തിരുവനന്തപുരം: ലോകാരോഗ്യദിനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയെ മുഖ്യമന്ത്രി ഓർമിച്ചു. കോവിഡ് രോഗികളെ ചികിത്സിച്ചതിലൂടെ രോഗബാധയേറ്റ നഴ്‌സ് രേഷ്‌മയേയും മുഖ്യമന്ത്രി പരാർമശിച്ചു. കോവിഡ് രോഗമുക്തി നേടിയ ശേഷം രേഷ്‌മ പറഞ്ഞ കാര്യം മുഖ്യമന്ത്രി ആവർത്തിച്ചു.

നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോൾ കോവിഡ് വാർഡിൽ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള സന്നദ്ധത രേഷ്‌മ പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഓർമിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നഴ്‌സുമാർ നടത്തുന്ന പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. ആരോഗ്യപ്രവർത്തകർ ഇപ്പോൾ ചെയ്യുന്നതിനെല്ലാം നാട് തിരിച്ചുനൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാർ നേരിടുന്ന പ്രതിസന്ധികളിൽ അസ്വസ്ഥതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ലോക്ക് ഡൗണ്‍ തുടരണമെന്ന് സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം ഉടൻ

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നിയിലെ വൃദ്ധദമ്പതിമാരെ ശുശ്രൂഷിക്കുമ്പോഴാണ് രേഷ്‌മയ്ക്ക് രോഗം ബാധിച്ചത്. മാർച്ച് 12 മുതൽ 22 വരെയായിരുന്നു കൊറോണ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. മാർച്ച് 23 നാണ് രേഷ്‌മയിൽ രോഗലക്ഷണം കണ്ടത്. മാർച്ച് 24 നു രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. ഏപ്രിൽ നാലിനാണ് രേഷ്‌മ ആശുപത്രി വിടുന്നത്. താൻ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തുമ്പോൾ കോവിഡ് വാർഡിൽ തന്നെ ജോലി ചെയ്യാൻ തയ്യാറാണെന്ന് രേഷ്‌മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് നഴ്‌സ് ലിനിക്ക് ജീവൻ നഷ്‌ടമായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി. 2018 മേയ് 21 നാണ് നിപ ബാധിച്ച് ലിനി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.