scorecardresearch

ദുർഗ, ഏകാധിപതി, ജനാധിപത്യവാദി; ഇന്ദിരയുടെ സിരകളിൽ ഈ മൂന്നും എങ്ങനെ ഒരുമിച്ചൊഴുകി?

50 years of emergency, Indira Gandhi: 1971ൽ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ഉദയത്തിലേക്ക് വഴിവെച്ച ഇന്ദിരാഗാന്ധിയെ ചൂണ്ടി 'ദുർഗ' എന്നാണ് രാഷ്ട്രീയ എതിരാളിയായ അടൽ ബിഹാരി വാജ്പേയി വിളിച്ചത്

50 years of emergency, Indira Gandhi: 1971ൽ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ഉദയത്തിലേക്ക് വഴിവെച്ച ഇന്ദിരാഗാന്ധിയെ ചൂണ്ടി 'ദുർഗ' എന്നാണ് രാഷ്ട്രീയ എതിരാളിയായ അടൽ ബിഹാരി വാജ്പേയി വിളിച്ചത്

author-image
WebDesk
New Update
Indira Gandhi

Indira Gandhi: (Express Archive Photo)

50 years of emergency, Indira Gandhi: "ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം.." പറഞ്ഞു പറഞ്ഞ് വിലയില്ലാതായ ഒരു വാചകമാണത്.. വാക്കുകൾ കൊണ്ട് പറഞ്ഞുവയ്ക്കാൻ പറ്റുന്നതിലും അപ്പുറമുള്ള യാതനകളിലൂടെ ഇന്ത്യൻ ജനത കടന്നുപോയ നാളുകൾ.  അടിയന്തരാവസ്ഥയുടെ 50ാം വർഷികം എത്തുമ്പോൾ ആ കറുത്ത ദിനങ്ങളുടെ നീറുന്ന ഓർമകൾ നെഞ്ചിൽ പേറുന്ന നിരവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അടിയന്തരാവസ്ഥ കാലത്ത് ചേർന്ന പാർലമെന്റ് സമ്മേളത്തിൽ സഭയിൽ എകെജി നടത്തിയ പ്രസംഗത്തിൽ പറയുന്നൊരു ഭാഗമുണ്ട്,"ഭക്ഷണം കഴിക്കാൻ നമുക്ക് മൂന്ന് നാല് പേർക്ക് ഒരുമിച്ച് പോകാം എന്ന് ഒരു പൊലീസുകാരൻ പറഞ്ഞു. ഞങ്ങൾ അത് കേട്ട് ആ പൊലീസുകാരനൊപ്പം പോയി. എന്നാൽ കൂട്ടം കൂടി എന്ന പേര് പറഞ്ഞ് അതേ പൊലീസുകാരൻ ഞങ്ങളെ പൊതിരെ തല്ലി..അടിയന്തരാവസ്ഥയുടെ ക്രൂരത എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്ന വാക്കുകൾ. ഈ ക്രൂരതകളിലേക്ക് ഇന്ത്യൻ ജനതയെ ഇട്ടുകൊടുത്ത ഇന്ദിരാ ഗാന്ധിയെ എങ്ങനെയാണ് നിങ്ങൾ വിശേഷിപ്പിക്കുന്നത്? 

Advertisment

1971ൽ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ഉദയത്തിലേക്ക് വഴിവെച്ച ഇന്ദിരാഗാന്ധിയെ ചൂണ്ടി 'ദുർഗ' എന്നാണ് രാഷ്ട്രീയ എതിരാളിയായ അടൽ ബിഹാരി വാജ്പേയി വിളിച്ചത്. എന്നാൽ 1975ൽ ആ ദുർഗ 'ഏകാധിപതിയായി'. 1977ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനാധിപത്യവാദിയും.. ആറ് വർഷത്തിനിടയിൽ ഇന്ദിരാ ഗാന്ധി ലോകത്തിന് കാണിച്ച് കൊടുത്ത മൂന്ന് മുഖങ്ങൾ..

പാക്കിസ്ഥാൻ-ചൈന-അമേരിക്ക സഖ്യത്തിന് തിരിച്ചടി നൽകാൻ സോവിയറ്റ് യൂണിയനുമായുള്ള ചങ്ങാത്തം ശക്തിപ്പെടുത്തിയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നയതന്ത്രം. ഇന്ത്യയെ വിറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് നിക്സൻ ബംഗാൾ ഉൾക്കടലിൽ സൈനികാഭ്യാസം നടത്തിയിട്ടും ഇന്ദിരാ ഗാന്ധി കുലുങ്ങിയില്ല. ഇന്ത്യയുടെ ഉരുക്ക് വനിത..

Also Read: ആ വിധിക്കിന്ന് 50 വർഷം; എല്ലാത്തിനും സാക്ഷിയായ അലഹബാദ് ഹൈക്കോടതി

Advertisment

അറബ്-ഇസ്രയേൽ യുദ്ധത്തിലൂടെ ഇന്ത്യയിലുണ്ടായ വിലക്കയറ്റം..ഗുജറാത്തിൽ നവനിർമാൻ മുന്നേറ്റത്തിന് ഇതും വഴി തെളിച്ചു.  പിന്നാലെ വിലക്കയറ്റത്തിനും അഴിമതിക്കും എതിരായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ഐതിഹാസിക സമരം. ഈ രണ്ട് സമരങ്ങളും ചൂണ്ടി തന്നെ ഇന്ദിരാ ഗാന്ധിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

