടിനും നൃത്തത്തിനും മായ്‌ക്കാനാവാത്ത നിലവിളികളുമായി ശാസ്തമംഗലം ക്യാംപ്

മർദ്ദനമൊക്കെ നടന്നിട്ടുണ്ടാകും ഇവിടെയും അതൊന്നുമുണ്ടായിട്ടില്ല എന്നല്ല. അധികാരം കൈവിട്ടുപോയപ്പോൾ സംഭവിച്ചതാണ് അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചത്. വർക്കല വിജയനൊന്നും ഒരു തെറ്റും ചെയ്യാത്ത ആളല്ലെ. വല്ല പോസ്റ്റർ ഒട്ടിച്ചു എന്നൊക്കെ പറഞ്ഞായിരിക്കുമല്ലോ ആ ചെറുപ്പക്കാരനെയൊക്കെ പിടിച്ചുകൊണ്ടുവന്നിരിക്കുക.​ അതാണ് അധികാരത്തിന്റെ ദുർവിനിയോഗം എന്ന് ഞാൻ പറഞ്ഞത്.

പിന്നെ പൊലീസുകാർക്ക് വേറൊരു പരിപാടിയുണ്ടായിരുന്നു പിടികൂടി കൊണ്ടുവരുന്നവരെ പുറത്തുകൊണ്ടുപോകും സാധാരണ ബസിലൊക്കെയായിരിക്കും യാത്ര കൂടെയുളളത് പൊലീസുകാരാണെന്നൊന്നും അറിയില്ല. പക്ഷേ അവരും കൂടെയുണ്ടാകും.

ഇവരെ കാണുമ്പോൾ അവരുടെ അടുത്ത് വരുന്നവർ, പിടികൂടിയവരെ കൊണ്ട് കത്തെഴുതിച്ച് മറുപടി പോസ്റ്റ് ഓഫീസിൽ നിന്നും എടുത്ത് എവിടെ വരുമെന്ന് അറിഞ്ഞ് അവിടെ ഇവരെ കൊണ്ട് നിർത്തി മാറി നിന്ന ശേഷം വരുന്നവരെ പിടിക്കുന്ന പൊലീസുകാർ ഇങ്ങനെയൊക്കെയായിരുന്നു അന്ന് പൊലീസ് പ്രവർത്തിച്ചത്.

വിജയനെ പിടിക്കുന്നതും അങ്ങനെ കിഴക്കേക്കോട്ട വച്ചാണ്. "വിജയാ ഓടിക്കോ" എന്ന് മറ്റേ ആൾ വിളിച്ചു പറഞ്ഞെങ്കിലും പൊലീസ് പിടിക്കുകയായിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുളളത്. പ്രായത്തിന്റെ വെല്ലുവിളികളെ മറികടന്ന് ഓർമ്മകൾ കുടഞ്ഞിട്ടു ഹരി പണിക്കർ.

1983-84 വരെ ക്രൈംബ്രാഞ്ച് ഓഫീസ് ഇവിടെയായിരുന്നു. ഇവിടെ ക്രൈംബ്രാഞ്ച് ഓഫീസായിരിക്കുമ്പോൾ തന്നെയാണ് ജയറാം പടിക്കലിനെയും ലക്ഷ്‌മണയെയുമെല്ലാം അടിയന്തരവാസ്ഥക്കാലത്തെ കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്തതും. പന്ത്രണ്ട് വർഷം ഇവിടെ ക്രൈംബ്രാഞ്ച് ഓഫീസ് ഉണ്ടായിരുന്നു.​ അടിയന്തരാവസ്ഥയ്ക്ക് മുമ്പും പിന്പും. പക്ഷേ ആളുകളുടെ ഓർമ്മയിൽ ഉളളത് ആ രണ്ട് വർഷം മാത്രം.

അവിടെ നടന്ന സംഭവങ്ങളുടെ പേരിൽ ആ വീടിനെ ആളുകൾ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസ് പോയതിന് ശേഷം പതിനേഴ് വർഷം ഞാൻ തനിച്ച് അവിടെ താമസിച്ചു, 2001 വരെ.

2001ൽ സൂര്യ ടിവിക്കാർ വന്ന് വാടകയ്ക്കെടുത്തു. പിന്നെ അവരായിരുന്നു ഏറെക്കാലം ഇവിടെയുണ്ടായിരുന്നത്. അവർ മാറിയ ശേഷമാണ്​ ഇപ്പോൾ എ സി വി പ്രവർത്തിക്കുന്നത്. പഴയകാലത്തെ പേരിലോ പേര് ദോഷത്തിലോ ആണ് ആ കെട്ടിടം ഇപ്പോഴും അറിയുന്നത്. ആ കെട്ടിടത്തിനെ കുറിച്ച് ലോകത്തിന് എന്തെല്ലാം അഭിപ്രായമുണ്ടെങ്കിലും ഹരി പണിക്കർ തനിക്ക് ആ വീടിനോടുളള ഇഷ്ടം മറച്ചുവെയ്ക്കാതെയാണ് ഓർമ്മകളുടെ കുന്ന് കയറിയത്.

Read More: പോകരുതെന്‍ മകനേ: കക്കയം ക്യാമ്പിലെ രാജഗാനം

Rajan Case Emergency

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: