Christmas 2019: വീണ്ടും ഒരു ക്രിസ്‌മസ് കൂടി വരവായി. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിക്കൊപ്പം ഒരുപാട് ഓര്‍മകളും ഒപ്പം പിറക്കുന്നു. കുട്ടിക്കാലത്തെ ക്രിസ്‌മസ് അനുഭവങ്ങളുടെ ഓര്‍മകള്‍ക്കുളള പ്രഭയും സുഗന്ധവും ഇക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അനുഭവപ്പെടാത്തതെന്തെന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവരും പറയുന്നത് ഒരുപക്ഷേ ഒരേ രീതിയിലായിരിക്കും. അതീവ ലളിതവുമായിരിക്കും ആ ഉത്തരം.

യഥാര്‍ഥത്തില്‍ ആ പഴയകാല ക്രിസ്മസിനേക്കാള്‍ എന്തു കൊണ്ടും പ്രഭാപൂരിതവും ആഹ്‌ളാദാരവങ്ങളാലും മറ്റും സമ്പന്നവുമാണ് ആധുനിക കാലത്തെ ക്രിസ്മസ് ആഘോഷം. കുറഞ്ഞ വിലയ്ക്ക് മാര്‍ക്കറ്റില്‍ സുലഭമായ, വൈവിധ്യമാര്‍ന്ന നിറങ്ങളാല്‍, ലക്ഷം നക്ഷത്രങ്ങള്‍ ഒരുമിച്ചു പ്രകാശിക്കുന്ന അനുഭവമുണ്ടാക്കുന്ന എല്‍ഇഡി ബള്‍ബുകളും റെഡിമെയ്ഡ് നക്ഷത്രങ്ങളും അലങ്കാരങ്ങളും ക്രിസ്മസ് ട്രീകളും ഒക്കെ പഴയ കാലത്തേക്കാള്‍ പ്രകാശമേറിയതും വര്‍ണ-വൈവിധ്യ സമൃദ്ധവുമാണ്. എന്നാലും ആ പഴയ കാലത്തെ മങ്ങിയ വെളിച്ചത്തിന് ഉളളിന്റെയുളളില്‍ അത്ഭുതപ്പെടുത്തുന്ന തെളിച്ചം.

ക്രിസ്മസ് എല്ലാ അര്‍ഥത്തിലും ആഹ്ളാദത്തിന്റെയും ആനന്ദത്തിന്റെയും ഓര്‍മകളാണ് ഉണര്‍ത്തി വിടുന്നത്. എല്ലാ കാര്യങ്ങളിലുമുളള സമ്പല്‍സമൃദ്ധി ജീവിതത്തിനു മേല്‍ നിറം ചാര്‍ത്തുമ്പോള്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ശോഭയ്ക്ക് പ്രസക്തിയില്ലാതാവുക സ്വാഭാവികം. ഇരുട്ടിലാണല്ലോ വെളിച്ചത്തിനു ശോഭയും പ്രസക്തിയും. എല്ലാ മേഖലകളിലും കടന്നു കയറിയ റെഡിമെയ്ഡ് സംസ്‌കാരം ക്രിസ്മസിനും ബാധകമായി. ക്രിസ്മസ് മൊത്തമായി മാര്‍ക്കറ്റില്‍ നിന്നു വിലകൊടുത്തു വാങ്ങാമെന്ന അവസ്ഥ വന്നു. നാം വെറും കാഴ്ചക്കാരായി മാറി.

തിരക്കു പിടിച്ച ഈ ലോകത്ത് ഇന്നു നഷ്ടപ്പെടുന്ന കൂട്ടായ്മയും ഒത്തൊരുമയും കാണുമ്പോള്‍, കഴിഞ്ഞകാല ക്രിസ്മസ് ഓര്‍മകള്‍ ഗൃഹാതുരത്വത്തോടെ നമ്മെ പിടിച്ചുലയ്ക്കുന്നു.

