/indian-express-malayalam/media/media_files/uploads/2019/12/mini-5.jpg)
ആ ക്രിസ്തുമസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പുതുതായി പണിത വീട്ടിലെ ഞങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു അത്. അക്കാരണം കൊണ്ടു തന്നെ അത് അടിപൊളിയാക്കാനുള്ള ഒരുക്കങ്ങൾ മൂന്നു മാസം മുൻപേ ഞാൻ തുടങ്ങി. പരസഹായം കൂടാതെ എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന ആഗ്രഹത്തോടെ മുറ്റത്തു നിൽക്കുന്ന പനിനീർചാമ്പയിൽ നിന്നും തുടുത്തു പഴുത്തു നിൽക്കുന്ന പനിനീർ ചാമ്പങ്ങയൊക്കെ പറിച്ച് ഒരു ഭരണിയിൽ വൈൻ ഇട്ടു വെച്ചു. കസിന്റെ വീട്ടിൽ നിന്നും ക്രിസ്മസ് ട്രീയ്ക്ക് പറ്റിയ ഒരു മരക്കുറ്റിയൊക്കെ സംഘടിപ്പിച്ച് കളർ ഒക്കെ കൊടുത്ത് ഗംഭീരമാക്കി, അതിൽ ഇടാനുള്ള സീരിയൽ ലൈറ്റും പുത്തൻ സ്റ്റാറുമൊക്കെ വാങ്ങി വെച്ചു.
അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് ഡിസംബർ എത്തി. ആദ്യ ദിവസം തന്നെ വെള്ള സ്റ്റാറ് തൂക്കി, ട്രീയും പുൽക്കൂടും അലങ്കരിച്ച് സെറ്റപ്പാക്കി വെച്ചു. കേക്കുണ്ടാക്കാൻ പഠിച്ചു... അങ്ങനെ ഉഷാറായി ക്രിസ്തുമസ് എത്തുന്നതും കാത്തിരിക്കുമ്പോഴാണ് അപ്പയുടെ അകന്ന ബന്ധുവായ ഐസു ചാച്ചൻ മോൾടെ കല്യാണം ക്ഷണിക്കാൻ എത്തുന്നത്. കാലങ്ങളായി അങ്ങ് ആസ്‌ത്രേലിയായിൽ സകുടുംബം ജീവിക്കുന്ന അദ്ദേഹത്തെ വളരെ അപൂർവമായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. കാണുമ്പോഴെല്ലാം ബന്ധങ്ങളെ അതിന്റെ എല്ലാ ഊഷ്മളതയോടും കൂടി ചേർത്തു പിടിക്കാൻ കൊതിക്കുന്ന ഗൃഹാതുരത്വം ബാധിച്ച ഒരു മറുനാടൻ മലയാളി എന്ന തോന്നലാണ് എനിക്ക് ഉണ്ടായിട്ടുള്ളത്.
സാമ്പത്തികമായൊന്നും ആരെയും സഹായിച്ചതായി പറഞ്ഞു കേട്ടിട്ടില്ലെങ്കിലും, നാട്ടിലുള്ള അവസരങ്ങളിൽ ആരും ക്ഷണിച്ചിട്ടില്ലെങ്കിൽ കൂടി കുടുംബസമേതം ഐസുചാച്ചൻ സ്വന്തക്കാരുടെയും നാട്ടുകാരുടെയും വിവാഹം തുടങ്ങി എല്ലാ ചടങ്ങുകൾക്കും സംബന്ധിക്കുകയും ആദ്യാവസാനം ആ ചടങ്ങുകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യും. പിന്നീട് പരിപാടികളുടെ വീഡിയോ കാണുമ്പോഴാണ് ചാച്ചനും കുടുംബവും ഇല്ലാത്ത ഒരു ഫോട്ടോ പോലും ഇല്ലല്ലോ എന്ന് നമ്മൾ അതിശയത്തോടെ ചിന്തിക്കുന്നത്. എന്റെ കല്യാണത്തിനൊന്നും ഐസു ചാച്ചൻ നാട്ടിൽ ഇല്ലായിരുന്നു.
വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ സ്നേഹ പ്രകടനങ്ങൾക്കൊടുവിൽ 'മോൾടെ ഒരു പരിപാടിയ്ക്കും ചാച്ചന് പങ്കെടുക്കാൻ പറ്റിയില്ലല്ലോ,' എന്ന നഷ്ടബോധത്തോടെ കക്ഷി വീട് മുഴുവൻ ചുറ്റിനടന്നുകണ്ടു. കാണലിനൊപ്പം തന്നെ 'ശ്ശോ... നശിപ്പിച്ചു ഇത് ഇങ്ങനെ അല്ലായിരുന്നു വേണ്ടിയെ. ഇവിടെ ശരിക്കും അതാവാമായിരുന്നു അവിടെ ശരിക്കും ഇതാവാമായിരുന്നു, ഈ സ്റ്റാറിന് എന്നാ വിലയായി? പുതിയ വീടൊക്കെ ആവുമ്പോ ഇച്ചരേം കൂടെ അടിപൊളി സ്റ്റാറൊക്കെ വാങ്ങി തൂക്കാമാരുന്നല്ലോ,' എന്നൊക്കെ ബള ബളാ പറഞ്ഞ് വെറുപ്പിക്കാൻ തുടങ്ങി. ഇതൊക്കെ കേട്ട് ബിജുച്ചേട്ടന് ഒട്ടും ഇഷ്ടമാവുന്നില്ലെന്ന് ആ മുഖം കണ്ടതും എനിക്ക് മനസ്സിലായി. അതു കൊണ്ടു തന്നെ 'ആരെയും ആശ്രയിക്കാതെ ഈ ചെറിയ പ്രായത്തിൽ ബിജു ചേട്ടന് ഇത്രയൊക്കെ ചെയ്യാൻ പറ്റിയല്ലോ ചാച്ചാ,' എന്നൊക്കെ പറഞ്ഞ് ആ സംസാരം വഴി തിരിച്ചു വിടാൻ ഞാൻ മാക്സിമം ശ്രമിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കക്ഷി വീണ്ടും ഉള്ളിടത്തൊക്കെ കുനിഞ്ഞു നോക്കി അതെല്ലാം പുള്ളിയുടെ ആഡംബര വീടുമായി താരതമ്യം ചെയ്ത് സംസാരിക്കാൻ തുടങ്ങി. എനിക്കും ബോറടിച്ചു തുടങ്ങി പക്ഷേ എന്തു ചെയ്യാനാണ് ? ഐസു ചാച്ചനല്ലേ. ഓരോരുത്തർക്ക് ഓരോ കുറവുകൾ ഉണ്ടല്ലോ. ഞാൻ ക്ഷമിച്ചു. എന്തായാലും വിശദമായ വീടു കാണലും ചായ കുടിയുമൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരം പുള്ളി വന്ന വിഷയത്തിലേക്ക് കടന്നു.
