/indian-express-malayalam/media/media_files/uploads/2023/02/Udhav-Thackeray-Eknath-Shinde.jpg)
മുംബൈ: യഥാര്‍ത്ഥ ശിവസേന ആരെന്നുള്ള തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനു തിരിച്ചടി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനു പാര്‍ട്ടിയുടെ ഔദ്യോഗിക പേരും 'വില്ലും അമ്പും' ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ, നേരത്തെ നൽകിയ 'ജ്വലിക്കുന്ന പന്തം' ചിഹ്നം നിലനിര്‍ത്താന്‍ ഉദ്ധവ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. മഹാരാഷ്ട്രയിലെ കസ്ബ പേട്ട്, ചിഞ്ച്വാഡ് മണ്ഡലങ്ങളില്‍ ഫെബ്രുവരി 26നാണ് ഉപതെരഞ്ഞെടുപ്പ്.
ശിവസേനയുടെ നിലവിലെ ഭരണഘടന 'ജനാധിപത്യവിരുദ്ധമാണ്' എന്ന് 78 പേജുള്ള ഉത്തരവില്‍ കമ്മിഷന്‍ നിരീക്ഷിച്ചു. ''തിരഞ്ഞെടുപ്പ് നടത്താതെ ജനാധിപത്യവിരുദ്ധമായി ആളുകളെ ഭാരവാഹികളായി നിയമിക്കുന്നു. അത്തരം പാര്‍ട്ടി ഘടനകള്‍ ആത്മവിശ്വാസം നല്‍കുന്നതില്‍ പരാജയപ്പെടുന്നു,''കമ്മിഷന്‍ പറഞ്ഞു.
'ഭാരവാഹി പദവികളിലേക്കു സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവുമായ തിരഞ്ഞെടുപ്പും ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു കൂടുതല്‍ സ്വതന്ത്രവും നീതിയുക്തവുമായ നടപടിക്രമങ്ങളും ഉറപ്പവരുത്തുന്നതാകണം' രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണഘടനയെന്നും കമ്മിഷന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമാണെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ''ഇന്ന് സത്യം വിജയിച്ചിരിക്കുന്നു,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഈ രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. നിയമവും ഭരണഘടനയും അനുസരിച്ചാണു ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതു ഭൂരിപക്ഷത്തിന്റെ വിജയമാണ്. ഇതു ഹിന്ദുഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെയുടെ ചിന്തകളുടെ വിജയമാണ്,'' ഷിന്‍ഡെ പറഞ്ഞു.
''ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയാണു യഥാര്‍ത്ഥ സേനയാണെന്നു ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ പറയുന്നുണ്ട്. ശിവസേന കുടുംബത്തിന്റേതല്ല, പ്രത്യയശാസ്ത്രത്തിന്റെ പാര്‍ട്ടിയാണ്. അതിപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു,'' ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നിരാശ സഞ്ജയ് റാവത്ത് എം പി പ്രകടിപ്പിച്ചു. തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
''ഞങ്ങള്‍ ഇപ്പോള്‍ ജനകീയ കോടതിയില്‍ പോകും. നിയമപോരാട്ടവും നയിക്കും. യഥാര്‍ത്ഥ ശിവസേനയെ ഇനിയും മണ്ണില്‍നിന്ന് ഉയര്‍ത്തും,'''അദ്ദേഹം പറഞ്ഞു.
തിതരഞ്ഞെടുപ്പ് കമ്മിഷന്‍ പോലെയുള്ള ഒരു സ്വതന്ത്രി സ്ഥാപനത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് എന്‍ സി പി നേതാവ് സുപ്രിയ സുലെ പറഞ്ഞു. ഉദ്ധവ് താക്കറെയെ തന്റെ അനന്തരാവകാശിയായി ബാലാസാഹെബ് താക്കറെ നിയമിച്ചത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അവര്‍ പറഞ്ഞു.
'യഥാര്‍ത്ഥ ശിവസേന' ആയി അംഗീകരിക്കപ്പെടാന്‍ ഇരുപക്ഷവും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കെതിരെ കലാപം ആരംഭിച്ചതിനു പിന്നാലെ ഷിന്‍ഡെ പാര്‍ട്ടിക്കുമേല്‍ അവകാശവാദം ഉന്നയിച്ചു. തുടര്‍ന്ന്, തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാനുമുള്ള അപേക്ഷയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
കമ്മിഷന്‍ ഒക്ടോബറില്‍ ചിഹ്നവും പാര്‍ട്ടിയുടെ പേരും മരവിപ്പിക്കുകയും ഇരു വിഭാഗങ്ങള്‍ക്കും പുതിയ ഇടക്കാല പേരുകളും ചിഹ്നങ്ങളും അനുവദിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us