പുതിയ രീതികളിലൂടെയുളള ക്രിസ്മസ് ആഘോഷം കാലത്തിന്റെ അനിവാര്യതയാണ്. സ്വാഭാവികവും അപ്രതിരോധ്യവുമാണ്. കടന്നു പോയ അക്കാലം തിരിച്ചു വരണമെന്ന ആഗ്രഹമോ പ്രതീക്ഷയോ ഈ ക്രിസ്മസ് കുറിപ്പിനാധാരമല്ല. അമ്പതോ അറുപതോ വയസ് കഴിഞ്ഞ എല്ലാ തീരദേശ ക്രിസ്ത്യാനിയുടേയും ഓര്‍മകള്‍ക്കുളള സമാനതയും സാധാരണത്വവും ഈ ഓര്‍മകള്‍ക്കുമുണ്ടെന്ന് ആദ്യമേ കുമ്പസാരിക്കട്ടെ. ക്രിസ്മസിനു മുമ്പുളള അനിവാര്യമായ കടം പോലെ!

ചെറിയനോമ്പ് അഥവാ ഇരുപത്തഞ്ച് നോമ്പു മുതല്‍ക്കാണ് ഞങ്ങളുടെ വീടുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. നൊയമ്പ് ആരംഭിക്കുന്ന ആഴ്ചയില്‍ത്തന്നെ നല്ല കറുത്ത മുന്തിരി കഴുകി പഞ്ചസാരയും കറുകപ്പട്ടയും ഈസ്റ്റും വെളളം തിളപ്പിച്ചാറിയതും ചേര്‍ത്ത് ഭരണിയില്‍ കെട്ടിവയ്ക്കും ക്രിസ്മസ് ആഘോഷത്തിനുളള വൈനു വേണ്ടി.

Read Here: Christmas 2019: സർലസിന്റെ സ്പെല്ലിങ്: ഒരു ഒന്നൊന്നര ക്രിസ്തുമസ് ഓർമ്മjohny miranda, christmas memories, iemalayalam

Christmas 2019: ഡിസംബര്‍ പതിനഞ്ച് കഴിയുന്നതോടെയാണ് അടുക്കളയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കു തുടങ്ങുന്നത്. പറങ്കി കുടുംബങ്ങില്‍ മാത്രമുണ്ടാക്കുന്ന പേന്തിപ്പിരീത്ത്, ഒറ്റപ്പം എന്നിവ കൂടാതെ അവലോസുണ്ട, അച്ചപ്പം അങ്ങനെ പല തരം. വറുക്കാത്ത പച്ചരിപ്പൊടി, മുട്ട, പഞ്ചസാര, ഏലക്ക, കശുവണ്ടി എന്നിവ തേങ്ങാപ്പാലില്‍ കുഴമ്പു രൂപത്തില്‍ കുഴച്ച് മൺപാത്രത്തില്‍ താഴെയും മുകളിലും ചിരട്ടക്കനലിട്ട് സാവധാനത്തില്‍ ചെറിയ തീയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കേക്കുപോലുളള ഒറ്റപ്പം. ഏറെ ശ്രമകരവും പരിചയസമ്പന്നരല്ലാത്തവര്‍ ഉണ്ടാക്കുന്ന അവസരത്തില്‍ പിഴവു പറ്റാന്‍ സാധ്യത ഏറെയുളളതുമായ ഒരു പലഹാരം.

ക്രിസ്മസിന് ഒരാഴ്ച മുന്നേ നക്ഷത്രവും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമൊക്കെ ഉണ്ടാക്കാനുളള ജോലികള്‍ ആണുങ്ങള്‍ ആരംഭിക്കും. ധാരാളം ചെറിയ ശിഖരങ്ങളുളള വലിയ മരക്കൊമ്പ് മുറിച്ച് ട്രീയ്ക്കുവേണ്ടി ഉണങ്ങാനിടും. ഇലയെല്ലാം പൊഴിഞ്ഞതിനു ശേഷം അതില്‍ വെളളക്കുമ്മായം പൂശും.