Click Here: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം
/indian-express-malayalam/media/media_files/uploads/2019/12/mini-1.jpg)
Christmas 2019: 'പിള്ളേരേ, നമ്മുടെ ചിച്ചൂന്റെ കല്യാണമാണ്. ഞങ്ങൾക്ക് ഉടനെ പോകേണ്ടത് കൊണ്ട് ക്രിസ്തുമസ്സിന്റെ അന്നാ കല്യാണം വെച്ചിരിക്കുന്നത്. നിങ്ങള് മധുരം വെപ്പിന് നേരത്തെ വീട്ടിലോട്ട് എത്തിക്കോണം. വന്നില്ലേ ചാച്ചൻ ഇവിടെ വന്ന് കൊണ്ടു പോകും പറഞ്ഞേക്കാം.'
സ്നേഹത്തോടെ എന്നാൽ കർശനമായും കണിശമായും ഇതു തന്നെ പലവട്ടം മാറ്റിയും മറിച്ചും പറഞ്ഞും കൊച്ചു ടിവി കാണുകയായിരുന്ന കുഞ്ഞുങ്ങളെയൊക്കെ എടുത്തു പൊക്കി ഉമ്മയൊക്കെ കൊടുത്തും പുള്ളി യാത്രയൊക്കെ പറഞ്ഞ് ഇറങ്ങി. കാറു സ്റ്റാർട്ട് ചെയ്ത് ടാറ്റയും തന്ന് കക്ഷി കണ്ണിൽ നിന്നും മറഞ്ഞതും 'എന്തൊരു ജാഡക്കാരനാ മിനിയേ നിന്റെ ചാച്ചൻ. സംസാരത്തിലൊന്നും ഒട്ടും ആത്മാർത്ഥതയില്ല. നമുക്ക് കല്യാണത്തിനൊന്നും പോണ്ടാട്ടോ നല്ലൊരു ക്രിസ്തുമസായിട്ട് ഇവിടെ കൂടാം. പുള്ളിയൊരു ഫോര്‍മാലിറ്റിയ്ക്ക് വിളിച്ചെന്നെ ഉള്ളൂ പോയില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന്,' ബിജുചേട്ടൻ പറഞ്ഞു. അതു കേട്ട് എനിക്ക് സങ്കടം വന്നു.
'എന്തു നല്ല ചാച്ചനാ. എത്ര സ്നേഹമായിട്ടാ നമ്മളെ ക്ഷണിച്ചേ. നമുക്ക് മധുരം വെപ്പിന് പോയില്ലെങ്കിലും കല്യാണത്തിന് പോണം, അതാ അതിന്റെ ഒരു മര്യാദ. പ്ലീസ് ബിജുച്ചേട്ടാ...'
കുറേ നേരം യാചനയും സോപ്പിടീലും മറ്റുമായി നടന്നെങ്കിലും ഒടുവിൽ 'ഞാൻ വരുന്നില്ല നിര്‍ബന്ധമാണേ മിനി തനിയെ പൊക്കോ. ഇത്രേം ദൂരത്തോട്ട് കുഞ്ഞുങ്ങളേം കൊണ്ടു പോകണ്ട,' പുള്ളി ഉറപ്പിച്ചു പറഞ്ഞു.
'ഓക്കേ.. ആരും വരണ്ട ഞാൻ ഒറ്റയ്ക്ക് പോക്കോളാം. ആരും പോകാതിരുന്നാ ചാച്ചന് വലിയ വിഷമമാകും.;
ചാച്ചനോടുള്ള സ്നേഹം കൊണ്ട് ആവേശത്തോടെ ഞാൻ പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ദിവസം അടുത്തു തുടങ്ങിയതോടെ ഞാനാകെ ടെൻഷനിലായി. ഇത്രയും വിളിച്ച സ്ഥിതിയ്ക്ക് കല്യാണത്തിന് പോയേ പറ്റൂ, പക്ഷേ എങ്ങനെ പോകും? ബിജുചേട്ടൻ വരാത്തത് കൊണ്ട് കാറുണ്ടാവില്ല. എനിക്ക് ലൈസൻസൊക്കെ ഉണ്ടെങ്കിലും കാർ തരത്തുമില്ല... അടുത്തൊന്നും റിലേറ്റിവ്സ് ഇല്ല. ഉണ്ടായിരുന്നെങ്കിൽ അവരുടെ കൂടെ പോകാമായിരുന്നു. അപ്പോൾ പിന്നെ ബസ്സിന് പോകേണ്ടി വരും ക്രിസ്തുമസ്സിന്റെ അന്നായതു കൊണ്ട് ബസ്സുകളും വളരെ കുറവായിരിക്കും. എന്തു ചെയ്യും? ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. അങ്ങനെയിരിക്കുമ്പോഴാണ് ക്രിസ്തുമസിന് രണ്ടു ദിവസം മുമ്പ് കസിനായ ഷിബി വിളിച്ച് കല്യാണത്തിന് പോകുന്ന കാര്യം പറയുന്നത്. പുള്ളിക്കാരിയുടെ വീട്ടിൽ നിന്നും മറ്റാരും പോകുന്നില്ല പക്ഷേ കുഞ്ഞുങ്ങളേം കൊണ്ടു പോകേണ്ടി
വരും.
