/indian-express-malayalam/media/media_files/uploads/2020/03/corona.jpg)
ന്യൂഡൽഹി: ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.
യുഎസിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ. 2,26, 374 പേർക്കാണ് യുഎസിൽ രോഗബാധ സ്ഥിരീകരിച്ചത്. ലോകത്തെ കോവിഡ് കേസുകളിൽ 20 ശതമാനത്തിലധികവും നിലവിൽ യുഎസിലാണ്. രണ്ട് ലക്ഷത്തിലധികം രോഗബാധിതരുള്ള ഒരോയൊരു രാജ്യവും യുഎസ് ആണ്.
ഇറ്റലിയിൽ 1,15, 242 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. സ്പെയിനിൽ 1,10, 238 പേർ കോവിഡ് ബാധിതരാണ്. അഞ്ചു ലക്ഷത്തിലധികം കോവിഡ് ബാധിതർ യൂറോപ്പിലാണ്. ഡിസംബറിൽ ചെെനയിലെ വുഹാൻ നഗരത്തിലാണ് ആദ്യ കോവിഡ് ബാധ റിപോർട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസ്,ഇറ്റലി സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പിറകിൽ നാലാമതാണ് ചെെന. 82, 432 കോവിഡ് കേസുകളാണ് ചെെനയിൽ സ്ഥിരീകരിച്ചത്.
ജർമനിയിൽ 81, 728 പേർക്കും ഫ്രാൻസിൽ, 57, 807 പേർക്കും ഇറാനിൽ 50,468 പേർക്കുമാാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ 34, 165 പേരും സ്വിറ്റ്സർലൻഡിൽ 18, 475 പേരും രോഗ ബാധിതരാണ്. തുർക്കി, ബെൽജിയം, നെതർലാൻഡ്സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം 10,000 കടന്നിട്ടുണ്ട്. ദക്ഷിണ കൊറിയ, കാനഡ, പോർച്ചുഗൽ, ബ്രസീൽ, ഇസ്രായേൽ, സ്വീഡൻ, നോർവേ, ഓസ്ട്രേലിയ എന്നിവിടങ്ങിൽ 5000നു മുകളിലാണ് കോവിഡ് ബാധിതർ.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മരിച്ചത്. 13,915 പേർ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചു. സ്പെയിനിലും മരണസംഖ്യ 10,000 കടന്നു. 10,003 പേരാണ് സ്പെയിനിൽ രോഗം ബാധിച്ച് മരിച്ചത്. ഫ്രാൻസിൽ 4032 പേരും ചെെനയിൽ വുഹാൻ നഗരം ഉൾപെടുന്ന ഹുബെയ് പ്രവിശ്യയിൽ 3199 പേരും ഇറാനിൽ 3160 പേരും ബ്രിട്ടണിൽ രോഗം ബാധിച്ച് മരിച്ചു. യുഎസിൽ ന്യൂയോർക്ക് നഗരത്തൊൺണ് കോവിഡ് കൂടതലായി ബാധിച്ചത്. 1374 പേർ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. നെതർലാൻഡ്സിൽ 1,339 പേരും ബെൽജിയത്തിൽ 1,011 പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടു.
Also Read: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 21 പേർക്ക്; ഇടുക്കിയിൽ അഞ്ച് കേസുകൾ
ചെെനയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ രോഗമുക്തി നേടിയത്. 76, 571 പേർ ചെെനയിൽ കോവിഡ് രോഗവിമുക്തരായതായാണ് കണക്കുകൾ. സ്പെയിനിൽ 26, 743 പേരും, ജർമനിയിൽ 19,175 പേരും, ഇറ്റലിയിൽ 18,278 പേരും രോഗ വിമുക്തരായി. ഇറാനിൽ 16,711 പേർക്കും, ഫ്രാൻസിൽ 11,055 പേർക്കും രോഗം ഭേദമായി. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യുഎസിൽ ഇതുവരെ 8826 പേർക്കാണ് രോഗമുക്തി നേടാനായത്. ദക്ഷിണ കൊറിയയിൽ 5828 പേർക്കും രോഗം ഭേദമായി.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.