നെഹ്റൂ സസൂക്ഷ്മം പടുത്തുയർത്തിയ ജനാധിപത്യത്തിന് നേർക്ക് മകളുടെ വാളോങ്ങൽ 

അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ജനാധിപത്യ സംവിധാനങ്ങൾ അതിജീവിക്കും എന്ന നെഹ്റുവിന്റെ വിശ്വാസം മുറുകെ പിടിക്കാൻ ഇന്ദിരാ ഗാന്ധി തയ്യാറായില്ല. ഒടുവിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് പ്രധാനമന്ത്രിയുടെ കസേരയിളക്കിയ ആ നിർണായക വിധി വന്ന്  13 ദിവസത്തിന് ശേഷം ജൂൺ 25ന്  രാത്രിയിൽ രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് തള്ളിയിട്ട് നെഹ്റു സസൂക്ഷ്മം പടുത്തുയർത്തിയ ഇന്ത്യൻ ജനാധിപത്യത്തെ ഇന്ദിരാ ഗാന്ധി ഇരുണ്ട ദിനങ്ങളിൽ തളച്ചു. 

കേന്ദ്ര മന്ത്രിസഭ യോഗം പോലും ചേരാതെ, തന്റെ മുൻപിലേക്ക് എത്തിയ കടലാസിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കയ്യൊപ്പ്..പിന്നാലെ രാജ്യത്തെ ജയിലുകൾ നിറഞ്ഞു. ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ദയയാണെന്ന് കോടതികൾ പോലും സമ്മതിക്കുന്നത് രാജ്യം കണ്ടു. വാജ് പേയും മൊറാർജി ദേശായിയും ചരൺ സിങ്ങും ഉൾപ്പെടെ തടവിലാക്കപ്പെട്ട നേതാക്കളുടെ പേരുകൾ എണ്ണിയാലൊതുങ്ങില്ല. 

തടവിലാക്കപ്പെട്ട നേതാക്കൾ എവിടെ എന്ന് മാസങ്ങളോളം ഇവരുടെ കുടുംബാംഗങ്ങൾക്ക് അറിയാനായില്ല. മൗലികാവാകാശങ്ങൾ റദ്ദാക്കപ്പെട്ട, അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പത്രങ്ങളുടെ വാമുടിക്കെട്ടിയ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് മേൽ പോലും കത്രിക വച്ച ഭീകരതയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഇതിലെല്ലാം സഞ്ജീവ് ഗാന്ധിക്ക് മുൻപിൽ ഇന്ദിരാ ഗാന്ധി കളിപ്പാവയായി മാറിയെന്ന് ഇന്ത്യൻ ജനാധിപത്യ ചരിത്ര്യം രേഖപ്പെടുത്തി. 

"ഇന്ദിരാ ഗാന്ധിയെ ആജീവനാന്തകാലത്തേക്ക് പ്രസിഡന്റാക്കാം"

ജനാധിപത്യത്തെ തകിടം മറിച്ച് അധികാരം കൈക്കുള്ളിലാക്കാൻ സഞ്ജീവ് ഗാന്ധി വെമ്പി നിന്നതിന്റെ ഉദാഹരണമാണ് ഹരിയാന മുഖ്യമന്ത്രിയായ ബൻസി ലാലിന്റെ വാക്കുകൾ.."തിരഞ്ഞെടുപ്പ് എന്ന ഈ അസംബന്ധം അവസാനിപ്പിക്കാം. ഇന്ദിരാ ഗാന്ധിയെ ആജീവനാന്തകാലത്തേക്ക് പ്രസിഡന്റാക്കാം..പിന്നെ ഒന്നും ചെയ്യേണ്ടതില്ല.."

ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലേക്ക് വരുമ്പോഴേക്കും രാഷ്ട്രപതി ഭരണത്തിനായി കോപ്പുകൂട്ടി നാല് സംസ്ഥാന നിയമസഭകളിൽ പുതിയ ഭരണഘടനാ അസംബ്ലിക്കായി സഞ്ജയ് ഗാന്ധിയും കൂട്ടരും പ്രമേയം പാസാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രതിപക്ഷം ഒന്നിച്ച് ജനതാ പാർട്ടിയായി എത്തുമെന്ന് ഇന്ദിരാ ഗാന്ധിയും കരുതിയില്ല. പ്രബുദ്ധ കേരളം ആ തിരഞ്ഞെടുപ്പിൽ അങ്ങനെ വിധിയെഴുതിയത് ഇന്നും അത്ഭുതമായി നിൽക്കുമ്പോഴും  കോൺഗ്രസ് ഇന്ത്യയിലെ ഭൂരിഭാഗം ഇടത്തും തകർന്ന് വീണു. 

അന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സാധ്യതയെ കുറിച്ച് ഇന്ദിരാ ഗാന്ധിക്ക് അറിയില്ലായിരുന്നിരിക്കും..ഇന്ത്യ പലവട്ടം ആ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്ന് പോയി.. അടിയന്തരാവസ്ഥയുടെ 50ാം വാർഷികം എത്തി നിൽക്കുമ്പോൾ നമ്മൾ ആലോചിക്കേണ്ടതുണ്ട്, അപ്രഖ്യാപിത അടിയന്തരാവസ്ഥ തലയ്ക്ക് മുകളിൽ വാളോങ്ങി നിൽക്കുകയല്ലേ എന്ന്..

Read More: തവ്‌ലീൻ സിങ് എഴുതുന്നു: 75 വര്‍ഷങ്ങള്‍, ഇന്ത്യയ്ക്ക് മാറ്റമുണ്ടായോ?

Emergency Indira Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: