തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി. ഇതിൽ 263 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 12 പേർക്കാണ് ഇന്ന് മാത്രം രോഗം ഭേദമായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്ത് നിന്നെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ, മൂന്ന് പേർക്ക് വൈറസ് പകർന്നത് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 146686 പേർ. ഇതിൽ 145934 പേർ വീടുകളിലും 752 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകാരോഗ്യദിനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയെ മുഖ്യമന്ത്രി ഓർമിച്ചു. കോവിഡ് രോഗികളെ ചികിത്സിച്ചതിലൂടെ രോഗബാധയേറ്റ നഴ്‌സ് രേഷ്‌മയേയും മുഖ്യമന്ത്രി പരാർമശിച്ചു. കോവിഡ് രോഗമുക്തി നേടിയ ശേഷം രേഷ്‌മ പറഞ്ഞ കാര്യം മുഖ്യമന്ത്രി ആവർത്തിച്ചു.

മൃഗശാലകൾ അണുവിമുക്തമാക്കാൻ നിർദേശം. വളർത്തു മൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണം. ഇതിന് വീടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കരിച്ചന്തയും പൂഴ്ത്തിവയ്പ്പും അമിത വില ഈടാക്കലും ഒഴിവാക്കുന്നതിന് കർശന പരിശോധനകൾ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 326 വ്യാപര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 144 നടപടികൾക്ക് ശുപാർശ ചെയ്തു. മത്സ്യ പരിശോധനയിൽ വളത്തിന് വച്ച മത്സ്യം അടക്കം ഭക്ഷണത്തിന് കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.