/indian-express-malayalam/media/media_files/uploads/2020/04/Corona-1.jpg)
മുംബെെ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാത്രം ആയിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 1,018 ആയി. സംസ്ഥാനത്ത് ഇന്നുമാത്രം 150 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 116 കേസുകളും മുംബെെയിലാണ്. ധാരാവി ചേരിയിൽ ഉൾപ്പെടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ.
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,000 ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് വെെകീട്ട് വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 4,800 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75,000 കടന്നു. ലോകത്തെ ആകെ രോഗബാധിതർ 13 ലക്ഷത്തിനു മുകളിലാണ്. ഇറ്റലിയിലും സ്‌പെയിനിലും സ്ഥിതി ഗുരുതരമാണ്.
Read Also: കഥയറിയാതെ ആട്ടം കാണുന്നു, ഇതാണ് ‘സാക്ഷാൽ’ മുല്ലപ്പള്ളി: പിണറായി വിജയൻ
അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഏപ്രിൽ 14 നു ശേഷവും തുടരണമെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ്, തെലങ്കാന തുടങ്ങി ഏഴോളം സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് കേന്ദ്ര സർക്കാർ പരിഗണനയിലാണ്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏഴോളം സംസ്ഥാനങ്ങളും ആരോഗ്യവിദഗ്‌ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായും ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഏപ്രിൽ 14 നു ശേഷം ലോക്ക് ഡൗണ്‍ അവസാനിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങൾ പറയുന്നത്.
Read Also: കോവിഡ് രോഗമുക്‌തി നേടിയ രേഷ്‌മയേയും നിപ ബാധിച്ച് മരിച്ച ലിനിയേയും പരാമർശിച്ച് മുഖ്യമന്ത്രി
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു ശേഷവും നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 15 മുതൽ വീണ്ടും രണ്ട് ആഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റാവു ആവശ്യപ്പെട്ടു. തെലങ്കാനയിൽ രണ്ട് ആഴ്‌ച കൂടി ലോക്ക്ഡൗൺ തുടരുമെന്നാണ് ഇതിൽ നിന്നു വ്യക്‌തമാകുന്നത്. രാജ്യത്തും ലോക്ക്ഡൗൺ നീട്ടണമെന്ന് റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്നാണ് ചന്ദ്രശേഖര റാവു പറയുന്നത്.
രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.