scorecardresearch

'പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ല'; കൊളീജിയത്തിനെതിരായ വിമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി

കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കൊളീജിയം ശിപാര്‍ശകള്‍ അംഗീകരിക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്

കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കൊളീജിയം ശിപാര്‍ശകള്‍ അംഗീകരിക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്

author-image
WebDesk
New Update
supreme-court|india

സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊളീജിയം സമ്പ്രദായം രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമാണണെന്നും അതു പൂര്‍ണമായും പാലിക്കപ്പെടണമെന്നും സുപ്രീം കോടതി. സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ കൊളീജിയത്തിനെതിരായി നടത്തുന്ന പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

Advertisment

കൊളീജിയം സംവിധാനത്തെച്ചൊല്ലി ജുഡീഷ്യറിയും കേന്ദ്രവും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. പ്രത്യേകിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെയും നിയമമന്ത്രി കിരണ്‍ റിജിജുവിന്റെയും പ്രസ്താവനകളുടെ സാഹചര്യത്തില്‍.

ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം സംവിധാനത്തിനു രൂപം നല്‍കിയ ഭരണഘടനാ ബെഞ്ച് വിധികള്‍ പാലിക്കണമെന്ന് അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ എസ് ഓക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കൊളീജിയം ശിപാര്‍ശകള്‍ അംഗീകരിക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. കൊളീജിയം സംവിധാനത്തിനെതിരെ 'ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവര്‍' നടത്തിയ ചില അഭിപ്രായങ്ങള്‍ വാദത്തിനിടെ ബെഞ്ചിനെ അറിയിച്ചു. ഉപരാഷ്ട്രപതിയുടെയും നിയമമന്ത്രിയുടെയും സമീപകാല പ്രസ്താവനകളെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ്ങാണു കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

Advertisment

സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കാന്‍ ജസ്റ്റിസ് വിക്രം നാഥ് വാദത്തിനിടെ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. 'മിസ്റ്റര്‍ സിങ് പ്രസംഗങ്ങളെ പരാമര്‍ശിക്കുന്നു… അത് അത്ര നല്ലതല്ല… സുപ്രീം കോടതി കൊളീജിയത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് അത്ര സ്വീകാര്യമല്ല. നിയന്ത്രിക്കാന്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം…,'' ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

ബുധനാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യസഭാ ചെയര്‍മാനെന്ന നിലയിലുള്ള കന്നി പ്രസംഗത്തിലായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പരാമര്‍ശം. ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ (എന്‍ ജെ എ സി) നിയമം റദ്ദാക്കിയ സുപ്രീം കോടതിയുടെ 2015 ലെ വിധി പരാമര്‍ശിച്ച അദ്ദേഹം, അതിനെ പാര്‍ലമെന്ററി പരമാധികാരത്തിന്റെ കടുത്ത വിട്ടുവീഴ്ചയുടെയും 'ജനവിധി' അവഗണിക്കുന്നതിന്റെയും പ്രത്യക്ഷ ഉദാഹരണം എന്നാണു വിശേഷിപ്പിച്ചത്.

കൊളീജിയം അംഗീകരിച്ച ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നു സുപ്രീം കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇതിനെതിരായി നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ നടത്തിയ വിമര്‍ശനത്തില്‍ കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. സംഭവിക്കാന്‍ പാടില്ലാത്തത് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശത്തെ ജസ്റ്റിസ് എസ് കെ കൗള്‍ വിശേഷിപ്പിച്ചത്.

ടൈംസ് നൗ സമ്മിറ്റ് 2022-ലെ അഭിമുഖത്തിലായിരുന്നു കിരണ്‍ റിജിജുവിന്റെ വിമര്‍ശം. ''സര്‍ക്കാര്‍ ഫയലുകളില്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് ഒരിക്കലും പറയരുത്. എങ്കില്‍ ഇനി ഫയലുകള്‍ സര്‍ക്കാരിലേക്ക് അയയ്ക്കരുത്. നിങ്ങള്‍ സ്വയം നിയമനം നടത്തുക. നിങ്ങള്‍ ഷോ നടത്തുക…''അദ്ദേഹം പറഞ്ഞു. കൊളീജിയം സംവിധാനത്തെ ഭരണഘടനയ്ക്ക് അന്യമായതെന്നു വിശേഷിപ്പിച്ച മന്ത്രി, 'ഏത് വ്യവസ്ഥ പ്രകാരമാണു കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് നിങ്ങള്‍ പറയൂ' എന്നും പറഞ്ഞിരുന്നു.

Vice President Supreme Court Central Government Supreme Court Collegium

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: