/indian-express-malayalam/media/media_files/uploads/2020/04/covid-corona.jpg)
ലോകത്തെമ്പാടും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു. മരണസംഖ്യ 75,000 കടന്നു. സ്പെയിനില്‍ തുടര്‍ച്ചയായി നാല് ദിവസം കുറഞ്ഞതിനുപിന്നാലെ ഇന്നു ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തി. ഇന്ന് 743 പേരാണു മരിച്ചത്. ജപ്പാനിലെ ടോക്കിയോയിലും മറ്റ് പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആദ്യമായി ആയിരത്തിലധികം ഉയര്‍ന്ന് 7,497 ല്‍ എത്തി. അതേസമയം, ജനുവരിയില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയശേഷം ആദ്യമായി പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതു ചൈനയ്ക്കും ലോകത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നതാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 13,46,299 പേര്‍ക്കാണു ലോകത്തെമ്പാടുമായി വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 367,507 പേര്‍ക്കും സ്‌പെയിനില്‍ 1,40,510 പേര്‍ക്കും ഇറ്റലിയില്‍ 1,32,547 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജര്‍മനി (1,03,374), ഫ്രാന്‍സ് (98,984), ചൈന (82,665) എന്നിവയാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍.
Also Read: കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്; 12 പേരുടെ രോഗം ഭേദമായി
രോഗം ബാധിച്ച് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 16,523 പേര്‍. സ്പെയിനില്‍ 13,798 പേരും അമേരിക്കയില്‍ 10,902 പേരും ഫ്രാന്‍സില്‍ 8,911 പേരും മരിച്ചു. യുകെയില്‍ 5,373 ഉം ഇറാനില്‍ 3,739 ഉം ചൈന 3,212 ഉം ആണ് മരണസംഖ്യ. ഇന്ത്യയില്‍ 4421 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ 117 പേര്‍ മരിച്ചു.
സ്‌പെയിനില്‍ 4.1 ശതമാനം വര്‍ധന
ഇറ്റലിക്കുശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമാണു സ്‌പെയിന്‍. ഇവിടെ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 4.1 ശതമാനം ഉയര്‍ന്ന് മൊത്തം രോഗികള്‍ 140,510 ആയി. പുതിയ കേസുകളുടെ എണ്ണത്തിലെ വര്‍ധന തിങ്കളാഴ്ച 3.3 ശതമാനമായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇന്ന് വര്‍ധിച്ചു. ഇന്ന് 743 പേരാണു മരിച്ചത്. ഇതോടെ മൊത്തം മരണനിരക്ക് 13,798 ആയി.
പാക്കിസ്ഥാനില്‍ മരണം 54
പാകിസ്ഥാനില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,000 കവിഞ്ഞു. അഞ്ഞൂറിലധികം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 54 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവര്‍ ഉള്‍പ്പെടെ 39,183 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Also Read: ലോക്ക് ഡൗണ്‍ തുടരണമെന്ന് സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം ഉടൻ
പാക്കിസ്ഥാനില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടി. ജനങ്ങളോട് വീടിനകത്ത് തുടരാനും സാമൂഹിക അകലം പാലിക്കാനുമാണു സര്‍ക്കാര്‍ നിര്‍ദേശം. ദുര്‍ബല വിഭാഗങ്ങളെയും വ്യാപാരമേഖലയെയും സഹായിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 1,200 ബില്യണ്‍ രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
ജപ്പാനില്‍ അടിയന്തരാവസ്ഥ
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനായി ജപ്പാനില്‍ ടോക്കിയോ ഉള്‍പ്പെടെയുള്ള ഏഴ് പ്രധാന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മറ്റൊരു രോഗിയുമായി ബന്ധമില്ലാത്ത സാഹചര്യങ്ങളില്‍ പോലും പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതു കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ടോക്കിയോയില്‍ പുതിയ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണു നടപടി. രോഗബാധിതരുടെ എണ്ണം വാരാന്ത്യത്തില്‍ തുടര്‍ച്ചയായി 100 കവിയുകയാണ്. ജപ്പാനില്‍ 3,906 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടോക്കിയോയ്ക്കടുത്തുള്ള യോകോഹാമ തുറമുഖത്ത് നങ്കൂരമിട്ട ക്രൂയിസ് കപ്പലില്‍ നിന്നുള്ള 712 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 91 പേര്‍ മരിച്ചതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യമായി പുതിയ കൊറോണ മരണങ്ങളില്ല
മൂന്നു മാസത്തിനിടെ ആദ്യമായി പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതു ചൈനയ്ക്കു വലിയ ആശ്വാസം നല്‍കുന്നതാണ്. ദേശീയ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മുതല്‍ ചൈനയിലെ കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ വിദേശത്ത് നിന്ന് എത്തിയ രണ്ടാമത്തെ വൈറസ് ബാധ തരംഗത്തെ ചൈന അഭിമുഖീകരിക്കുകയാണ്. ഇത്തരത്തിലുള്ള ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോറിസ് ജോണ്‍സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍
വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തിങ്കളാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണു തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 'ആവശ്യമുള്ളിടത്ത്' അദ്ദേഹത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ ബോറിസ് ജോണ്‍സണ്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് ആവശ്യപ്പെട്ടു. വൈറസ് ബാധിച്ച പ്രമുഖ ഭരണത്തലവനാണു ബോറിസ് ജോണ്‍സണ്‍.
