ന്യൂഡല്‍ഹി: കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ അഭിപ്രായത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ആ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നു ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു.
”സര്‍ക്കാര്‍ ഫയലുകള്‍ വൈകിപ്പിക്കുകയാണെന്ന് ഒരിക്കലും പറയരുത്. അങ്ങനെയാണെങ്കിൽ ഫയലുകള്‍ സര്‍ക്കാരിലേക്ക് അയക്കരുത്. നിങ്ങള്‍ സ്വയം നിയമിക്കുക, നിങ്ങള്‍ ഷോ നടത്തുക,” എന്നായിരുനനു വാര്‍ത്താ ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുക്കവേ റിജിജുവിന്റെ പരാമര്‍ശം.
മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് നിയമമന്ത്രിയുടെ പേരെടുത്ത് പറയാതെയായിരുന്നു ജസ്റ്റിസ് എഎസ് ഓക്ക ഉള്‍പ്പെട്ട ബെഞ്ചിലെ ജസ്റ്റിസ് കൗളിന്റെ വിമര്‍ശം. ”അവര്‍ അധികാരം തരട്ടെ. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല … എല്ലാ പത്രവാര്‍ത്തകളും ഞാന്‍ അവഗണിച്ചു, പക്ഷേ അദ്ദേഹം പറയുന്നത്, ഉയര്‍ന്ന ആരെങ്കിലും അതു സ്വയം ചെയ്യട്ടെ എന്ന് പറയുമ്പോള്‍, ഞങ്ങള്‍ അത് സ്വയം ചെയ്യും, ഒരു ബുദ്ധിമുട്ടും ഇല്ല… അത് വേണ്ടത്ര ഉയര്‍ന്ന ഒരാളില്‍ നിന്നാണ് വന്നത്. പാടില്ല. സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് എനിക്ക് പറയാന്‍ കഴിയുന്നത്,”അദ്ദേഹം പറഞ്ഞു.
മാധ്യമവാര്‍ത്തകള്‍ കണക്കിലെടുക്കരുതെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു.
എന്നാല്‍, ”ഇതൊരു അഭിമുഖമാണ്… ഒരു അഭിമുഖത്തില്‍ നിങ്ങള്‍ സ്വയം പറഞ്ഞത് നിഷേധിക്കുന്നതു ബുദ്ധിമുട്ടാണ്,” എന്നായിരുന്നു ജസ്റ്റിസ് കൗളിന്റെ പ്രതികരണം.
”ഞാന്‍ ഒന്നും പറയുന്നില്ല. ഈ കോടതി ദര്‍ശിച്ച രാജ്യത്തെ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഒരു നിയമ ഉദ്യോഗസ്ഥന്റെ റോള്‍ വഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡ്ജി നിയമനത്തിനു സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ച 11 പേരുകള്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ്സ് അസോസിയേഷന് ബെംഗളൂരു നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.