ഡിസംബറിലെ തണുപ്പിൽ പാതിരാ കുർബ്ബാനയ്ക്ക് പാടവരമ്പത്തൂടെ പള്ളിയിലേക്ക് പോകുന്ന കുഞ്ഞുന്നാളിലെ ഓർമ്മകൾ. ഇടവഴികളുടെ ഒറ്റയടിപ്പാത നാട്ടുവെളിച്ചത്തിൽ തെളിഞ്ഞു വരുമ്പോൾ വല്ല ഇഴജന്തുക്കളോമറ്റോ മാറിപ്പോകാനായി കാലുകൾ അമർത്തിച്ചവിട്ടി ഒച്ചയുണ്ടാക്കിയാണ് നടപ്പ്. ചിലപ്പോഴൊക്കെ കെട്ടിയ ചൂട്ട്കറ്റ വീശി വഴികാട്ടും അതുമല്ലെങ്കിൽ മെഴുതിരിയിൽ കടലാസ് ചുറ്റിയിട്ട് തീ കൊളുത്തും. തിരിയോടൊപ്പം കടലാസും ചേർന്ന് കത്തും ആവശ്യത്തിന് വെളിച്ചവും ലഭിക്കും. ആകാശങ്ങളിലെ നക്ഷത്രങ്ങളേക്കാളും വലുപ്പത്തിൽ ഓരോ വീടുകളിലും നക്ഷത്രവിളക്കുകൾ തൂക്കിയിട്ടുണ്ടാവും.
വൈകുന്നേരമാവുമ്പോൾ വീട്ടുമുറ്റത്ത് ചില്ല മരക്കൊമ്പുകളിൽ തൂക്കിയ ആകാശവിളക്കുകൾ കുഞ്ഞുകപ്പികളിലൂടെ ചരട് വലിച്ച് താഴേക്കിറക്കും. പാനൂസ് പണിക്കാരുടെ ആലയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന പാട്ടവിളക്കിൽ മണ്ണെണ്ണ നിറച്ച് തിരിയിട്ട്, കൊളുത്തി നക്ഷത്രവിളക്കിനുള്ളിലെ തട്ടിൽ ഉറപ്പിക്കുന്നു. ചിലപ്പോൾ വലിയ മെഴുകുതിരി കത്തിച്ച് തട്ടിലുറപ്പിക്കുന്നു. സാവധാനം ചരട് സൂക്ഷ്മതയോടെ വലിച്ച് മേലേക്ക് കയറ്റുന്നു. മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞവെട്ടത്തിൽ നക്ഷത്രങ്ങൾ അതിൽ ഒട്ടിച്ച ചില ആശംസാ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നു.
Read More: ‘മഞ്ചാടിക്കുരു’ ബാല്യവും ഭംഗിയുള്ള ക്രിസ്മസുകളും
അപ്പന്റെ അനിയൻ പാഞ്ചിക്കൊച്ചാപ്പനാണ് നക്ഷത്രങ്ങൾ ഉണ്ടാക്കുന്നത്. തെക്കുംതല സർപ്പക്കാവിലെ ഇല്ലിക്കൂട്ടത്തിൽ നിന്ന് വെട്ടിയെടുത്തു മുളങ്കൊമ്പ് ആഴ്ചകൾക്ക് മുന്നേ വീട്ടിലെ കുളത്തിൽ മുക്കിയിടും. ഒരാഴ്ച്ചകഴിഞ്ഞ് മുള്ളും കമ്പും കറഞ്ഞുമാറ്റുന്നു, പിന്നെ വാക്കത്തി മുനയാൽ കൊത്തി വാരി പൊളിക്കുന്നു. ഒരേ വലുപ്പത്തിൽ പത്ത് കഷണങ്ങൾ ചീവി മിനുക്കി നേർപ്പിക്കുന്നു.
കതൃക്കടവിലെ ബാപ്പന്റെ കടയിൽ നിന്ന് മുഴുത്ത ചരടും ചൈനാക്കടലാസും വാങ്ങിവച്ചിട്ടുണ്ടാവും.പലവർണ്ണങ്ങളിൽ നേർത്തുമിനുസ്സമായ കടലാസുകൾ ലഭ്യമാണ്… പൊതുവേ വെള്ളക്കടലാസിലാണ് നക്ഷത്രം പൊതിയുക, എന്നിട്ട് വയലറ്റ് കടലാസ് നേർമയിൽ മുറിച്ച് നീളത്തിൽ രണ്ടായി മടക്കി കതൃകകൊണ്ട് അറക്കവാളുപോലെ മുറിച്ച് മുളങ്കമ്പ് മറക്കാനായി നീളത്തിൽ ഒട്ടിക്കുന്നു.
അഞ്ച് മൂലയുടെ അപ്പൂപ്പൻ നക്ഷത്രങ്ങളാണ് കൊച്ചാപ്പൻ ഉണ്ടാക്കുക. ശൗരിക്കുട്ടിയുടേയോ പാലിയുടേയോ അരവിന്ദാക്ഷന്റെയോ പാനൂസ് ആലയിൽ നിന്ന് പാട്ടവിളക്ക് സംഘടിപ്പിച്ചിട്ടുണ്ടാകും. വാരിയുടെ ബാക്കിവന്ന കഷണങ്ങൾ നേർമ്മയിൽ മുറിച്ച് കൊതുമ്പു തീയിൽ വാട്ടി വളച്ച് വളയങ്ങളനേകം കെട്ടിയുണ്ടാക്കും . വർണ്ണക്കടലാസുകൾ മുറിച്ച് ഓരോ വളയങ്ങളിലും ചുറ്റിയൊട്ടിക്കുന്നു. വളയം പൂർത്തിയായാൽ രണ്ടറ്റവും ചേർത്ത് ഒരുകുഴലുപോലെയാക്കിയിട്ട് കീഴറ്റം ചരടിൽ കൂട്ടി അടയ്ക്കുന്നു. വട്ടത്തിൽ കട്ടിക്കടലാസ് പാകത്തിൽ മുറിച്ച് വളയത്തിനകത്തൂടെ ഇട്ട് തട്ട് തയ്യാറാക്കുന്നു. മൂന്ന് സ്ഥലത്തായി വളയത്തിൽ ചരട് കോർത്ത് ളോഹ വിളക്ക് മിറ്റത്തെ ചെത്തിമരത്തിന്റെ അനേകം കമ്പുകളിൽ വിളക്ക് കൊളുത്തി കെട്ടിയിടുന്നു.
Read Also: Christmas 2020: തിരുപ്പിറവിയ്ക്കൊപ്പം പിറക്കുന്ന ഓര്‍മകള്‍
രാത്രിയിൽ അനേകം വർണ്ണങ്ങളിൽ കത്തുന്ന ളോഹ വിളക്കിന്റെയൊരു കാഴ്ച്ച അതിമനോഹരമാണ്. അടുത്തതായി പുൽക്കൂടൊരുക്കലാണ്. പറമ്പിൽ നിന്ന് മണ്ണോടൊപ്പം പുല്ലിന്റെ പാളികൾ മുറിച്ചുകൊണ്ടുവരും, മിറ്റത്ത് ആരിവേപ്പിന്റെ കടയോട് ചേർന്ന് തെങ്ങിൻമടൽ കീറി കുഞ്ഞ് പുരയുണ്ടാക്കുന്നു, താഴെ പുൽപ്പാളികൾ നിരത്തി, കരിങ്ങാട്ടയുടെ ഇടതൂർന്ന ഇലത്തൂപ്പുകൾ അരിഞ്ഞ് വശങ്ങൾ മറയ്ക്കുന്നു. പുൽക്കൂട്ടിൽ വയ്ക്കാൻ അന്ന് രൂപങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ പടങ്ങൾ, പുല്ലിൽ ഈർക്കിൽ കുത്തിച്ചാരി ഉറപ്പിക്കും.
എല്ലാം തയ്യാറായിക്കഴിയുമ്പോൾ കുലവെട്ടിയ വാഴത്തട പൊളിച്ച് വീട്ടിലേക്കുള്ള വഴിയലങ്കാരത്തിനായി നിരത്തിയുറപ്പിക്കുന്നു. ഓലമടൽ കീറിയ വഴുക വളച്ച് വാഴത്തടിയിൽ വിളക്ക് വയ്ക്കാനായി ഉറപ്പിക്കുന്നു. മരോട്ടിക്കായ നടുവേ മുറിച്ച് അകം വൃത്തിയാക്കി വഴുകയിൽ തുറന്ന് വയ്ക്കുന്നു. പഴന്തുണി ചുരുട്ടി മുറിച്ച് തിരിയുണ്ടാക്കി എണ്ണനിറച്ച് തിരിതെളിയിക്കുന്നു. വീടുകളായ വീടുകളിലെല്ലാം പലതരത്തിലും നിറത്തിലും ആകാശവിളക്കുകളും നക്ഷത്രങ്ങളും മിന്നിത്തിളങ്ങും. പാടവരമ്പിലൂടെ പള്ളിയിലേക്ക് നടക്കുമ്പോൾ വാൽ നക്ഷത്രങ്ങൾ വല്ലതും മിന്നുന്നോണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. ചിലപ്പോൾ പടിഞ്ഞാറൻ ആകാശത്തിന് വിലങ്ങനെ ഒരു കൊള്ളിയാൻ പാഞ്ഞ് കത്തിയമരും.
പള്ളിയിൽ വലിയ അപ്പൂപ്പന് നക്ഷത്രം തൂക്കിയിട്ടുണ്ടാവും. പെരുന്നാൾ ശുശ്രൂഷയ്ക്കു മുമ്പുളള ഇടവേളയിൽ പള്ളിയങ്കണത്തിൽ, തറയിൽ ഇരിക്കുന്ന കുഞ്ഞുങ്ങളും വലിയമ്മമാരും ഉറക്കം തൂങ്ങുന്നുണ്ടാവും. ഓരോരുത്തരുടേയും തല തൂങ്ങിമറിയുന്നത് കണ്ട് രസിക്കും. കുന്തുരുക്കപ്പുകയും പള്ളിമണിയും മുഴങ്ങുമ്പോൾ കർമ്മങ്ങൾ തുടങ്ങിയെന്നറിഞ്ഞ് എല്ലാവരും ഞെട്ടിയുണരും.
കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് തിരുപ്പിറവിയും പ്രദിക്ഷണയും അവസാനിച്ച് എല്ലാവരും വട്ടക്കല്ലിൽ ഒത്തുകൂടും പാടവരമ്പത്തും ഇടവഴികളിലും വെട്ടം ലഭിക്കാനായി കടലാസ് ചുറ്റിയ മെഴുതിരികൾ കൊളുത്തി മുതിർന്നവർ മുന്നേ നടക്കും. ഒരുഭാഗത്തേക്കുള്ളവർ ഒന്നിച്ച് വരിയായി, വലിയ ശബ്ദത്തിൽ പിറ്റേന്നത്തെ സദ്യവട്ടങ്ങളുടെ ഒരുക്കങ്ങളെപ്പറ്റി വേവലാതിപ്പെട്ട് പരസ്പരം വിശേഷങ്ങൾ പങ്ക് വയ്ക്കും.
ക്രിസ്തുമസ്സിന്റെ മുന്നൊരുക്കങ്ങളിൽ പ്രധാനമായത് മൂപ്പെത്തിയ കായക്കുലകൾ പഴുപ്പിക്കുക എന്നതാണ്. പറമ്പിൽ കുലയില്ലെങ്കിൽ എറണാകുളത്തെ പ്രധാന ചന്തയിലേക്കാവും പോവുക. അവിടെ കായ മൊത്തക്കച്ചവടക്കാരുണ്ട്. അപ്പൂപ്പനോടൊപ്പം പോകാൻ എപ്പോഴും എനിക്കാണ് ഭാഗ്യം ലഭിക്കുക. കതൃക്കടവ് മുക്കിൽ നിന്ന് ഓനാച്ചിയുടെ റിക്ഷാവണ്ടിയിലാണ് പോവുക.
നീണ്ട റിക്ഷത്തണ്ട് താഴേക്ക് ചാരിവച്ചിട്ട് ഓനാച്ചി ഞങ്ങളെ കയററിയിരുത്തും. പിന്നെ തണ്ടുയർത്തി വലിച്ച് ഒരോട്ടമാണ്.
