എന്നെപ്പോലെ 1947 ആഗസ്ത് 15 ലെ ആ സുപ്രധാന അര്‍ധരാത്രിക്ക് ശേഷം ഏകദേശം മൂന്ന് വർഷത്തിന് ശേഷമായിരുന്നു നിങ്ങൾ ജനിച്ചിരുന്നതെതെങ്കിൽ, നിങ്ങളുടെ കഥയും ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ കഥയുടെ പ്രതിഫലനമായേനെ. ഈ ആഴ്ച എന്റെ തന്നെ ചില കഥകൾ പറയാന്‍ ഉദ്ദേശിച്ചതിന്റെ കാരണവും ഇതു തന്നെയാണ്. എന്റെ ആദ്യത്തെ വീട് കർണാലിലെ ഹസൻ മൻസിൽ എന്ന ഉയരമുള്ള കെട്ടിടമായിരുന്നു. എന്റെ പിതാവിന്റെ കുടുംബം പാകിസ്ഥാനിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അനുവദിച്ചു കിട്ടിയതാണ് അത്. വെള്ളത്തിന്റെ ലഭ്യതക്കുറിവ്, എന്നും ഒരാള്‍ വൃത്തിയാക്കേണ്ടി വരുന്ന ശൗചാലയം. ഒപ്പം ചാണകത്തിന്റെ ദുർഗന്ധവും താഴെ ചന്തയിൽ തുറന്ന ഓടയില്‍ നിന്ന് വരുന്ന ഗന്ധവുമെല്ലാം അങ്ങനെ കൂടിച്ചേര്‍ന്നൊരു അന്തരീക്ഷ. ഇത് എന്റെ മുത്തശ്ശിയുടെ വീടായിരുന്നു.
എന്റെ പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നു, അതുകൊണ്ട് തന്നെ ഇത് ഞങ്ങളുടെ സ്ഥിരം വീടായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തോടൊപ്പം അംബാല, ബബിന തുടങ്ങിയ സൈനിക നഗരങ്ങളിലേക്ക് മാറി താമസിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ പാർപ്പിടങ്ങളില്‍ കൂടുതൽ സൗകര്യങ്ങളും ആധുനിക ശൗചാലയങ്ങളും ഉണ്ടായിരുന്നു, എന്നാൽ പട്ടണങ്ങൾ വൃത്തിഹീനവും നിരാശ നല്കുന്നതുമായിരുന്നു. ജനങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ അടുക്കേണ്ടതില്ലെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച മുന്നറിയിപ്പ്. തീർച്ചയായും, ആ കാലഘട്ടത്തിൽ ഇന്ത്യ മനോഹരമായ പട്ടണങ്ങളുടെയും വന്യജീവികൾ നിറഞ്ഞ കാടുകളുടെയും രാജ്യമായിരുന്നു. പക്ഷേ, എന്റെ കൺമുന്നിൽ കാടുകൾ ചുരുങ്ങി, മനോഹരമായ പട്ടണങ്ങൾ വൃത്തിശൂന്യമായ നഗരവാസ കേന്ദ്രങ്ങളായി. പിന്നെ എല്ലാത്തിനും ലഭ്യതക്കുറവായി. സമ്പന്നർ പോലും ഒരു തരത്തില്‍ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്.
ഒരു പത്ര പ്രവര്‍ത്തകയെന്ന നിലയില്‍ ഞാന്‍ ആദ്യമായി കവര്‍ ചെയ്ത ചെങ്കോട്ടയിലെ പ്രസംഗം 1975 ഓഗസ്റ്റ് 15 ലേതായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശരീരഭാഷയില്‍ പേടിയും വിറയലും തളര്‍ച്ചയും കാണപ്പെട്ടു. അതിന് പിന്നില്‍ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മരണമായിരുന്നു. അന്നു പുലർച്ചെയാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടത്. അത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സ്വേച്ഛാധിപതികൾ പരിഭ്രാന്തരാകുന്നു, ഇന്ദിരാഗാന്ധിക്ക് അന്നത്തെ തന്റെ അസ്വസ്ഥത മറച്ചുവെക്കാനായില്ല. ഇന്ത്യക്ക് ഇത് ഒരു മോശം സമയമായിരുന്നു, കാര്യങ്ങൾ മെച്ചപ്പെടുന്നതിനുപകരം മോശമാകുകയാണെന്ന് കുറച്ച് സമയത്തേക്ക് തോന്നി. പിന്നീടായിരുന്നു 1977 ലെ ആ തിരഞ്ഞെടുപ്പ്. ഇന്ധിരാഗാന്ധിക്കും അവരുടെ മകനും സ്വന്തം സീറ്റ് നഷ്ടപ്പെട്ടു. ഇന്ത്യ ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്ന് ഒരു നിമിഷം തോന്നി.