'നല്ല ദൂരമൊണ്ട് ഇതുങ്ങളേം കൊണ്ട് ബസ്സിലൊക്കെ കേറി എങ്ങനെ പോകും ?ചാച്ചനാണെങ്കി നമ്മള് ചെന്നില്ലേൽ വിഷമവും ആവും. പുള്ളി ഇങ്ങോട്ട് വന്നു പിടിച്ചോണ്ട് പോകുമെന്നാ പറഞ്ഞേക്കുന്നെ,' ഷിബി പറഞ്ഞു. അപ്പോൾ പോയ വീട്ടിലൊക്കെ ചാച്ചൻ ഒരേ പോലെയാണല്ലോ കർത്താവേ പറഞ്ഞിരിക്കുന്നത് എന്നെനിക്ക് തോന്നാതിരുന്നില്ല.
'അതൊന്നും സാരമില്ല നമുക്ക് പോകാമെന്നേ,' ഷിബി കൂടി ഉണ്ടല്ലോ എന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു. എന്തായാലും അന്നു തുടങ്ങി ഞങ്ങൾ രണ്ടു പേർക്കും വല്യ ഉത്സാഹമായി. പണിത്തിരക്കിനിടെ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് പലവട്ടം നിൽക്കേണ്ട ബസ് സ്റ്റോപ്പ്, പോകേണ്ട റൂട്ട് എന്നിവയൊക്കെ ഉറപ്പിച്ചു കൊണ്ടിരുന്നു. അന്ന് രാത്രിയാണ് വീട്ടിൽ കരോൾ വന്നത്. ഒരാഴ്ച്ച നീണ്ട സന്തോഷകരമായ കാത്തിരിപ്പിനൊടുവിലാണ് ഞങ്ങളുടെ ഏരിയയിലേക്ക് കരോൾ വരിക. ഞാനും ബിജുച്ചേട്ടനും സണ്ടേസ്കൂൾ അധ്യാപകരായാതു കൊണ്ട് തുടക്കം മുതൽ ഒടുക്കം വരെയുള്ള ആറു ദിവസവും കരോൾ തുടങ്ങുന്ന സമയം മുതൽ വെളുപ്പിന് രണ്ടു മണിയ്ക്ക് തീരും വരെ കരോളിനൊപ്പം തമ്പേറും, സൈഡ് ഡ്രമ്മും ഒക്കെ കൊട്ടി പാട്ടും പാടി ബിജു ചേട്ടൻ ഉണ്ടാകും. അതു കൊണ്ട് വീട്ടിൽ കരോൾ വരുമ്പോഴേക്കും അധ്യാപകരും കുട്ടികളും അടക്കം കുറഞ്ഞത് പത്തിരുനൂറുപേർ എങ്കിലും കാണും. അതു പോലെ മറ്റുള്ള വീടുകളിലേക്കാൾ രണ്ടോ മൂന്നോ പാട്ടുകൾ കൂടുതൽ പാടിയെ പോകാറുമുള്ളു. കൂടാതെ എല്ലാ തവണയും കരോളുകാർക്കായി എന്തെങ്കിലുമൊക്കെ സർപ്രൈസ് ബിജു ചേട്ടൻ കരുതാറുണ്ട്. അതു കൊണ്ടാണ് വീട്ടിലെത്തുമ്പോൾ കുട്ടികളുടെ എണ്ണം കൂടുന്നത്.
/indian-express-malayalam/media/media_files/uploads/2019/12/mini-2.jpg)
Christmas 2019: എന്തായാലും സർപ്രൈസും സാന്താ അപ്പൂപ്പന്റെ ബ്രേക്ക് ഡാൻസും ഒക്കെയായി പുതിയ വീട്ടിലെ കരോൾ അടിപൊളിയായി. ക്രിസ്തുമസ്സിന്റെ അന്ന് വെളുപ്പിന് കല്യാണത്തിന് പോകാനുള്ളതു കൊണ്ട് തലേന്ന് തന്നെ കേക്ക്, പിടി, ബീഫ്, ചിക്കൻ, മീൻ, തുടങ്ങി സകല സർവത്ര ക്രിസ്തുമസ് സദ്യ വട്ടങ്ങളും ഉണ്ടാക്കി വെച്ചു. കല്യാണം കൂടാനുള്ള ഉത്സാഹം കൊണ്ട് പണികളൊക്കെ ചെയ്ത ക്ഷീണം പോലും അറിഞ്ഞില്ല. സന്ധ്യയ്ക്ക് കുളിയൊക്കെ കഴിഞ്ഞ് പുതിയ ഡ്രസ്സ് ഒക്കെയിട്ട് പള്ളിയിൽ പോയി രാത്രിയിലെ കരോൾ നൈറ്റും, കുർബാനയുമൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു മണി കഴിഞ്ഞു. പിന്നെ ഒന്നു മയങ്ങാൻ പോലും നിൽക്കാതെ പിറ്റേന്നത്തേക്കുള്ള ബാക്കി ജോലികളും തീർത്ത് വീടൊക്കെ ഭംഗിയാക്കി വൈൻ ഭരണിയൊക്കെ പൊട്ടിച്ച് ചോന്നു തുടുത്ത വൈൻ കുപ്പികളിലേക്ക് പകർത്തി വെച്ച് ആഹാരം പോലും കഴിക്കാതെ തിടുക്കത്തിൽ റെഡിയായി കല്യാണത്തിന് ഇറങ്ങി.ബസ് സ്റ്റോപ്പിൽ കൊണ്ടു വിടും വരെ ആഹാരം കഴിക്കാതെ ഇറങ്ങിയതിനും നല്ലൊരു ക്രിസ്തുമസ് ആയിട്ട് ഞാൻ പോകുന്നതിലും ഉള്ള ഇഷ്ടക്കേടും ബിജു ചേട്ടൻ പറഞ്ഞു കൊണ്ടിരുന്നു.
ബസ് സ്റ്റോപ്പിൽ ഷിബി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ എട്ടു മാസം പ്രായമുള്ള മോളും ,കൂടെ അഞ്ചു വയസ്സുള്ള മോൻ ബേസിലും. അതു കണ്ടപ്പോൾ എനിക്കും കുഞ്ഞുങ്ങളെ കൂട്ടാൻ ഒരു കൊതി. പക്ഷേ ബിജുചേട്ടൻ 'ഒറ്റക്ക് പോയാ മതി,' എന്നും പറഞ്ഞ് അവരേം കൊണ്ട് ഒരു പോക്കങ്ങു പോയി. എന്തായാലും ഞങ്ങൾ ഒട്ടും വൈകാതെ ഒരു ബസ് പിടിച്ച് പ്രസ്തുത പള്ളിയിലെത്തി. ഒരു കുഗ്രാമത്തിന്റെ ഒത്ത നടുക്കാണ് പള്ളി. പള്ളിക്ക് ചുറ്റും ഏക്കറു കണക്കിന് റബ്ബറും കപ്പച്ചക്കയും. അവിടെ അടുത്താണ് ഐസു ചാച്ചന്റെ വീടും. കല്യാണം കഴിഞ്ഞ് വീട്ടിൽ വെച്ചാണ് സദ്യയൊക്കെ. ബസ് സ്റ്റോപ്പിൽ നിന്നും കുറേ ഉള്ളിലോട്ടു നീങ്ങി ചെറിയ ചെറിയ പെട്ടിക്കടകളും ഹോട്ടലും മറ്റുമുണ്ട്, പക്ഷേ ക്രിസ്തുമസ് പ്രമാണിച്ച് അതെല്ലാം അടഞ്ഞു കിടക്കുന്നു. ഞങ്ങളെത്തുമ്പോൾ പെണ്ണും ചെറുക്കനും കൃത്യം പള്ളിയകത്ത് കേറുന്ന സീനാണ്. ചുറ്റിലുമായി ഐസു ചാച്ചനും ആന്റിയും, പരിവാരങ്ങളും, വിഡിയോഗ്രാഫേഴ്സ്, ജിബ്ബ് ക്യാമറ, ബന്ധുക്കളുടെ ഉന്തും തള്ളും ഒക്കെയുണ്ട്. ഇടിച്ചു കേറാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു മൂലയ്ക്ക് ഒതുങ്ങി നിന്നു. അതിനിടെ പലവട്ടം ഐസു ചാച്ചൻ ഞങ്ങളെ കടന്നു പോയി. പുള്ളിക്ക് കണ്ട ഭാവമില്ല. പുള്ളി പളപള മിന്നുന്ന ജുബ്ബയും മുണ്ടും, പട്ടീടെ തൊടല് പോലത്തെ മാലയും കൈ ചെയിനും, സ്വർണ്ണ ഫ്രയിമുള്ള കണ്ണടയുമൊക്കെയായി വീഡിയോഗ്രാഫർക്കൊപ്പം പോസു ചെയ്യുകയാണ്. പുള്ളി ആരെയും മൈൻഡ് ചെയ്യുന്നതേയില്ല. എനിക്ക് വല്ലാതെ നെഗറ്റീവടിച്ചു തുടങ്ങി. 'എടി പുള്ളെ നമ്മള് മധുരം വെപ്പിന് വരാതിരുന്നത് കൊണ്ടുള്ള പരിഭവം ആയിരിക്കും,' ഷിബി ഇടയ്ക്കിടെ എന്നോട് പറഞ്ഞ് സ്വയം ആശ്വസിച്ചു.
Read Also: Christmas 2019: തിരുപ്പിറവിയ്ക്കൊപ്പം പിറക്കുന്ന ഓര്‍മകള്‍
ഒരു തവണ തൊട്ടടുത്തു കൂടി പോയ ചാച്ചനെ പിടിച്ചു നിർത്തി അവൾ മധുരം വെപ്പിന് വരാഞ്ഞതിലുള്ള ക്ഷമാപണം അറിയിച്ചെങ്കിലും പുള്ളി 'ആാാ ആാാ' എന്നും പറഞ്ഞ് മൈൻഡ് ചെയ്യാതെ ഒരു പോക്ക്. എന്തായാലും കുർബ്ബാന തുടങ്ങി എനിക്ക് പതിയെ വിശപ്പ് പിടിച്ചു. എന്റെ അവസ്ഥ തന്നെയായിരുന്നു ഷിബിയ്ക്കും. രണ്ടു പേരും പണിത്തിരക്കിൽ ഒന്നും കഴിക്കാതെയാണ് കല്യാണത്തിന് വന്നിരിക്കുന്നത്. സമയം പന്ത്രണ്ടും കഴിഞ്ഞു. കെട്ടു കഴിഞ്ഞ് പെണ്ണും ചെറുക്കനും ഡ്രസ്സ് മാറാനും ഫോട്ടോ സെഷനും ഒക്കെയായി പോയി. സമയം പിന്നെയും പോയി ഒരു മണിയായി. അപ്പോഴേക്കും ഞങ്ങളുടെ വിശപ്പിനെ ഒക്കെ നിർവീര്യമാക്കിക്കൊണ്ട് ഷിബിയുടെ മോനും മോളും കരച്ചിലായി. ഞാൻ പലരോടും അടുത്തു വല്ല ഹോട്ടലുമുണ്ടോ എന്ന് അന്വേഷിച്ചു. അടുത്തൊന്നും ഹോട്ടൽ തുറന്നിട്ടില്ലെന്നും വിശന്നിട്ട് കുടലു കരിഞ്ഞത് കൊണ്ട് അവര് കുര്‍ബാനയ്ക്കിടെ ആരുടെയോ കാറിൽ ടൗണിൽ എങ്ങാണ്ടു പോയി കുറേ ഏത്തപ്പഴവും ബ്രെഡും വാങ്ങിക്കൊണ്ടു വന്ന് ആവശ്യക്കാർക്കൊക്കെ കൊടുത്തെന്നും ഐസു ചാച്ചൻ ഒരു കാര്യം പോലും ചെന്നവർക്കു വേണ്ടി കരുതിയിട്ടുണ്ടായിരുന്നില്ലെന്നും അവരൊക്കെ ദേഷ്യത്തോടെ പറഞ്ഞു. ഇത്രയും ദൂരം കല്യാണത്തിന് വന്നത് തന്നെ അബദ്ധമായല്ലോ എന്ന ചിന്തയോടെ ചുറ്റും നോക്കിക്കൊണ്ട് ഞാൻ പള്ളിമുറ്റത്തിരുന്നു. ഒരിടത്ത് പെണ്ണും ചെറുക്കനും ലവ് സീനെടുക്കുന്ന തിരക്ക്, ഒരിടത്ത്, ഡിസ്ക്കോ ഡാൻസ്, പാട്ട് മറ്റൊരിടത്ത് ചെറുക്കന്റെ വീട്ടിൽ നിന്നും വന്ന വി ഐ പി ഗസ്റ്റുകൾക്ക് പുറകെ ഐസു ചാച്ചൻ, എന്റെ തൊട്ടു മുൻപിൽ വലിയ വായിൽ കരയുന്ന രണ്ടു കുട്ടികൾ.
/indian-express-malayalam/media/media_files/uploads/2019/12/mini-3.jpg)
Christmas 2019: 'എപ്പോഴാ ഐസു ചാച്ചന്റെ വീട്ടിലേക്ക് പോകുന്നേ അങ്കിളേ?' ഞാൻ സഹികെട്ട് അടുത്തു നിന്ന ഒരു അങ്കിളിനോട് ചോദിച്ചു.
'ആർക്കറിയാം മോളേ, ഈ തേങ്ങാക്കൊലയ്‌ക്ക് വരേണ്ടായിരുന്നു. അവന്റെ ഭാവം കണ്ടോ. മറ്റുള്ളോരുടെ വീട്ടിൽ വന്നാ വല്യ കാര്യാന്വേഷണവും വാർത്താനവുമാ! ഇത്ര നേരമായിട്ടും ഒരു വാക്ക് ചോദിക്കുവാവട്ടെ, ഒന്ന് ചിരിക്കുവാവട്ടെ ചെയ്തിട്ടില്ല. പൊങ്ങിയടിച്ചു നടക്കുന്ന കണ്ടില്ലേ,'അങ്കിൾ പറഞ്ഞു.
കുട്ടികളുടെ ശാഠ്യവും ബഹളവും കൂടുതലായി. കുഞ്ഞികൊച്ച് വാശിയോടെ ഷിബിയുടെ മാമവും വലിച്ചു കുടിച്ച് അവളെ ഒരു മൂലയ്ക്ക് ഇരുത്തി. അവളുടെ മോനെ സമാധാനിപ്പിക്കാൻ ഞാൻ പെടാപാട് പെട്ടു. അവന് കിന്റർജോയ് അടക്കം എന്തൊക്കെയോ വാഗ്ദാനം ചെയ്തും ഹീ മാനും സൂപ്പർമാനും തുടങ്ങി എന്തെല്ലാമോ കഥ പറഞ്ഞു കൊടുത്തും ഇടയ്ക്ക് കൂളറിലെ വെള്ളം കൊടുത്തും എടുത്തു നടന്നും എനിക്ക് വയ്യാതായി. അപ്പോഴാണ് ആരോ 'വീട്ടിലേക്ക് പോകാൻ തുടങ്ങുവാ. എല്ലാരും വണ്ടിയേ കേറി ഇരുന്നോളാൻ' പറഞ്ഞത്. ഞങ്ങൾ അതു കേട്ടപാടെ ഒരു കാറിൽ കേറി ഇരുന്നു. ഞങ്ങൾ കേറി ഇരുന്ന് കുറേ കഴിഞ്ഞാണ് കാറെടുത്തത്. ഒന്നരയ്ക്ക് വീട്ടിൽ ചെന്നപ്പോഴുണ്ട് അവിടെ നാടൻ സദ്യയാണ് മൂന്നാമത്തെ ഏറ്റം തുടങ്ങിയതേയുള്ളു.
അതു തീർന്നിട്ടേ ചെറുക്കനെയും പെണ്ണിനേയും കൂടെയുള്ളവരേയും അകത്തോട്ടു കേറ്റൂ. അതും മാർഗ്ഗം കളിച്ചാണ് അകത്തോട്ടു കേറ്റുന്നത്. അതിനുള്ള ഒരുക്കങ്ങൾ ഒരു വശത്തു നടക്കുന്നു. പള്ളിയിൽ നിന്നും പോയവരൊക്കെ ഐസു ചാച്ചന്റെ വീട്ടു മുറ്റത്ത് അവിടവിടെയായി നിൽക്കുകയാണ്. ഞാനും ഷിബിയും നിർത്താതെ കരയുന്ന കൊച്ചുങ്ങളെയും കൊണ്ട് ഒരു വലിയ റബ്ബർ മരത്തിന്റെ പുറകിലോട്ട് നടന്നു. അവിടെ അടുത്തായി ഒരു പൊട്ടക്കിണർ ഉണ്ട്. കുഞ്ഞിക്കൊച്ച് മുലകുടിക്കുന്നത് പോലും നിർത്തി ശ്വാസം നിർത്തി കരച്ചിലായി. അതോടെ ഷിബിയും കരയാൻ തുടങ്ങി. കൂടെയുള്ളവർ ഇതൊന്നും അങ്ങനെ ശ്രദ്ധിക്കുന്നില്ല ഇടയ്ക്ക് പഴവും ബ്രെഡ്ഡുമൊക്കെ കഴിച്ചത് കൊണ്ട് അവർക്കങ്ങനെ വിശപ്പ് പിടിച്ച മട്ടൊന്നുമില്ല. അവിടുത്തെ ആഘോഷങ്ങളിലും പൊങ്ങച്ചങ്ങളിലും മുഴുകി അവരങ്ങനെ നിൽക്കുകയാണ്.
Read Also: Christmas 2019: മുന്നൊരുക്കങ്ങളുടെ ഓർമകളിലൂടെയൊരു ക്രിസ്മസ്
അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഷിബിയുടെ മോൻ പൊട്ടക്കിണറിന്റെ അടുത്തോട്ട് ഓടി ചെന്ന് 'എനിക്ക് വിശന്നിട്ട് വയ്യ ഒന്നും തന്നില്ലേ ഞാനിതിന്റെ അകത്തോട്ടു ചാടും,' എന്നു പറയുന്നത്. ഇതു കേട്ടപാടെ ഷിബി എഴുന്നേറ്റ് വന്ന് അവനെ ഒറ്റ പൊട്ടിക്കൽ അതോടെ കരച്ചിൽ, ബഹളം... എനിക്ക് ഭ്രാന്തു പിടിച്ചു. ഞാൻ അവനെയും എടുത്ത് 'വാ നമുക്ക് പോകാം' എന്നും പറഞ്ഞ് നേരെ നടന്നു. എവിടേക്കാണെന്ന് ഷിബി ചോദിച്ചില്ല. പോകുന്ന വഴിയ്ക്കൊക്കെ എന്റെയും ഷിബിയുടെയും മൊബൈൽ ഫോണുകളിലേക്ക് വീട്ടിൽ നിന്നും വിളികൾ വരുന്നുണ്ട്... അപ്പോഴൊക്കെ ഈ മോൻ 'എല്ലാം ഞാൻ അപ്പോടു പറഞ്ഞു കൊടുക്കും,' എന്ന് ഷിബിയെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. എന്തായാലും ഞങ്ങൾ കാൾ ഒന്നും അറ്റൻഡ് ചെയ്യാതെ നടന്നു. വിജനമായ വഴികളാണ്. എന്റെ ജീവിതത്തിൽ അതു പോലൊരു വിശപ്പ് ഉണ്ടായിട്ടില്ല ആ ക്ഷീണത്തിലും ആ കൊച്ചിനെ എടുത്ത് ഒരു കിലോ മീറ്ററോളം നടന്നു. ആ നടപ്പിൽ ഐസുചാച്ചനെ എന്തോരം പ്രാകിയെന്നു ചോദിച്ചാൽ അതിനു കയ്യും കണക്കുമില്ല.
ബിജു ചേട്ടൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എത്ര സന്തോഷമായി ക്രിസ്തുമസ്സും കൂടി ഇരിക്കാമായിരുന്നു, എന്തായാലും കുഞ്ഞുങ്ങളെ കൊണ്ടു വരാഞ്ഞത് എത്ര നന്നായി എന്നൊക്കെ ഓർത്ത് നടന്നു നടന്ന് ഞങ്ങളൊരു ചെറിയ കവലയിൽ എത്തി. ഒരു ചെറിയ ബാർബർ ഷോപ്പും റേഷൻ കടയും ഹോട്ടലും ഉണ്ടെങ്കിലും ബാർബർ ഷോപ്പൊഴികെ മറ്റൊന്നും തുറന്നിട്ടില്ല. എനിക്കാണെങ്കിൽ അവിടെ എത്തിയപ്പോഴേക്കും തല കറങ്ങി തുടങ്ങി. ഷിബിയാണെങ്കിൽ രണ്ടു പിള്ളേർക്കിട്ടും ഇടയ്ക്കിടെ നല്ല തട്ടും വെച്ചു കൊടുക്കുന്നുണ്ട്. ഞാൻ രണ്ടും ചുറ്റും നോക്കി ഒറ്റ മനുഷ്യനില്ല. ഞാൻ രണ്ടും കൽപ്പിച്ച് ബാർബർ ഷോപ്പിലോട്ട് കേറി ആ ചേട്ടനോട് അടുത്തെവിടെയാ ചേട്ടാ ഹോട്ടൽ? എന്നു ചോദിച്ചു. ഞങ്ങളുടെ അവസ്ഥ കണ്ട് ആ നല്ല മനുഷ്യൻ 'ഇനി പത്തു കിലോമീറ്റർ അപ്പുറമെ ഹോട്ടൽ ഉള്ളു. നിങ്ങള് വാ,' എന്നും പറഞ്ഞ് കൂടുതൽ ചോദ്യമോ പറച്ചിലോ ഇല്ലാതെ കടയുടെ പുറകിലെ ചെറിയ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടായിരുന്നു. അവര് വേഗം രണ്ട് ഇല വെട്ടിക്കൊണ്ടു വന്ന് ഉള്ള ചോറും സർലസും കുടപ്പൻ ഉലർത്തിയതും കൊണ്ടു വെച്ചു. ചോറ് കണ്ടപാടെ മോന്റെ കരച്ചിൽ തേങ്ങലിലേക്ക് മാറി ഷിബി വേഗം കുഞ്ഞിക്കൊച്ചിനെ എന്നെ ഏൽപ്പിച്ചിട്ട് അവന് ചോറു വാരിക്കൊടുക്കാൻ തുടങ്ങി. ആദ്യ ഉരുള വായിൽ വെച്ചു കൊടുത്തതും അതു തുപ്പിക്കളഞ്ഞ് നിറഞ്ഞ കണ്ണുകളോടെ അവനൊരു ചോദ്യം 'മമ്മിയെ ഈ സർലസിന്റെ സ്പെല്ലിങ് എന്താ?'
/indian-express-malayalam/media/media_files/uploads/2019/12/mini-4.jpg)
Christmas 2019: അതു കേട്ടതും ഞാൻ ഞെട്ടലോടെ അവനെ നോക്കി കരഞ്ഞുകുഴഞ്ഞ് കണ്ണീന്നും മൂക്കീന്നും വെള്ളമൊലിച്ച് അവൻ ചോദിക്കുകയാണ്. ഷിബിയുടെ എല്ലാ നിയന്ത്രണവും പോയി. അവൾ അവന്റെ തുടയ്‌ക്കിട്ട് ഒറ്റയടി. 'ഇത്ര നേരം വിശന്നു കരഞ്ഞിട്ട് ചോറു തരുമ്പോ തിന്നാനുള്ളതിന് അവൻ സ്‌പെല്ലിംഗും ചോദിച്ചോണ്ട്..."
അങ്ങനെ അടിയും വഴക്കും ഒക്കെയായി അവൻ തേങ്ങി തേങ്ങി സർലാസും കൂട്ടി ചോറുണ്ടു അതിനിടയ്ക്ക് ആ ചേട്ടനും ചേച്ചിയും ചോദിക്കുന്നുണ്ട് എവിടെ വന്നതാണ്? നാട്ടിൻ പുറത്തിന് ഒരു പ്രത്യേകതയുണ്ടല്ലോ എല്ലാർക്കും എല്ലാരേയും അറിയും. എന്തു പറയണം? ഞങ്ങൾ മുഖത്തോട് മുഖം നോക്കി. അതിനിടയ്ക്ക് ആ ചേട്ടൻ ഭാര്യയോട് , 'ഇന്നല്ലേ ആ പൊങ്ങി ഐസക്കിന്റെ മോൾടെ കല്യാണം,' എന്നൊക്കെ പറയുന്നുണ്ട്. ഞാൻ പറഞ്ഞു 'ചേട്ടാ ഞങ്ങള് വഴി തെറ്റി വന്നതാണെന്ന്.' അവരത് വിശ്വസിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല പക്ഷേ ആളുകളെ കണ്ടറിഞ്ഞ് സഹായിക്കാനുള്ള നല്ല മനസ്സ് അവർക്കുണ്ടായിരുന്നു. ആഹാരം കഴിഞ്ഞ് ആ ചേട്ടൻ ഒരു ഓട്ടോ വിളിച്ച് ഞങ്ങളെ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ വിട്ടു.ഞങ്ങൾ സമാധാനത്തോടെ വീട്ടിലേക്കുള്ള ഒരു ബസ്സിൽ കയറിയിരുന്നു. അപ്പോഴേക്കും നേരം നാലു മണി. കുഞ്ഞിക്കൊച്ച് ഉറക്കം പിടിച്ചിരുന്നു. ഷിബി അവിടെ നടന്നതൊന്നും വീട്ടിൽ പറയാതിരിക്കാനായി മോന് കിൻഡർജോയ് തുടങ്ങി വീഡിയോ ഗെയിo വരെ വാഗ്ദാനം ചെയ്യുകയാണ്. അപ്പോഴാണ് വീണ്ടും വിളികൾ വരുന്നത്. കല്യാണത്തിന് വന്ന ബന്ധുക്കളിൽ ചിലരാണ് 'എവിടെ പോയി? സദ്യ കഴിഞ്ഞു നോക്കിയപ്പോ കണ്ടില്ലല്ലോ?' എനിക്ക് ദേഷ്യം വന്നു. സദ്യ കഴിഞ്ഞപ്പോഴാണ് ഞങ്ങളെ ഓർത്തത് തന്നെ.
'അവിടെ അടുത്ത് പ്രിത്വിരാജിന്റെ സിനിമേടെ ഷൂട്ടിങ് ഉണ്ടാരുന്നു. അത് കഴിഞ്ഞ് ഉഗ്രൻ സദ്യേം. അങ്ങോട്ട് പോയതാ.'
ആ നേരം വരെ രണ്ടു കുട്ടികൾ ആ മാതിരി കരയുന്നത് കണ്ടിട്ട് എന്താണ് കാര്യമെന്ന് ചോദിക്കാത്തവരോട് അതല്ലാതെ എന്തു പറയാൻ. 'ആണോ... അയ്യോ അറിഞ്ഞാ വരാമായിരുന്നു. ഇവിടുത്തെ ഒരു വക അലമ്പ് സദ്യയായിരുന്നു. തിക്കും തിരക്കും.' വിളിച്ചയാൾക്ക് നഷ്ടബോധം. എനിക്ക് സന്തോഷമായി. ഞാൻ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു പത്തു പതിനഞ്ചു മിസ്സ്‌ഡ് കാൾസ് ഉണ്ടായിരുന്നു. വിളിച്ച വഴി പരിഭവം.
'ഞാൻ എത്ര വിളിച്ചൂ മിനീ. അവിടെ അടിച്ചുപൊളിച്ചു നടക്കുന്നതിനിടെ റെസ്പോണ്ട് ചെയ്യാൻ എവിടെ സമയം ലെ? അതു പോട്ടെ എങ്ങനെ ഉണ്ടായിരുന്നു ഫങ്ഷൻ?'
'ഹോ അടിപൊളി ഫങ്ഷൻ ബിജുച്ചേട്ടാ! ആകെ തിരക്കായിപ്പോയി. ഐസുചാച്ചൻ ഇടം വലം തിരിയാൻ വിടണ്ടേ എല്ലായിടത്തും മോളേ മോളേന്നും പറഞ്ഞ്...' ബിജു ചേട്ടനോട് വലിയൊരു കള്ളവും പറഞ്ഞ് ജീവിതത്തിൽ ആദ്യമായി ഇത്രേം അലമ്പ് ക്രിസ്തുമസ്സ് ഉണ്ടായിട്ടേ ഇല്ലല്ലോ കർത്താവേ ! എന്നുമോർത്ത് ഇച്ഛാഭംഗത്തോടെ കണ്ണുമടച്ച് സീറ്റിലോട്ട് ചാരിയപ്പോഴാണ് പെട്ടെന്ന് ആ ചോദ്യം ഉള്ളിലോട്ടു വന്നത്, 'മമ്മിയെ ഈ സർലസിന്റെ സ്പെല്ലിങ് എന്താ?'
ഞാൻ എന്റെ മടിയിൽ തലവെച്ചു കിടന്നുറങ്ങുന്ന മോനെ നോക്കി. എനിക്ക് വല്ലാതെ ചിരി വരാൻ തുടങ്ങി. എത്ര അടക്കിപ്പിടിച്ചിട്ടും ഒതുങ്ങാതെ അത് പൊട്ടി ചിതറി.
'എന്താ പറ്റിയെ വട്ടായോ ?' അടുത്തിരുന്ന് ഷിബി ചോദിച്ചു. അവനെ നോക്കുമ്പോഴൊക്കെ എന്റെ ചിരി കുടിക്കൂടി വന്നു. ഇന്നും സർലസ് കാണുമ്പോഴും ക്രിസ്തുമസ് വരുമ്പോഴും എന്റെ ഉള്ളിൽ ആ ദിവസവും അന്നത്തെ വിശപ്പും ആ ചേച്ചി തന്ന ആഹാരവും അവന്റെ ചോദ്യവും വലിയൊരു ചിരിയുടെ അകമ്പടിയോടെ നിറയും.
ഈ അടുത്താണ് ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞത് തന്നെ. പേടിച്ചു പേടിച്ചാണ് പറഞ്ഞതെങ്കിലും സർലസിന്റെ സ്പെല്ലിങ് എത്തിയതോടെ സംഗതി ഉഷാറായി.
'ഞാൻ അപ്പോഴേ പറഞ്ഞില്ലായിരുന്നോ അയാൾ വെറും ജാഡയാണെന്ന് ?' ബിജുചേട്ടൻ ഓർമ്മിപ്പിച്ചു.
'അതിനെന്താ ഞാൻ അതിലും വലിയ ജാഡയാണെന്ന് കാണിച്ചു കൊടുക്കുന്നുണ്ട്,' ഞാൻ മനസ്സിൽ പറഞ്ഞു. എന്തായാലും അതിനുള്ള അവസരം കിട്ടി. ഐസു ചാച്ചനോട് ഞാൻ മധുര പ്രതികാരം ചെയ്യുക തന്നെ ചെയ്തു.
അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് 'അയച്ച എഫ് ബി റിക്വസ്റ്റിന് രണ്ടു വർഷം കഴിഞ്ഞും പ്രതികരണമൊന്നും ഇല്ലല്ലോ മോളേ,' എന്ന് പുള്ളി പരിഭവം പറഞ്ഞപ്പോ, കനത്ത ജാടയോടെ
'ആണോ? ഞാനെങ്ങും കണ്ടില്ല ആയിരക്കണക്കിന് റിക്വസ്റ്റുകളാ ഡെയ്‌ലി വന്നു കിടക്കുന്നെ... ഇതൊക്കെ നോക്കാൻ ആർക്കാ നേരം' എന്നും പറഞ്ഞ് വലിയ മൈൻഡൊന്നും ചെയ്യാതെ ഒറ്റ നടത്തം. ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് അങ്ങേരാകെ ചമ്മി നിൽക്കുന്നു. അതു കണ്ടപ്പോ എന്തോ വല്യൊരു ആശ്വാസം തോന്നി. ഹല്ല പിന്നെ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.