ചന്തക്കടവിലെ, മാർക്കറ്റിന്റെ തെക്കേ കവാടത്തിലെത്തിയിട്ടേ റിക്ഷ നിർത്തൂ. പനക്കപ്പാടം കഴിഞ്ഞ് പുല്ലേപ്പടി റെയിൽ അടയുണ്ടെങ്കിൽ മാത്രം വണ്ടി പോകുന്നതുവരെ കാത്തിരിക്കും. പനക്കപ്പാടം കള്ള്ഷാപ്പിലേക്ക് അപ്പോൾ ഓനാച്ചിയുടെ ഒരു പാഞ്ഞുപോക്കുണ്ട്. കിറിയും തുടച്ച് ഉടനേ തന്നെ തിരിച്ചും പോരും. ചന്തയിൽ നിന്ന് മുഴുത്ത രണ്ട് വീതം കുലകൾ അപ്പൂപ്പൻ വിലപേശിയെടുക്കും. പണിക്കാർ അത് വണ്ടിയിലേക്ക് ചുമക്കുന്നതിനുമുന്നേ അഞ്ച് വിരലുകളും സ്പർശിച്ച് പടലകൾ തടവി പഴമെണ്ണിത്തിട്ടപ്പെടുത്തി ബോധിപ്പിക്കും.
Read Also: സർലസിന്റെ സ്പെല്ലിങ്: ഒരു ഒന്നൊന്നര ക്രിസ്തുമസ് ഓർമ്മ
വീട്ടിലെത്തിയാൽ പച്ചക്കുലകൾ കുഴികാച്ചും. അതിനായി കുലകൾ ഇറക്കി വയ്ക്കാൻ പാകത്തിൽ ദീർഘചതുര ആകൃതിയിൽ കുഴിയെടുക്കും മണ്ണെല്ലാം നീക്കി വടിച്ചിട്ട് വേലിയിൽ നിന്ന് ഇലയോടെ കമ്പ് മുറിച്ച് കുഴിയിലിടും. കശൂമ്മാവിന്റെ ഉണക്കയില അടിച്ച് കൂട്ടി പച്ചചപ്പിനുമേൽ തീയിടുന്നു . പുകച്ചുരുളുകൾ താവറയ്ക്കൊപ്പം മുകളിലേക്ക് പറക്കും. പച്ചയിലകളിൽ തീപടർന്ന് നേർത്ത ശബ്ദത്തിൽ പൊട്ടും. ഇലപാതി കരിഞ്ഞും പാതി പച്ചയിലും തീ തല്ലിക്കെടുത്തും. കനലും താവറയും അമർന്ന് തണുക്കുമ്പോൾ വാഴക്കുലകളെല്ലാം കുഴിയിൽ അടുക്കി, ബാക്കിവന്ന ചപ്പും കശുമാവിൻ ചവറും നിറച്ച് , കുഴിക്ക് മേലേ കോല് പാകി, പനമ്പ് തട്ടി വിരിച്ച് മേലേ മണ്ണ് വിരിച്ച് കുഴി മൂടുന്നു.
ക്രിസ്തുമസ് തലേന്ന് കുഴി തുറക്കും. പനന്തട്ടിയും വാരിക്കോലുകളും ചവറും മാറ്റിച്ചെല്ലുമ്പോൾ സ്വർണ്ണ നിറത്തിൽ വാഴപ്പഴം പാകമായിട്ടുണ്ടാവും. ഒരു മാന്ത്രികനെ പ്പോലെ അപ്പൂപ്പൻ തന്റെ വിജയസ്മിതം തൂവും. അടുക്കളയിൽ ഇടിയും പൊടിയും തുടങ്ങിയിട്ടുണ്ടാവും കുതിർത്ത പച്ചരിയും, പുളിയ തേങ്ങാക്കഷണങ്ങളും കുറേശ്ശേയായി ഉരലിൽ പാകത്തിൽ നിറച്ച് ഉലക്ക കൊണ്ട് ഇടി തുടങ്ങിയിട്ടുണ്ടാവും. അമ്മയും അമ്മായിയും അമ്മൂമ്മയും കൈമാറി, താളത്തിൽ അരിയെല്ലാം ഇടിച്ചുപൊടിച്ചു. നേർത്ത അരിപ്പയിൽ അരിച്ചെടുത്ത് കള്ള് ചേർത്ത് കുഴച്ച് വയ്ക്കുന്നു. മാവ് പൊങ്ങാൻ സമയമെടുക്കും മാവ് പൊങ്ങാൻ സമയമെടുക്കും.