പക്ഷെ അത് സംഭവിച്ചില്ല. 1991 ൽ പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ മാത്രമാണ് ഇന്ത്യയ്ക്ക് മാറ്റം സംഭവിച്ചത്. അദ്ദേഹം ഉര്ജമില്ലാത്ത ഒരു വ്യക്തിയെപ്പോലെയായിരുന്നു. കൂടാതെ അദ്ദേഹം ചെങ്കോട്ടയിൽ നടത്തിയ പ്രസംഗങ്ങളും ആരെയും ആകര്ഷിക്കുന്നതായിരുന്നില്ല. സ്തംഭനാവസ്ഥയിലും സാമ്പത്തിക മേഖലയില്‍ മാന്ത്രികമായ മാറ്റങ്ങള്ക്കൊണ്ടുവരാന് അദ്ദേഹത്തിന് സാധിച്ചു. പെട്ടെന്ന് ഒരു മധ്യവർഗം ദൃശ്യമായി, അത് പിന്നീട് വളരുന്നതാണ് കണ്ടത്.
അപ്പോഴാണ് ഒരു ‘പുതിയ’ ഇന്ത്യ ജനിച്ചത്. നരസിംഹറാവുവിനു ശേഷം വന്ന അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിങ് തുടങ്ങിയ പ്രധാനമന്ത്രിമാർ സമ്പദ്വ്യവസ്ഥയുടെ മേൽ സര്‍ക്കാരിനുണ്ടായിരുന്നു സമ്മര്‍ദം പൊളിക്കുന്ന പ്രക്രിയ തുടർന്നുകൊണ്ടിരുന്നത് നമ്മുടെ ഭാഗ്യമായി. മൻമോഹൻ സിങ് രണ്ടാം തവണയും വിജയിച്ചപ്പോൾ, സോണിയ ഗാന്ധി അദ്ദേഹത്തെ അവരുടെ പ്രതിനിധിയാക്കി പ്രധാനമന്ത്രി വേഷം അണിഞ്ഞു. അവര്‍ സോഷ്യലിസ്റ്റ് നിയന്ത്രണങ്ങളും രാജവംശ ജനാധിപത്യവും തിരികെ കൊണ്ടുവന്നു, അത് മറ്റൊരു കഥയാണ്.
ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ നാളെ ഇന്ത്യ 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, നമ്മൾ ശുഭാപ്തിവിശ്വാസം പുലർത്തേണ്ടതുണ്ടോ? പ്രതീക്ഷ വയ്ക്കേണ്ടതുണ്ടോ? അതോ മോശം സമയത്തിന്റെ മറ്റൊരു നീണ്ട കാലത്തിലേക്ക് നമ്മെ വലിച്ചിഴച്ചേക്കാവുന്ന അന്തരീക്ഷം ഇവിടെയുണ്ടോ? നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, താൻ ഈ ആശയങ്ങളിൽ വിശ്വസിക്കുന്നുവെന്നും ‘‘minimum government and maximum governance’’ എന്ന ആശയം ഉറപ്പാക്കുമെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഇതുവരെ പാലിച്ചിട്ടില്ലാത്ത വാഗ്ദാനമാണത്. എല്ലാ കോണുകളിലും ഉദ്യോഗസ്ഥരുടെ കണ്ണുകള്‍ പതിയുന്ന സാഹചര്യം. ബോളിവുഡില്‍ ഉണ്ടാകുന്ന ചില തരത്തിലുള്ള സിനിമകൾ പോലും നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നതായി തോന്നുന്നു. മാധ്യമങ്ങള്‍ക്കിടയിലെ ഇത്തരം ഇടപെടൽ രഹസ്യമല്ല.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ സാധാരണക്കാരടെ ജീവിതം മെച്ചപ്പെട്ടിരുന്നുവെങ്കിൽ, മോദിക്ക് ആശങ്കപ്പെടാൻ കുറച്ച് മാത്രമേ ഉണ്ടാകുമായിരുന്നൊള്ളു. എന്നാൽ സാധാരണ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ സാമ്പത്തിക വളർച്ച ഉണ്ടായില്ലെങ്കില്‍ എങ്ങനെ സാധരണക്കാരുടെ ജീവിതം മെച്ചപ്പെടും. ആരോഗ്യ സംരക്ഷണം പോലുള്ള പൊതു മേഖലകളില്‍ കാര്യമായ പരിഷ്കരണം ഉണ്ടായില്ലെങ്കിലും മെച്ചമുണ്ടാകില്ല. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ കുടിലുകളിലും വൃത്തിഹീനമായ ഗ്രാമങ്ങളിലും ജീവിക്കാൻ നിർബന്ധിതരാകുന്നത് തുടരുകയാണ് ഇന്നും.
പ്രധാനമന്ത്രി എന്ന നിലയിലെ മോദിയുടെ വിജയത്തിന് ഒരുപാട് കാരണങ്ങളുണ്ട്. അദ്ദേഹം രണ്ടാം തവണയും വിജയിച്ചതും ഇതിനാലാണ്. കഴിഞ്ഞയാഴ്ച ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ നാളെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ മോദി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നാണ് പറയുന്നത്. പക്ഷേ, ഇന്ത്യ എന്ന രാഷ്ട്രം ഉണ്ടായ വർഷങ്ങളിൽ നിന്ന് മാറ്റമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ആ സാഹചര്യങ്ങള്‍ മാറുകയും ഒരു ശരാശരി ഇന്ത്യക്കാരന് അവരുടെ ജീവിതത്തിൽ പുരോഗതി കാണാൻ കഴിയുകയും ചെയ്യുമ്പോൾ മാത്രമേ രാജ്യത്തിന് മാറ്റം ഉണ്ടാവുകയുള്ളു. 75-ാം സ്വതന്ത്ര്യ ദിനാംശസകള്‍.