ന്യൂഡൽഹി: കോവിഡ് വാക്‌സിൻ എപ്പോൾ പുറത്തിറക്കാൻ സാധിക്കും എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. “കോവിഡ്-19 വാക്‌സിൻ പുറത്തിറക്കാനുള്ള തിയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. 2021 ആദ്യ പാദത്തോടെ വാക്‌സിൻ പുറത്തിറക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്,” ആരോഗ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
“കോവിഡ് പ്രതിരോധ മരുന്നിന്റെ മനുഷ്യ പരീക്ഷണത്തിനു വേണ്ടിയുള്ള കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ നോക്കുന്നത്. മനുഷ്യ പരീക്ഷണത്തിനു വേണ്ടിയുള്ള മുൻകരുതലുകളെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. കോവിഡ് -19 വാക്‌സിൻ ഉപയോഗിക്കാൻ ആളുകൾക്ക് വിശ്വാസ്യത കുറവാണെങ്കിൽ വാക്‌സിനേഷൻ എടുക്കുന്ന ആദ്യ വ്യക്തിയാകാൻ ഞാൻ തയ്യാറാണ്,” ഹർഷ് വർധൻ പറഞ്ഞു.
“വാക്‌സിൻ പുറത്തിറങ്ങിയാൽ അത് അത്യാവശ്യമായി ഉള്ളവരിലേക്ക് ആദ്യം എത്തിക്കും, സാമ്പത്തിക പരിഗണനകളൊന്നും നോക്കാതെ തന്നെ. വാക്‌സിന്റെ വില, ലഭ്യത തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം കൂടുതൽ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.” ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: കോവിഡ് രോഗികൾക്കും വോട്ട്, പ്രചരണത്തിനു ഒരു വീട്ടിൽ അഞ്ച് പേർ; തിരഞ്ഞെടുപ്പ് മാർഗരേഖയായി
അതേസമയം, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക കോവിഡ് വാക്‌സിൻ പരീക്ഷണം യുകെയിൽ പുനരാഃരംഭിച്ചെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ പരീക്ഷണത്തിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെതത്തിയതിനെത്തുടർന്ന് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുന്നതായി മരുന്നു കമ്പനിയായ ആസ്ട്രാസെനെക പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലെ പുനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടും പരീക്ഷണം നിർത്തിവച്ചിരുന്നു.
പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഒരു സ്ത്രീക്ക് നട്ടെല്ലിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചതെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്സിൻ മൂലമാണ് അസുഖം ഉണ്ടായതെന്ന് പരിശോധിക്കാൻ ഒരു സ്വതന്ത്ര വിദഗ്ദ്ധ സംഘത്തേയും നിയോഗിച്ചിരുന്നു.
ആസ്ട്രാസെനെക വാക്സിൻ പരീക്ഷണം നിർത്തിവച്ചതിന് പിറകെ ഇന്ത്യയിൽ ഈ മരുന്നിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സെറം ഇൻസ്റ്റിറ്റ‌്യൂട്ട് അറിയിച്ചിരുന്നു. മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് ആസ്ട്രസെനെക ചോവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പിറകേയിരുന്നു ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ തീരുമാനം.