/indian-express-malayalam/media/media_files/uploads/2020/05/bipin-chandran-fi.jpg)
'ഹം തും ഏക് കമരേ മേം ബന്ധ് ഹോ' ആ ഒറ്റ വരി കൊണ്ട് മനസ്സില്‍ തെളിഞ്ഞു വരുന്ന മുഖങ്ങളുടെ ഉടമകളില്‍ ഒരാള്‍ ഇനിയില്ല. ലോകം മുഴുവന്‍ മുറിയില്‍ പൂട്ടിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് ഇഹലോക ജീവിതത്തിന്റെ ചുമരുകള്‍ക്കുളളില്‍ നിന്നും പുറത്തു പോയിരിക്കുന്നു ഋഷി കപൂര്‍. പലരും പറഞ്ഞ് പല്ല് തേഞ്ഞ് പോയതെങ്കിലും ടി. എസ് ഏലിയറ്റിന്റെ പ്രയോഗത്തിന് പകരം വയ്ക്കാന്‍ ഒരു ബദല്‍ വരി കിട്ടാറില്ല.
‘April is the cruelest month.’
'ഏപ്രിലാണേറ്റവും ക്രൂരമാസം' എന്ന് അയ്യപ്പപ്പണിക്കർ. ഇക്കൊല്ലം ലോകത്തിനു മുഴുവനത് ബോധ്യമായി. ഒപ്പം ബോളിവുഡിനും. ആദ്യം ഇര്‍ഫാന്‍ ഖാനിലൂടെ. തൊട്ടു പിന്നാലെ ഋഷി കപൂറിലൂടെയും.
വായിച്ചറിഞ്ഞ രസകരമായൊരു സംഭവമുണ്ട്. ഋഷിയുടെ പിതാവായ രാജ്കപൂര്‍ തന്റെ പ്രിയ നായികയായ നര്‍ഗീസിനെ ആദ്യമായി കണ്ടുമുട്ടിയത് തികച്ചും ആകസ്മികമായിട്ടായിരുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയ്ക്ക് അനുയോജ്യമായ സ്റ്റുഡിയോ സംവിധാനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരിയ്ക്കല്‍ രാജ്കപൂര്‍ ഹിന്ദി സിനിമയിലെ വലിയൊരു വ്യക്തിത്വമായിരുന്ന ജദ്ദന്‍ബായിയുടെ അപ്പാര്‍ട്ടുമെന്റില്‍ ചെന്നു. നിര്‍മ്മാതാവ്, സംവിധായിക, സംഗീത സംവിധായിക എന്നീ നിലകളിലൊക്കെ അതിപ്രശസ്തയായിരുന്നു അന്ന് ജദ്ദന്‍ബായി. ജദ്ദന്‍ബായിയുടെ പുത്രിയായ നര്‍ഗ്ഗീസായിരുന്നു അന്ന് രാജ്കപൂറിന് വാതില്‍ തുറന്നു കൊടുത്തത്. പക്കോട ഉണ്ടാക്കാന്‍ മാവ് കുഴച്ചു കൊണ്ടിരിക്കുകയായിരുന്നു നര്‍ഗീസ് അതിന് തൊട്ട് മുന്‍പ്. കൈകൊണ്ട് മുടി മാടിയൊതുക്കിയപ്പോള്‍ അവരുടെ മുടിയില്‍ ആ മാവ് അല്പം പുരണ്ടിരുന്നു. പിതാവായ രാജ്കപൂറിന്റെ മനസ്സിലെ ഫ്രെയിമില്‍ മായാതെ കിടന്ന ആ ദൃശ്യം മകനായ ഋഷികപൂറിന്റെ ജീവിതത്തിലും നിര്‍ണ്ണായകമായി തീര്‍ന്നു. 'ബോബി'യില്‍ ഋഷികപൂറിന്റെ രാജ് എന്ന നായകന്‍ നായികയായ ഡിംപിള്‍ കപാഡിയയെ കണ്ടുമുട്ടുന്ന രംഗം സംവിധായകനായ രാജ് കപൂര്‍ ചിത്രീകരിച്ചത് താന്‍ തന്റെ സ്വപ്നനായികയെ കണ്ടു മുട്ടിയ സന്ദര്‍ഭം പുനരവതരിപ്പിച്ചു കൊണ്ടാണ്.
'ബോബി' മുതല്‍ തുടര്‍ന്ന തിരയിലെ തിരയോട്ടത്തിനിതാ തിരശ്ശീല വീണിരിക്കുന്നു. മീനാ അയ്യരുടെ സഹായത്തോടെ ഋഷി കപൂര്‍ തയ്യാറാക്കിയ 'ഖുല്ലം ഖുല്ലാ' എന്ന ആത്മകഥാപുസ്തകം വീണ്ടും കൈയിലെടുക്കാന്‍ കാരണമായത് ആ വാര്‍ത്തയാണ്. മുത്തച്ഛനായ പൃഥ്വിരാജ് കപൂറിന്റെ മുതല്‍ മകനായ രണ്‍ബീര്‍ കപൂറിന്റെ വരെ കാലത്തു നടന്ന പല ചലച്ചിത്ര കഥകളും 'ഖുല്ലംഖുല്ല'യില്‍ തെളിയുന്നു, വായനക്കാരുടെ മനസ്സില്‍ നിന്നും പിന്നീടൊരിക്കലും മായാത്ത വിധത്തില്‍. എത്രയെത്ര സിനിമാസന്ദര്‍ഭങ്ങള്‍, എത്രയെത്ര സിനിമാതാരങ്ങള്‍, സിനിമാപ്രേമികള്‍ അറിയാതെ പോയ എത്രയോ ജീവിത മുഹൂര്‍ത്തങ്ങള്‍...
/indian-express-malayalam/media/post_attachments/rVjcB75RfM1dUSbsJwE1.jpg)
'ശ്രീ 420'-യിലെ 'പ്യാര്‍ ഹുവാ ഇഖ്‌രാര്‍ ഹുവാ' എന്ന ഗാനരംഗത്തിലായിരുന്നു ഋഷി ബാലതാരമായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 'മേം നാ രഹൂംഗി, തും നാ രഹോഗേ, ഫിര്‍ ഭി രഹേംഗി നിശാനിയാം' എന്ന വരിയുടെ സമയത്ത് ഋഷിക്ക് ഡബ്ബു, ഋതു എന്നീ സഹോദരങ്ങള്‍ക്കൊപ്പം കോരിച്ചൊരിയുന്ന മഴയത്തുള്ള ഒരു പാസ്സിംഗ് ഷോട്ടില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ടായിരുന്നു. കണ്ണില്‍ വെള്ളം തെറിച്ച് വേദനിച്ചപ്പോള്‍ കുട്ടിയായ ഋഷി ഷൂട്ടിങ്ങിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് പിണങ്ങി മാറി. അമ്പിനും വില്ലിനും അടുക്കാതിരുന്ന ഋഷിയെ കാഡ്ബറി മില്‍ക്ക് ചോക്ലേറ്റ് കൈക്കൂലിയായി നല്‍കി ഒരു വിധത്തില്‍ പറഞ്ഞ് സമാധാനിപ്പിച്ച് കൊണ്ട് വന്ന് ഷൂട്ടിംഗ് മുടങ്ങാതെ രക്ഷിച്ചത് നര്‍ഗീസായിരുന്നു. വളരെ ബഹുമാനം കലര്‍ന്ന വാക്കുകളിലാണ് 'ഖുല്ലംഖുല്ല'യില്‍ ഋഷികപൂര്‍, നര്‍ഗീസിനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍, പങ്ക് വയ്ക്കുന്നത്.
'മേരാ നാം ജോക്കര്‍,' 'ബോബി,' 'പ്രേംരോഗ്' എന്നീ രാജ്കപൂര്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ച് ഋഷി പരാമര്‍ശിക്കുന്നത് തന്നെ നര്‍ഗീസ്ജിക്കു ശേഷം അച്ഛന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വേഷം ചെയ്ത അഭിനേതാവാകും താന്‍ എന്നാണ്. 1956 ല്‍ 'ജാഗ്‌തേ രഹോ'യുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം ആര്‍.കെ സ്റ്റുഡിയോയില്‍ കാല് കുത്താതിരുന്ന നര്‍ഗീസ്, 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു കപൂര്‍ കുടുംബചടങ്ങില്‍ പങ്കെടുക്കുന്നത് ഋഷി കപൂറിന്റെ വിവാഹസത്കാരത്തിനായിരുന്നു. ഭര്‍ത്താവായ സുനില്‍ ദത്തിനോടൊപ്പം വന്ന നര്‍ഗീസിനെ ഋഷിയുടെ അമ്മയായ കൃഷ്ണ രാജ്കപൂര്‍ സ്‌നേഹത്തോടെ സ്വീകരിച്ചതടക്കം എത്രയോ നാടകീയ മുഹൂര്‍ത്തങ്ങള്‍ 'ഖുല്ലംഖുല്ല'യില്‍ അനാവൃതമാകുന്നു. തന്റെ പിതാവിന്റെ പ്രണയജീവിതം കുടുംബത്തിനുണ്ടാക്കിയ പ്രത്യാഘാതങ്ങളടക്കം പുസ്തകത്തിന്റെ തലക്കെട്ടിനെ സാധൂകരിക്കുന്ന തരത്തില്‍ 'മറയില്ലാതെ' വിവരിക്കുന്നുണ്ടദ്ദേഹം.
സഞ്ജയ്ദത്തുമായി ബന്ധപ്പെട്ട ഒരു കഥ മതിയാകും ഋഷിയുടെ തുറന്നെഴുത്തിനു തെളിവായി. തന്റെ ആദ്യ സിനിമയായ 'റോക്കി'യിലെ നായികയായ ടീന മുനീമിനോട് സഞ്ജയ് ദത്തിന് ചെറിയൊരു താത്പര്യം തോന്നിയിരുന്നു. സുഭാഷ് ഘായ് സംവിധാനം ചെയ്ത 'കര്‍സി'ല്‍ ഋഷിയുടെ നായികയായിരുന്നു ടീന മുനീം. ആ സമയത്ത് ഋഷി വിവാഹം കഴിച്ചിരുന്നില്ല. ഋഷിയും ടീനയും അടുപ്പത്തിലാണെന്ന് ധരിച്ച് സഞ്ജയ് ദത്ത് ഗുല്‍ഷന്‍ ഗ്രോവറിനേയും കൂട്ടുപിടിച്ച് ഋഷി കപൂറിനെ കണക്കിന് കൈകാര്യം ചെയ്യാന്‍ പദ്ധതിയിട്ടു. അന്ന് സഞ്ജയ് ദത്തിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി നയത്തില്‍ പിന്തിരിപ്പിച്ചത് പിന്നീട് ഋഷി കപൂറിന്റെ പത്നിയായിത്തീര്‍ന്ന നീതു സിങ്ങായിരുന്നു.
രാജ്കുമാര്‍ ഹിറാനി 'സഞ്ജു' എന്ന പേരില്‍ സഞ്ജയ് ദത്തിന്‍റെ ജീവിത കഥ സിനിമയാക്കിയപ്പോള്‍ സഞ്ജയ് ആയി അഭിനയിച്ചത് രണ്‍ബീര്‍ കപൂറാണെന്നതാണ് രസകരമായൊരു കാര്യം. വിക്കീപീഡിയയില്‍ പരതുമ്പോള്‍ രാജേഷ്ഖന്നയുടെ 1982-87 കാലത്തെ ഡൊമസ്റ്റിക് പാര്‍ട്ട്ണറെന്നും നിലവില്‍ മുംബൈ കോകിലബെന്‍ ധിരുഭായ് അംബാനി ആശുപത്രിയുടെ ചെയര്‍പേഴ്‌സണെന്നും അനില്‍ അംബാനിയുടെ ഭാര്യയെന്നുമൊക്കെ അറിയാന്‍ കഴിയുന്ന ടീന മുനീമിനെ സംബന്ധിച്ച പരാമര്‍ശങ്ങളൊന്നും 'സഞ്ജു' എന്ന ബയോപിക്കില്‍ കാണാന്‍ കഴിയില്ലെന്നു മാത്രം. ഒഴിവാക്കലിലും ഉള്‍ക്കൊള്ളലിലുമൊക്കെ ഒരു പാട് സമ്മര്‍ദ്ദങ്ങള്‍ പ്രതിഫലിച്ചേക്കാമല്ലോ. അകാരണമെന്നു തോന്നുന്ന ചില നിശ്ശബ്ദതകള്‍ ചികയുമ്പോള്‍ പലരും കണ്ടെത്തുന്നത് നാനാര്‍ത്ഥങ്ങളും ഗൂഢാര്‍ത്ഥങ്ങളുമായേക്കാം.
