ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കെതിരെയുളള അന്വേഷണത്തില്‍ വിദഗ്ധ സമിതിയെക്കുറിച്ചുള്ള കേന്ദ്രനിര്‍ദ്ദേശം സീല്‍ ചെയ്ത കവറില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അദാനി വിവാദത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് തടയാന്‍ ഓഹരി വിപണിയിലെ നിയന്ത്രണ സംവിധാനത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ശിപാര്‍ശ നല്‍കുന്നതിനാണ് വിദഗ്ധസമിതിയെന്ന നിര്‍ദേശം വന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്കായി പൂര്‍ണ്ണ സുതാര്യത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും നിരീക്ഷിച്ചു. പൂര്‍ണ്ണായും സുതാര്യത നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ സീല്‍ ചെയ്ത കവര്‍ എന്ന നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിക്കില്ല,” ബെഞ്ച് പറഞ്ഞു. അദാനി വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നതിനുള്ള ഉത്തരവും കോടതി മാറ്റിവച്ചു. സമിതിയില്‍ ആരൊക്കെ അംഗങ്ങളാകണമെന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നോ ഹര്‍ജിക്കാരില്‍ നിന്നോ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കില്ലെന്നും എന്നാല്‍ സ്വയം വിദഗ്ധരെ തിരഞ്ഞെടുക്കുമെന്നും ബെഞ്ച് പറഞ്ഞു.
അദാനി ഗ്രൂപ്പ് ഓഹരികളിലെ ഓഹരി വില തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തോട് തിങ്കളാഴ്ചയാണ് കേന്ദ്രം അനുകൂല നിലപാടറിയിച്ചത്. വിപണിയിലെ ‘സ്റ്റോക്ക് കൃത്രിമം’ എന്ന ആരോപണത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെ അദാനി ഗ്രൂപ്പ് തളളിയിരുന്നു.
ഫയല്‍ ചെയ്ത രണ്ട് ഹര്‍ജികള്‍ കേട്ട്, റെഗുലേറ്ററി മെക്കാനിസത്തിന് സാധ്യമായ മെച്ചപ്പെടുത്തലുകള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ”ഉറക്കെ ചിന്തിക്കുക”യാണെന്ന് വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ‘നിലവിലുള്ള ഘടന – സെബിയും മറ്റ് ഏജന്‍സികളും – ഭരണപരമായ രീതിയില്‍ മാത്രമല്ല, സാഹചര്യം കൈകാര്യം ചെയ്യാനും പൂര്‍ണ്ണമായും സജ്ജരാണെന്നാണ് തന്റെ നിര്‍ദ്ദേശങ്ങള്‍… എന്നിരുന്നാലും, ഒരു സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല” കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് പറഞ്ഞു.