ആ സമയം കൊണ്ട് കുറ്റിയടുപ്പ് തയ്യാറാക്കണം. കതൃക്കടവിലെ അന്തപ്പന്റെ അറക്കമില്ലിൽ നിന്ന് രണ്ട് ചാക്ക് അറക്കപ്പൊടി അതിനൊപ്പം പുറന്തള്ളുന്ന പുറകോട്ടിനൊപ്പം തൂക്കി മേടിച്ച് വന്നതേയുള്ളു. ഇരുമ്പ് കുറ്റിയിൽ നടുവിൽ ഒടിഞ്ഞ കുഞ്ഞ് ഉലക്ക വച്ചിട്ട്. താഴെ വശത്തു നിന്നുള്ള തുളയിലും ഉരുണ്ട കുഞ്ഞു മരക്കഷണം വയ്ക്കുന്നു. രണ്ട് കഷണങ്ങളും അടിയിൽ ചേർന്നിരിക്കണം. എന്നിട്ട് മേലേ നിന്ന് അറക്കപ്പൊടി നിറച്ച് കുത്തിയുറപ്പിക്കണം. അവസാനം മരക്കമ്പുകൾ രണ്ടും വലിച്ചു മാറ്റുമ്പോൾ, കുറ്റിയടുപ്പ് തയ്യാർ. താഴെയുള്ള തുളയിലൂടെ വിറക് വച്ചിട്ട് തീ കൊളുത്തുന്നു.
ഇരുമ്പിന്റെ അപ്പച്ചട്ടി അടുപ്പിൽ വച്ച് നല്ലെണ്ണ പുരട്ടി, ചട്ടി പതം വരുത്തിയിട്ട് അപ്പം ചുട്ടെടുക്കുന്നു. അപ്പോഴേക്കും സന്ധ്യയാകും, നക്ഷത്രവിളക്കുകൾ തെളിയിക്കും ഒരു കയ്യിൽ ആവിപറക്കുന്ന മൊരിയൻ അപ്പവും മറുകയ്യിൽ പാകമായ പഴവും മാറിമാറി കടിച്ചിറക്കിയിട്ട്, പപ്പാഞ്ഞികളി സംഘങ്ങളെ കാത്തിരിക്കുന്നു. ഏതൊരു വിശേഷ ദിവസങ്ങളുടേയും ഇതുപോലുള്ള മുന്നൊരുക്കങ്ങളിലാണ് അതിന്റെ സന്തോഷം കുടികൊള്ളുന്നത്.
Read More: കര്‍ത്താവിന്റെ ബെര്‍ത്ത് ഡേ അഥവാ ക്രോണിക്കിള്‍ ഓഫ് എ കോട്ടയംകാരന്‍
ക്രിസ്തുവിന്റെ ജനനത്തിന്റെ ചരിത്രാഖ്യായിക പുനരാവിഷ്ക്കരിച്ച് പപ്പാഞ്ഞിക്കൂട്ടങ്ങൾ ഓരോന്നായി വരികയാണ് പാട്ടിന് അകമ്പടിയായി ഹർമ്മോണിയം മാത്രം. ഹേറോദേശിന്റെ കൊട്ടാരവും, യോഹന്നാന്റെ അറുക്കപ്പെട്ട തലയും, റോമയുടെ കനേഷുമാരിയും, കഴുതപ്പുറത്തെ ദീർഘപാലായനവും, ആഞ്ഞ് തറയ്ക്കുന്ന കുന്തത്തിലും, വീശപ്പെടുന്ന വാൾത്തലയിലും പകരംഹോമിക്കപ്പെടുന്ന പിഞ്ച് ജന്മങ്ങളും. ആകാശത്തിലെ നക്ഷത്രങ്ങൾ വഴികാട്ടിയ മൂന്ന് പൂജ്യരും, കാലിത്തൊഴുത്തിലെ പിറവിയും, ആ പപ്പാഞ്ഞികൾ പുനരാവിഷ്ക്കരിക്കുന്നു.
പാതിരാ കുർബ്ബാനയ്ക്ക് ശേഷമുള്ള പാതിമയക്കത്തിൽ എല്ലാ ദൃശ്യങ്ങളും കൂടിക്കുഴഞ്ഞ് പെരുന്നാൾ ദിനത്തിലേക്ക് കണ്ണ് തുറക്കുന്നു. ഉറക്കച്ചടവോടെ ഉച്ചയിലെ കനത്ത ഭക്ഷണവും കഴിച്ച് അവസാനിക്കാൻ പോകുന്ന വിശേഷ നിമിഷങ്ങളുടെ നിരാശയിൽ സന്ധ്യ മയങ്ങുകയും നക്ഷത്രങ്ങളും ആകാശവിളക്കുകളും, ലോഹ വർണ്ണ വിളക്കുകളും തങ്ങളുടെ ദീപപ്രഭയാൽ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.