അവിടെയാണ് 'ഖുല്ലം ഖുല്ല'യുടെ മറയില്ലാത്ത തുറന്നു പറച്ചില്‍ വായനക്കാരെ ആകര്‍ഷിക്കുന്നത്. ഋഷിയുടെ പുസ്തകത്തിനു മുന്‍കുറിപ്പ് എഴുതിയിരിക്കുന്നത് പുത്രന്‍ രണ്‍ബീര്‍ കപൂറും പിന്‍കുറിപ്പ് എഴുതിയിരിക്കുന്നത് പത്‌നി നീതു കപൂറും ആണെന്ന പ്രത്യേകത കൂടിയുണ്ട്.
'മേം ശായര്‍ തോ നഹി' എന്ന പാട്ട് പിന്നെയും മനസ്സിലേക്ക് ഓടിയെത്തുന്നു. പ്രിയപ്പെട്ട ഋഷികപൂര്‍ നിങ്ങള്‍ കവിയോ പ്രഖ്യാപിത എഴുത്തുകാരനോ ആയിരുന്നിരിക്കില്ല. പക്ഷേ നിങ്ങളുടെ ജീവിതം പറച്ചിലിലൂടെ കടന്നു പോകുമ്പോള്‍ ഏത് രചയിതാവും തന്റെ സൃഷ്ടിയോട് ഉറപ്പായും പുലര്‍ത്തേണ്ടുന്നൊരു സമീപനത്തെക്കുറിച്ച് വായനക്കാര്‍ തീര്‍ച്ചയായും അനുഭവിച്ചറിയും. ആത്മാര്‍ത്ഥത എന്ന് സര്‍വ്വസാധാരണമല്ലാത്ത സമീപനം കൊണ്ടാണ് ആ പുസ്തകം വേറിട്ടു നില്‍ക്കുന്നത്.
Shubhra Gupta's Remembers Rishi Kapoor: The singing, dancing, romantic hero we all loved to love
/indian-express-malayalam/media/post_attachments/ytgppDm5asR5TF36SSUi.jpg)
നിങ്ങള്‍ ജീവിതത്തിന്റെ മുറി വിട്ടു പോയെന്നേയുള്ളൂ. പക്ഷേ ഉടനെയൊന്നും നിങ്ങള്‍ ആരാധകരുടെ മനസ്സിന്റെ അറകളില്‍ നിന്നു സ്വതന്ത്രനാകാന്‍ പോകുന്നില്ല. അതിനു തെളിവായി നിരത്താന്‍ ആയിരങ്ങളുടെ സാക്ഷ്യങ്ങളുണ്ടാകും. അതില്‍ ഒന്നു മാത്രം ഇവിടെ എടുത്ത് കുറിയ്ക്കട്ടെ.
'രാജ്ദൂത് ബൈക്കില്‍ വന്നിറങ്ങുന്ന നായകന്‍. ആ കാഴ്ച ഒരു ഹരമായിരുന്നു. ഋഷി കപൂറിന്റെ 'ബോബി'യിലെ വേഷത്തെ ആരാധനയോടെയാണ് ഞാന്‍ അക്കാലത്ത് നോക്കി നിന്നത്. 70-കളിലെ റൊമാന്റിക് ഹീറോ ഋഷി കപൂറായിരുന്നു. എനിക്ക് കപൂര്‍ കുടുംബത്തില്‍ ഏറ്റവും അടുപ്പവും ആദരവും ഉള്ള നടന്‍' മമ്മൂട്ടി എന്ന മഹാനടന്‍ പറഞ്ഞ വരികള്‍ക്കപ്പുറം എന്താണിപ്പോള്‍ പറയുക. പറഞ്ഞു മാത്രം തീര്‍ക്കാന്‍ കഴിയുന്നതല്ലല്ലോ ചിലതൊക്കെ.
Read More: ബിപിൻ ചന്ദ്രൻ എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.