തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 8. ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ട് പോർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 286 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 256 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇപ്പോൾ 165934 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതിൽ തന്നെ 165291 പേർ വീടുകളിലും ബാക്കിയുള്ള 643 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി. ഇന്ന് 8456 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7622 ഉം നെഗറ്റീവാണ്.

Also Read: Explained: വെെറസ് വാഹകരാവുമ്പോഴും വവ്വാലുകൾക്ക് എന്തുകൊണ്ട് രോഗബാധ വരുന്നില്ല?

ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും ഏഴ് പേർ വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ വൈറസ് പകർന്നത് 76 പേർക്കാണ്. ഇതിന് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥാന സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുമുണ്ട്. മറ്റൊരാൾ ഗുജറാത്തിൽ നിന്നുമെത്തിയ ആളാണ്.

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായത് രണ്ട് പേർക്കാണ്. ഇതോടെ കേരളത്തിൽ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 28 ആയി, ഇതിൽ നാല് വിദേശികളും ഉൾപ്പെടുന്നു. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്നവരുടെ രോഗമാണ് ഇന്ന് ഭേദമായത്.

Also Read: കോവിഡ്-19: ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്

രോഗവ്യാപനം ലോകത്താകെ രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി. മാർച്ച് അഞ്ച് മുതൽ 24 വരെ വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലെഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി. 60 വയസിന് മുകളിൽ പ്രായമുള്ളവരുമായും കുട്ടികളുമായും ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകാൻ പാടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.