ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഏപ്രിൽ 14 നു ശേഷവും തുടരണമെന്ന് സംസ്ഥാനങ്ങൾ. മധ്യപ്രദേശ്, തെലങ്കാന തുടങ്ങി ഏഴോളം സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് കേന്ദ്ര സർക്കാർ പരിഗണനയിലാണ്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏഴോളം സംസ്ഥാനങ്ങളും ആരോഗ്യവിദഗ്‌ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായും ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഏപ്രിൽ 14 നു ശേഷം ലോക്ക് ഡൗണ്‍ അവസാനിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങൾ പറയുന്നത്.

Read Also: മൂന്ന് ഘട്ടങ്ങൾക്ക് പ്രത്യേക മാർഗരേഖ; ലോക്ക്‌ഡൗണിനു ശേഷം നിയന്ത്രണങ്ങൾ പിൻവലിക്കുക ഇങ്ങനെ

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു ശേഷവും നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 15 മുതൽ വീണ്ടും രണ്ട് ആഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റാവു ആവശ്യപ്പെട്ടു. തെലങ്കാനയിൽ രണ്ട് ആഴ്‌ച കൂടി ലോക്ക്ഡൗൺ തുടരുമെന്നാണ് ഇതിൽ നിന്നു വ്യക്‌തമാകുന്നത്. രാജ്യത്തും ലോക്ക്ഡൗൺ നീട്ടണമെന്ന് റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്നാണ് ചന്ദ്രശേഖര റാവു പറയുന്നത്.

രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.

Read in English Here: COVID-19: Centre ‘thinking’ of extending lockdown after April 14

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook