/indian-express-malayalam/media/media_files/uploads/2020/07/vaccine-tracker.jpg)
Coronavirus vaccine tracker: ഓക്സ്‌ഫോർഡ്-അസ്ട്രസെനകയുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ നിർത്തിവച്ച പരീക്ഷണം പുനരാരംഭിക്കാൻ പുനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ ബ്രിട്ടനിലും അതിനു പിന്നാലെ ഇന്ത്യയിലും പരീക്ഷണം നിർത്തിവച്ചിരുന്നു.
Read More: കോവിഡ് വാക്‌സിൻ എപ്പോൾ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി
എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയതോടെ ശനിയാഴ്ച വീണ്ടും ബ്രിട്ടനിൽ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുനെ സിറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യംചെയ്യുന്നതിനുള്ള ചികിത്സകള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കണം.
നേരത്തേ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഒരു സ്ത്രീക്ക് നട്ടെല്ലിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചതെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്സിൻ മൂലമാണ് അസുഖം ഉണ്ടായതെന്ന് പരിശോധിക്കാൻ ഒരു സ്വതന്ത്ര വിദഗ്ദ്ധ സംഘത്തേയും നിയോഗിച്ചിരുന്നു.
അസ്ട്രാസെനെക വാക്സിൻ പരീക്ഷണം നിർത്തിവച്ചതിന് പിറകെ ഇന്ത്യയിൽ ഈ മരുന്നിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സെറം ഇൻസ്റ്റിറ്റ‌്യൂട്ട് അറിയിച്ചിരുന്നു. മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് അസ്ട്രസെനെക ചോവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിറകേയായിരുന്നു ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ തീരുമാനം.
ബ്രസീൽ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ മൂന്നാം ഘട്ടവും ഇന്ത്യയിലും ബ്രിട്ടനിലും ഒരേസമയം രണ്ടും മൂന്നും ഘട്ടങ്ങളുടെ പരീക്ഷണവുമാണ് നടക്കുന്നത്.
യു കെയിലെ സംഭവം ഇന്ത്യയുടെ പരീക്ഷണങ്ങളെ ബാധിക്കില്ലെന്ന് സെറം തുടക്കത്തിൽ പറഞ്ഞിരുന്നു, എന്നാൽ ഇത് ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററാണ് പിൻവലിച്ചത്. തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും നിർത്തിവച്ചു. ഇന്ത്യയിലെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങളിൽ 1,600 പേരെ പങ്കെടുപ്പിക്കാനാണ് സെറം പദ്ധതിയിടുന്നത്. ഇതുവരെ പങ്കെടുത്ത നൂറോളം പേർക്ക് വാക്സിൻ നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.