മുള വെട്ടിയെടുത്ത് ചീന്തിമുറിച്ച് അവ ചേര്‍ത്തുകെട്ടി വലിയ നക്ഷത്രങ്ങളുടെ രൂപമുണ്ടാക്കിയ ശേഷം അതിനു പുറത്ത് പല നിറത്തിലുളള ചൈനീസ് പേപ്പര്‍ മുറിച്ച്, മൈദമാവ് ചൂടു വെളളത്തില്‍ കുഴച്ച പശയുപയോഗിച്ച് ഒട്ടിച്ച് ചേര്‍ത്ത് നക്ഷത്രമുണ്ടാക്കുന്നത് ധാരാളം സമയവും ക്ഷമയും ആവശ്യപ്പെടുന്ന പ്രവൃത്തിയാണ്. ഇത്തരത്തിലുണ്ടാക്കുന്ന നക്ഷത്രം വലിയ മരങ്ങള്‍ക്കു മുകളിലേക്കു വലിച്ചു കയറ്റിയാല്‍ മാത്രം പോരല്ലോ. വൈദ്യുതിയില്ലാത്ത അക്കാലത്ത് എല്ലാ ദിവസവും നക്ഷത്രം താഴെയിറക്കിയോ, ആള്‍ മേല്‍പ്പോട്ടുകയറിയോ വേണം അതിനകത്ത് എണ്ണയൊഴിച്ച വിളക്കു കത്തിച്ചു വയ്ക്കാന്‍. ഇങ്ങിനെ കത്തിച്ചു വച്ച വിളക്ക് കാറ്റത്തനങ്ങിയോ കൈതട്ടിയോ മറിഞ്ഞ് നിമിഷ നേരം കൊണ്ട് നക്ഷത്രം കൺമുന്നില്‍ കത്തിച്ചാമ്പലാകുന്ന കാഴ്ച കാണേണ്ടി വന്നവരുമുണ്ട്. എത്ര ദിവസത്തെ അധ്വാനമാണ് ഒരൊറ്റ നിമിഷം കൊണ്ടു പൊലിഞ്ഞു പോകുന്നത്.johny miranda, christmas memories, iemalayalam

Christmas 2019: നക്ഷത്രമുണ്ടാക്കുതിനേക്കാള്‍ ക്ഷമയും അധ്വാനവും കലാനൈപുണ്യവും ആവശ്യമാണ് പുല്‍ക്കുടുകള്‍ ഉണ്ടാക്കുന്നതിന്. ഇക്കാലത്ത് ഏതുതരത്തിലുളള പുല്‍ക്കുടകളും മാര്‍ക്കറ്റില്‍നിന്ന് വാങ്ങാന്‍ കഴിയുമല്ലോ.

പുല്‍ക്കൂട്ടിനുളളിലും പരിസരത്തും പച്ച പിടിച്ച ഭൂപ്രദേശം ഒരുക്കാനായി മൂന്നു നാലു ദിവസം മുമ്പേ വെളളത്തില്‍ കുതിര്‍ത്തിയ തിനവിത്തുകള്‍ മണ്ണിൽ കട്ടിയായി പാകി മുളപ്പിക്കുന്നു. കാലിതൊഴുത്തിന്റെ ചുമരുകള്‍ ഉണ്ടാക്കുന്നതിന് പത്രക്കടലാസിൽ ഇഷ്ടിക പൊടിച്ച് വെളളത്തില്‍ ചാലിച്ചതു പൂശി അതിനു മീതെ കുമ്മായം കലക്കി ഇഷ്ടികക്കെട്ടുകള്‍ വരച്ചുണ്ടാക്കുന്നു.

