ന്യൂഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ സര്‍വേയില്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചത്. വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തോതിന് ആനുപാതികമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ അവസാനിച്ച സര്‍വേയില്‍ ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ മുഖേന നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായും സിബിഡിടി അറിയിച്ചു.
‘സര്‍വേയ്ക്കിടെ, സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ വകുപ്പ് ശേഖരിച്ചു, ഇത് ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ വരുമാനമായി വെളിപ്പെടുത്താത്ത ചില പണമടയ്ക്കലുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പുറത്ത് നിന്നുള്ള ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി ബിബിസി ഇന്ത്യ ബന്ധപ്പെട്ട വിദേശ സ്ഥാപനത്തിന് റീഇംബേഴ്സ്മെന്റ് നല്‍കിയിട്ടുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. ഇത്തരം ഇടപാകളില്‍ നികുതിക്ക് അടച്ചിട്ടില്ല. കൂടാതെ, വരുമാനം വകമാറ്റിയതുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകളും സര്‍വേയില്‍ കണ്ടെത്തി. അത്തരം പൊരുത്തക്കേടുകള്‍ പ്രസക്തമായ പ്രവര്‍ത്തനം, ആസ്തി, നഷ്ടം (എഫ്എആര്‍) വിശകലനം, ആം ലെങ്ത് പ്രൈസ് (എഎല്‍പി) നിര്‍ണ്ണയിക്കാന്‍ ബാധകമായ താരതമ്യങ്ങളുടെ തെറ്റായ ഉപയോഗം, അപര്യാപ്തമായ വരുമാന വിഹിതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ”സിബിഡിടി പ്രസ്താവനയില്‍ അറിയിച്ചു.
ബിബിസി സബ്‌സിഡിയറി കമ്പനികളുടെ അന്താരാഷ്ട്ര നികുതിയും കൈമാറ്റ വിലയും സംബന്ധിച്ച് അന്വേഷിക്കാനാണ് ആദായ നികുതി വകുപ്പ് ബിബിസി ഓഫീസുകളില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ ഉദ്യോഗസ്ഥര്‍ ചില ജീവനക്കാരില്‍ നിന്ന് സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുകയും വാര്‍ത്താ സ്ഥാപനത്തിന്റെ ഇലക്ട്രോണിക്, പേപ്പര്‍ ഡാറ്റയുടെ പകര്‍പ്പുകളും ശേഖരിച്ചിരുന്നു.