യുഎസില്‍ 'പീക്ക് ഡെത്ത് വീക്ക്'
അമേരിക്കയില്‍ മരണസംഖ്യ അതിവേഗം വര്‍ധിക്കുകയാണ്. തിങ്കളാഴ്ച വരെ 10,902 പേരാണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 3,485 പേരാണു മരിച്ചത്. മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയേക്കാളും സ്‌പെയിനിനേക്കാളും മുന്നിലെത്തുമെന്നാണു കണക്കുകൂട്ടല്‍. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇപ്പോള്‍ മുന്നില്‍. ഇതുവരെ 3.6 ലക്ഷം പേര്‍ക്കാണു രോഗം ബാധിച്ചത്.
'ഇത് പീക്ക് ഹോസ്പിറ്റലൈസേഷന്‍, പീക്ക് ഐസിയു, നിര്‍ഭാഗ്യവശാല്‍ പീക്ക് ഡെത്ത് വീക്ക്'' ആയിരിക്കുമെന്ന് ഫിസിഷ്യനും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് അംഗവുമായ അഡ്മിറല്‍ ബ്രെറ്റ് ഗിറോയര്‍ തിങ്കളാഴ്ച എബിസിയുടെ 'ഗുഡ് മോര്‍ണിങ് അമേരിക്ക'യോട് പറഞ്ഞു. ഏതാനും ആഴ്ചകളായി 90 ശതമാനത്തിലധികം അമേരിക്കക്കാരും സ്റ്റേ അറ്റ് ഹോം ഉത്തരവിനു വിധേയരായിരുന്നു. ഉത്തരവ് സൗത്ത് കരോലിനയിലും തിങ്കളാഴ്ച മുതല്‍ നടപ്പായി.
Also Read: കോവിഡ്-19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ നൽകി
അതിനിടെ, മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയില്ലെങ്കില്‍ പ്രതികാര നടപടിയുണ്ടാകുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കി. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ വൈറസ് ചികിത്സയില്‍ ഫലപ്രദമാകുമെന്നാണു ട്രംപിന്റെ പക്ഷം. ട്രംപിന്റെ കടുത്ത നിലപാടിനു പിന്നാലെ മരുന്നു കയറ്റുമതിക്കുള്ള നിരോധനത്തില്‍ ഇന്ത്യ ഭാഗിക ഇളവ് വരുത്തി. 'മനുഷ്യത്വപരമായ സമീപന'ത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവെന്നാണ് ഇന്ത്യ വിശദീകരിച്ചിരിക്കുന്നത്.
റഷ്യയിലെ ദൈനംദിന വര്‍ധന ആദ്യമായി 1,000 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ആദ്യമായി ആയിരത്തിലധികം ഉയര്‍ന്ന് 7,497 ആയി. മൊത്തം കേസുകളുടെ എണ്ണം 1,154 ഉം മരണം 58 ഉം ആയി ഉയര്‍ന്നതായി പ്രതിസന്ധി പ്രതികരണ കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു.
ഫ്രാന്‍സില്‍ മരണനിരക്ക് കൂടുന്നു
വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന ഫ്രാന്‍സില്‍ മരണനിരക്കും കൂടുകയാണ്. ഇതുവരെ ഒന്‍പതിനായിരത്തോളം പേരാണു മരിച്ചത്. ഇറ്റലി, സ്‌പെയിന്‍, അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങള്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പടി കടക്കുന്ന അഞ്ചാമത്തെ രാജ്യമാകുകയാണ് ഫ്രാന്‍സ്. മൊത്തം രോഗബാധിതരുടെ എണ്ണം 98,010 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,171 പേര്‍ക്കാണു രോഗം ബാധിച്ചത്.
ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നു
ഫിലിപ്പീന്‍സില്‍ ജനസംഖ്യയുടെ പകുതിയിലധികം ആളുകളെ ബാധിക്കുന്ന ലോക്ക് ഡൗണ്‍, ഹോം ക്വാറന്റൈന്‍ നടപടികള്‍ നീട്ടാന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ അംഗീകാരം നല്‍കി. ക്വാറന്റൈന്‍ ഏപ്രില്‍ 30 വരെ നീട്ടുമെന്ന് കാബിനറ്റ് സെക്രട്ടറി കാര്‍ലോ നൊഗ്രേല്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തലസ്ഥാനമായ മനിലയിലും പരിസരത്തും സഞ്ചാരവും ഒത്തുചേരലുകളും നിയന്ത്രിക്കുന്ന നയങ്ങള്‍ നിലവിലുണ്ട്.
ന്യൂസിലന്‍ഡ് മന്ത്രിയെ തരംതാഴ്ത്തി
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാജിവയ്ക്കമെന്ന ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്കോയുടെ വാഗ്ദാനം തള്ളിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേണ്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനുള്ള പദ്ധതികളെ അപകടത്തിലാക്കുമെന്നാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. പകരം ഡേവിഡ് ക്ലാര്‍ക്കോയെ അസോസിയേറ്റ് ധനമന്ത്രിയെന്ന പദവിയില്‍നിന്ന് തരംതാഴ്ത്തി. അതിനിടെ, ദേശീയ അടിയന്തരാവസ്ഥ വീണ്ടും ഏഴു ദിവസത്തേക്കു നീട്ടി. രണ്ടാം തവണയാണു ന്യൂസിലന്‍ഡില്‍ ടിയന്തരാവസ്ഥ നീട്ടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.