പഴയൊരു തുണിയില്‍ ബെത്‌ലഹേമിലെ കെട്ടിടങ്ങളും കുന്നും മരുഭൂമിയുമൊക്കെ വരച്ചുണ്ടാക്കും. പഞ്ഞികള്‍ നിറയെ ഒട്ടിച്ചു വച്ച് വലിയ ആകാശവും മേഘങ്ങളും ഉണ്ടാക്കും.

പുല്‍ക്കൂട്ടിലും പരിസരത്തുമായി യഥാസ്ഥാനങ്ങളില്‍ ഒട്ടകത്തെയും ആടുമാടുകളെയും ആട്ടിടയന്മാരെയും പൂജരാജാക്കന്മാരെയും മാതാവ്, ഔസേപ്പ്, മാലാഖമാര്‍ എന്നിവരെയും വച്ചിട്ട് ഉണ്ണിയേശുവിന്റെ സ്ഥാനം മാത്രം ഒഴിച്ചിട്ടിരിക്കും. പളളിയില്‍ തിരുകര്‍മങ്ങള്‍ക്കിടയ്ക്ക് ഉണ്ണിയേശു പിറന്നതിന്റെ ചടങ്ങുകള്‍ കഴിയുമ്പോള്‍ മാത്രമേ വീടുകളിലെ പുല്‍ക്കൂടുകളിലും ഉണ്ണിയേശുവിന്റെ രൂപവും വയ്ക്കൂ.

ക്രിസ്മസ് രാവിന്റെയന്ന് കരോള്‍ കളിക്കാനിറങ്ങുതാണ് ഏറ്റവും മുഖ്യമായതും കുട്ടികള്‍ക്ക് ഉല്ലാസപ്രദവും ഇഷ്ടമുളളതുമായ ചടങ്ങ്.

ആഴ്ചകള്‍ക്കു മുമ്പേ ഒരു ടീമുണ്ടാക്കി ഒരുക്കങ്ങളും റിഹേഴ്‌സലും ആരംഭിക്കും. ഹെറോദേശ് രാജാവും പടയാളികളും പപ്പാഞ്ഞി എന്ന് ഞങ്ങള്‍ വിളിക്കുന്ന സാന്താക്ലോസും മേരിയും ഔസേപ്പും ഒക്കെയായി വേഷം കെട്ടി അഭിനയിച്ച് ക്രിസ്തുവിന്റെ ജനന കഥ ആളുകളെ അനുസ്മരിപ്പിക്കാനുളള ശ്രമം.

രാജാവിന്റെ കീരിടവും വസ്ത്രങ്ങളും പടയാളികളുടെ കുന്തങ്ങളുമൊക്കെ തങ്കക്കടലാസും വര്‍ണക്കടലാസുകളും ഉപയോഗിച്ച് ഉണ്ടാക്കും. പപ്പാഞ്ഞിയുടെ മുഖംമൂടി പോലും സ്വന്തമായി ഉണ്ടാക്കിയെടുക്കണം.johny miranda, christmas memories, iemalayalam

Christmas 2019: മഞ്ഞുപുതഞ്ഞ ആ തണുത്ത ക്രിസ്മസ് രാവില്‍ നാടെങ്ങും ജാതിമതഭേദമന്യേ നക്ഷത്രങ്ങളും തോരണങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കൊണ്ട് അലങ്കരിച്ചിരിക്കും. ഇന്നത്തെ പോലെയല്ല നാട്ടിന്‍പുറങ്ങളും തെരുവുകളും ഇരുട്ടു പുതച്ചുറങ്ങുന്ന ഇടങ്ങളാണ്. അവിടങ്ങളില്‍ ഈ ക്രിസ്മസ് വിളക്കുകള്‍ ഉണ്ടാക്കുന്ന ഉന്മേഷം ചെറുതല്ല.

ഓരോ വീട്ടിലും ചെന്ന് കരോള്‍ കഴിഞ്ഞ് കുടുക്ക പോലെ തുളയിട്ട തകരപ്പാട്ട നീട്ടുന്നത് പപ്പാഞ്ഞിയാണ്. എല്ലാവരും തന്നെ ആ പാട്ടയിലേക്ക് നാണയങ്ങള്‍ ഇട്ടുകൊടുക്കും. കരോളിനു ശേഷം ഒരുമിച്ചിരുന്ന് പാട്ട തുറന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി തുല്യമായി വീതിച്ചെടുക്കും. ദാരിദ്ര്യത്തിന്റെ അക്കാലത്ത് സ്വന്തമെന്നു പറയാവുന്ന പരിശ്രമത്തിലൂടെ കിട്ടുന്ന ആ ചില്ലറ പൈസകള്‍ക്ക് പൊൻനാണയങ്ങളുടെ വിലയുണ്ടായിരുന്നു.

Read Here: Christmas 2019: മുന്നൊരുക്കങ്ങളുടെ ഓർമകളിലൂടെയൊരു ക്രിസ്മസ്

എത്ര സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പുതിയ വസ്ത്രങ്ങളുടുക്കാതെയുള്ള ഒരു ക്രിസ്മസ് ആഘോഷങ്ങളും ഇല്ല തന്നെ. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തരാതരം പോലെ കിട്ടുന്ന കാലമല്ല. തലച്ചുമടായി വീട്ടില്‍ കൊണ്ടു വരുന്ന കച്ചവടക്കാരില്‍നിന്നു തവണ വ്യവസ്ഥയില്‍ തുണിയെടുത്ത് അടുത്തുളള തയ്യല്‍ക്കാരനെക്കൊണ്ട് അളവെടുത്തു തയ്പിച്ചുടുത്ത് പാതിരാ കുര്‍ബാന കൂടാന്‍ പോകുന്ന രസം ഒന്നു വേറെ തന്നെ. തുണി എടുത്ത് അളവു കൊടുത്ത് തയ്ച്ചു കിട്ടുന്ന ഇടവേളകളിലെ കാത്തിരിപ്പിന്റെ കൗതുകം വേറെ.

കുര്‍ബാനയ്ക്കു ശേഷം ഉണ്ണിയേശുവിന്റെ രൂപവും വഹിച്ച് പളളിമുറ്റത്തെ പ്രദക്ഷിണം. പാതിരാ കുര്‍ബാന കഴിഞ്ഞു വന്ന ശേഷമാണ്, സന്ധ്യയ്ക്കു കുഴച്ചു വച്ചിരുന്ന മാവ് അമ്മ അടുക്കളയില്‍ വെളളയപ്പമായി ചുട്ടെടുക്കുന്നത്. ആ നേരമാവുമ്പോഴെ കുഴച്ചു വച്ച മാവ് പൊന്തി അപ്പം ചുടാന്‍ പാകമാവുകയുളളൂ. പ്രഭാത ഭക്ഷണമായി അപ്പത്തിനൊപ്പം ക്രിസ്മസ് പുലരി പോലെ വെളുത്ത ബീഫ് സ്റ്റൂവും ഉണ്ടാകും.

ഉച്ചയ്ക്ക് പോര്‍ക്ക് വരട്ടിയത്, താറാവ്, ബീഫ് മപ്പാസ്, കരള്‍ കറി എന്നിവ കൂട്ടി ഊണ്. രാവിലെ മുന്തിരി വൈനിന്റെ മൃദുലഹരി മാത്രമാണ് ആണുങ്ങളുടെ സിരകളിലെങ്കില്‍ ഉച്ച കഴിയുന്നതോടെ അത് നാടന്‍ കളളിന്റെയും വാറ്റിന്റെയും വീര്യത്തിനു വഴി മാറും. പിന്നെ സന്ധ്യയോടെ ലഹരി ഉന്മാദത്തിന്റെ പരകോടിയിലേക്ക് തലകുത്തി വീഴും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook