തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി വ്യവസായികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനെ വിമർശിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പ്രവാസികളിലെ ശതകോടീശ്വരൻമാരുമായി മാത്രമാണ് പിണറായി ചർച്ച നടത്തിയതെന്നും സാധാരണക്കാരെ വിസ്‌മരിച്ചു എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. ഇക്കാര്യം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ വളരെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതാണ് ‘സാക്ഷാൽ’ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന് പിണറായി പരിഹസിച്ചു.

“മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ കഥയറിയാതെ ആട്ടം കാണുകയാണ്. നാനാമുഖത്തു നിന്നുള്ള പ്രവാസി വ്യവസായികളുമായി ചർച്ച നടത്തി. കാലം എത്രമാറിയാലും ചിലർ മാറില്ല എന്നതിനു തെളിവാണ് ഇത്. മുല്ലപ്പള്ളി കോൺഗ്രസിന്റെ പ്രസിഡന്റാണ്. കോൺഗ്രസിന്റെ ശബ്ദമാണ് മുല്ലപ്പള്ളിയിലൂടെ പുറത്തുവരുന്നത്. കുശുമ്പും ഇടുങ്ങിയ മനസും ദുരന്തമുഖത്തു നിൽക്കുമ്പോഴെങ്കിലും ഒഴിവാക്കണമെന്നാണ് മുല്ലപ്പള്ളിയോട് പറയാനുള്ളത്.” പിണറായി വിജയൻ പറഞ്ഞു.

Read Also: കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്; 12 പേരുടെ രോഗം ഭേദമായി

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിമർശിച്ചത്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചത് തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ, താൻ ആർക്കൊപ്പമെല്ലാം ആണ് ചർച്ച നടത്തിയതെന്ന് പേരുകൾ അടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ മറുപടി നൽകി.

Read Also: കോവിഡ്-19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ നൽകി

അതേസമയം, അതേസമയം, കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.