/indian-express-malayalam/media/media_files/2025/06/23/emergency-victim-rajans-memory-fi-2025-06-23-09-23-12.jpg)
5oth Anniversary Of Emergency: അടിയന്തരാവസ്ഥ
എല്ലാവരും പറയും, ഇന്ന്, ഇന്നാണ് പ്രധാനം.
പക്ഷേ...ഇന്നലെകള്‍...വെറുതേ പുറകിലേക്ക് പറത്തി വിടാനുള്ളതാണോ ഇന്നലെകള്‍? ഇന്നലെകളെച്ചൊല്ലിയുള്ള ഓർമകളല്ലേ ഇന്നിന്‍റെ പ്രാണനും വേരും?ഒരിക്കലും പാര്‍ട്ടിയോ ലിംഗമോ പദവിയോ ഇല്ല. ഓർമകള്‍ക്ക് ഒരിക്കലും പഞ്ഞവും ഇല്ലല്ലോ, ആര്‍ക്കും... ആരുമായും പങ്കുവയ്ക്കാത്ത ഒരോർമ ഇറുകെ പിടിച്ചാണ് എന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിത വഴികള്‍. ഉള്ളിലെങ്ങും കൊള്ളാത്ത ഓർമകള്‍... എന്നാലോ ഉള്ളിലേക്ക് കൊള്ളുന്ന ഓർമകള്‍. ഓർമയുടെ പുസ്തകത്തിലെ ആ ഒരേട്, അത് ചിരിയാവാം, കരച്ചിലാവാം, നവരസങ്ങളെയും പിന്നിലാക്കുന്ന ഒന്നാവാം.
ഓർമ ചിലപ്പോള്‍ ഒരടിയന്തരാവസ്ഥ ആണ്. മറ്റുചിലപ്പോള്‍ പാട്ടും.അത്തരമൊരോർമയാണ് രാജന്‍. 'പോകരുതെന്‍ മകനേ' എന്ന 'സ്റ്റീവ്‌ലോപ്പസി'ലെ വരികള്‍ പോലെ ഈച്ചരവാരിയരുടെ മകന്‍ രാജന്‍.
ഒപ്പം പാടിയിരുന്ന ഒരു കൂട്ടുകാരന്‍, രാജനെ ഓര്‍ത്തെടുക്കുമ്പോള്‍, എറണാകുളത്തിന്‍റെ വഴികളില്‍ സംഗീതം, നിലാവുപരത്തിയ പഴയൊരുകാലത്തിന്‍റെ ഓർമ കൂടിയാവുന്നു അത്.ഓർമ ചിലപ്പോള്‍ നിലാവും ആണ്. രാജന്‍റെ വീടിന്‍റെ പേരായിരുന്നു ചാന്ദ്‌നി (നിലാവ്), രാജന്‍റെ സഹോദരിയുടെയും...
Emergency 50 Years: അന്ന് ഞായറാഴ്ചയായിരുന്നു. നല്ല തിരക്കായിരുന്നു എറണാകുളം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിന്‍റെ ആ ഹാളിലന്ന്. യുണൈറ്റഡ് ഫ്രണ്ട്‌സ് ക്ലബ് നടത്തിയ അഖില കേരള സംഗീത മത്സരത്തിന്‍റെ സമ്മാനദാനം നിർവഹിക്കുവാന്‍ അന്നവിടെ എത്തിച്ചേരുന്നത് യേശുദാസായിരുന്നു. അന്ന് യേശുദാസ് ആ ചടങ്ങിനെത്താന്‍ കുറച്ചു വൈകി.
രാജന്‍ വന്നിരുന്നു അന്നവിടെ. പ്രൊഫസര്‍ ഈച്ചരവാരിയരുടെ മകന്‍ രാജന്‍. അച്ഛനൊപ്പമാണ് രാജനന്ന് അവിടെ എത്തിയത്. കൃഷ്ണന്‍ നായരും സുഹൃത്ത് നെടുവേലി രാജശേഖരന്‍ മേനോനും (സര്‍വേയര്‍ എന്‍.ആര്‍.എസ്.മേനോന്‍) അന്ന് ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാളസിനിമയില്‍ പിന്നീട് വളരെ പ്രശസ്തനായി മാറിയ നടന്‍ ജയനായിരുന്നു അന്നത്തെ ആ കൃഷ്ണന്‍നായര്‍.
/filters:format(webp)/indian-express-malayalam/media/media_files/2025/06/23/emergency-victim-rajans-musical-pursuits-1-2025-06-23-09-27-34.jpg)
യേശുദാസിനെ കാത്തിരിക്കുന്നവരുടെ വിരസത മാറ്റാന്‍ വേണ്ടി രാജന്‍ അന്ന് അവിടെ സംഘാടകര്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു പാട്ട് പാടി. തനിക്കുമുമ്പേ പാടി ഇറങ്ങിപ്പോയത്, ഒരു കറുത്ത കാലത്തിനെ കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ നക്‌സല്‍മുദ്ര കൊണ്ട് അടയാളപ്പെടുത്തിയ രാജന്‍ ആയിരുന്നുവെന്ന് ഒരിക്കലും, ഒരു കാലത്തും യേശുദാസ് അറിഞ്ഞിട്ടുണ്ടാവില്ല.
രാജന് പൊതുവേ ഇഷ്ടം, അച്ഛന്‍ പഠിപ്പിച്ചിരുന്ന ഹിന്ദിഭാഷയിലെ പാട്ടുകളായിരുന്നു. രാജന്‍ പാടിയിരുന്ന മലയാളം പാട്ടുകളില്‍ കൂടുതലും അക്കാലത്തെ മലയാള സിനിമകളിലെ സെമിക്ലാസിക്കല്‍ ഗാനങ്ങളായിരുന്നു. 'വിലയ്ക്കു വാങ്ങിയ വീണ' എന്ന ചിത്രത്തിലെ 'കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്‍റെ പാലാഴി തീര്‍ത്തവളേ...' എന്ന ഗാനവും 'സിന്ദൂരച്ചെപ്പ്' എന്ന ചിത്രത്തിലെ 'ഓമലാളേ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍...' എന്ന ഗാനവും വളരെ ഇഷ്ടത്തോടെ പാടിയിരുന്ന രാജന്‍ ഓർമയിലെ പ്രിയചിത്രമാണ്.
1974 കാലമായിരുന്നു അത്. പിന്നെ ഞാന്‍ രാജനെ കണ്ടിട്ടില്ല.
Also Read: പാട്ടിനും നൃത്തത്തിനും മായ്‌ക്കാനാവാത്ത നിലവിളികളുമായി ശാസ്തമംഗലം ക്യാംപ്
അടിയന്തരാവസ്ഥ അവസാനിച്ച് 1978 ന്‍റെയൊടുക്കം 'രാജനെ കാണാനില്ല' എന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. രാജന് സത്യത്തില്‍ എന്തുപറ്റി എന്നറിയാന്‍ പിന്നെയും എത്രയോ എത്രയോ കാലം കാത്തിരിക്കേണ്ടിവന്നു!
രാജനെ ഞാന്‍ പരിചയപ്പെടുന്നത് 1972 ലെ മദ്ധ്യവേനൽ അവധിക്കാലത്താണ്. ഡിഗ്രി പരീക്ഷയെഴുതി റിസള്‍ട്ട് കാത്തിരിക്കുന്ന ഒഴിവുകാലമായിരുന്നു അത്. എറണാകുളത്തെ യുവജനസംഘടനയായ യുണൈറ്റഡ് ഫ്രണ്ട്‌സ് ക്ലബിലേക്ക് ഞാന്‍ ആകര്‍ഷിതനായത് അക്കാലത്താണ്.
ഞാന്‍ പഠിച്ചിരുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ എന്‍റെ സീനിയേഴ്‌സ് ആയിരുന്ന എന്‍. ഗോപകുമാര്‍ (ഇന്ത്യന്‍ ട്രെയ്ഡ് ഫെയര്‍ ഫൗണ്ടേഷന്‍ ഉടമസ്ഥന്‍), എച്ച്.വി.ഡി.പ്രസാദ് (മുന്‍ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ജനറല്‍മാനേജര്‍) തുടങ്ങിയവര്‍ ആയിരുന്നു അതിന്‍റെ സ്ഥാപകഭാരവാഹികള്‍. (പിന്നീടത് സ്റ്റാലിയന്‍സ് ഇന്റര്‍നാഷണല്‍ ആയി മാറി).
/filters:format(webp)/indian-express-malayalam/media/media_files/2025/06/23/emergency-50th-anniversary-3-2025-06-23-09-42-20.jpg)
ക്ലബിന് അന്നൊരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. വളഞ്ഞമ്പലം ക്ഷേത്രത്തിനടുത്ത്, രവിപുരം റോഡിലെ സതീശന്‍റെ വീടായ തത്തംപിള്ളിയില്‍ ആയിരുന്നു ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ ഒത്തുകൂടിയിരുന്നത്. ബോഗസിലായിരുന്നു സതീശന് താൽപര്യം. ഇന്ന് ആ വീട്ടിലാണ് എറണാകുളം താലൂക്ക് സഹകരണ രജിസ്റ്റാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
അന്ന് എറണാകുളത്തെ നേവല്‍ ബെയ്‌സ് കേന്ദ്രീയവിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് പഠനം കഴിഞ്ഞു എൻജിനീയറിങ് കോളജില്‍ ചേരുവാന്‍ തയാറാകുകയായിരുന്നു രാജന്‍ എന്നാണോര്‍മ. രാജനവിടെ പാടാന്‍ വരാറുണ്ടായിരുന്നു. അവിടെ വച്ചാണ് രാജനെ ഞാന്‍ പരിചയപ്പെടുന്നത്.
ശിവരാമന്‍, സേവ്യര്‍, സ്വാമിനാഥന്‍, കുഞ്ഞപ്പന്‍, വെങ്കിടാദ്രി, സുരേന്ദ്രന്‍ തുടങ്ങിയവരും ദിവസവും തത്തംപിള്ളി വീട്ടില്‍ ഗാനമേളയുടെ പരിശീലനത്തിന്‍റെ ഭാഗമായി എത്താറുണ്ടായിരുന്നു. ഇവരെ കൂടാതെ സുജാതയും (അന്ന് ബേബി സുജാത) പള്ളുരുത്തിയില്‍ നിന്നുള്ള ജെന്‍സി ആന്റണിയും (സ്റ്റീവ് ലോപ്പസിലെ 'പോകരുതെന്‍ മകനേ...' എന്ന ഇരവിക്കുട്ടിപ്പിള്ള പോരിലെ വരികള്‍ പാടി വലിയൊരിടവേളക്കുശേഷം സംഗീതലോകത്തേക്ക് അടുത്തയിടെ തിരിച്ചുവന്ന ജെന്‍സി ഗ്രിഗറി).
Also Read: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ
രവിപുരത്തെ എന്‍റെ വീടിനടുത്തുള്ള ലെവല്‍ക്രോസ് കടന്നുചെല്ലുന്ന ഇന്നത്തെ പനമ്പിള്ളി നഗറിന്‍റെ ഭാഗത്താണ് രാജന്‍ താമസിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളില്‍ എന്‍റെ വീടിന്‍റെ മുന്നിലൂടെ കുടയും ചൂടി താന്‍ പഠിപ്പിക്കുന്ന മഹാരാജാസ് കോളജിലേക്ക് പോകുന്ന ആളായാണ് രാജന്‍റെ അച്ഛനായ പ്രൊഫസര്‍ ഈച്ചരവാരിയര്‍ എന്‍റെ ഓർമയിലുള്ളത്.
ചില യാത്രകളില്‍ അദ്ദേഹത്തിന്‍റെ കൂടെ രാജനും സഹോദരി ചാന്ദ്‌നിയും കാണും. ചിലപ്പോള്‍ രാജനും കർമചന്ദ്രനുമൊത്തായിരിക്കും നടത്തം. കേന്ദ്രീയവിദ്യാലയത്തിലും കോഴിക്കോട് റീജിയണല്‍ എൻജിനീയറിങ് കോളജിലും രാജന്റെ സഹപാഠിയായിരുന്ന കർമചന്ദ്രന്‍ ഇറിഗേഷന്‍ വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. കവി ഒ.എന്‍.വി.കുറുപ്പിന്‍റെ മകന്‍ രാജീവ് വിവാഹം ചെയ്തത് കർമചന്ദ്രന്‍റെ സഹോദരി ദേവികയെയാണ്. (രാജീവിന്‍റെയും ദേവികയുടെയും മകളാണ് യുവഗായിക അപര്‍ണ്ണാരാജീവ്).
/filters:format(webp)/indian-express-malayalam/media/media_files/2025/06/23/emmergency-50th-anniversary-4-2025-06-23-09-37-59.jpg)
ഒരു ഞായറാഴ്ച വൈകുന്നേരം, എറണാകുളം എം ജി റോഡിലുള്ള ഗ്രാന്‍ഡ് ഹോട്ടലിന്‍റെ പുല്‍ത്തകിടിയില്‍ താൽക്കാലികമായി തയ്യാറാക്കിയ ഒരു വേദിയില്‍ യുണൈറ്റഡ് ഫ്രണ്ട്‌സ് ക്ലബ്ബിന്‍റെ ധനശേഖരാണാര്‍ത്ഥം ഒരു ഗാനമേളയ്ക്കുള്ള തയാറെടുപ്പു നടക്കുമ്പോഴാണ് ഞാന്‍ ക്ലബ്ബില്‍ ആദ്യമായി ചെല്ലുന്നത്.
ആ ഗാനമേളയില്‍ തേവരകോളജിലെ പ്രശസ്ത ഗായകനും യൂണിവേഴ്‌സിറ്റി യുവജനോത്സവ ജേതാവും ആയ വി.രാജഗോപാല്‍ ആയിരുന്നു മുഖ്യഗായകന്‍. മട്ടാഞ്ചേരി വടക്കേ മഠത്തിലെ മഹേന്ദ്രന്‍ ആയിരുന്നു ഗിറ്റാര്‍ വായിച്ചത്. വയലിന്‍ വായിച്ചത് ചാള്‍സും സുരേന്ദ്രനും ഹാര്‍മോണിയം വായിച്ചത് സേവ്യര്‍, ബോഗസ് വായിച്ചത് സതീശന്‍, കുഞ്ഞപ്പനായിരുന്നു തബലയില്‍.
രാജന്‍ അന്നവിടെ പാടുന്നതിന്‍റെ ഒരു ബ്ലാക് ആൻഡ് വെറ്റ് ചിത്രം വളരെക്കാലം ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. അതെന്‍റെ കൈയില്‍ നിന്നു എപ്പോഴോ പൊയ്‌പ്പോയി.
കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നതിനുശേഷവും രാജന്‍ ക്ലബ്ബില്‍ വന്നിരുന്നു. ഒഴിവുകാലങ്ങളിലായിരുന്നുവെന്നുമാത്രം. എൻജിനീയറിങ് കാലത്തെ രണ്ടാം ഒഴിവുകാലത്താണ് ഞങ്ങള്‍ കൂടുതലടുക്കുന്നത്. അതിനു കാരണമായത് എന്‍റെ ഗിറ്റാറാണ്. ഞാനന്ന് വൈകുന്നേരങ്ങളില്‍ യുണൈറ്റഡ് ക്ലബ്ബിന്‍റെ ഗാനമേളാപരിശീലന വേളകളില്‍ ഗിറ്റാര്‍ വായിക്കാറുണ്ടായിരുന്നു.
Also Read: ദുർഗ, ഏകാധിപതി, ജനാധിപത്യവാദി; ഇന്ദിരയുടെ സിരകളിൽ ഈ മൂന്നും എങ്ങനെ ഒരുമിച്ചൊഴുകി?
ഗിറ്റാര്‍ പഠിക്കുവാന്‍ വല്ലാത്ത താൽപര്യം രാജന്‍ കാണിച്ചിരുന്നു. എന്‍റെ കൈയില്‍ നിന്നു ഗിറ്റാര്‍ വാങ്ങി വായിക്കുകയും എന്നോട് ഗിറ്റാര്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു രാജന്‍. ഗിറ്റാര്‍ പഠിക്കുന്നതേയുള്ളു, പഠിപ്പിക്കാനുള്ള പരിജ്ഞാനമൊന്നും ആയിട്ടില്ല എന്നു പറഞ്ഞ് ഞാന്‍ രാജനെ നിരുത്സാഹപ്പെടുത്തി.
മറ്റൊരു സന്ധ്യക്ക് രാജന്‍ മറ്റൊരു കൂട്ടുകാരനുമായി എന്‍റെ വീട്ടില്‍ വരികയും ഗിറ്റാര്‍ പഠിപ്പിക്കണം എന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ആരുടെയും അടുത്തുപോയല്ല, സ്വന്തമായാണ് ഗിറ്റാര്‍ പഠിക്കുന്നതെന്നും, താൽപര്യമുണ്ടെങ്കില്‍ രാജനും അങ്ങനെ തനിയേ പഠിക്കാവുന്നതേയുള്ളു ഗിറ്റാര്‍ എന്നും പറഞ്ഞ് ഞാന്‍ പഠിപ്പിക്കലില്‍ നിന്നു വീണ്ടും ഒഴിഞ്ഞുമാറി നിന്നു.
ഇനിയും ഇതേ ആവശ്യവുമായി വന്നാല്‍, രാജനെ നിരാശപ്പെടുത്തരുതെന്ന് പിന്നെ എപ്പോഴോ തോന്നി. ഗിറ്റാറിന്‍ തന്ത്രികളിലൂടെ രാജന്‍ ഏതോ ഓമലാളിന്‍റെ മനസ്സിലേക്ക് കടന്നുകയറുകയായിരുന്നോ ആവോ. പക്ഷേ പിന്നൊരിക്കലും 'പാട്ടിന്‍റെ പാലാഴി' തീര്‍ക്കാന്‍ രാജന്‍ വന്നില്ല.
'പാഴ്മുളം തണ്ടാ'യി കടന്നുപോയി രാജന്‍. ഞങ്ങളുടെയൊക്കെ പാട്ടിന്‍റെ വഴികളും കാലക്രമത്തില്‍ ചിതറിപ്പോയി...
Read More: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us