കോവിഡ്-19 ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോക്ക്ഡൗൺ സ്ഥിതിഗതികൾ നിരീക്ഷിക്കാനാവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സന്ദേശമയച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരായ ശിക്ഷാ നടപടികൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കണമെന്ന് കത്തിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.ലോക്ക്ഡൗൺ ലംഘിക്കുന്നവർകക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രായം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Also Read: കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശം
ചില സംസ്ഥാനങ്ങൾ, ദുരന്ത നിവാരണ നിയമപ്രകാരം അനുവദിക്കാവുന്നതിലധികം ഇളവുകൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിവരുന്നുണ്ടെന്ന തരത്തിൽ മന്ത്രാലയത്തിന്റെ പ്രതികരണം വ്യാഴാഴ്ച പുറത്തുവന്നിരുന്നു. ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നു മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നതിനും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനും എതിരേ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഇതിനൊപ്പം ഇന്ത്യൻ ശിക്ഷാ നിയമം 188ാം വകുപ്പ് പ്രകാരമുള്ള ശിക്ഷാ നടപടികളും സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം. ഔദ്യോഗിക ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നതായി കണ്ടെത്തുന്നവർക്കെതിരേ188-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താം. ആറുമാസം വരെ തടവോ 1000 രൂപ വരെ പിഴയോ ഇവ ഒരുമിച്ചോ ആണ് 188-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷകൾ.